25 April Thursday

പ്രവാസ ഭൂമികയിൽ കാൽനൂറ്റാണ്ട് - പി ശ്രീരാമകൃഷ്ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

നോർക്ക രൂപീകൃതമായിട്ട് 25 വർഷം പൂർത്തിയായി. പ്രവാസ പരിപാലനത്തിന്റെ സാർഥകമായ കാൽനൂറ്റാണ്ട് പിന്നിടുന്ന ഈ അവസരത്തിൽ കേരളവും പ്രവാസ സമൂഹവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വലിയ പ്രാധാന്യമുണ്ട്. ഇന്ന് മലയാളി ആഗോള തൊഴിൽ കുടിയേറ്റ ഭൂപടത്തിൽ ഗുണമേന്മയും വിശ്വാസ്യതയുമുള്ള സമൂഹമായി ബ്രാൻഡ്‌ ചെയ്യപ്പെട്ടിട്ടുള്ളതിന്റെ കാരണക്കാർ, അതിജീവനാർഥം ഇറങ്ങിപ്പുറപ്പെട്ട സാഹസികരായ  മുൻഗാമികളാണ്. 

പ്രവാസത്തിന്റെ അലകുംപിടിയും മാറ്റിപ്പണിയാൻ നമുക്ക് സാധിച്ചിരിക്കുന്നു. യൂറോപ്പിലെ മികച്ച തൊഴിൽ കുടിയേറ്റ കേന്ദ്രങ്ങളിലൊന്നും ലോകത്തിലെ ഏറ്റവും ശക്തമായ വ്യാവസായികവൽക്കൃത രാജ്യവുമായ  ജർമനിയുമായി ഇന്ത്യയിലെ ആദ്യത്തെ സർക്കാർതല റിക്രൂട്ടുമെന്റിന് കേരള സർക്കാരിനുവേണ്ടി കരാർ ഒപ്പിട്ടതിന്റെ നിറവിലാണ്‌ ഇപ്പോൾ നോർക്ക റൂട്ട്സ്. നോർക്കയ്ക്ക് രൂപംനൽകുമ്പോൾ ഉണ്ടായിരുന്ന പല സങ്കൽപ്പനങ്ങളും ഇന്ന് യാഥാർഥ്യമായിരിക്കുന്നു. പ്രത്യേകിച്ചും കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ വിപ്ലവകരമായ നിരവധി ചുവടുവയ്‌പ്‌ ഈ മേഖലയിലുണ്ടായി. ലോക കേരളസഭ ഉൾപ്പെടെയുള്ള നവീന ജനാധിപത്യക്രമങ്ങളുമായി സർക്കാർ മുന്നോട്ടുപോകുകയാണ്.

എന്നും പ്രവാസികൾക്കൊപ്പം
കേരളത്തെ പ്രവാസി സമൂഹത്തിന്റെ പ്രത്യേകത പൊതുവേ മധ്യേഷ്യയിലാണ് കൂടുതൽ ആളുകളുള്ളത് എന്നതാണ്.  പ്രവാസത്തിന്റെ പുതിയ ചക്രവാളങ്ങളിലേക്ക് ശിഖരം വീശുമ്പോഴും അവരുടെ വേരുകൾ സ്വന്തം മണ്ണിന്റെ കൂടുതൽ ആഴങ്ങളിലേക്ക് ഇറങ്ങുന്നു. 2002ൽ നോർക്കയുടെ ഫീൽഡ് ഏജൻസിയായി രൂപീകരിച്ച നോർക്ക റൂട്ട്‌സിന്റെ നാമംതന്നെ ആ ആശയത്തെയാണ് ദ്യോതിപ്പിക്കുന്നത്.

തിരിച്ചുവരാനായി യാത്ര പുറപ്പെടുന്ന പ്രവാസിക്കുവേണ്ടി രൂപീകൃതമായ നോർക്കയ്ക്ക് മൂന്നു ഘട്ടത്തിലുള്ള പ്രവർത്തനങ്ങൾ സ്വാഭാവികമായും ഏറ്റെടുക്കേണ്ടതുണ്ടായിരുന്നു.- വിജയകരവും സുരക്ഷിതവുമായ പ്രവാസത്തിന് യാത്രികനെ/യാത്രികയെ സജ്ജമാക്കുക, ചെന്നെത്തുന്ന നാട്ടിൽ നേരിടാനിടയുള്ള പ്രതിസന്ധികളിൽ ഒപ്പമുണ്ടാകുക, തിരിച്ചെത്തുന്നവർക്ക് പുനരധിവാസം ഒരുക്കുക. ഇവ മൂന്നും പരസ്പരബന്ധിതമായ പ്രക്രിയയുടെ ഭാഗമെന്നതിനാൽത്തന്നെ മൂന്നിനും ഏതാണ്ട് തുല്യപരിഗണന തന്നെ നൽകുകയും ചെയ്തു.  

മനുഷ്യരാശിയുടെ തന്നെ എല്ലാ മുൻഗണനാക്രമങ്ങളും തകിടംമറിച്ചു കൊണ്ടെത്തിയ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ തിരിച്ചെത്തുന്നവരുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ അടിയന്തര പ്രാധാന്യം ഇപ്പോൾ സർക്കാർ നൽകിയിട്ടുണ്ട്. കോവിഡ്‌ പശ്ചാത്തലത്തിൽ തിരിച്ചെത്തുന്നവർക്കായി സർക്കാർ ആവഷ്‌കരിച്ച പ്രവാസി ഭദ്രത സംരംഭകത്വസഹായ പദ്ധതികൾ വലിയ പ്രതികരണമാണ് ഇതിനകം നേടിയെടുത്തത്. പ്രവാസ ജീവിതത്തിനുശേഷം നാട്ടിൽ തിരികെയെത്തി ദുരിതമനുഭവിക്കുന്ന കേരളീയർക്കായുള്ള ദുരിതാശ്വാസനിധിയായ സാന്ത്വനപദ്ധതിയിൽ സഹായധനത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായി.  


 

പ്രവാസ ലോകത്തുള്ളവർക്കായി ആവിഷ്‌കരിച്ചിട്ടുള്ള സമൂഹ്യസുരക്ഷാ പദ്ധതികൾ പ്രയോജനപ്പെടുത്താൻ കൂടുതൽ പ്രവാസികൾ മുന്നോട്ടുവരണമെന്നാണ് അഭ്യർഥിക്കാനുള്ളത്. കേവലം 315 രൂപയ്ക്ക് പ്രവാസി തിരിച്ചറിയൽ കാർഡ് ലോകത്തിൽ എവിടെനിന്നും നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് വഴി തന്നെ സ്വന്തമാക്കാവുന്നതാണ്. നാലു ലക്ഷം രൂപവരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ ഇത് തുണയാകും.  വിദേശത്ത് പ്രവാസികൾക്ക് നിയമസഹായത്തിനായി പ്രവർത്തിച്ചുവരുന്ന  പ്രവാസി ലീഗൽ എയ്ഡ് സെല്ലുകൾ, പരാതികൾ അറിയിക്കുന്നതിനും സംശയനിവാരണത്തിനും ബന്ധപ്പെടാവുന്ന 24 മണിക്കൂർ പ്രവർത്തിക്കുന്ന ഗ്ലോബൽ കോൺടാക്ട് സെന്റർ എന്നിവ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം വർധിച്ചുവരുന്നത് സന്തോഷകരമാണ്. 

മഹാമാരിയുടെ കാലയളവിൽ ആഗോളതലത്തിലേക്കുതന്നെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചുകൊണ്ട് പ്രവാസി സമൂഹത്തിന് കൂടുതൽ കൈത്താങ്ങാകാൻ നോർക്കയ്ക്ക് സാധിച്ചു. ഇരുപതിലധികം രാജ്യത്തിൽ ഹെൽപ്പ്‌ഡെസ്‌കുകൾ തുടങ്ങി. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും സമാനമായ സംവിധാനങ്ങളുണ്ടാക്കി. യാത്രാവിലക്കുമൂലം നാട്ടിൽ കുടുങ്ങിയ ഒന്നേകാൽ ലക്ഷത്തിലേറെ പേർക്ക് 5000 രൂപ വീതം വിതരണം ചെയ്തു. കോവിഡ്‌ വന്നു മരിച്ച പ്രവസികളിൽ ക്ഷേമനിധി അംഗത്വമുള്ളവർക്ക് 10,000 രൂപ വീതം നൽകി. കോവിഡുമൂലം വിദേശത്തോ നാട്ടിലോ മരിച്ച എല്ലാ പ്രവാസികളുടെയും അവിവാഹിതകളായ പെൺമക്കൾക്ക് ഒറ്റത്തവണ സഹായമായി 25,000 രൂപ വീതം നൽകുന്ന പ്രവാസി തണൽ പദ്ധതി ആർപി ഫൗണ്ടേഷന്റെ സഹായത്തോടെ ആവിഷ്‌കരിച്ചുനടപ്പാക്കി.

സുരക്ഷിത കുടിയേറ്റം
സുരക്ഷിതവും ഗുണമേന്മയുള്ളതുമായ തൊഴിൽകുടിയേറ്റം നമ്മുടെ പ്രധാന മുദ്രാവാക്യമാണ്. പലപ്പോഴും ചതിക്കുഴികൾ നിറഞ്ഞ ഈ മേഖലയിൽ  വലിയ ബോധവൽക്കരണങ്ങൾ നടക്കേണ്ടതുണ്ട്. കോവിഡിനുശേഷം ആഗോളതലത്തിൽ തൊഴിൽ മേഖലയിലുണ്ടായ മാറ്റങ്ങൾ ഉൾക്കൊണ്ട് പരമാവധി സാധ്യത കണ്ടെത്താനുള്ള എല്ലാ നടപടിയും നോർക്ക കൈക്കൊള്ളും. പരമ്പരാഗത മേഖലകൾക്കു പുറമെ പുതിയ തൊഴിലിടങ്ങളിലെ സാധ്യതകൾ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ജപ്പാൻ, ജർമനി പോലുള്ള രാജ്യങ്ങളിലേക്കുള്ള റിക്രൂട്ടുമെന്റ് നടപടികൾ. പുതിയ റിക്രൂട്ടുമെന്റുകൾക്കായി ജോബ് ഫെയറുകൾ നടപ്പാക്കാനും നോളഡ്ജ് മിഷനുമായി സഹകരിച്ച് ഓവർസീസ് എംപ്ലോയേഴ്‌സിനെ കേരളത്തിലേക്ക് കൊണ്ടുവരാനും ശ്രമിക്കും. കോവിഡാനന്തര ലോകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത സേവനമേഖലയിൽ ഊന്നിയ തൊഴിൽ മേഖലകളുടെ വർധിച്ച പ്രാധാന്യമാണ്. കേരളം സേവനമേഖലകളിൽ ഊന്നിയ ഒരു തൊഴിൽ സമൂഹംകൂടി ആയതിനാൽ ആ മേഖലയിൽ നമുക്ക് വലിയ പ്രസക്തിയുണ്ട്. അത് വർധിപ്പിക്കുകയെന്നത് പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ്. സംരംഭകത്വം ലക്ഷ്യംവച്ചുകൊണ്ടു പ്രവർത്തിക്കുന്ന പ്രവാസി ബിസിനസ്‌ ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനം കൂടുതൽ സജീവമാക്കുന്നതും പരിഗണനയിലാണ്.

കേരളത്തെ സംബന്ധിച്ചിടത്തോളം പ്രവാസം കേരളം വിട്ടുള്ള ഒരു ജീവിതമല്ല, കേരളത്തോടൊപ്പമുള്ള ജീവിതമാണ്. ജനതയുടെ അടിസ്ഥാന സ്വത്വമെന്നത് ഭാഷയാണ്. ആ ഭാഷയിലൂടെ രൂപപ്പെട്ടുവരുന്ന സംസ്‌കാരവുമാണ്. അത് സംരക്ഷിക്കാൻ ആവശ്യമായ ആഗോള മലയാള മിഷൻ ഉൾപ്പെടെയുള്ള പദ്ധതികൾ കൂടി നോർക്കയുടെ പ്രവർത്തനങ്ങളുമായി ഏകോപിപ്പിക്കും. ആഗോള സാഹിത്യോത്സവം, യുവജനോത്സവം തുടങ്ങിയവ ലോക കേരളസഭയോട്‌ അനുബന്ധിച്ച് മാത്രമല്ലാതെയും സംഘടിപ്പിക്കും. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ അറിവുകൾ കേരളത്തിലേക്ക് വിന്യസിപ്പിക്കാൻ വേണ്ടുന്ന സോഷ്യൽ ഹാക്കത്തൺ നമ്മുടെ ലക്ഷ്യമാണ്. നമ്മുടെ കുറവുകൾ കണ്ടെത്തുക, അവ പരിഹരിക്കാൻ ലോകത്തിലെ വിവിധ രാജ്യങ്ങൾ സ്വീകരിച്ച മാർഗങ്ങളെക്കുറിച്ച് ആരായുക. അവയിൽ വലിയ പങ്കുവഹിച്ച മലയാളികളുടെ സേവനം കേരളത്തിലും കൊണ്ടുവരാൻ ശ്രമിക്കുക എന്നിവ സോഷ്യൽ ഹാക്കത്തണിന്റെ ഭാഗമായി നടക്കണം. സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പദ്ധതികൾ ഇതിനായി ആവിഷ്‌കരിക്കും.

(നോർക്ക റൂട്സ്‌ റസിഡന്റ്‌ വൈസ് ചെയർമാനാണ്‌ ലേഖകൻ)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top