26 April Friday

നിരോധനങ്ങള്‍ക്ക് കീഴടങ്ങാത്ത ഇന്ത്യന്‍ കലാലയങ്ങള്‍

നിതീഷ് നാരായണന്‍Updated: Wednesday Feb 8, 2023

ഫാസിസ്റ്റ് തിട്ടൂരങ്ങളെ ഇന്ത്യന്‍ കലാലയങ്ങള്‍ ഒരു തവണ കൂടി ധീരമായി അവഗണിച്ചിരിക്കുന്നു. ചോദ്യങ്ങളെ നിരോധനം കൊണ്ട് മൂടിവെക്കാമെന്ന് ധരിക്കുന്ന ഭരണകൂടത്തിനെ ജനാധിപത്യത്തിന്റെ സത്ത എന്തെന്ന് ഓര്‍മിപ്പിക്കുന്ന വിദ്യാര്‍ഥികളെയാണ് ഗുജറാത്ത് വംശഹത്യയില്‍ മോദിയ്ക്കുള്ള പങ്കിനെക്കുറിച്ച് പ്രതിപാദിക്കുന്ന ബിബിസി ഡോക്യുമെന്ററി രാജ്യമെമ്പാടും പ്രദര്‍ശിപ്പിക്കാനും പ്രചരിപ്പിക്കാനും മുന്‍ കൈയെടുത്ത പ്രവര്‍ത്തനത്തിലൂടെ കണ്ടത്.

ഹിമാചൽ പ്രദേശ്‌ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്‌റ്റ്യൻ’ പ്രദർശിപ്പിച്ച എസ്‌എഫ്‌ഐ പ്രവർത്തകരെ പൊലീസ്‌ മർദിക്കുന്നു

ഹിമാചൽ പ്രദേശ്‌ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്‌റ്റ്യൻ’ പ്രദർശിപ്പിച്ച എസ്‌എഫ്‌ഐ പ്രവർത്തകരെ പൊലീസ്‌ മർദിക്കുന്നു

സാഹസികമായ ആശയങ്ങള്‍ക്കും സത്യാന്വേഷണങ്ങള്‍ക്കും കൂടിയാണ് സര്‍വകലാശാലകള്‍ നിലനില്‍ക്കുന്നതെന്ന് ഉദ്ഘോഷിച്ച ജവഹര്‍ലാല്‍ നെഹ്റുവിന്റെ വാചകങ്ങള്‍ കൊത്തിവെച്ചിട്ടുള്ള ജെ എന്‍ യു ഉള്‍പ്പടെയുള്ള സര്‍വകലാശാലകളില്‍ സംഘപരിവാര ഭരണകൂടത്തിന് അസ്വസ്ഥത സൃഷ്ടിച്ച ഡോക്യുമെന്ററി കണ്ടു എന്ന കുറ്റത്തിന് ഒരു രാത്രി നീളെ വിദ്യാര്‍ഥികളെ വേട്ടയാടുന്നതും നമ്മള്‍ കണ്ടു.

രാജസ്താന്‍ കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണില്‍ ഡോക്യുമെന്ററി കണ്ടതില്‍ പ്രകോപിതരായ അധികാരികള്‍ പത്ത് മലയാളികള്‍ ഉള്‍പ്പടെ പതിനൊന്ന് പേരെ സസ്പെന്‍ഡ് ചെയ്തു. മഹാരാഷ്ട്രയിലെ ടാറ്റ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ ഭീഷണിയുമായി ഹിന്ദുത്വ ഭീകരര്‍ വളഞ്ഞു. ജാമിയ മിലിയയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ഉള്ളവരെ അന്നേ ദിവസം രാവിലെ തന്നെ കാമ്പസില്‍ കയറി അറസ്റ്റ് ചെയ്തു.

ഡല്‍ഹി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്കുനേരെ അന്വേഷണം പ്രഖ്യാപിച്ചു. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ വൈദ്യുതിയും ഇന്റെര്‍നെറ്റും വിച്ഛേദിച്ചു. ഹൈദരാബാദ് സര്‍വകലാശാലയിലും കൊല്‍ക്കത്ത പ്രസിഡന്‍സി യൂണിവേഴ്സിറ്റിയിലും തമിഴ്നാട് കേന്ദ്ര സര്‍വകലാശാലയിലും സമാനമായ തിട്ടൂരങ്ങള്‍ ഉയര്‍ന്നു. എന്നിട്ടും അമിതാധികാര പ്രമത്തതയുടെയും ഭരണകൂട വിധേയത്വത്തിന്റെയും എല്ലാ വിലക്കുകളെയും ഇന്ത്യന്‍ കാമ്പസുകള്‍ മറികടന്നു. ലക്ഷക്കണക്കിന് മനുഷ്യരിലേക്ക് സംഘപരിവാരം ഭരണകൂടത്തിന്റെ പിന്തുണയോടെ നടത്തിയ വംശഹത്യയുടെ ഭീകരതകള്‍ വിവരിക്കുന്ന ഡോക്യുമെന്ററി എത്തിക്കുന്നതില്‍ ചെറുതല്ലാത്ത പങ്കാണ് വിദ്യാര്‍ഥികള്‍ വഹിച്ചത്.


''നിങ്ങള്‍ ഒരു പ്രദര്‍ശനം തടഞ്ഞാല്‍ ഞങ്ങള്‍ ആയിരം പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കും'' നിശ്ചയിച്ച ഡോക്യുമെന്ററി പ്രദര്‍ശനത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് വൈദ്യുതി വിച്ഛേദിക്കുകയും ഇന്റെര്‍നെറ്റ് കണക്ഷന്‍ ഓഫ് ആക്കുകയും വഴിവിളക്കുകള്‍ പോലും അണച്ച് കാമ്പസിനെ ഇരുട്ടിലാക്കുകയും ചെയ്ത ജെ എന്‍ യുവിലെ അധികാരികളോട് വിദ്യാര്‍ഥി യൂണിയന്റെ അദ്ധ്യക്ഷയും എസ് എഫ് ഐ നേതാവുമായ ഐഷി ഘോഷ് പ്രഖ്യാപിച്ചു.

ഐഷി ഘോഷ്

ഐഷി ഘോഷ്

നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ലാപ്ടോപ്പും മൊബൈലും എല്ലാം ഉപയോഗിച്ച് കൂട്ടമായിരുന്ന് ഡോക്യുമെന്ററി കണ്ടു. പ്രദര്‍ശനം കഴിഞ്ഞ് മടങ്ങാന്‍ ഒരുങ്ങിയ വിദ്യാര്‍ഥികളെ ഇരുട്ടിന്റെ മറവില്‍ നിന്ന് കല്ലെറിഞ്ഞ് അപായപ്പെടുത്താനായിരുന്നു പിന്നീട് സംഘപരിവാര്‍ ക്രിമിനലുകള്‍ ശ്രമിച്ചത്.

അംഗപരിമിതരായ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള ആള്‍ക്കൂട്ടത്തിലേക്കാണ് കൂര്‍ത്ത കല്ലുകളും ഇഷ്ടികകളുമെല്ലാമായി ആക്രമണം നടത്തിയത്. കാമ്പസില്‍ കലാപാന്തരീക്ഷം സംജാതമായ സാഹചര്യത്തില്‍ പോലും വഴിവിളക്കുകള്‍ തെളിക്കാന്‍ അധികാരികള്‍ തയ്യാറായില്ല.

വിദ്യാര്‍ഥികളെ അക്രമികളുടെ വേട്ടയ്ക്ക് എറിഞ്ഞുകൊടുക്കുകയായിരുന്നു ജെ എന്‍ യുവിലെ ഭീരുക്കളായ അധികാരികള്‍ ചെയ്തത്. തങ്ങളുടെ ജീവന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പാതിരാത്രിയില്‍ വിദ്യാര്‍ഥികള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് ചെയ്യുന്ന കാഴ്ചയ്ക്ക് രാജ്യ തലസ്ഥാനം സാക്ഷിയാകേണ്ടി വന്നു.

ഡോക്യുമെന്ററിയെ പേടിച്ച് ലിങ്കുകള്‍ ബ്ലോക്കു ചെയ്യുകയും കാണാന്‍ തുനിയുന്നവരെ തടയാന്‍ വൈദ്യുതി ബന്ധം ഇല്ലാതാക്കുകയും വിദ്യാര്‍ഥികള്‍ക്ക് കല്ലേറില്‍ നിന്നും രക്ഷ തേടി കാമ്പസില്‍ നിന്നും പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് ചെയ്യേണ്ടി വരികയും ചെയ്യുന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വര്‍ത്തമാന കാഴ്ചകള്‍.

ഒരു മതവിഭാഗത്തെത്തന്നെ ഭീകരവാദത്തിന്റെ മുദ്രകുത്തി വിഷലിപ്തമായ പ്രചരണങ്ങളുമായി സംഘപരിവാര്‍ ജെ എന്‍ യുവില്‍ 'കാഷ്മീര്‍ ഫയല്‍സ്' എന്ന പ്രൊപ്പഗണ്ട സിനിമ പ്രദര്‍ശിച്ചത് ദിവസങ്ങള്‍ മാത്രം മുന്‍പാണ്. ബിബിസി ഡോക്യുമെന്ററി ഒരു മതവിഭാഗത്തിനെതിരെയും വെറുപ്പ് പ്രചരിപ്പിക്കുന്നില്ല. ഗുജറാത്തില്‍ നടമാടിയ ഭീകരതയ്ക്ക് ഏതെങ്കിലും മതവിഭാഗത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയല്ല ഡോക്യുമെന്ററി തയ്യാറാക്കിയവര്‍ ചെയ്തത്.

മറിച്ച് കാര്യകാരണ സഹിതം അന്ന് അധികാരത്തിലിരുന്ന മോദി ഉള്‍പ്പടെയുള്ളവരുടെ പങ്കിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുകയായിരുന്നു. രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കും എന്ന ആവലാതി ഇവിടെ അസ്ഥാനത്താണ്. മറവിയുടെ ചതുപ്പിലേക്ക് താഴ്ത്താന്‍ മരണത്തിന്റെ വ്യാപാരികള്‍ ആഗ്രഹിച്ച ചിലതെല്ലാം മുളപൊട്ടി പുറത്തേക്ക് വരുന്നതില്‍ ഭയം പൂണ്ടവരുടെ വെപ്രാളമാണ് രാജ്യം കണ്ടത്.

ഡോക്യുമെന്ററി നിയമ പ്രകാരം നിരോധിക്കാന്‍ ഇപ്പോഴും ആയിട്ടില്ല. അതത്ര എളുപ്പവുമല്ല. മോദി ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ കെട്ടിപ്പടുക്കാന്‍ ശ്രമിച്ച വ്യാജമായ പ്രതിച്ഛായയുടെ മൂടുപടം അത് പൊളിച്ച് കളയും.

ഒരു ചലച്ചിത്രത്തിനു മുന്നില്‍ ചൂളിപ്പോകുന്നതേയുള്ളൂ ഈ വീരശൂര പരാക്രമം എന്ന് ലോകം മനസ്സിലാക്കും. രാജസ്താന്‍ കേന്ദ്ര സര്‍വകലാശാലയില്‍ രാത്രിയില്‍ കാമ്പസിലിരുന്ന് മൊബൈല്‍ നോക്കി എന്ന കാരണം പറഞ്ഞാണത്രേ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തത്.! സ്വാഭാവിക നീതിയായ കാരണംകാണിക്കാല്‍ നോട്ടീസ് പോലും അവര്‍ക്ക് നല്‍കിയിരുന്നില്ല.

വിദ്യാര്‍ഥികള്‍ കാമ്പസിലിരിക്കുന്നതിന് അച്ചടക്ക നടപടിയെടുക്കുന്ന ഭരണകൂടം.! അന്ന് രാത്രി മുഖം മൂടി ധരിച്ച് കാമ്പസില്‍ വിദ്യാര്‍ഥികളെ ആക്രമിക്കുകയും മലയാളി വിദ്യാര്‍ഥികളുടെയും മുസ്ലീം വിദ്യാര്‍ഥികളുടെയുമെല്ലാം ഹോസ്റ്റല്‍ മുറികള്‍ തിരഞ്ഞുപിടിച്ച് തല്ലിത്തകര്‍ക്കാന്‍ നോക്കുകയും ചെയ്ത എബിവിപി ഗുണ്ടകള്‍ക്ക് പക്ഷേ താക്കീതുപോലും ഇല്ല.

രാജസ്താനിലെ കോണ്‍ഗ്രസ് സര്‍ക്കാരും ബംഗാളിലെ തൃണമൂല്‍ സര്‍ക്കാരും ഡോക്യുമെന്ററി വിലക്കിനെ മറികടന്ന വിദ്യാര്‍ഥികള്‍ക്കുനേരെ നടന്ന അതിക്രമത്തിനെതിരെ ഒരക്ഷരം ഉരിയാടിയിട്ടില്ല.

അനില്‍ ആന്റണിമാരുടെ എണ്ണം കോണ്‍ഗ്രസില്‍ ചെറുതല്ല എന്ന് രാജസ്താനിലെയും മധ്യ പ്രദേശിലെയുമെല്ലാം മൗനം തെളിയിക്കുന്നുണ്ട്. ജനാധിപത്യം നിലനില്‍ക്കണം, ചോദ്യങ്ങളെ മറുപടികള്‍ കൊണ്ട് നേരിടാന്‍ ഭരണകൂടം ശീലിക്കണം, വിലക്കുകളും നിരോധനങ്ങളും സര്‍വൈലന്‍സും ഭീരുത്വത്തിന്റെ തെരഞ്ഞെടുപ്പുകളാണെന്ന് നമ്മള്‍ ആവര്‍ത്തിച്ച് പറയണം. ഇന്ത്യയിലെ കലാലയങ്ങളില്‍ നിന്ന് ഒരു തവണകൂടി രാജ്യം കേട്ടത് ആ നിലപാടാണ്.

(ചിന്ത വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top