26 April Friday

കംഗാരു കോടതികളും 
കേരളത്തിലെ പ്രതിപക്ഷവും

എം ജയചന്ദ്രൻUpdated: Monday Mar 27, 2023

ശരിയും തെറ്റും വിവേചനബുദ്ധിയോടെ വിലയിരുത്തി വിശദീകരിച്ചു കൊടുക്കാൻ കെൽപ്പോ താൽപ്പര്യമോ ഇല്ലാത്തവിധം നമ്മുടെ മാധ്യമങ്ങൾ കംഗാരു കോടതികളായി മാറുന്നുവെന്ന്‌ കഴിഞ്ഞവർഷം പരസ്യമായി തുറന്നടിച്ചത്‌ ജസ്റ്റിസ്‌ എൻ വി രമണയാണ്‌. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്‌ ആയിരിക്കെ, ജാർഖണ്ഡിലെ റാഞ്ചിയിലുള്ള നാഷണൽ യൂണിവേഴ്‌സ്‌റ്റി ഓഫ്‌ സ്റ്റഡി ആൻഡ്‌ റിസർച്ച്‌ ഇൻ ലോ-യിൽ നടത്തിയ പ്രഭാഷണത്തിലാണ്‌ 2022 ജൂലൈ 21ന്‌ ജസ്റ്റിസ്‌ രമണ ഇങ്ങനെ പറഞ്ഞത്‌. ജുഡീഷ്യറിയിലും ലെജിസ്ലേച്ചറിലും സ്വാധീനം ചെലുത്തണമെന്ന നിക്ഷിപ്‌ത താൽപ്പര്യത്തോടെ മുൻകൂട്ടി അജൻഡ നിശ്‌ചയിച്ച്‌ ഇലക്‌ട്രോണിക്‌, പ്രിന്റ്‌, സോഷ്യൽ മീഡിയകളിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന മാധ്യമവിചാരണകൾ നിശ്‌ചയമായും സമാന്തരമായ കംഗാരു കോടതികളുടെ നിലവാരമാണ്‌ പ്രകടിപ്പിക്കുന്നതെന്നും ഇതു നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ ആരോഗ്യത്തിന്‌ അത്യന്തം ഹാനികരമാണെന്നും ജസ്റ്റിസ്‌ രമണ ഇന്ത്യൻ ജനതയോട്‌ അന്ന്‌ പറയുകയുണ്ടായി.
നിയമത്തിനും നീതിക്കും ഒരു പരിഗണനയും നൽകാതെ വസ്‌തുതകളെ വളച്ചൊടിച്ച്‌ അവതരിപ്പിക്കുന്ന മാധ്യമപ്രവർത്തനത്തോടുള്ള നിശിത വിമർശമായിത്തന്നെയാണ്‌ ജസ്റ്റിസ്‌ രമണ കംഗാരു കോടതികളെന്ന പദം ഉപയോഗിച്ചത്‌. 2023 മാർച്ച്‌ 30 വരെ ചേരാൻ നിശ്‌ചയിച്ചിരുന്ന 15–--ാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം 21ന്‌ അവസാനിപ്പിച്ച്‌ സഭ പിരിഞ്ഞ സാഹചര്യമാണ്‌ ഇപ്പോൾ കംഗാരു കോടതികളെപ്പറ്റി പരാമർശിക്കാൻ ഇടയായത്‌.

ഭരണഘടനാ സ്ഥാപനമായ കേരള നിയമസഭ പ്രവർത്തിക്കുന്നത്‌  ‘നിയമസഭയുടെ നടപടിക്രമവും കാര്യനിർവഹണവും സംബന്ധിച്ച ചട്ടങ്ങൾ' പ്രകാരമാണ്‌. ലെജിസ്ലേറ്റീവ്‌ ഡെമോക്രസി അഥവാ നിയമസഭാ ജനാധിപത്യം എന്ന്‌ നമുക്കിതിനെ വിളിക്കാം. ഇന്ത്യൻ ഭരണഘടനയ്ക്കും നിർവചിക്കപ്പെട്ട ലിഖിത നിയമങ്ങൾക്കുമുള്ളിൽനിന്ന്‌ സഭാതലത്തിൽ പ്രവർത്തിക്കാൻ എംഎൽഎമാരെ പ്രാപ്‌തരാക്കുന്നതും ബാധ്യസ്ഥരാക്കുന്നതും ഇപ്പറഞ്ഞ നടപടിക്രമവും കാര്യനിർവഹണവും സംബന്ധിച്ച ചട്ടങ്ങളാണ്‌. 1957-ലെ ഒന്നാം കേരള നിയമസഭമുതൽ ഇപ്പോഴത്തെ  സഭവരെ നമ്മുടെ നിയമസഭാ സാമാജികരും സർക്കാരുകളും ഇതാകെ പഠിച്ചും പാലിച്ചും തന്നെയാണ്‌ നാടിനെ ഇന്നു കാണുന്ന വളർച്ചയിലേക്കും പുരോഗതിയിലേക്കും നയിച്ചതും.

ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നാണ്‌ നിയമസഭയെ നാം വാഴ്‌ത്തുന്നത്‌. ഈ ശ്രീകോവിലിലെ മൂലമന്ത്രം ലെജിസ്ലേറ്റീവ്‌ ഡെമോക്രസിയിൽ അധിഷ്‌ഠിതവുമാണ്‌. ഇതിനെ പക്ഷേ, പാടേ റദ്ദ് ചെയ്‌തുകൊണ്ട്‌ പൊളിറ്റിക്കൽ ഡെമോക്രസി എന്ന കക്ഷിരാഷ്‌ട്രീയാധിഷ്‌ഠിത ജനാധിപത്യത്തെ, സഭാ നടപടികളിലേക്ക്‌ തിരുകിക്കയറ്റാനാണ്‌ യുഡിഎഫ്‌ നിയമസഭയിൽ കഠിനമായി പരിശ്രമിച്ചത്‌. വലിയ രാഷ്‌ട്രീയനേട്ടം സ്വപ്‌നം കണ്ട്, പുതിയൊരുതരം സിംഗിൾ പോയിന്റ്‌ അജൻഡയിൽ ആവേശവും കൊതിയും മൂത്ത് സോഷ്യൽ പൊളിറ്റിക്‌സിന്റെ രാഷ്‌ട്രീയ കൗശലങ്ങൾക്ക് കളമൊരുക്കലായിരുന്നു യുഡിഎഫിന്റെ ലക്ഷ്യം. ഈ ആശയത്തെ പിൻപറ്റി പ്രവർത്തിച്ചാൽ പുതിയൊരു സോഷ്യൽ കാപ്പിറ്റൽ (സാമൂഹ്യ മൂലധനം) വേഗം രൂപപ്പെടുത്താനാകുമെന്നും അതിലൂടെ കേരളത്തിലെ തങ്ങളുടെ രാഷ്‌ട്രീയ ശൈഥില്യത്തെ മുറിച്ചു കടക്കാനുള്ള ഇന്ധനം നിർമിക്കാം എന്നുമാണ്‌ യുഡിഎഫ്‌ പൊതുവിലും കോൺഗ്രസ്‌ പ്രത്യേകമായും കണക്കുകൂട്ടിവച്ചിരുന്ന രാഷ്‌ട്രീയ കാഴ്‌ചപ്പാട്‌.

പക്ഷേ, തെറ്റായ ഈ കണക്കുകൂട്ടലുകൾക്കും രാഷ്‌ട്രീയ അതിമോഹങ്ങൾക്കും നീർക്കുമിളയുടെ അൽപ്പായുസ്സ്‌ മാത്രമേ കിട്ടിയുള്ളൂ. സഭാതലത്തിലും സ്‌പീക്കറുടെ ഓഫീസ്‌ ഉപരോധിച്ചുകൊണ്ടും പ്രതിപക്ഷം നടത്തിയ പ്രതിഷേധ സമരങ്ങളുടെ അന്തസ്സാര ശൂന്യത എണ്ണിയെണ്ണി പറഞ്ഞുകൊണ്ട്‌  സ്‌പീക്കർ എ എൻ ഷംസീർ മാർച്ച്‌ 20ന്‌ നൽകിയ റൂളിങ്‌ നിയമസഭാ ചരിത്രത്തിലെതന്നെ സമുജ്വലമായ റൂളിങ്ങുകളിലൊന്നായി മാറിക്കഴിഞ്ഞിരിക്കുന്നു.

ചട്ടം 50 പ്രകാരം അടിയന്തരപ്രമേയ നോട്ടീസിന്‌ അവതരണാനുമതി ലഭിക്കാത്തതാണ്‌ പ്രതിപക്ഷ പ്രതിഷേധത്തിന്‌ കാരണമായതെന്ന്‌ റൂളിങ്ങിൽ ചൂണ്ടിക്കാട്ടുന്നുണ്ട്‌. പക്ഷേ, സർക്കാരിന്റെ നിർദേശപ്രകാരമാണ്‌ അവതരണാനുമതി നിഷേധിക്കുന്നതെന്ന്‌ പ്രതിപക്ഷാംഗങ്ങൾ ഇതേപ്പറ്റി ഉന്നയിച്ച ആക്ഷേപങ്ങൾ വസ്‌തുതാപരമല്ലെന്ന്‌ മാത്രമല്ല, അത് ചെയറിന്റെ നിഷ്‌പക്ഷതയെ ചോദ്യം ചെയ്യുന്നതിന്‌ തുല്യവും പാർലമെന്ററി മര്യാദകളുടെ കടുത്ത ലംഘനവും ആണെന്നും റൂളിങ്‌ വ്യക്‌തമായി നിലപാടെടുക്കുന്നുണ്ട്. ചട്ടങ്ങൾക്ക്‌ നിരക്കാത്ത നോട്ടീസുകളിന്മേൽ യുക്‌തമായ നടപടികൾ സ്വീകരിക്കാനുള്ള ചെയറിന്റെ അവകാശത്തെ മറ്റു വിധത്തിൽ വ്യാഖ്യാനിക്കുന്നതോ അതിന്റെ പേരിൽ പാർലമെന്ററി മര്യാദകൾ ലംഘിക്കുന്നതോ ഒരു കാരണവശാലും അനുവദിക്കാനാകില്ലെന്നും സ്‌പീക്കർ റൂളിങ്ങിൽ വ്യക്‌തമാക്കുന്നു.
സ്‌പീക്കർ സഭയിലേക്ക്‌ പ്രവേശിക്കുകയും മടങ്ങുകയും ചെയ്യാറുള്ള വാതിലിന്‌ തൊട്ടരികെ അദ്ദേഹത്തിന്റെ ഓഫീസിനു മുന്നിൽ പ്രതിപക്ഷം നടത്തിയ അസാധാരണമായ ഉപരോധം ചരിത്രത്തിൽത്തന്നെ ഒരുപക്ഷേ, ആദ്യത്തേതാണെന്ന്‌ റൂളിങ്‌ എടുത്തുപറയുന്നു.  വാച്ച്‌ ആൻഡ്‌ വാർഡ്‌ സ്‌റ്റാഫുമായുണ്ടായ ബലപ്രയോഗത്തിനിടയിൽ ഏതാനും നിയമസഭാ അംഗങ്ങൾക്കും വാച്ച്‌ ആൻഡ്‌ വാർഡ്‌ സ്‌റ്റാഫിനും പരുക്കേറ്റെന്നും ഇതിൽ ചിലർക്ക്‌ സാരമായ പരുക്കുകളുണ്ടെന്നും മെഡിക്കൽ റിപ്പോർട്ട്‌ കിട്ടിയെന്നും റൂളിങ്ങിലുണ്ട്‌. രണ്ട്‌ ഭരണകക്ഷി എംഎൽഎമാർ ഉൾപ്പെടെ പത്തോളംപേർക്കെതിരെ പരാതികൾ ഇതേപ്പറ്റി ചെയറിന്‌ ലഭിച്ചിട്ടുണ്ടെന്നും ആശുപത്രിയിൽ അഡ്‌മിറ്റായവരുടെ മൊഴിയെത്തുടർന്ന്‌ മ്യൂസിയം പൊലീസ്‌ എഫ്‌ഐആർ ഇട്ടിട്ടുണ്ടെന്നും ചെയർ പ്രസ്‌താവിക്കുന്നു. ഈ സംഭവം ചട്ടം 164,165 എന്നിവയിലെ വ്യവസഥകൾ പ്രകാരം വിശദമായി പരിശോധിച്ചശേഷം മാത്രമേ തുടർ നടപടികൾ ഉണ്ടാകുകയുള്ളൂ എന്നുതന്നെ സ്‌പീക്കർ തന്റെ റൂളിങ്ങിൽ വ്യക്‌തമാക്കുന്നുണ്ട്‌.

അപ്പോൾ എന്തൊക്കെയാണ്‌ ഇപ്പറഞ്ഞ ചട്ടങ്ങളെന്ന്‌ നോക്കാം. ചട്ടം 164. നിയമസഭാ പരിസരങ്ങളിൽവച്ചുള്ള അറസ്റ്റ്‌: സ്‌പീക്കറുടെ അനുമതി വാങ്ങാതെ, നിയമസഭാ മന്ദിരത്തിനുള്ളിൽ ഒരു അറസ്റ്റും നടത്താൻ പാടുള്ളതല്ല. ചട്ടം 165. നിയമപരമായ പ്രോസസ്‌ നടത്തൽ: സ്‌പീക്കറുടെ അനുമതി വാങ്ങാതെ നിയമസഭാ പരിസരങ്ങളിൽവച്ച്‌ സിവിലോ ക്രിമിനലോ ആയ നിയമപരമായ ഒരു നടപടിയും നടത്താൻ പാടില്ല.
ചട്ടം164 ഉം 165 ഉം ചൂണ്ടിക്കാട്ടി സ്‌പീക്കർ സഭയിൽ റൂളിങ്‌ നൽകിയത്‌ മാർച്ച്‌ 20നാണ്‌. എന്നാൽ, ഈ റൂളിങ്‌ വന്നതിനുശേഷവും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ നിയമസഭയെയും കേരളത്തിലെ ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള മനഃപൂർവങ്ങളായ പ്രതികരണങ്ങളാണ്‌ തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്നത്‌. പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പത്തു വർഷംവരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങൾ ഉൾപ്പെടുത്തി കേസെടുത്തെന്നും അതേസമയം ഭരണകക്ഷി എംഎൽഎമാർക്കെതിരെ നിസ്സാര കുറ്റങ്ങളും അനായാസം ജാമ്യം ലഭിക്കാവുന്ന വകുപ്പുകളും ചേർത്താണ്‌ കേസെടുത്തിട്ടുള്ളതെന്നുമാണ്‌ പ്രതിപക്ഷ നേതാവിന്റെ നിരന്തര വിമർശം.

എന്നാൽ, സ്‌പീക്കറുടെ ഓഫീസ്‌ ഉപരോധിച്ച പ്രതിപക്ഷ പ്രതിഷേധം പൊലീസ്‌ കേസിൽ എത്തിച്ചതിന്റെ യഥാർഥ ഉത്തരവാദികൾ പ്രതിപക്ഷം തന്നെയാണ്‌. എന്നിട്ടും തികച്ചും ഉദാരമായ സമീപനം ഇക്കാര്യത്തിലാകെ സ്വീകരിച്ചുകൊണ്ട്‌ സ്‌പീക്കർ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുക എന്നത്‌ മാത്രമല്ല, ചട്ടം 164, 165 എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിശദമായ പരിശോധനകൾക്കുശേഷം മാത്രമേ തുടർനടപടികൾ ഉണ്ടാകുകയുള്ളൂവെന്നും റൂളിങ്ങിലൂടെ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്.
മറ്റൊരു വസ്തുതകൂടി ഇവിടെ എടുത്തു പറയേണ്ടതുണ്ട്. നമ്മുടെ എംഎൽഎമാർ നിയമസഭയ്ക്ക് അകത്തും പുറത്തും പാലിക്കേണ്ട കാര്യങ്ങളെപ്പറ്റി, ശക്തമായ ഒരു പെരുമാറ്റച്ചട്ടം നിലവിലുണ്ട് എന്നതാണത്. ഈ ചട്ടത്തിന്റെ രണ്ടാമധ്യായം വിവരിക്കുന്നത്, സഭയ്ക്കുള്ളിൽ അംഗങ്ങൾക്കുള്ള പെരുമാറ്റച്ചട്ടത്തെപ്പറ്റിയാണ്. ഇതേ രണ്ടാമധ്യായത്തിന്റെ 3 (vii)ൽ സഭയുടെ നടുത്തളത്തിലേക്ക് അംഗങ്ങൾ കയറരുതെന്നും, 4 (vii)ൽ മുദ്രാവാക്യങ്ങൾ വിളിക്കാൻ പാടില്ലെന്നും, 4 ( xix)ൽ സഭയ്ക്കുള്ളിലോ സഭയുടെ അതിർത്തിക്കുള്ളിൽ എവിടെയെങ്കിലുമോ സത്യഗ്രഹമിരിക്കാനോ ധർണ നടത്താനോ പാടില്ലെന്നും, 5 (xi)ൽ സ്പീക്കറുടെ റൂളിങ്ങിനെ ചോദ്യംചെയ്യുകയോ വിമർശിക്കുകയോ ചെയ്യരുതെന്നും ഉൾപ്പെടെ പെരുമാറ്റച്ചട്ടത്തിൽ അംഗങ്ങൾ പാലിക്കേണ്ട പ്രധാന ചട്ടങ്ങൾപോലും ബോധപൂർവം ലംഘിക്കാൻ ഉത്സാഹത്തോടെ അണിനിരക്കുന്ന പ്രതിപക്ഷ നിരയെയാണ് നിയമസഭ കണ്ടത്.

എംഎൽഎമാർ  പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചാൽ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെപ്പറ്റിയും ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതുപ്രകാരം, പെരുമാറ്റച്ചട്ട ലംഘനമുണ്ടായാൽ അതിൻമേൽ സ്പീക്കർക്ക് സ്വമേധയാ തീരുമാനമെടുക്കാവുന്നതാണ്. പെരുമാറ്റച്ചട്ട ലംഘനത്തിനുള്ള ശിക്ഷകൾ ഇനിപ്പറയും വിധമാണ്. എ–- താക്കീത്, ബി–- ശാസന, സി–- സെൻഷർ, ഡി–- സഭയിൽനിന്ന്‌ പിൻവലിക്കൽ, ഇ-– -സഭയുടെ സേവനത്തിൽനിന്ന്‌ നിർദിഷ്ട കാലയളവിലേക്കുള്ള സസ്പെൻഷൻ, എഫ്–- സഭ ഉചിതമെന്ന് കരുതുന്ന മറ്റേതെങ്കിലും ശിക്ഷാ നടപടി. പെരുമാറ്റച്ചട്ടങ്ങൾക്ക് വിരുദ്ധമായതും ശിക്ഷാനടപടി സ്വയം ക്ഷണിച്ചു വരുത്തുന്നതുമായ ഒന്നിലേറെ കുറ്റങ്ങളാണ് 15-–-ാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന്റെ അവസാന ആഴ്ചകളിൽ പ്രതിപക്ഷ എംഎൽഎമാർ ചെയ്തുകൂട്ടിയത് എന്നതാണ്‌ യാഥാർഥ്യം.
ഈ വസ്തുതകളാകെ തമസ്കരിച്ചാണ് മാധ്യമങ്ങളിൽ വലിയൊരു വിഭാഗം നിഷ്പക്ഷതയുടെ (ഇല്ലാത്ത) മേലങ്കി അണിയുന്നത്. കംഗാരു കോടതികളെന്ന പ്രയോഗത്തോട് നമ്മുടെ മാധ്യമങ്ങൾ കൂടുതൽ കൂടുതൽ താദാത്മ്യം പ്രാപിക്കുന്നത് അവരുടെ മേൽപ്പറഞ്ഞ രീതിയിലുള്ള നിഷ്പക്ഷതാ നാട്യം കൊണ്ടുതന്നെയാകുന്നു.

(മുതിർന്ന മാധ്യമപ്രവർത്തകനാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top