25 April Thursday
ഇന്ന്‌ നഴ്‌സസ്‌ ദിനം

സാന്ത്വനത്തിന്റെ പോരാളികളാകാം

ടി ആർ പ്രിയUpdated: Thursday May 12, 2022


മഹത്തായ ഒരു തൊഴിൽമേഖലയുടെ ഭാഗമാകാൻ കഴിഞ്ഞത്‌ ജന്മസാഫല്യമായി കരുതുന്നു. കോവിഡ്‌ മഹാമാരി വന്നതിൽപ്പിന്നെ ഈ മേഖലയുടെ ശ്രേഷ്‌ഠത കേരളത്തിലെ ജനങ്ങൾ കൂടുതൽ മനസ്സിലാക്കി. മഹാമാരിക്കെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പംനിന്ന്‌ ആരോഗ്യപ്രവർത്തകർ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചു. അതിന്റെ ഫലമായി ലോകശ്രദ്ധ പിടിച്ചുപറ്റാൻ നമ്മുടെ കൊച്ചു കേരളത്തിനു കഴിഞ്ഞു. മാലാഖ എന്ന പരിവേഷം ചാർത്തി അടിച്ചമർത്തപ്പെടുന്നതിനേക്കാൾ മനുഷ്യന്റെ ജീവനുവേണ്ടി എല്ലാ തലത്തിലും പോരാടുന്ന പോരാളിയായി മാറാൻ ഓരോ നഴ്‌സുമാർക്കും കഴിയട്ടെ.

വിളക്കേന്തിയ  വനിതയുടെ പാത പിന്തുടർന്ന്‌ ഈ മേഖലയിലുള്ള എല്ലാവർക്കും നിസ്വാർഥ സേവനം ചെയ്യാൻ കഴിയണം. നമ്മുടെ മുന്നിൽവരുന്ന എല്ലാവരെയും ‘ഞാനാണ്‌ എന്റെ മുന്നിൽനിൽക്കുന്നത്‌’ എന്ന ചിന്തയോടെ കാണാൻ കഴിയുകയും എനിക്ക്‌ എന്റെ അവസ്ഥയിൽ മറ്റുള്ളവർ ചെയ്‌തുതരണമെന്ന്‌ ഞാൻ ആഗ്രഹിക്കുന്നത്‌ മറ്റുള്ളവർക്ക്‌ ചെയ്‌തുകൊടുക്കാൻ നമ്മുടെ കഴിവിന്റെ പരമാവധി ശ്രമിക്കുകയും ചെയ്യണം. മറ്റുള്ളവരുടെ മുഖത്ത്‌ വിരിയുന്ന കുഞ്ഞുപുഞ്ചിരിക്ക്‌ നാം കാരണക്കാരായി തീരുന്നതിൽപ്പരം മറ്റൊരു സന്തോഷം നമുക്ക്‌ ലഭിക്കാനുണ്ടോ. അവിടെയാണ്‌ നമ്മുടെ പോരാട്ടവീര്യം കാണിക്കേണ്ടത്‌. മറ്റുള്ളവരിൽനിന്ന്‌ വ്യത്യസ്‌തരായി മാറേണ്ടത്‌. മറ്റുള്ളവരുടെ അടിമകളായി മാറാതെ സ്വന്തം തൊഴിൽമേഖലയുടെ ഔന്നത്യം തിരിച്ചറിഞ്ഞ്‌ പ്രവർത്തിക്കുകയാണ്‌ ആരോഗ്യപ്രവർത്തകരുടെ കടമ.

നഴ്‌സുമാർ സമൂഹത്തിനു ചെയ്യുന്ന വിലയേറിയ സേവനങ്ങളെ ഓർമിക്കാനാണ് ആധുനിക നഴ്സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനം മെയ്‌ 12ന് നഴ്‌സസ്‌ ദിനമായി ആചരിക്കുന്നത്. 1965 മുതലാണ്‌ ലോക നഴ്സിങ് സമിതി ഈദിവസം ലോക നഴ്സസ് ദിനമായി ആചരിക്കാൻ ആരംഭിച്ചത്‌. നഴ്സുമാര്‍ക്കായി ഒരു ദിനം വേണമെന്ന ആശയം 1953ൽ അമേരിക്കൻ ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥനായ ഡൊറോത്തി സണ്ടർലാൻഡ് പ്രസിഡന്റ് ഡ്വൈറ്റ് ഡി ഐസൻ‌ഹോവറിനു മുന്നിൽ വച്ചെങ്കിലും അദ്ദേഹം അംഗീകരിച്ചില്ല. മെയ് 12 നഴ്സുമാരുടെ ദിനമായി ആചരിക്കാനുള്ള തീരുമാനമുണ്ടാകുന്നത് 1974ലാണ്.

(രാജ്യത്തെ ഏറ്റവും മികച്ച കോവിഡ്‌ 
വാക്‌സിനേറ്റർക്കുള്ള പുരസ്‌കാര ജേതാവായ ലേഖിക തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഗ്രേഡ് വൺ നഴ്സിങ് ഓഫീസറാണ്‌)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top