20 April Saturday

ഭയം, വിനാശം... മോദിഭരണം 10-ാം വര്‍ഷത്തിലേക്ക്‌

സാജൻ എവുജിൻUpdated: Tuesday May 30, 2023

ന്യൂഡൽഹി> മോദിപ്രഭാവം മങ്ങിത്തുടങ്ങിയെന്ന ആശങ്കയിൽ ബിജെപി സർക്കാർ പത്താം വർഷത്തിലേക്ക്‌. സർക്കാർ വാർഷികപരിപാടികളിലും പ്രചാരണത്തിലും പ്രധാനമന്ത്രി മോദിമാത്രം നിറഞ്ഞുനിൽക്കുമ്പോഴും ബിജെപിയിൽ അങ്കലാപ്പ്‌ പ്രകടം. മോദി നേരിട്ട്‌ പ്രചാരണം നയിച്ചിട്ടും കർണാടകത്തിൽ ബിജെപിക്ക്‌ 2018നെ അപേക്ഷിച്ച്‌ 38 സീറ്റ്‌ കുറഞ്ഞുവെന്നത്‌ മാത്രമല്ല ഇതിന്‌ കാരണം.

നേരത്തേ നടന്ന തെരഞ്ഞെടുപ്പുകളിൽ ഹിമാചൽപ്രദേശിൽ ബിജെപിക്ക്‌ ഭരണം നഷ്ടപ്പെട്ടു. ത്രിപുരയിൽ ഭരണം നിലനിർത്താനായെങ്കിലും ബിജെപിക്ക്‌ 10 ശതമാനം വോട്ട്‌ കുറഞ്ഞു. മേഘാലയയിൽ രണ്ട്‌ സീറ്റാണ്‌ കിട്ടിയത്‌. കോൺഗ്രസ്‌ ശക്തമായ മത്സരം നടത്താൻ തയ്യാറാകാതിരുന്ന ഗുജറാത്തിൽ ഭരണം നിലനിർത്താൻ കഴിഞ്ഞുവെന്നത്‌ ബിജെപിക്ക്‌ പുറമേക്കുമാത്രം ആത്മവിശ്വാസം പ്രകടിപ്പിക്കാൻ വക നൽകുന്ന നേട്ടമാണ്‌. 2019നുശേഷം നടന്ന ഡൽഹി, കേരളം, തമിഴ്‌നാട്‌, ബംഗാൾ, പഞ്ചാബ്‌ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക്‌ ജയിക്കാനായില്ല. മഹാരാഷ്‌ട്രയിലും ഹരിയാനയിലും വോട്ടുവിഹിതം വൻതോതിൽ കുറഞ്ഞു. ബിഹാർ കൈയിൽനിന്ന്‌ പോയി.

മോദി കഴിഞ്ഞാൽ ബിജെപിയുടെ പ്രചാരണത്തിൽ താരങ്ങളായ അമിത്‌ ഷായ്‌ക്കും യോഗി ആദിത്യനാഥിനും യഥാക്രമം ഗുജറാത്തിനും ഉത്തർപ്രദേശിനും പുറത്ത് കാര്യമായ ചലനമൊന്നും സൃഷ്ടിക്കാൻ കഴിയുന്നില്ല. ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുടെ സംസ്ഥാനമായ ഹിമാചലും സംഘടന സെക്രട്ടറി ബി എൽ സന്തോഷിന്റെ സംസ്ഥാനമായ കർണാടകവും നഷ്ടപ്പെട്ടു. ബിജെപി ഭരണത്തിലുള്ള മണിപ്പുർ വംശീയ, വർഗീയ കലാപത്തിൽ അമർന്നിരിക്കുന്നു. കേന്ദ്രം പരീക്ഷണങ്ങൾ നടത്തിയ ജമ്മു -കശ്‌മീരിൽ സമാധാനം അകലെയാണ്‌.

നോട്ടുനിരോധനവും കള്ളപ്പണ വേട്ടയും ദയനീയ പരാജയമായി. കർഷകർക്ക് നൽകിയ ഉറപ്പൊന്നും പാലിച്ചില്ല. കൊട്ടിഘോഷിച്ച്‌ പാസാക്കിയ തൊഴിൽ കോഡുകൾ മരവിപ്പിക്കാനും സർക്കാർ ആലോചിക്കുന്നു. അടിസ്ഥാനസൗകര്യ വികസനമേഖലയിൽ ചില നേട്ടങ്ങൾ ഉണ്ടായെന്നത്‌ വാസ്‌തവമാണ്‌. ഈ വകുപ്പ്‌ കൈയാളുന്ന നിതിൻ ഗഡ്‌കരി ബിജെപി നേതൃത്വത്തിന്‌ ഇപ്പോൾ പ്രിയങ്കരനുമല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top