കോവിഡിനുശേഷം കേരളത്തിലെ ജനജീവിതം താളം വീണ്ടെടുത്തു തുടങ്ങുന്നതേയുള്ളൂ. ഈ ഘട്ടത്തിലെ നിപായുടെ മടങ്ങിവരവ് സ്വാഭാവികമായും ആശങ്ക ജനിപ്പിക്കുന്നുണ്ട്. 2018ൽ കോഴിക്കോട്ടാണ് ആദ്യമായി നിപാ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2021ൽ കോഴിക്കോട്ട് രണ്ടാംവട്ടം നിപാബാധ സ്ഥിരീകരിക്കപ്പെട്ടു. ഇപ്പോൾ വീണ്ടും.
എന്തുകൊണ്ടാണ് കോഴിക്കോട്ട് തുടർച്ചയായി രോഗം പ്രത്യക്ഷപ്പെടുന്നതെന്ന ചോദ്യം സ്വാഭാവികമായും ഉയരാം. ജില്ലയിലെ പശ്ചിമഘട്ട മലനിരകളിൽ പലതും രോഗവ്യാപനമുണ്ടാക്കുന്ന പഴങ്ങൾ ഭക്ഷിക്കുന്ന ടെറോപസ് ജനുസിലെ വവ്വാലുകളുടെ ആവാസകേന്ദ്രമാണ്. ഈ വവ്വാലുകളിൽ കാണപ്പെടുന്ന വൈറസുകൾ അപൂർവമായി മനുഷ്യശരീരത്തിൽ പ്രവേശിക്കുമ്പോഴാണ് രോഗബാധയുണ്ടാകുന്നത്. വൈറസ് രോഗങ്ങളെ ശാസ്‌ത്രീയമായി മനസ്സിലാക്കി സമീപിക്കുകയും ഉചിതമായ കരുതൽ നടപടി സ്വീകരിക്കുകയുമാണ് രോഗമുക്തിയിലേക്കുള്ള മാർഗം. കോവിഡ് കാലത്ത് നാം തെരഞ്ഞെടുത്തത് ആ വഴിയായിരുന്നു.
നിപാ ഒരിക്കലും വ്യാപകമായി പടരുന്ന മഹാമാരിയാകില്ല. ഒരു ചെറിയ പ്രദേശത്തുമാത്രം കുറച്ചുപേരെ ബാധിക്കുന്ന പകർച്ചവ്യാധി മാത്രമാണ്. വളരെ മാരകവുമാണ്. ഏറെക്കാലം പടർന്നുപിടിക്കുന്ന സ്വഭാവം അതിനില്ല. അടുത്ത സമ്പർക്കത്തിലൂടെ മാത്രമേ ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് രോഗബാധയുണ്ടാകൂ എന്നർഥം. മനുഷ്യശരീരത്തിൽ വൈറസ് എത്തിയാൽ നാലുമുതൽ 14 ദിവസത്തിനകം രോഗലക്ഷണം പ്രത്യക്ഷപ്പെട്ടു തുടങ്ങും. തലവേദന, ഛർദി, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. വൈറസ് ബാധ പ്രധാനമായും ശ്വാസകോശത്തെയും തലച്ചോറിനെയുമാണ് ബാധിക്കുക.
മനുഷ്യരിൽനിന്ന് പകരുന്നത് സ്രവംവഴിയാണ്. തുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴും ഉണ്ടാകുന്ന സ്രവം, ഉമിനീര്, മലം, മൂത്രം എന്നിവയിൽനിന്ന് പകരാം. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡപ്രകാരം രോഗിയുമായി 15 മിനിറ്റെങ്കിലും അടുത്ത സമ്പർക്കം പുലർത്തുന്നവരെയാണ് രോഗസാധ്യതയുള്ളവരായി കണക്കാക്കുന്നത്. രോഗിയെ ചികിത്സിക്കുന്നവർ, കൈയുറ പോലുള്ള വ്യക്തിസുരക്ഷാ മുൻകരുതൽ സ്വീകരിക്കുന്നവരിൽ പകരാൻ സാധ്യത കുറവാണ്.
പരിമിത വൃത്തത്തിനുള്ളിൽമാത്രം വ്യാപിക്കുന്നതിനാൽ എളുപ്പത്തിൽ നിയന്ത്രണ വിധേയമാക്കാമെങ്കിലും മരണനിരക്ക് വളരെ കൂടുതലാണ്. ഇതിനെതിരെ പ്രത്യേക മരുന്നുകളോ വാക്സിനോ ഇതുവരെയും കണ്ടെത്തിയിട്ടില്ല. വൈറസുകളെ നശിപ്പിക്കുന്ന റിബാവിറിൻ എന്ന മരുന്ന് പരീക്ഷണഘട്ടത്തിലാണ്. വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള ശ്രമം നടന്നുവരുന്നതേയുള്ളൂ.
നിപാ ബാധിതരുമായി അടുത്ത സമ്പർക്കത്തിൽ ഏർപ്പെട്ടവരെ മുഴുവൻ കണ്ടെത്തി മൂന്ന് ആഴ്ചയെങ്കിലും ക്വാറന്റൈനിൽ പാർപ്പിക്കണം. രോഗലക്ഷണങ്ങളുണ്ടെന്ന് വ്യക്തമായാൽ ആദ്യം ചെയ്യേണ്ടത് ഐസൊലേഷൻ സംവിധാനത്തിലേക്ക് മാറുകയാണ്. പ്രാഥമിക സമ്പർക്കമുണ്ടായവർ സ്ഥാപനങ്ങളിലോ / വീടുകളിലോ ക്വാറന്റൈൻ സ്വീകരിക്കുന്നതാകും ഉചിതം. ഇങ്ങനെയുള്ള മുൻകരുതൽ സ്വീകരിക്കുമ്പോൾ ആരോഗ്യനില അപ്പപ്പോൾ അറിയിക്കുകയും വേണം.
രോഗികളിൽ പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരെ സന്ദർശിക്കാതിരിക്കുക. നിപാ വേളയിൽ രോഗികളെ സന്ദർശിക്കുന്നത് കഴിവതും ഒഴിവാക്കണം. വൈറസുകൾ വവ്വാലുകൾവഴി പകരുന്നതാണ് എന്നതിനാൽ പഴം കഴിക്കാതിരിക്കേണ്ട. എല്ലാ പഴങ്ങളും നല്ലവണ്ണം കഴുകിമാത്രം കഴിക്കുക. വവ്വാൽ കടിച്ച പഴങ്ങൾമാത്രം ഒഴിവാക്കുകയാണ് ബുദ്ധി.
മലേഷ്യയിലെ നിപാ ഗ്രാമത്തിലെ പന്നി ഫാമിലാണ് നിപാ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. കാട്ടിലെ കായ്കനികൾ ഭക്ഷിച്ചു ജീവിച്ചിരുന്ന വവ്വാലിൽനിന്നും വൈറസ് പന്നികളിലേക്കും പിന്നീട് ജനിതകമാറ്റം വന്ന് മനുഷ്യരിലേക്കും പടരുകയായിരുന്നു.
1998ൽ മലേഷ്യയിലെ നിപാ ഗ്രാമത്തിലെ പന്നി ഫാമിലാണ് നിപാ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. കാട്ടിലെ കായ്കനികൾ ഭക്ഷിച്ചു ജീവിച്ചിരുന്ന വവ്വാലിൽനിന്നും വൈറസ് പന്നികളിലേക്കും പിന്നീട് ജനിതകമാറ്റം വന്ന് മനുഷ്യരിലേക്കും പടരുകയായിരുന്നു. നിപാ എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയതുകൊണ്ടാണ് രോഗത്തിന് ഈ പേരുവന്നത്. പിന്നീട് ബംഗ്ലാദേശിലും മൂന്നുവർഷത്തിനുശേഷം ചെറിയതോതിൽ ബംഗാളിലെ സിലിഗുരിയിലും നാദിയയിലും രോഗം സ്ഥിരീകരിച്ചു. അടുത്ത വരവിലാണ് 2018ൽ രോഗം കോഴിക്കോട്ട് എത്തിയത്. വവ്വാലിന്റെ കാഷ്ഠം, മൂത്രം, ഉമിനീര്, ശുക്ലം എന്നീ സ്രവങ്ങളിലൂടെയാണ് വൈറസ് വ്യാപിക്കുന്നത്. മലേഷ്യയിൽ വവ്വാലുകളിൽനിന്നും പന്നികളിലേക്കും തുടർന്ന് മനുഷ്യരിലേക്കും രോഗം പകർന്നു. വവ്വാലുകൾ ഭക്ഷിച്ച് ഉപേക്ഷിക്കുന്ന ഫലങ്ങളിലൂടെയും പനങ്കള്ളിലൂടെയും മറ്റുമാണ് ബംഗ്ലാദേശിൽ രോഗം പടർന്നത്.
പനി രോഗികളെ വേർതിരിച്ച് ചികിത്സിച്ചും സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തി ക്വാറന്റൈൻ ചെയ്തുമാണ് രോഗനിയന്ത്രണം. നിപായിലെ മരണനിരക്ക് വളരെ കൂടുതലാണ്. ഇതിനകം വിവിധ രാജ്യങ്ങളിലായി അഞ്ഞൂറോളംപേരെ മാത്രമാണ് ബാധിച്ചത്. ഇതിൽ 252 പേർ മരിച്ചു. 40 മുതൽ 75 ശതമാനം വരെയായിരുന്നു വിവിധ രാജ്യങ്ങളിലെ മരണനിരക്ക്.
പനി, തലവേദന, തലകറക്കം, ചുമ, ബോധക്ഷയം മുതലായവയാണ് നിപാ രോഗലക്ഷണങ്ങൾ. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് മരണത്തിനു കാരണമാകും. ആർടിപിസിആർ, എലിസ പരിശോധനകൾവഴി രോഗനിർണയം സാധ്യമാണ്.ഇത് വീണ്ടുമൊരു പരീക്ഷണകാലമാണ്. നാം കൈവരിച്ച പൊതുജനാരോഗ്യ സംവിധാനങ്ങളും ശാസ്‌ത്രപുരോഗതിയും തന്നെയാണ് ഈ പോരാട്ടത്തിലും ആയുധമാകുക. വിട്ടുവീഴ്‌ചയില്ലാത്ത പ്രതിരോധത്തിലൂടെയും ബുദ്ധിപരമായ ആസൂത്രണത്തിലൂടെയും നമ്മൾ ഒറ്റക്കെട്ടായി ഈ പരീക്ഷണകാലത്തെയും ജയിക്കുകതന്നെ ചെയ്യും.
(കോഴിക്കോട് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മുൻ പ്രൊഫസറാണ് ലേഖകൻ. ഇപ്പോൾ കെഎംസിടി മെഡിക്കൽ കോളേജ് വകുപ്പുമേധാവിയാണ്)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..