26 April Friday

നൈജീരിയയിൽ 
പുതിയ പ്രതീക്ഷ

വി ബി പരമേശ്വരൻUpdated: Saturday Mar 4, 2023

image credit peter obi twitter

ആഫ്രിക്കയിലെ ഏറ്റവും വലിയ സമ്പദ്‌‌വ്യവസ്ഥയും ഏറ്റവും കൂടുതൽ ജനസംഖ്യയുമുള്ള രാഷ്ട്രം നൈജീരിയയാണ്‌. വൻകരയിൽ ഏറ്റവുമധികം എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാഷ്ട്രവും ഇതുതന്നെ. വാതക കരുതൽശേഖരത്തിൽ ആഫ്രിക്കയിൽ ഒന്നാമതും എണ്ണ കരുതൽശേഖരത്തിൽ രണ്ടാമതും നൈജീരിയതന്നെ. എന്നാൽ, മനുഷ്യവിഭവ സൂചികയിൽ നൈജീരിയയുടെ സ്ഥാനം 163 ആണ്‌. സാമ്പത്തിക അസമത്വത്തിന്റെ കാര്യത്തിലാകട്ടെ 159–-ാം സ്ഥാനത്തും. തൊഴിലില്ലായ്‌മ നിരക്കാകട്ടെ 33 ശതമാനമാണ്‌. യുവാക്കളിലെ തൊഴിലില്ലായ്‌മയുടെ കണക്കെടുത്താൽ 42.5 ശതമാനമാണ്‌. സമ്പന്നതയ്‌ക്കിടയിലും ദരിദ്രമായി ജീവിക്കേണ്ടിവരുന്ന ഒരു രാഷ്ട്രത്തിന്റെ ചിത്രമാണ്‌ പടിഞ്ഞാറൻ ആഫ്രിക്കൻ രാഷ്ട്രമായ നൈജീരിയ തരുന്നത്‌.

ഇതിനും പറമെ ഇസ്ലാമിക ജിഹാദികളുടെ വിഹാരരംഗമാണ്‌ വടക്കു കിഴക്കൻ പ്രവിശ്യകൾ. ബൊക്കോ ഹാറാമും അതിൽനിന്ന്‌ ഭിന്നിച്ചുണ്ടായ ഇസ്ലാമിക് സ്‌റ്റേറ്റ്‌ ഓഫ്‌ വെസ്റ്റ്‌ ആഫ്രിക്കൻ പ്രൊവിൻസും (ഐഎസ്‌ഡബ്‌ള്യുഎപി) നിരന്തരം ആക്രമണങ്ങൾ സംഘടിപ്പിക്കുന്നു. തെക്കു കിഴക്കൻ മേഖലയിലാണെങ്കിൽ വിഘടനവാദത്തിന്റെ സ്വരമാണ്‌ ഉയരുന്നത്‌. വടക്കു പടിഞ്ഞാറൻമേഖല കൊള്ളസംഘങ്ങളുടെയും മറ്റും വിഹാരകേന്ദ്രവുമാണ്‌. ഇത്തരം സംഘങ്ങളെ നേരിടാൻ നൈജീരിയൻ സർക്കാർ രൂപീകരിച്ച നൈജീരിയൻ സ്‌പെഷ്യൽ ആന്റി റോബറി സ്‌ക്വാഡ്‌ (സാരസ്‌) ആകട്ടെ ജനങ്ങളെ കൊള്ളയടിക്കുകയും കൊലചെയ്യുകയും ചെയ്യുന്ന സേനയായി അധഃപതിച്ചു. ഈ സേനയ്‌ക്കെതിരെ ‘എൻഡ്‌ സാരസ്‌’ എന്ന പേരിൽ ജനങ്ങൾ വൻ പ്രതിഷേധം ഉയർത്തി. ലാഗോസിലെ ലിക്കിയിൽ 2020 ഒക്ടോബറിൽ 12 പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്‌തതുൾപ്പെടെ നൂറോളം പേരാണ്‌ ഇതിനകം കൊലചെയ്യപ്പെട്ടത്‌.  ഇങ്ങനെ ഏത്‌ കോണിലൂടെ നോക്കിയാലും നൈജീരിയയിൽ സാധാരണ ജനജീവിതം ദുസ്സഹമായി. 

ഇവിടെയാണ്‌ ഫെബ്രുവരി 25ന്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. 1999ലാണ്‌ സൈനിക ഭരണത്തിന്‌ അന്ത്യമിട്ടുകൊണ്ട്‌ നൈജീരിയ ജനാധിപത്യ ഭരണത്തിലേക്ക്‌ കാലെടുത്തുവച്ചത്‌. ആദ്യ ആറുവർഷത്തെ പീപ്പിൾസ്‌ ഡെമോക്രാറ്റിക് പാർടി (പിഡിപി) ഭരണത്തിനുശേഷം 2015ലാണ്‌ വലിയ പ്രതീക്ഷകൾ ഉയർത്തി ഇപ്പോഴത്തെ പ്രസിഡന്റ്‌ മുഹമ്മദ്‌ ബുഹാരി അധികാരമേറ്റത്‌. ജനാധിപത്യ പ്രക്ഷോഭത്തിന്റെ മുൻനിരയിൽ നിലയുറപ്പിച്ച നേതാവായിരുന്നു ബുഹാരി. ഓൾ പീപ്പിൾസ്‌ പ്രോഗ്രസീവ്‌ കോൺഗ്രസ്‌ പാർടിയുടെ നേതാവുകൂടിയായ ബുഹാരി ഇസ്ലാമിക തീവ്രവാദത്തിന്‌ അന്ത്യമിടുമെന്നും സമ്പദ്‌വ്യവസ്ഥയെ വളർച്ചയിലേക്ക്‌ നയിക്കുമെന്നും വാഗ്‌ദാനം ചെയ്‌തു. 2019ൽ വീണ്ടും അധികാരം ലഭിച്ചെങ്കിലും വാഗ്‌ദാനങ്ങളൊന്നും നടപ്പാക്കപ്പെട്ടില്ല. അധികാരമേറ്റ ഉടൻതന്നെ ബുഹാരി ചെയ്‌തത്‌ ഐഎംഎഫിൽനിന്നും ലോകബാങ്കിൽനിന്നും ഉദാരവൽക്കരണ നിബന്ധനകൾക്ക്‌ വിധേയമായി വായ്‌പയെടുക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ജനങ്ങൾക്ക്‌ നൽകിവന്ന പല സബ്‌സിഡികളും ആനുകൂല്യങ്ങളും ഇല്ലാതാക്കി. ഇന്ധനവിതരണം സ്വകാര്യകമ്പനികളെ ഏൽപ്പിച്ചു. സ്വാഭാവികമായും ഇതിനെതിരെ ജനരോഷം ഉയർന്നു. ജനാധിപത്യത്തിൽത്തന്നെ ജനങ്ങൾക്ക്‌ വിശ്വാസം നഷ്ടപ്പെടാൻ തുടങ്ങി. 2019ലെ തെരഞ്ഞെടുപ്പിൽ 39 ശതമാനം പേർ മാത്രമാണ്‌ വോട്ട്‌ ചെയ്‌തത്‌. ഇപ്പോൾ നടന്ന തെരഞ്ഞെടുപ്പിലാകട്ടെ അത്‌ 27 ശതമാനമായി കുറഞ്ഞു. ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടശേഷം നടക്കുന്ന ഏഴാമത്തെ തെരഞ്ഞെടുപ്പാണ്‌ ഫെബ്രുവരിയിലേത്‌. 


 

നിലവിലുള്ള പ്രസിഡന്റിന്റെ പാർടിക്കാരനും കോടീശ്വരനുമായ ബൊലെ അഹമ്മദ്‌ ടിനുബുവാണ്‌ തെരഞ്ഞെടുപ്പിൽ ജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടത്‌. ഭരണഘടനയനുസരിച്ച്‌ രണ്ട്‌ ടേമിൽ കൂടുതൽ ഒരാൾക്ക്‌ മൽസരിക്കാനാകാത്തതുകൊണ്ടാണ്‌ ബുഹാരി മാറി ടിനുബു രംഗത്തു വന്നത്‌. ജോലിതേടി അമേരിക്കയിലെത്തി കാർ ഡ്രൈവറായും മറ്റും പ്രവർത്തിക്കുകയും പിന്നീട്‌ ചിക്കാഗോ സർവകലാശാലയിൽനിന്ന്‌ ബിരുദം നേടി നൈജീരിയയിലേക്ക്‌ മടങ്ങുകയും ചെയ്‌ത ടിനുബു ബുഹാരിയുടെ വലംകൈയായാണ്‌ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്‌. ഉപരിസഭയായ സെനറ്റിൽ അംഗമായ ടിനുബു പിന്നീട്‌ നൈജീരിയയിലെ ഏറ്റവും വലിയ നഗരവും വാണിജ്യതലസ്ഥാനവുമായ ലാഗോസിന്റെ മേയറായി രണ്ടുതവണ (1999–-2007)തെരഞ്ഞെടുക്കപ്പെട്ടു. ‘ലാഗോസിന്റെ ഗോഡ്‌ഫാദർ’ എന്ന്‌ വിളിക്കപ്പെടുന്ന ടിനുബുവിന്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ 88 ലക്ഷം വോട്ടാണ്‌ (37 ശതമാനം) ലഭിച്ചത്‌. പ്രധാന എതിരാളി പീപ്പിൾസ്‌ ഡെമോക്രാറ്റിക് പാർടി നേതാവായ അടികു അബൂബക്കറിന്‌ 29 ശതമാനം വോട്ട്‌ (69 ലക്ഷം) ലഭിച്ചു.

എന്നാൽ, ഈ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയത്‌ മൂന്നാം ശക്തിയായി ഉയർന്ന ലേബർ പാർടിയുടെ പീറ്റർ ഒബിയാണ്‌. ഭാവി നൈജീരിയയുടെ പ്രതീക്ഷയായി മാറിയ ഈ അറുപത്തിരണ്ടുകാരൻ മുന്നോട്ടുവച്ച രാഷ്ട്രീയത്തിന്‌ സോഷ്യൽ ഡെമോക്രസിയുടെ സ്വഭാവമുണ്ടായിരുന്നു. നൈജീരിയയിൽ നേരത്തേയുണ്ടായിരുന്ന പാർടി ഓഫ്‌ സോഷ്യൽ ഡെമോക്രസിയാണ്‌ ഇപ്പോഴത്തെ ലേബർ പാർടിയായി മാറിയത്‌. തൊഴിലാളി യൂണിയനുകളും ഇടതുപക്ഷ പാർടികളും തെരഞ്ഞെടുപ്പിൽ പീറ്റർ ഒബിയെയാണ്‌ പിന്തുണച്ചത്‌. നൈജീരിയൻ ലേബർ കോൺഗ്രസും നൈജീരിയൻ ട്രേഡ്‌യൂണിയൻ കോൺഗ്രസും ഒബിക്ക്‌ പിന്തുണയർപ്പിച്ചത്‌ അദ്ദേഹം മുന്നോട്ടുവച്ച നിയോ ലിബറൽ വിരുദ്ധ മുദ്രാവാക്യങ്ങൾ കാരണമാണ്‌. യുവാക്കളിൽനിന്നാണ്‌ ഒബിക്ക്‌ ഏറെ പിന്തുണ ലഭിച്ചത്‌. തൊഴിലില്ലായ്‌മയെക്കുറിച്ചും വിലക്കയറ്റത്തെക്കുറിച്ചും തൊഴിലാളികൾക്ക്‌ കൂലി കൂടുതൽ ലഭിക്കേണ്ടതിനെക്കുറിച്ചും മറ്റും ഒബി സംസാരിച്ചത്‌ നൈജീരിയൻ രാഷ്ട്രീയത്തിൽ പുതുമയുള്ള സംഭവങ്ങളായിരുന്നു. തൊഴിൽമേഖലയിൽ  വർധിച്ചുവരുന്ന കരാർവൽക്കരണത്തിനെതിരെയും ഒബി സംസാരിച്ചു. സ്വാഭാവികമായും ഇടതുപക്ഷ മനസ്സുകളുടെ വോട്ട്‌ ഒബിക്ക്‌ ലഭിച്ചു. 25 ശതമാനം വോട്ട് (61 ലക്ഷം) നേടി ഒബി മൂന്നാം സ്ഥാനത്തെത്തി. തലസ്ഥാനമായ അബൂജയിലും ലാഗോസിലും ഒബിയാണ്‌ മുന്നിലെത്തിയത്‌. ലാഗോസിൽ ഒബി മുന്നിലെത്തിയത്‌ ടിനുബുവിന്‌ വൻ തിരിച്ചടിയായി. അനംബ്ര പ്രവിശ്യയുടെ മുൻ ഗവർണർകൂടിയായ ഈ ബിസിനസുകാരൻ അടുത്ത തെരഞ്ഞെടുപ്പിൽ പരമ്പരാഗത കക്ഷികൾക്ക്‌ ഭീഷണി ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല. പല വിദേശ നിരീക്ഷണ ഏജൻസികളും സുതാര്യമായല്ല തെരഞ്ഞെടുപ്പ്‌ നടന്നതെന്ന്‌ അഭിപ്രായപ്പെട്ടതിനാൽ നിയമനടപടികൾ സ്വീകരിച്ച്‌ മുന്നോട്ട്‌ പോകാനാണ്‌ ഒബിയുടെ തീരുമാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top