20 April Saturday

സ്ഥായിയായ രാഷ്‌ട്രീയ 
മാറ്റത്തിന്റെ സൂചിക

കെ ശ്രീകണ്‌ഠൻUpdated: Friday May 20, 2022


തിരുവനന്തപുരം
രണ്ടാം പിണറായി സർക്കാർ ഒരുവർഷം പൂർത്തിയാക്കുന്നത്‌ സംസ്ഥാന രാഷ്‌ട്രീയത്തിലെ ശ്രദ്ധേയമായ ഗതിമാറ്റം ഒരിക്കൽക്കൂടി അടിവരയിട്ടാണ്‌. 42 തദ്ദേശ വാർഡിലെ വിധിയെഴുത്ത്‌ സർക്കാരിന്‌ വർധിതാവേശം പകരുന്നതോടൊപ്പം സ്ഥായിയായ രാഷ്‌ട്രീയ മാറ്റത്തിന്റെ സൂചികയുമായി. തൃക്കാക്കരയിലും ഇത്‌ പ്രതിഫലിക്കുമോയെന്നാണ്‌ ഇനി അറിയാനുള്ളത്‌. വികസന രാഷ്‌ട്രീയത്തിനുള്ള അംഗീകാരമായ തദ്ദേശ ഉപതെരഞ്ഞെടുപ്പ്‌ വിധി തൃക്കാക്കരയിലും മറിച്ചാകാനിടയില്ല. അവിടെയാണ്‌ യുഡിഎഫിനും ബിജെപിക്കും ചങ്കിടിപ്പേറുന്നത്‌.

സിൽവർ ലൈൻ വിരുദ്ധ സമരം ആളിപ്പടർത്തി രാഷ്‌ട്രീയ മുതലെടുപ്പിന്‌ പ്രതിപക്ഷം മുന്നിട്ടിറങ്ങിയത്‌ തദ്ദേശ ഉപതെരഞ്ഞെടുപ്പുകൂടി മുന്നിൽക്കണ്ടാണ്‌. എന്നാൽ, തന്ത്രങ്ങൾ അപ്പാടെ പൊളിഞ്ഞുവീണു. സിൽവർ ലൈൻ കല്ല്‌ പിഴുതെറിഞ്ഞ സ്ഥലങ്ങളിൽപ്പോലും യുഡിഎഫിനും ബിജെപിക്കും പിടിച്ചുനിൽക്കാനായില്ല. അഞ്ച്‌ വാർഡിൽ ബിജെപി–- കോൺഗ്രസ്‌ നീക്കുപോക്കുകൂടി ഇല്ലായിരുന്നെങ്കിൽ യുഡിഫ്‌ പതനം ഇതിലും ഭീകരമാകുമായിരുന്നു.

രാഷ്ട്രീയ ഗ്രാഫിൽ എൽഡിഎഫ്‌ മുന്നേറുമ്പോൾ മറുപക്ഷത്ത് ഓരോ ദിവസവും കാർമേഘങ്ങൾ ഉരുണ്ടുകൂടുകയാണ്‌. മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസ്‌ വിട്ടവർ ബിജെപിയിലേക്ക്‌ പോകുമ്പോൾ കേരളത്തിൽ മുതിർന്ന നേതാക്കളടക്കം എൽഡിഎഫ്‌ പക്ഷത്ത്‌ അണിനിരക്കുന്നു. കെ സുധാകരൻ, വി ഡി സതീശൻ, കെ സി വേണുഗോപാൽ ത്രയത്തിന്റെ നീക്കങ്ങളിൽ അസന്തുഷ്ടരായ നേതാക്കളും പ്രവർത്തകരും ഏറിവരികയുമാണ്‌. ഇതെല്ലാം യുഡിഎഫിനെ ആശങ്കയിലാഴ്‌ത്തുന്നു. എല്ലായിടത്തും സർവതലസ്‌പർശിയായ വികസനവും ക്ഷേമവും ഉറപ്പാക്കിയാണ്‌ സർക്കാർ മുന്നേറ്റം. അത്‌ ജനങ്ങളുടെ രാഷ്‌ട്രീയക്കൂറിൽ കാതലായ മാറ്റം കുറിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top