25 April Thursday

അതിദാരിദ്ര്യനിർണയത്തിന്റെ കേരള മാതൃക

ഡോ. കെ രാജേഷ്Updated: Monday Jan 10, 2022

നിതി ആയോഗ് പുറത്തിറക്കിയ റിപ്പോർട്ടിൽ ഇന്ത്യയിൽ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമായി കേരളത്തെ പരാമർശിക്കുകയുണ്ടായി.  ബിഹാർ, ജാർഖണ്ഡ്, യുപി പോലുള്ള സംസ്ഥാനങ്ങൾ 50 ശതമാനത്തിനടുത്ത് ദാരിദ്ര്യത്തോടെ മുൻപന്തിയിൽ നിൽക്കുമ്പോൾ 1.73 ശതമാനം ദരിദ്രർ മാത്രമാണ് സംസ്ഥാനത്തുള്ളത് എന്നാണ് നിതി ആയോഗ് റിപ്പോർട്ട് ചൂണ്ടിക്കാണിച്ചത്.  ദാരിദ്ര്യത്തിന്റെ ബഹുമുഖ സൂചികകളെ ആസ്‌പദമാക്കിയാണ്  ഈ റിപ്പോർട്ട്.  ഇതിൽ കോട്ടയം ജില്ലയിൽ ദാരിദ്ര്യമില്ലെന്നും വയനാട്ടിൽ ദാരിദ്ര്യത്തിന്റെ നിരക്ക് താരതമ്യേന കൂടുതലാണെന്നും സൂചിപ്പിക്കുകയുണ്ടായി.  ജനജീവിതത്തിന്റെ വിവിധ മേഖലകളിൽനിന്ന് സർക്കാർ പിൻവലിയുകയെന്ന കേന്ദ്രനയത്തിന് വിരുദ്ധമായി ജനജീവിതത്തിൽ കൂടുതൽ ഇടപെടുന്ന സർക്കാർനയമാണ് പ്രതിസന്ധിയുടെ കോവിഡ്കാലത്തും കേരളത്തിലെ ദാരിദ്ര്യം കുറഞ്ഞുനിൽക്കുന്നതിനു കാരണം.  ഈ പശ്ചാത്തലത്തിലാണ്‌ കേരളം ഏറ്റെടുത്തിരിക്കുന്ന അതിദാരിദ്ര്യനിർണയ പ്രക്രിയ നിർണായകമാകുന്നത്.

ദാരിദ്ര്യത്തിൽനിന്ന് അതിദാരിദ്യത്തിലേക്ക്

1970കളുടെ അവസാനംമുതൽ  ദാരിദ്ര്യനിർമാർജനത്തിനായി ജോലിക്ക് കൂലി, ഭക്ഷണം, ആർഎൽഇജിപി, ഐആർഡിപി മുതലായ നിരവധി പദ്ധതികൾ ഉണ്ടായിട്ടുണ്ട്.  ദാരിദ്ര്യത്തിന്റെ തീവ്രരൂപം അനുഭവിക്കുന്നവർക്ക് റേഷൻ കടകൾ വഴി ഭക്ഷ്യധാന്യങ്ങൾ നൽകുന്ന അന്ത്യോദയ അന്നയോജന   പദ്ധതികളിൽ പുതിയതാണ്.  എന്നാൽ, ഭക്ഷ്യധാന്യങ്ങൾ നൽകുന്ന ഈ പദ്ധതിക്കപ്പുറം അതിദാരിദ്ര്യത്തെ പൊതുദാരിദ്ര്യത്തിൽനിന്ന് വ്യത്യസ്‌തമായി കാണുന്നവ ദേശീയതലത്തിൽത്തന്നെ പരിമിതമാണ്.  യുനിസെഫിന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിൽ നടന്ന ചില അന്വേഷണങ്ങൾ മാറ്റിനിർത്തിയാൽത്തന്നെ വിരളമാണ്. കേരളത്തിലാകട്ടെ അതിദാരിദ്ര്യനിർമാർജനത്തിന് ചില ശ്രമങ്ങൾ നടന്നിട്ടുണ്ട്.  ആശ്രയപദ്ധതിയും 2016ൽ ഇതിന്റെ തുടർച്ചയായി ആരംഭിച്ച അഗതിരഹിത കേരളം പദ്ധതിയും അടുത്തകാലത്ത് ആരംഭിച്ച വിശപ്പുരഹിത കേരളം പദ്ധതിയും അതിദരിദ്രരെയും അഗതികളെയും സംരക്ഷിക്കുന്നതിൽ നിർണായക ചുവടുവയ്‌പുകളായിരുന്നു.

കേരള സർക്കാർ വിപുലമായ അതിദാരിദ്ര്യനിർണയ പ്രക്രിയയാണ്‌ ഏറ്റെടുത്തിരിക്കുന്നത്‌. ആശ്രയപദ്ധതി കുടുംബശ്രീയുടെ നേതൃത്വത്തിൽ നടന്ന പദ്ധതിയായിരുന്നെങ്കിൽ അതിദാരിദ്ര്യനിർണയം എല്ലാ വിഭാഗത്തിൽപ്പെട്ടവരെയും പങ്കാളികളാക്കുന്നു. ആഹാരലഭ്യത, ആരോഗ്യസ്ഥിതി, അടിസ്ഥാന വരുമാനം, താമസ സ്ഥലം എന്നീ അടിസ്ഥാന സൂചകങ്ങളെ ആസ്‌പദമാക്കിയുള്ള പൊതു മാനദണ്ഡങ്ങളാണ് ഈ പ്രക്രിയയുടെ സൂചകമായി പ്രധാനമായും ഉപയോഗിക്കുന്നത്.  ഇതോടൊപ്പം പട്ടികജാതി–-വർഗ വിഭാഗങ്ങൾ, തീരദേശവാസികൾ, അനാഥക്കുട്ടികളും എച്ച്ഐവി ബാധിതരുമുള്ള കുടുംബങ്ങൾ എന്നിവർക്ക് പ്രത്യേക  പരിഗണനയും നൽകുന്നു.

വിപുലമായ മുന്നൊരുക്കങ്ങൾ
ജനകീയാസൂത്രണ പ്രസ്ഥാനത്തിനുശേഷം  നടന്ന വിപുലമായ പരിശീലന പരിപാടിയാണ് കിലയുടെ നേതൃത്വത്തിൽ പദ്ധതിക്കായി സംഘടിപ്പിച്ചത്. 941 പഞ്ചായത്തിലും 93 നഗരസഭയിലും ജനകീയസമിതികൾ രൂപീകരിച്ചു. 1940 തദ്ദേശസ്ഥാപന വാർഡ്തല ജനകീയസമിതി രൂപീകരിച്ചു.നാല് ലക്ഷത്തിലധികം ആളുകളെ പങ്കെടുപ്പിച്ച വിപുലമായ പരിശീലനമാണ്  നടന്നത്. സംസ്ഥാനതല റിസോഴ്സ് ഗ്രൂപ്പും ജില്ലാ റിസോഴ്സ് പേഴ്സൻ ശൃംഖലയും പരിശീലിപ്പിക്കപ്പെട്ടു. ഇവരുടെ നേതൃത്വത്തിൽ  മുഴുവൻ തദ്ദേശസ്ഥാപന അധ്യക്ഷൻ, ജനപ്രതിനിധികൾ, തദ്ദേശസ്ഥാപനതല റിസോഴ്സ് പേഴ്സൻമാർ, തദ്ദേശസ്ഥാപനതല ജനകീയസമിതി അംഗങ്ങൾ എന്നിവരെ പരിശീലിപ്പിച്ചു. 3500 വരുന്ന ഉദ്യോഗസ്ഥരെയും പരിശീലിപ്പിച്ചു. രണ്ടുമാസത്തെ മുന്നൊരുക്ക പരിശീലനപരിപാടികളാണ്  നടന്നത്.  ദാരിദ്ര്യത്തെ ഒരു  സാമൂഹ്യഇടപെടൽ ആവശ്യമുള്ള വിഷയമാക്കി മാറ്റുക, അതിദാരിദ്ര്യ നിർണയത്തെ ഒരു ജനകീയ പ്രക്രിയയാക്കുക എന്നിവയാണ് പരിശീലനങ്ങളിൽ ഊന്നിയത്.  

ചർച്ചകളിലൂടെ കണ്ടെത്തൽ
ഒരു വാർഡിൽ ചുരുങ്ങിയത് മൂന്ന്‌ ഫോക്കസ് ഗ്രൂപ്പ് ചർച്ചയെങ്കിലും നടത്തി ക്രോഡീകരിച്ചാണ് അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയ നടത്തിയത്. ചുരുങ്ങിയത് 12 ലക്ഷം പേർ കേരളത്തിൽ ഈ പ്രക്രിയയിൽ പങ്കാളികളായി. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ പങ്കാളിത്തം ഈ പ്രക്രിയയിൽ കൊണ്ടുവരുന്നതോടെ അനർഹരെ ഒഴിവാക്കാനും അർഹർ ആരുംതന്നെ ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനും കഴിയുന്നു.  സംസ്ഥാനത്താകെ ചുരുങ്ങിയത് 60,000 ഫോക്കസ് ഗ്രൂപ്പ് ചർച്ചയിലൂടെയാണ് അതിദരിദ്രരെ കണ്ടെത്തുന്നത് എന്നത് സ്വീകാര്യത വർധിപ്പിക്കുന്നു. ഇതോടൊപ്പം ഫോക്കസ് ഗ്രൂപ്പ് ചർച്ചപോലുള്ള ഒരു ശാസ്ത്രീയ സങ്കേതത്തെ താഴെ വാർഡ് തലംവരെ ഉപയോഗിക്കുന്നുവെന്നത് പൊതുവെ പ്രാദേശിക ആസൂത്രണപ്രക്രിയയുടെ ഗുണത വർധിപ്പിക്കുന്നതിനും സഹായിക്കുന്നു. ജില്ലയിൽ 3-4 ദിവസംകൊണ്ട് ക്യാമ്പയിൻ മാതൃകയിൽ ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ നടത്തുന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്.



 

സംസ്ഥാനത്ത് 19,000ന് മുകളിൽ വരുന്ന വാർഡുകളിൽ ഓരോ വാർഡിലും വരുന്ന സഹപ്രവർത്തകരും ഒരു ഉദ്യോഗസ്ഥനുമാണ് ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾക്കും ഗാർഹിക വിവരശേഖരണത്തിനും നേതൃത്വം നൽകുന്നത്. സന്നദ്ധപ്രവർത്തകർ പ്രതിഫലം പറ്റാതെ  സന്നദ്ധസേവനമാണ് ചെയ്യുന്നത്. നാൽപ്പതിനായിരത്തിനടുത്ത് ആളുകൾ ഈ പ്രവർത്തനത്തിന്റെ ഭാഗമാകുന്നുവെന്നത് ദാരിദ്ര്യത്തെ ഒരു സാമൂഹ്യപ്രശ്നമാക്കി മാറ്റുന്നതിലെ പ്രധാനപ്പെട്ട ഒരു ഘടകമായി മാറുന്നു. അതിദാരിദ്ര്യ നിർണയത്തിനൊപ്പം, വിവരശേഖരണത്തിലൂടെ കണ്ടെത്തുന്ന കുടുംബങ്ങൾക്കായുള്ള മൈക്രോപ്ലാൻ ജനപങ്കാളിത്തത്തോടെ തയ്യാറാക്കുന്നു.  മൊബൈൽ ആപ് വഴി ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ചാണ് വിവരങ്ങൾ ശേഖരിക്കുന്നത്.

അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തിക്കഴിഞ്ഞാൽ അവരുടെ അതിജീവനത്തിനുള്ള സൂക്ഷ്‌മതല കുടുംബ പ്ലാനുകൾ തയ്യാറാക്കുകയെന്നതാണ് അടുത്ത ഘട്ടം.  കേവലമൊരു സർക്കാർപദ്ധതി എന്നതിനപ്പുറം സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു വിപുലമായ സംഘാടനം നടത്താൻ കഴിയും. ദാരിദ്ര്യമെന്നത് ദരിദ്രകുടുംബത്തിന്റെമാത്രം പ്രശ്നമാണെന്നതിനപ്പുറത്ത് സമൂഹത്തിന്റെയാകെ പ്രശ്നമാക്കി മാറ്റുന്നതിനും കഴിയും.

(കിലയിലെ സീനിയർ അർബൻ ഫെലോയാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top