28 March Thursday

മുതലാളിത്തത്തിന്റെ ലാഭക്കണ്ണുകൾ

നോം ചോംസ്‌കിUpdated: Monday Apr 13, 2020

കോവിഡ്‌ മഹാമാരിയുടെ വ്യാപനത്തിന്റെ തോത് അമ്പരപ്പിക്കുന്നതാണ്. എന്നാൽ, ഇങ്ങനെയൊരു പ്രതിസന്ധി അമേരിക്കയിൽ ആവിർഭവിച്ചതിൽ തെല്ലും അത്ഭുതമില്ല, പ്രത്യേകിച്ച്  പ്രതിസന്ധി നേരിടുന്നതിൽ അമേരിക്കൻ സംവിധാനങ്ങളും ഭരണകൂടങ്ങളും നേരിടുന്ന ദൗർബല്യത്തിൽ. 2003 സാർസ് പകർച്ചവ്യാധിക്കുശേഷം ഇത്തരമൊരു മഹാമാരിയെക്കുറിച്ച്‌ ശാസ്ത്രലോകം നിരന്തരം മുന്നറിയിപ്പുകൾ നൽകിക്കൊണ്ടിരുന്നതാണ്. പ്രതിരോധ ഔഷധങ്ങൾപോലും വികസിപ്പിച്ചെടുക്കാനുള്ള വഴിയൊരുക്കിയതുമാണ്. എന്നാൽ, ക്ലിനിക്കൽ പൂർവ ഘട്ടത്തിനപ്പുറത്തേക്ക്‌ അതൊന്നും പുരോഗമിച്ചില്ല. കൊറോണ വൈറസിന്റെ ഒരു വകഭേദമായിരുന്നു സാർസ് എന്നുകൂടി ഓർക്കണം. ഇത്തരമൊരു മഹാമാരി സർവവ്യാപിയാകുന്നത് തടയാൻ നമുക്ക് ആവശ്യത്തിനുള്ള സമയമുണ്ടായിരുന്നു. ആവശ്യമായ ചികിത്സാസാമഗ്രികൾ നിർമിച്ചെടുക്കാൻവേണ്ട മുന്നൊരുക്കങ്ങൾ എല്ലാം  നടത്തിവയ്ക്കാമായിരുന്നു. സ്വീകരിക്കേണ്ട ചികിത്സാ സംവിധാനങ്ങളെക്കുറിച്ചുള്ള ആലോചനകൾ നടത്താമായിരുന്നു.

കേവലം ശാസ്ത്രീയ ധാരണകൾകൊണ്ടുമാത്രം കാര്യമില്ല, അതിനെ പ്രവ്യത്തിപഥത്തിലെത്തിക്കാനും മുന്നോട്ടു കൊണ്ടുപോകാനും ആരെങ്കിലും മുൻകൈ എടുത്തേ മതിയാകൂ. നിലനിൽക്കുന്ന സാമൂഹ്യവ്യവസ്ഥയ്ക്കും അതിനെ നിയന്ത്രിക്കുന്ന ശക്തികൾക്കും അതിൽ താൽപ്പര്യമില്ലായിരുന്നു എന്നതാണ് യഥാർഥ വസ്തുത. ഭാവിയിൽ ഉണ്ടാകാനിടയുള്ള ഒരു ദുരന്തത്തെ തടയാൻ ശ്രമിക്കുന്നതിൽ പ്രത്യേകിച്ച് ലാഭമൊന്നും ആരും കണ്ടില്ല. ഗവൺമെന്റ് എടുക്കേണ്ട എല്ലാ മുൻകൈകളും തടഞ്ഞത് ഇന്ന് ആധിപത്യം പുലർത്തുന്ന പ്രത്യയശാസ്ത്രമാണ്. ഒരു ചെറുചിരിയോടെ റീഗൻ മുമ്പ്‌ നമ്മോടുപറഞ്ഞത് ഇതാണ് ‘‘ഗവൺമെന്റാണ് പ്രശ്നം. അതുകൊണ്ട് തീരുമാനമെടുക്കാനുള്ള എല്ലാ ഉത്തരവാദിത്തവും ബിസിനസുകാർക്ക് വിട്ടുകൊടുക്കുക. സർക്കാർ ഇത്തരം കാര്യങ്ങളിൽനിന്ന്‌ പൂർണമായും വഴിമാറുക’’ . റീഗൻ തുടങ്ങിവച്ച നിയോ ലിബറൽ ക്രൂരതയുടെ  ഈ ചിന്താപദ്ധതിയാണ് എല്ലാ മേഖലകളിലും അനിയന്ത്രിതമായി വളർന്നത്, അമേരിക്കയിലെ പിൽക്കാല മുതലാളിത്തത്തിന് അടിസ്ഥാനമായത്, അതിനുതകിയ കമ്പോളത്തെ സൃഷ്ടിച്ചെടുത്തത്‌.

ചെലവു കുറഞ്ഞ വെന്റിലേറ്റർ പദ്ധതി അട്ടിമറിച്ചു
കോവിഡ് പ്രതിരോധത്തിൽ വന്ന ഏറ്റവും പ്രധാന പോരായ്‌മകളിലെ നാടകീയവും ഭയാനകവുമായ ഒന്നാണ് വെന്റിലേറ്ററുകൾ ലഭിക്കാനില്ല എന്നത്. അമേരിക്കൻ ആരോഗ്യവകുപ്പ് ഈ പ്രശ്നം മുൻകൂട്ടി കണ്ടിരുന്നു. അതിൻപ്രകാരം ചെലവ് കുറഞ്ഞതും ഉപയോഗിക്കാൻ എളുപ്പമായതുമായ വെന്റിലേറ്ററുകൾ നിർമിക്കാൻ ചെറിയൊരു കമ്പനിയെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. മുതലാളിത്ത യുക്തി ഉടനെ ഇതിൽ ഇടപെട്ടു. കോവിഡിയൻ എന്ന ഒരു വലിയ കോർപറേറ്റ് സ്ഥാപനം ഈ കമ്പനിയെ വിലയ്ക്കുവാങ്ങി. ചെലവുകുറഞ്ഞ വെന്റിലേറ്ററുകൾ ഉണ്ടാക്കാനുള്ള പദ്ധതി തഴയപ്പെട്ടു. തീരുമാനിച്ചപ്രകാരം ഒരു വെന്റിലേറ്റർപോലും സർക്കാരിന് കിട്ടിയില്ല. വേണ്ടത്ര ലാഭകരമല്ല എന്നതിനാൽ തങ്ങൾ ഇതിൽനിന്ന് പിന്മാറുന്നു എന്നാണ് കോവിഡിയൻ കമ്പനി അഭിപ്രായപ്പെട്ടത്. നിയോ ലിബറൽ യുക്തിതന്നെ തുടർന്നും കാര്യങ്ങളെ നിയന്ത്രിച്ചു. കമ്പോളത്തിന്റെ തീരുമാനത്തെ ഗവൺമെന്റ് മറികടക്കേണ്ടതില്ല എന്ന് തീരുമാനിക്കപ്പെട്ടു. ഇന്ന് അമേരിക്കയിൽ മരണനിരക്ക് കുത്തനെ കൂടിയതിന്റെ സുപ്രധാന കാരണങ്ങളിലൊന്നായി ഇത് മാറി. ന്യൂയോർക് ടൈംസ് വളരെ മയപ്പെടുത്തിയ  ഭാഷയിൽ ഇതുസംബന്ധിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടു. "‘നിർണായകമായ പൊതുജനാരോഗ്യ കാര്യങ്ങൾ പുറംകരാറുകാരെ ഏൽപ്പിച്ച്‌ സർക്കാർ മാറിനിൽക്കുന്നതിലെ അപകടം ഇത് കാട്ടിത്തരുന്നു. ലാഭം കൂട്ടുക എന്നത് മാത്രമാണ് കമ്പനികളുടെ ലക്ഷ്യം. സർക്കാരിന്റെ അടിയന്തര ആവശ്യങ്ങളുമായി ഇത് ഇപ്പോഴും പൊരുത്തപ്പെട്ടുപോകുന്ന ഒന്നല്ല’’. മനുഷ്യവംശത്തിന്റെ നിലനിൽപ്പിന്‌ വേണ്ടിയെങ്കിലും കോർപറേറ്റ് ലാഭക്കൊതിയെ മൂക്കുകയറിട്ട്‌ നിർത്തേണ്ടതുണ്ട്. മിൽട്ടൻ ഫ്രീഡ്മാനെപ്പോലുള്ള നിയോലിബറൽ പ്രമാണിമാർ നമുക്ക് നൽകിയ ഉപദേശം കോർപറേറ്റ് മാനേജർമാരുടെ ലക്ഷ്യം ലാഭമുണ്ടാക്കുക എന്നത് മാത്രമാണ് എന്നാണ്‌. ഇതിൽനിന്നുള്ള ഏത്‌ ചെറിയ വ്യതിയാനവും നാഗരിക ജീവിതത്തിന്റെ അടിത്തറയെത്തന്നെ തകർക്കുമത്രേ.


 

കോവിഡ് പ്രതിസന്ധിയെ ലോകം മാറികടക്കുകതന്നെ ചെയ്യും. പക്ഷേ, കനത്തവില കൊടുത്തുകൊണ്ടായിരിക്കും എന്നുമാത്രം. എന്നാൽ, ലോകത്തെയാകെ അപകടത്തിലാക്കുന്ന വലിയ പാരിസ്ഥിതിക ദുരന്തങ്ങൾ പലതും നമ്മുടെ മുന്നിലുണ്ട്. ധ്രുവപ്രദേശത്തെ മഞ്ഞുപാളികൾ ഉരുകി ഇല്ലാതാകുന്നതും ആഗോളതാപനംപോലുള്ളവയുമാണത്‌.  ഈ പ്രശ്നങ്ങളുടെ പരിഹാരങ്ങൾ എല്ലാംതന്നെ കമ്പോള യുക്തികൾക്കപ്പുറമാണ്.കോവിഡിന്റെ കാര്യത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ജനുവരി ആദ്യമേതന്നെ വ്യക്തമായിരുന്നു. ന്യുമോണിയയുടെ ലക്ഷണങ്ങളുള്ള ഒരു പുതിയ പകർച്ചവ്യാധി വ്യാപകമാകുന്നുണ്ട് എന്ന് ഡിസംബർ 31നുതന്നെ ചൈന ലോകാരോഗ്യ സംഘടനയെ അറിയിച്ചിരുന്നതാണ്. ജനുവരി ഏഴിന് ചൈന അതിന്റെ ഉറവിടങ്ങൾ കണ്ടെത്തുകയും ഈ വൈറസിന്റെ ജനിതകഘടന ലോകാരോഗ്യ സംഘടനയെ അറിയിക്കുകയുംചെയ്തു. ജനുവരിയിലും ഫെബ്രുവരിയിലും അമേരിക്കൻ ഇന്റലിജൻസ് വിഭാഗം ഇത് ട്രംപിന്റെ ചെവിയിലെത്തിക്കാൻ കിണഞ്ഞ്‌ ശ്രമിച്ചിരുന്നു. പക്ഷേ, അതിൽ അവർ പരാജയപ്പെട്ടു. തങ്ങൾക്ക്‌ ഇനി ഇതിൽക്കൂടുതലൊന്നും ചെയ്യാൻ കഴിയില്ലെന്ന് അവർ മാധ്യമങ്ങളെത്തന്നെ അറിയിച്ചിരുന്നു.

എന്നാൽ, ട്രംപ് വെറുതെ ഇരിക്കുകയായിരുന്നില്ല, വലിയ ആത്മവിശ്വാസത്തോടെ  ഇത് വെറും ചുമയാണെന്ന്‌ പൊതുജനത്തോട്‌ ആവർത്തിച്ചുകൊണ്ടേയിരുന്നു. നുണകളുടെ ഒരു പ്രളയംതന്നെ സൃഷ്ടിച്ചുകൊണ്ട് സത്യത്തെ തമസ്കരിക്കാനുള്ള ഒരു ശ്രമമായിട്ടേ ഇതിനെ കാണാൻ കഴിയൂ. ഫെബ്രുവരിയിൽ രാജ്യമെമ്പാടും  വൈറസ് പടർന്നുകൊണ്ടിരിക്കുമ്പോഴാണ് വൈറ്റ്ഹൗസ് വാർഷിക ബജറ്റ് പുറത്തുവിടുന്നത് എന്നത് ഇതിനോടുകൂടി വായിക്കേണ്ടതാണ്. ആരോഗ്യരക്ഷാ ചെലവുകൾ കുറയ്‌ക്കുകയും അതേസമയം സൈനിക ചെലവുകളും മെക്സിക്കൻ അതിർത്തിയിലെ മതിൽ നിർമിക്കാനുള്ള ചെലവുകളും വർധിപ്പിക്കുന്നതുമായ ഒന്നായിരുന്നു ആ ബജറ്റ്. അതിന്റെ  നേരിട്ടുള്ള പ്രത്യാഘാതമാണ് ഇന്ന് അമേരിക്കൻജനത അനുഭവിക്കുന്നത്. കോവിഡ് പ്രതിരോധത്തിന്  ഏറ്റവും സാധ്യമായ  ഉപാധി പരിശോധന മാത്രമാണെന്നിരിക്കെ അമേരിക്കയിലെ മുന്തിയ ആശുപത്രികളിൽ പലതിലും അതിനുള്ള സൗകര്യങ്ങൾ ഇല്ല.

ട്രംപ് എന്ന വ്യക്തിയുടെ വിനാശകരമായ തീരുമാനങ്ങളിലോ അലസമായ പ്രതികരണങ്ങളിലോമാത്രം ഈ വിമർശനം ചുരുങ്ങിയാൽ പോര.  ഇത്തരം ദുരന്തങ്ങൾ ഭാവിയിലെങ്കിലും തടയാൻ നമുക്ക് അതിനുമപ്പുറം പോയേ തീരൂ. നാൽപ്പതുവർഷത്തെ നിയോ ലിബറൽ ചിന്തകളാൽ രോഗാതുരമായ ഒരു സമൂഹത്തിലാണ് ട്രംപ് അധികാരമേൽക്കുന്നത്.


 

ലാഭത്തിനായുള്ള അന്താരാഷ്ട്ര ഗൂഢാലോചന
അമേരിക്കയിൽ റീഗനും ബ്രിട്ടനിൽ മാർഗരറ്റ് താച്ചറും തുടങ്ങിവച്ച മുതലാളിത്തത്തിന്റെ ഏറ്റവും വിനാശകരമായ രൂപമാണ് നിയോലിബറലിസം അഥവാ നവ ഉദാരവൽക്കരണം. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഇത് ഏൽപ്പിച്ച ആഘാതങ്ങൾ എണ്ണിയാൽ ഒടുങ്ങാത്തതാണ്. അതിനോട് റീഗൻ കാട്ടിയ അങ്ങേയറ്റത്തെ ഉദാരമനോഭാവം ഇന്നും തുടരുകയാണ്. കൂടുതൽ തീവ്രമാകുകയുമാണ്.

സമ്പൂർണമായും സ്വകാര്യവൽക്കരിക്കപ്പെട്ട, ലാഭത്താൽമാത്രം നടത്തപ്പെടുന്ന അമേരിക്കയുടെ ആരോഗ്യസംവിധാനങ്ങൾ ഒരു അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഉൽപ്പന്നമാണ്. ഇവിടെ പ്രതിശീർഷ ചെലവ് മറ്റ്‌ വികസിതസമൂഹങ്ങളുടെ രണ്ടിരട്ടിയിൽ അധികമാണ്, ഗുണത്തിൽ പിറകിലും. യാതൊരു കരുതൽശേഷിയും ഇല്ലാത്ത ഈ സംവിധാനം ഒരു ചെറിയ പ്രതിസന്ധിയെപ്പോലും അതിജീവിക്കാൻ അപര്യാപ്തമായിരിക്കുന്നു. നവ ഉദാരവൽക്കരണം സൃഷ്ടിച്ചെടുത്ത ആഗോള സാമ്പത്തിക വ്യവസ്ഥപോലെതന്നെയാണിത്. ഏതുനിമിഷവും ശിഥിലമാകാവുന്ന ഒന്ന്‌.

ട്രംപ് കൈപ്പറ്റിയ ഒസ്യത്ത് ഇതായിരുന്നു. നവഉദാരവൽക്കരണത്താൽ ഇനിയും തകർക്കപ്പെടാത്ത സ്ഥാപനങ്ങളെക്കൂടി ഇല്ലാതാക്കുകയാണ് ട്രംപ് ലഷ്യംവച്ചത്. ഈ തകർന്നടിഞ്ഞ അവശിഷ്ടങ്ങളിൽനിന്ന്‌ സുസ്ഥിരമായ ഒരു സമൂഹത്തെ പുനഃസൃഷ്ടിക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്നവരോട് പറയാനുള്ളത് ഇതാണ് "സാധാരണ നിലയിലേക്ക് തിരിച്ചുപോകുക നമുക്കിനി സാധ്യമല്ല. കാരണം, ആ പഴയ സാധാരണനിലതന്നെയാണ് യഥാർഥപ്രശ്നം.'


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top