03 December Sunday

പ്രകടിപ്പിക്കപ്പെട്ടത് 
വിശ്വാസമല്ല

സെബാസ്റ്റ്യന്‍ പോള്‍Updated: Saturday Aug 12, 2023

മണിപ്പുരിനെക്കുറിച്ച് ഒരക്ഷരം മിണ്ടില്ലെന്ന ശാഠ്യത്തിൽനിന്ന് പ്രധാനമന്ത്രിക്ക് വിടുതൽ നൽകുന്നതിനുവേണ്ടിയാണ് സംയുക്ത പ്രതിപക്ഷം ലോക്‌സഭയിൽ അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. അംഗനിലയെക്കുറിച്ചുള്ള വ്യക്തമായ ധാരണയോടെ നടത്തിയ ആ അന്തിമായുധപ്രയോഗത്തിൽ നരേന്ദ്ര മോദി പാർലമെന്റിൽ എത്തി. ആത്മരതിയിൽ അഭിരമിച്ചുകൊണ്ട് സ്വന്തം ഷൗട്ടിങ് ബ്രിഗേഡിന്റെ കോറസോടെ നരേന്ദ്ര മോദി നടത്തിയ പ്രസംഗം ഒന്നര മണിക്കൂർ പിന്നിട്ടപ്പോഴും മണിപ്പുർ എന്നു കേൾക്കാതിരുന്നപ്പോൾ പ്രതിപക്ഷത്തിന് ഇറങ്ങിപ്പോകേണ്ടിവന്നു. രണ്ടേകാൽ മണിക്കൂർ നീണ്ട പ്രസംഗത്തിൽ കേരളത്തെക്കുറിച്ചും വയനാടിനെക്കുറിച്ചുമുള്ള പരാമർശത്തിന് സന്ദർഭം കണ്ടെത്തിയ മോദി മണിപ്പുരിന്റെ കാര്യം മറന്നുവോ എന്നുപോലും ഇടയ്ക്ക് സംശയമുണ്ടായി. എങ്കിൽ അക്കാര്യത്തിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനുവേണ്ടിയായിരുന്നു പ്രതിപക്ഷത്തിന്റെ വാക്കൗട്ട്.

മണിപ്പുരിനോ രാഷ്ട്രത്തിനോ സമാശ്വാസകരമായില്ല വ്യാജ വൈകാരികതയിൽ കുതിർത്ത മോദിയുടെ വാക്കുകൾ. മണിപ്പുരിന്റെ ദുഃഖം 100 ദിവസം പിന്നിടുമ്പോഴും ചരിത്രവും താരതമ്യവും നിരത്തി നൃശംസതയെ ന്യായീകരിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. പുരാണത്തിലും പഴങ്കഥകളിലും പ്രാവീണ്യമുള്ള മോദി സമകാലിക ചരിത്രത്തിൽ അജ്ഞത പ്രകടിപ്പിച്ചു. പാർലമെന്റിനോടുള്ള അനാദരവും പ്രതിപക്ഷത്തോടുള്ള അവമതിയും നിർലജ്ജം പ്രകടിപ്പിച്ചുകൊണ്ട് നിലവാരം കുറഞ്ഞ ആക്ഷേപഹാസ്യമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ സ്ഥായിയായ ഭാവം. നെഹ്റുവിനെ അദ്ദേഹം മാതൃകയാക്കേണ്ട. അവിശ്വാസപ്രമേയത്തെ വാജ്പേയി നേരിട്ട രീതി മാതൃകയായി അദ്ദേഹത്തിന്റെ മുന്നിലുണ്ടായിരുന്നു. ഗുജറാത്തിലെ കലാപകാലത്ത് പ്രധാനമന്ത്രിയായിരുന്ന വാജ്പേയി മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് നൽകിയ ഉപദേശവും മറക്കാൻ കാലമായിട്ടില്ല. ആ ഉപദേശമെങ്കിലും മണിപ്പുർ മുഖ്യമന്ത്രിക്ക് നൽകാൻ മോദിക്ക് കഴിഞ്ഞില്ല.

ഏതൊരു വിഷയത്തെ മുൻനിർത്തിയാണോ അവിശ്വാസപ്രമേയം അവതരിപ്പിച്ചത് ആ വിഷയത്തെക്കുറിച്ചുള്ള രാഷ്ട്രം കാതോർത്ത വിശദീകരണം അദ്ദേഹം നാല് മിനിറ്റിലൊതുക്കി. ഹ്രസ്വ പരാമർശത്തിൽ സമാശ്വാസമോ പ്രതീക്ഷയോ നൽകുന്ന വാക്കുകളല്ല അദ്ദേഹം ഉപയോഗിച്ചത്. മണിപ്പുരിൽ ഭരണഘടനയുടെ തകർച്ചയും ഭരണനേതൃത്വത്തിന്റെ പരാജയവും സുപ്രീംകോടതി സുവ്യക്തമായി കണ്ടതിനുശേഷവും മോദിക്ക് വിശദീകരണമുണ്ടായില്ല. പ്രതിപക്ഷത്തെ അവഗണിച്ചാലും കോടതിയെ പ്രധാനമന്ത്രി അവഗണിക്കരുതായിരുന്നു. മണിപ്പുരിൽ സുപ്രീംകോടതിയുടെ നേരിട്ടുള്ള ഇടപെടൽ ഡബിൾ എൻജിൻ ഭരണത്തിലുള്ള അവിശ്വാസമായി. ശബ്ദവോട്ടോടെ തള്ളിക്കളയാവുന്ന അവിശ്വാസമല്ല സുപ്രീംകോടതി പ്രഖ്യാപിച്ചത്.

പാർലമെന്ററി ജനാധിപത്യത്തിലെ അവിശ്വാസപ്രമേയചർച്ച പ്രധാനമന്ത്രിക്കെതിരെയുള്ള കുറ്റവിചാരണയാണ്. നിർബാധം സംസാരിക്കുന്നതിനുള്ള സ്വാതന്ത്ര്യം അംഗങ്ങൾക്കുണ്ട്. അംഗീകൃത പ്രതിപക്ഷമില്ലെങ്കിൽ പ്രതിപക്ഷത്തോട് സ്വീകരിക്കേണ്ട സമീപനം എന്തെന്ന് എ കെ ജിയെ മുൻനിർത്തി നെഹ്റു പാർലമെന്റിനെ പഠിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും വിമർശിച്ചതിന്റെ പേരിൽ സഭയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു. നെഹ്റുവിന്റെ പാർലമെന്റിനെയല്ല, ഇന്ദിര ഗാന്ധിയുടെ പാർലമെന്റിനെയാണ് മോദി മാതൃകയാക്കുന്നത്. ഇന്ദിര ഗാന്ധിയുമായുള്ള താരതമ്യം ബിജെപിക്ക് അസ്വീകാര്യമാണെങ്കിൽ താരതമ്യം ഹിറ്റ്‌ലറുമായി ആകാം. തന്നെ അധികാരത്തിൽ എത്തിച്ച പാർലമെന്റിനെ ഹിറ്റ്‌ലർ കൈകാര്യംചെയ്ത വിധം ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സമാനമായ മനോഭാവവും നിലപാടുമാണ് മോദിയുടേത്. ലോക്‌സഭയുടെ വിശ്വാസത്തിലാണ് മന്ത്രിസഭയുടെ നിലനിൽപ്പ്‌. വിശ്വാസമെന്നത് ഭൂരിപക്ഷം മാത്രമല്ല, രാഷ്ട്രത്തിന്റെ വിശ്വാസമാണ് പ്രധാനപ്പെട്ടത്. അത് തലയെണ്ണിയോ ശബ്ദമുയർത്തിയോ അല്ല പ്രകടിപ്പിക്കപ്പെടുന്നത്.

2028 ൽ  അടുത്ത അവിശ്വാസപ്രമേയ ചർച്ചയിൽ കാണാമെന്ന് നരേന്ദ്ര മോദി പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. അത്രയും ദീർഘവീക്ഷണത്തോടെയുള്ള വെല്ലുവിളികൾ ജനാധിപത്യത്തിൽ അനുചിതമാണ്. 2024ൽ അധികാരം ഉറപ്പിക്കുന്നതിനുള്ള കരുക്കൾ ബിജെപി നീക്കിത്തുടങ്ങിയെന്ന് മോദിയുടെ വെല്ലുവിളിയിൽനിന്ന് നാം വായിച്ചെടുക്കണം. ലോക്‌സഭയിൽ പാർലമെന്ററി പ്രവർത്തനം പ്രഹസനമായി നീങ്ങിക്കൊണ്ടിരിക്കുമ്പോൾ അപകടകരമായ നിയമനിർമാണം രാജ്യസഭയിൽ ആരംഭിച്ചു. തെരഞ്ഞെടുപ്പുകമീഷൻ അംഗങ്ങളുടെ നിയമനം പൂർണമായി കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. നിയമസഭയും പാർലമെന്റുംമുതൽ ഉപരാഷ്ട്രപതിയും രാഷ്ട്രപതിയുംവരെയുള്ള തെരഞ്ഞെടുപ്പുകൾ നിഷ്‌പക്ഷമായും വിശ്വാസ്യതയോടെയും നടത്താനുള്ള ഭരണഘടനാപരമായ സംവിധാനമാണ് തെരഞ്ഞെടുപ്പുകമീഷൻ. നിയമനത്തിന് അംഗങ്ങളെ നിർദേശിക്കാൻ ചുമതലപ്പെട്ട മൂന്നംഗസമിതിയിൽ ചീഫ് ജസ്റ്റിസിനെക്കൂടി ഉൾപ്പെടുത്തിയത് സുപ്രീംകോടതിയാണ്. അവതരിപ്പിച്ച ബില്ലിൽ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം കേന്ദ്ര മന്ത്രിയെ ഉൾപ്പെടുത്തി. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിയും പ്രതിപക്ഷനേതാവും ഇരുന്നാൽ ആരുടെ അഭിപ്രായമാണ് പ്രാവർത്തികമാകുകയെന്ന് പ്രത്യേകം പറയേണ്ടതില്ല. പ്രതിപക്ഷനേതാവിന് പ്രയോജനരഹിതമായി വിയോജിക്കാമെന്നുമാത്രം. സമിതിയിൽ ചീഫ് ജസ്റ്റിസ് ഉണ്ടായിരുന്നെങ്കിൽ ലഭിക്കുമായിരുന്ന ആധികാരികത നഷ്ടപ്പെടുത്തിയത് വിധേയരെ കണ്ടെത്തുന്നതിനുവേണ്ടിയാണ്.

ജുഡീഷ്യറിയിൽപ്പോലും വിധേയരെ കണ്ടെത്താൻ പ്രയാസമില്ലെന്ന് ഗുജറാത്തിൽനിന്നുള്ള വിധിന്യായങ്ങളെക്കുറിച്ച് സുപ്രീംകോടതി നടത്തിയ അഭിപ്രായപ്രകടനത്തിൽനിന്ന് നമുക്ക് മനസ്സിലായി. 2024ലെ ലോക്‌‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ്‌ തങ്ങൾക്ക് സ്വീകാര്യനായ കമീഷണറെ നിയമിക്കാനുള്ള അവസരം ബിജെപിക്ക് ലഭിക്കും. കേന്ദ്ര സർവീസിൽ സെക്രട്ടറി റാങ്കിൽ പ്രവർത്തിച്ച ആൾ എന്നതാണ് അടിസ്ഥാന യോഗ്യതയെങ്കിൽ തങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ അത്തരം ഒരാളെ കണ്ടെത്താൻ ബിജെപിക്ക് പ്രയാസമുണ്ടാവില്ല.

അധികാരപ്രാപ്തിയുടെ ഒമ്പതാം വർഷത്തിലാണ് ഹിറ്റ്‌ലർ രണ്ടാംലോക യുദ്ധത്തിന് തുടക്കമിട്ടത് എന്നുകൂടി സാന്ദർഭികമായി ഓർക്കുന്നു. പാർലമെന്ററി ജനാധിപത്യത്തിൽ പാർലമെന്റിന് പരമപ്രധാനമായ സ്ഥാനമാണ്‌ ഉള്ളത്. പ്രധാനമന്ത്രി രാഷ്ട്രത്തോടു സംസാരിക്കേണ്ടത് മൻ കി ബാത്തിലല്ല, പാർലമെന്റിലാണ്. ജനങ്ങളുടെ പരമാധികാരത്തിന്റെ പ്രതിഷ്ഠിതവേദിയാണ്‌ അത്. അവിശ്വാസപ്രമേയചർച്ച നടക്കുമ്പോൾപോലും അവിടെ സന്നിഹിതനാകാതെ പകരം തന്റെ സാന്നിധ്യമറിയിക്കുന്നതിന് ചെങ്കോൽ പ്രതിഷ്ഠ നടത്തിയ നരേന്ദ്ര മോദി പാർലമെന്റിനെ മാത്രമല്ല, ജനതയെ ആകെ അവഹേളിച്ചു. 100 ദിവസം പഴക്കമായ മൃതദേഹങ്ങൾ സംസ്കരിക്കാൻ കഴിയാതെ ഇംഫാലിലെ ആശുപത്രികളിൽ സൂക്ഷിച്ചിരിക്കുമ്പോഴാണ് മണിപ്പുരിനെക്കുറിച്ച് നരേന്ദ്ര മോദിക്ക് ഒന്നും പറയാനില്ലാത്തത്. മണിപ്പുർ എന്ന സഹോദരിയെ മോദി ആലങ്കാരികമായി പരാമർശിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ഏഴു സഹോദരിമാർ എന്ന വിശേഷണമുണ്ട്. മണിപ്പുരിന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ചല്ല, മണിപ്പുരിലെ സഹോദരിമാരുടെ അവസ്ഥയെക്കുറിച്ചാണ് നമുക്ക്‌ അറിയേണ്ടത്. അവിശ്വാസപ്രമേയത്തിലൂടെ അതിനുള്ള അവസരമാണ് പ്രതിപക്ഷം ഒരുക്കിയത്.

പ്രതിപക്ഷത്തെ പരിഹസിച്ചൊതുക്കി മോദി പാർലമെന്റിൽ തടിതപ്പിയെങ്കിലും മണിപ്പുർ എന്നത് ഓരോ ഇന്ത്യക്കാരനും ഉയർത്തുന്ന ചോദ്യമായി അവശേഷിക്കുന്നു. ചില ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ ചരിത്രം ചില അധ്യായങ്ങൾ അവസാനിപ്പിക്കാറില്ല. ജുഡീഷ്യറിയെ നിയമനിർമാണത്തിലൂടെ നിർവീര്യമാക്കുന്ന ഇസ്രയേലും ഇമ്രാൻ ഖാനെ ജയിലിലാക്കി തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന പാകിസ്ഥാനും നല്ല മാതൃകകളല്ല. ഏറ്റവും വലിയ ജനാധിപത്യമെന്ന ഖ്യാതിയുള്ള ഇന്ത്യ നൂറാണ്ട് പഴക്കമുള്ള പാർലമെന്ററി പ്രവർത്തനത്തിലൂടെ ഉത്തമവും അനുകരണീയവുമായ പാർലമെന്ററി രീതികളും മര്യാദകളും സൃഷ്ടിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top