26 April Friday

നോക്കുകൂലിക്ക് അന്ത്യം കുറിക്കുമ്പോൾ

വി ശിവന്‍ കുട്ടി/തൊഴില്‍ മന്ത്രിUpdated: Tuesday Dec 7, 2021

സംസ്ഥാനത്തെ അസംഘടിതമേഖലയിലെ ഏറ്റവും സംഘടിത വിഭാഗമാണ് ചുമട്ടുതൊഴിലാളികൾ. തെരുവുകളിൽ, വ്യാപാരസ്ഥാപനങ്ങൾക്കു മുന്നിൽ ചിതറിക്കിടന്നിരുന്ന വിഭാഗം സംഘടിത രൂപമായപ്പോൾ തൊഴിലാളികളുടെ അവകാശ സംരക്ഷണ പോരാട്ടങ്ങൾക്ക് ശക്തിയേറി.  ഈ പ്രക്ഷോഭങ്ങളുടെയൊക്കെ അനന്തരഫലമായാണ് 1978-ലെ കേരള ചുമട്ടുതൊഴിലാളി നിയമം പ്രാബല്യത്തിൽ വരുന്നത്. 

കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക,  തൊഴിൽ സംരക്ഷിക്കുക, തൊഴിൽ നിഷേധങ്ങളെ ചെറുക്കുക, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നിൽക്കണ്ടാണ് നിയമം കൊണ്ടുവന്നത്. ചുമട്ടുതൊഴിലാളികൾക്ക് ഒരു പ്രത്യേക നിറം നൽകാൻ ചില സിനിമകളും ചില ഘട്ടങ്ങളിലെ മാധ്യമവാർത്തകളും കാരണമായി. കൈലിമുണ്ട് മടക്കിക്കുത്തി തലയിൽ തോർത്ത് ചുരുട്ടിക്കെട്ടി നിൽക്കുന്ന സ്ഥിരം ചുമട്ടുതൊഴിലാളി കാർട്ടൂൺ കഥാപാത്രങ്ങളുണ്ടായി.

അതികഠിനമായ ജോലിയാണ് ചുമട്ടുതൊഴിലാളികളുടേത്. എട്ടുമണിക്കൂർ ജോലി സമയം കണക്കാക്കിയുള്ളതല്ല  തൊഴിൽമേഖല. തൊഴിൽദാതാക്കൾ നിയതമായ കൂലി കണക്കാക്കി നൽകുന്നില്ലെന്നും കാണാം. പ്രതികൂല കാലാവസ്ഥയിലും തൊഴിലെടുക്കാൻ നിർബന്ധിതരാണ് ഇവർ. ഇതെല്ലാം മുന്നിൽക്കണ്ടാണ് ഈ വിഭാഗത്തിന്റെ ക്ഷേമത്തിനായി സർക്കാർ നിരവധി പദ്ധതികൾ കൊണ്ടുവന്നിട്ടുള്ളത്. ഇപ്പോൾ നോക്കുകൂലിയുടെ പേരിലാണ് ചുമട്ടുതൊഴിലാളികൾ വിമർശിക്കപ്പെടുന്നത്.  ചില പ്രത്യേക ജോലികൾ യന്ത്രസഹായത്തോടെ ചെയ്യേണ്ടിവരികയോ തൊഴിലാളികൾ തൊഴിലിൽ ഏർപ്പെടാതെ പണം ആവശ്യപ്പെടുന്നതോ ആയ സമ്പ്രദായത്തെയാണ് നോക്കുകൂലിയെന്ന് വിവക്ഷിക്കുന്നത്. സംസ്ഥാനത്ത്‌ നോക്കുകൂലി പൂർണമായും ഇല്ലാതാക്കണമെന്നതാണ് തൊഴിൽ വകുപ്പിന്റെ ലക്ഷ്യം.

കേരളത്തിൽ ചുമട്ടുതൊഴിലെടുക്കുന്ന ബഹുഭൂരിപക്ഷം തൊഴിലാളികളും ട്രേഡ് യൂണിയനുകളും നോക്കുകൂലിക്കെതിരെ ശക്തമായ നിലപാട് കൈക്കൊണ്ടിട്ടുണ്ട്. എന്നാൽ, ചുരുക്കം ചില തൊഴിലാളികൾക്കിടയിൽ നോക്കുകൂലിയും അമിതകൂലിയും ആവശ്യപ്പെടുന്ന പ്രവണത ഇപ്പോഴും തുടർന്നുവരികയാണ്. ഈ പ്രവണത അടിയന്തരമായി അവസാനിപ്പിക്കേണ്ടതാണ്. ഐഎസ്‌ആർഒയിലേക്ക്‌ കൊണ്ടുവന്ന ഉപകരണങ്ങൾക്ക്  നോക്കുകൂലി ആവശ്യപ്പെട്ടെന്ന വിഷയം പൊതുസമൂഹത്തിൽ ചർച്ച ചെയ്യപ്പെടുകയുണ്ടായി. എന്നാൽ, ഈ വിഷയത്തിൽ ചുമട്ടുതൊഴിലാളികൾക്കോ ട്രേഡ് യൂണിയനുകൾക്കോ ഒരു ബന്ധവുമില്ല. ചുമട്ടുതൊഴിലാളിയുടെ വേതനവുമായി ബന്ധപ്പെട്ട് ഏതൊക്കെ ഇനം കയറ്റിറക്കിന് എന്തൊക്കെ കൂലി എന്നുള്ളത് എല്ലാ ജില്ലയിലും നിശ്ചയിച്ചിട്ടുണ്ട്.  അത് ലേബർ കമീഷണറുടെ വെബ്സൈറ്റിൽ ലഭ്യമാണ്. അതിൽ പറയാത്ത ഇനമാണ് ഇറക്കുന്നതെങ്കിൽ ബന്ധപ്പെട്ട ലേബർ ഓഫീസറെ വിവരം അറിയിച്ചാൽ ചർച്ചകളിലൂടെ കൂലി നിശ്ചയിക്കാൻ കഴിയും.  ചുമട്ടുതൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിരവധി ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. പരാതികൾ ശ്രദ്ധയിൽപ്പെട്ടപ്പോഴെല്ലാം തൊഴിൽ വകുപ്പ് അടിയന്തരമായി ഇടപെട്ട് പ്രശ്നപരിഹാരത്തിനായി ശ്രമിക്കുകയും ‌അവശ്യമായ ഘട്ടങ്ങളിൽ രജിസ്ട്രേഷൻ കാർഡുകൾ റദ്ദ് ചെയ്യുന്നതിന്  നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. 
പരാതികൾ നേരിട്ട് അറിയിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി  ഒരു മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കുകയാണ്.

പൊതുജനങ്ങൾക്ക് കയറ്റിറക്കുമായി ബന്ധപ്പെട്ട പരാതികൾ ഈആപ്പിൽ രജിസ്റ്റർ ചെയ്യാവുന്നതുമാണ്. ബന്ധപ്പെട്ട  ഉദ്യോഗസ്ഥൻ നേരിട്ടെത്തി പരിഹാരം കണ്ടെത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top