02 April Sunday

ദുരിതങ്ങൾക്ക്‌ ആര്‌ സമാധാനം പറയും

സാജന്‍ എവുജിന്‍Updated: Tuesday Jan 3, 2023

ആറു വർഷംമുമ്പുള്ള ശൈത്യകാലത്ത്‌ ഉത്തരേന്ത്യൻ ജനത അനുഭവിച്ച ദുരിതങ്ങൾ മറക്കാറായിട്ടില്ല. അസ്ഥി മരവിക്കുന്ന കൊടുംതണുപ്പിൽ അവർ എടിഎമ്മുകൾക്കു മുന്നിൽ കിലോമീറ്ററുകൾ നീണ്ട വരികളിൽനിന്നു. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ മാറ്റിയെടുക്കാൻ ജനങ്ങൾ ബാങ്കുകളിലേക്ക്‌ പ്രവഹിച്ചു. ബാങ്ക്‌ ശാഖകൾക്കു മുന്നിൽ രാത്രി മുഴുവൻ ഉറക്കമിളച്ചു. വയോധികരും സ്‌ത്രീകളും  അനുഭവിച്ച കഷ്ടപ്പാടുകൾ വിവരണാതീതം. വരിനിന്ന നൂറോളം പേർ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി കുഴഞ്ഞുവീണ്‌ മരിച്ചു. രാപ്പകൽ പണിയെടുക്കേണ്ടിവന്ന ബാങ്ക്‌ ജീവനക്കാരും ഇതിന്റെ ഇരകളായി. കോടിക്കണക്കിനു  ചെറുകിട വ്യാപാരികളുടെയും വ്യവസായികളുടെയും ജീവിതം വഴിമുട്ടി. വീട്ടമ്മമാരുടെ ചെറിയ സമ്പാദ്യവും നിയമവിരുദ്ധമായി. അപ്രതീക്ഷിത നോട്ടുനിരോധന പ്രഖ്യാപനം സാധാരണക്കാരെയും പാവങ്ങളെയുമാണ്‌ ഏറ്റവും കൂടുതൽ കുഴപ്പത്തിലാക്കിയത്‌.

കള്ളപ്പണവ്യാപനം  ഇല്ലാതാക്കുക, കള്ളനോട്ടുകൾ പിടികൂടുക, അഴിമതി തടയുക, ഭീകരപ്രവർത്തനത്തിന്റെ സാമ്പത്തിക ഉറവിടങ്ങൾ പൂട്ടുക എന്നിവയാണ് നോട്ടുനിരോധനത്തിന്റെ ലക്ഷ്യങ്ങളായി 2016 നവംബർ എട്ടിന്‌ രാത്രി നടത്തിയ പ്രഖ്യാപനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടത്‌. നോട്ട്‌ നിരോധനം ജനജീവിതം ദുരിതപൂർണമാക്കിയപ്പോൾ രാജ്യത്ത്‌ വ്യാപകരോഷം അലയടിച്ചു. ലക്ഷ്യം നേടാൻ തനിക്ക്‌ 50 ദിവസം നൽകണമെന്നും അല്ലാത്തപക്ഷം ജീവനോടെ കത്തിച്ചോളൂ എന്നും പ്രധാനമന്ത്രി അക്കൊല്ലം നവംബർ 13ന്‌ ഗോവയിൽ പ്രഖ്യാപിച്ചു. നല്ല കാലവർഷവും മികച്ച ഖാരിഫ് വിളവും കർഷകരെ ആഹ്ലാദത്തിലാഴ്‌ത്തിയ ഘട്ടത്തിലായിരുന്നു നോട്ട്‌ നിരോധനം. അതോടെ വിളകളുടെ വില ഗണ്യമായി ഇടിഞ്ഞു. മധ്യപ്രദേശിൽ കർഷകരിൽനിന്ന്‌ സവാള സംഭരിച്ചത്‌ കിലോഗ്രാമിന്‌ ഒരു രൂപയ്‌ക്കാണ്‌; ആന്ധ്രപ്രദേശിലും ചണ്ഡീഗഢിലും തക്കാളി രണ്ടു രൂപയ്‌ക്കും. ബിഹാറിൽ കോളിഫ്ലവർ മൂന്നു രൂപയ്‌ക്കും ഉത്തർപ്രദേശിൽ ഉരുളക്കിഴങ്ങ്‌ 3.5 രൂപയ്‌ക്കും വിൽക്കാൻ കർഷകർ നിർബന്ധിതരായി. കൃഷിച്ചെലവുപോലും തിരിച്ചുകിട്ടിയില്ല. ചില്ലറവിപണിയിൽ വിലക്കുറവ് അതേ തോതിൽ പ്രതിഫലിക്കാത്തതിനാൽ ഉപഭോക്താക്കൾക്കും പ്രയോജനമുണ്ടായില്ല.

വാരാണസിയിൽ പ്രതിദിനം 20 കോടി രൂപവരെ ആയിരുന്നു പട്ടുസാരികളുടെ വിറ്റുവരവ്‌. നോട്ടുനിരോധനത്തെതുടർന്ന് ഇത്‌ നാലു കോടി രൂപയായി ഇടിഞ്ഞു. അസംസ്‌കൃത വസ്തുക്കൾ വാങ്ങാൻ പണം ലഭ്യമാകാത്തതാണ് വാരാണസിയെ ബാധിച്ചത്. ഇന്ത്യയിലെ തുകൽ പാദരക്ഷ വ്യവസായത്തിന്റെ കേന്ദ്രം ആഗ്രയാണ്. രാജ്യത്തുനിന്നുള്ള പാദരക്ഷ കയറ്റുമതിയുടെ 35 ശതമാനവും നിറവേറ്റുന്നത് ആഗ്ര ഉൽപ്പന്നങ്ങളാണ്‌; ആഭ്യന്തര ആവശ്യത്തിന്റെ 65 ശതമാനവും. പ്രതിവർഷം 12,000 കോടിയിൽപ്പരം രൂപയാണ് ആഗ്രയിലെ പാദരക്ഷാ വ്യവസായത്തിന്റെ വിറ്റുവരവ്. സംഘടിത–- അസംഘടിത മേഖലകളിലായി 10,000ൽപരം നിർമാണയൂണിറ്റുകൾ ആഗ്രയിലുണ്ടായിരുന്നു. അഞ്ചു ലക്ഷത്തിലധികം പേരുടെ ജീവിതാശ്രയമായ ആഗ്രയിലെ തുകൽവ്യവസായത്തെ നോട്ട്‌ നിരോധനം ഉലച്ചു. രാജ്യത്ത് ഇരുചക്രവാഹനങ്ങളുടെ വിൽപ്പന 2016 ഡിസംബറിൽ 35 ശതമാനം ഇടിഞ്ഞു. 2016 ഏപ്രിൽമുതൽ നവംബർവരെ പ്രതിമാസം ശരാശരി 15 ലക്ഷം ഇരുചക്ര വാഹനം വിറ്റുപോയിരുന്നു. നവംബറിൽ ഇത് 12.4 ലക്ഷമായി ഇടിഞ്ഞു. ഡിസംബറിലാകട്ടെ 10 ലക്ഷംപോലും വിറ്റുപോയില്ല. ഏതാനും വർഷമായി ഗ്രാമീണമേഖലയിലാണ് ഇരുചക്രവാഹനങ്ങളിൽ ഏറിയപങ്കും വിറ്റുപോകുന്നത്. ഡിസംബറിൽ ഉണ്ടായ വൻഇടിവ് കറൻസി റദ്ദാക്കൽ ഗ്രാമീണമേഖലയിൽ വിതച്ച ദുരന്തത്തിന്റെ പ്രതിഫലനമായി.    നോട്ടുനിരോധനം രാജ്യത്തിന്റെ സമ്പദ്ഘടനയെ തകർത്തു. ആഭ്യന്തര മൊത്ത ഉൽപ്പാദന വളർച്ചനിരക്ക്‌ ഇടിഞ്ഞു.

ഒറ്റ പ്രഖ്യാപനത്തിൽ 15,44,000 കോടി രൂപ മൂല്യം വരുന്ന നോട്ടുകളാണ് നിരോധിച്ചത്. ഇതിൽ 16,000 കോടി രൂപയുടെ നോട്ടുകൾ മാത്രമാണ് തിരിച്ചെത്താത്തത്. കള്ളപ്പണമായി പ്രചാരത്തിലുള്ള അഞ്ചു ലക്ഷം കോടി രൂപയുടെ നോട്ടുകളെങ്കിലും മടങ്ങിവരികയില്ലെന്നും ഇത് രാജ്യത്തിന്‌ വൻ നേട്ടമാകുമെന്നും സർക്കാരും ബിജെപിയും അവകാശപ്പെട്ടിരുന്നു. ഈ വാദം പൊളിഞ്ഞതായി റിസർവ് ബാങ്ക് വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കി. പുതിയ നോട്ട് അച്ചടിക്കാൻതന്നെ ഒരു വർഷത്തിനുള്ളിൽ 21,000 കോടി രൂപ ചെലവായി. 2016 മാർച്ച് അവസാനം 1000 രൂപയുടെ 632.60 കോടി എണ്ണം നോട്ടാണ് പ്രചാരത്തിലുണ്ടായിരുന്നത്. 92.50 കോടി എണ്ണം 1000 രൂപ നോട്ട്‌ വിവിധ പ്രസുകളിൽ അച്ചടിഘട്ടത്തിലുമായിരുന്നു. നിരോധനത്തിനുശേഷം മടങ്ങിവരാത്തത് 8.9 കോടി എണ്ണം 1000 രൂപ നോട്ടുമാത്രം. തിരിച്ചെത്താത്ത 500 രൂപ നോട്ടിന്റെ എണ്ണം റിസർവ് ബാങ്ക് കൃത്യമായി പറഞ്ഞില്ല. 500 രൂപയുടെ നോട്ടുകൾ പിൻവലിച്ചതിനു സമാന്തരമായി പുതിയ 500 രൂപ നോട്ട് ഇറക്കിയതാണ് ഇതിനു കാരണം.

പക്ഷേ, 500 രൂപയുടെ നിരോധിച്ച നോട്ടുകളിൽ 98–-99 ശതമാനവും തിരിച്ചെത്തിയെന്ന് വ്യക്തമാണ്. കള്ളപ്പണം പിടികൂടുന്നതിൽ നോട്ടുനിരോധനം പരാജയപ്പെട്ടതായി 99 ശതമാനം നോട്ടും തിരിച്ചുവന്നതിൽനിന്ന് വ്യക്തമാകുന്നു. ഒന്നുകിൽ കള്ളപ്പണം പൂർണമായും വെളുപ്പിച്ചു. അല്ലെങ്കിൽ കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്നത് കറൻസിയായിട്ടല്ല. കള്ളനോട്ടുകളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്‌തമല്ല. 1000 രൂപയുടെ നോട്ടുകളിൽ 2,56,324 എണ്ണം മാത്രമാണ് കള്ളനോട്ടുകളായി കണ്ടെത്തിയത്. ആകെ മടങ്ങിവന്നതിന്റെ 0.0035 ശതമാനംമാത്രം. ഭീകരപ്രവർത്തനങ്ങൾക്കുള്ള സാമ്പത്തികസഹായം അവസാനിപ്പിക്കുകയെന്ന ലക്ഷ്യവും പാളി. ജമ്മു കശ്‌മീരിലെ സ്ഥിതി ഇതിന്‌ തെളിവാണ്.


ഇപ്പോൾ ആറു വർഷത്തിനുശേഷം സുപ്രീംകോടതി അഞ്ചംഗ ബെഞ്ച്‌ ഭൂരിപക്ഷവിധി പ്രകാരം നോട്ടുനിരോധനത്തിന്‌ സാങ്കേതിക സാധുത നൽകിയെങ്കിലും സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ നേടിയോ എന്ന്‌ പരിശോധിച്ചില്ല. ജനങ്ങൾ അനുഭവിച്ച ദുരിതം ബാക്കിയായി. കോടതി തീരുമാനം ആറു വർഷം നീണ്ടതും ഗൗരവതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്ന നിർണായക വിഷയങ്ങളിൽ കോടതിയുടെ തീർപ്പുകൽപ്പിക്കൽ നീളുന്നത്‌ അഭിലഷണീയ പ്രവണതയല്ല. ജനങ്ങൾ അനുഭവിച്ച ദുരിതങ്ങൾക്ക്‌ ആര്‌ സമാധാനം പറയും?


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top