04 August Tuesday

രാമക്ഷേത്രത്തിനായി കോൺഗ്രസുകാരുടെ ദീനവിലാപങ്ങൾ ഉയരുമ്പോൾ ... കെ ടി കുഞ്ഞിക്കണ്ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020


 കെ ടി കുഞ്ഞിക്കണ്ണൻ

കെ ടി കുഞ്ഞിക്കണ്ണൻ

സംഘി അജണ്ടക്കനുസൃതമായി രാഷ്ട്രീയം കളിക്കുന്ന ചെന്നിത്തലയുടെ ആർ എസ് എസ് ബന്ധം കേരളത്തിലെ മാധ്യമങ്ങൾ വിവാദപരമായി ചർച്ച ചെയ്യുന്നതിനിടയിലാണ് മധ്യപ്രദേശിൽ നിന്ന് ഹിന്ദുത്വ വർഗീയ അജണ്ടയിൽ തങ്ങളെ കൂടി പങ്കാളിയാക്കാത്തതിൽ സമുന്നതരായ കോൺഗ്രസ് നേതാക്കളുടെ ദീനവിലാപം ഉയർന്നിരിക്കുന്നത്.
ബാബരി മസ്ജിദ് ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനെ പിന്തുണച്ചും തങ്ങളെ ഭൂമിപൂജക്ക് വിളിക്കാത്തതിൽ പരിഭവിച്ചും കമൽനാഥും ദിഗ് വിജയ് സിംഗുമാണ് ഉളുപ്പില്ലാതെ രംഗത്തു വന്നിരിരിക്കുന്നത്. ചെന്നിത്തലയെക്കാൾ വലിയ രണ്ട് കോൺഗ്രസ് നേതാക്കളാണ് പള്ളി പൊളിച്ച സ്ഥലത്ത് ക്ഷേത്രം പണിയാൻ തങ്ങൾക്കു കൂടി അവസരം തരാത്തതിൽ പരിഭവിച്ചിരിക്കുന്നത് . ബിജെപിക്കാരെക്കാൾ ഹിന്ദുത്വ താല്പര്യ സംരക്ഷണത്തിനു് തങ്ങൾക്കാണ് യോഗ്യതയെന്നാണ് ഈ കോൺഗ്രസ് നേതാക്കൾ മടിയില്ലാതെ വിളിച്ചു കൂവുന്നത്. ഇവർ സംഘി നേതൃത്വത്തോട് പരിഭവവും പ്രതിഷേധവും പ്രകടിപ്പിച്ച് പറയുന്നത് രാമക്ഷേത്ര പ്രസ്ഥാനമൊരു ജനകീയ പ്രസ്ഥാനമായിരുന്നുവെന്നും അതിനെ യെന്തിനാണ് നിങ്ങൾ രാഷ്ട്രീയവൽക്കരിച്ച് ഞങ്ങളെ മാറ്റിനിർത്തിയതെന്നാണ്!

ക്ഷേത്ര നിർമ്മാണ ട്രസ്റ്റിൽ നിന്ന് തങ്ങളെ മാറ്റിനിർത്തിയത് ശരിയായില്ലെന്നും ഞങ്ങൾ കോൺഗ്രസുകാർ കോടതി വിധി വരുന്നതിന് മുമ്പ് തന്നെ അയോധ്യയിൽ മസ്ജിദ് നിലനിന്ന സ്ഥലത്ത് ക്ഷേത്രം പണിയണമെന്ന നിലപാടിലായിരുന്നുവെന്നു മാണവർ സംഘപരിവാർ നേതൃത്വത്തെ ദയനീയമായി ഓർമ്മിപ്പിക്കുന്നത് ... ഞങ്ങളുടെ ഹിന്ദുത്വ കൂറ് നിങ്ങൾ മനസ്സിലാക്കുന്നില്ലല്ലോ എന്ന ധർമ്മസങ്കടമാണ് ഇവർ സംഘികളോട് ഖേദപൂർവ്വം പങ്കുവെക്കുന്നത്!

എന്തൊരു ഗതികേടാണീ കോൺഗ്രസുകാർക്ക് വന്നു പെട്ടിരിക്കുന്നതെന്ന് ആലോചിച്ചാരും വിഷമിക്കേണ്ട. ഇതൊന്നും ലീഗുകാർക്കും കോൺഗ്രസിൻ്റെ പുത്തൻകൂറ്റുകാരായ ജമായത്തുകാർക്കും പ്രശ്നമാവില്ലെന്നറിയാം. അവരെല്ലാം സംഘികളുടെ മറുപുറം കളിക്കുന്ന വർഗീയ വാദികളും മതരാഷ്ട്രവാദികളുമാണല്ലോ. അല്ലെങ്കിലും അവരിപ്പോ പഴയ കോലീബി സഖ്യത്തിൻ്റെ ശാദ്വല സ്മരണകളിലുമാണല്ലോ.ബാബരിമസ്ജിദിനിനെയൊക്കെ ഓർമ്മിപ്പിച്ചുവരെ അവരെ വെറുതെയെന്തിന് അസ്വസ്ഥപ്പെടുത്തണം ...അധികാരക്കൊതിയും അന്ധമായ കമ്യൂണിസ്റ്റുവിരോധവും മാത്രം രാഷ്ടീയമായി കൊണ്ടു നടക്കുന്നവർക്ക് എന്തു മസ്ജിദ് ?എന്തു മതനിരപേക്ഷത ?എന്തു ന്യൂനപക്ഷ സംരക്ഷണം ?മസ്ജിദും മതനിരപേക്ഷ സ്വാതന്ത്ര്യവുമൊക്കെ പോയാലും പവറ് വന്നാൽ മതിയെന്നതാണല്ലോ അവരുടെയൊക്കെ എക്കാലത്തെയും രാഷ്ട്രീയം.

കോൺഗ്രസിൻ്റെ യഥാർത്ഥ രാഷ്ട്രീയവും മൃദുഹിന്ദുത്വ നിലപാടുമാണ് ഒരിക്കൽ കൂടി ഇപ്പോൾ  മറ നീക്കി പുറത്തു വന്നിരിക്കുന്നത്. കോൺഗ്രസിലെന്നും എല്ലാകാലത്തും  ബാബറി മസ്ജിദ് നിൽക്കുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയണമെന്ന ആർ എസ് എസ് അജണ്ടക്കൊപ്പം നിന്ന ഒരു വിഭാഗം പിടിമുറുക്കിയിരുന്നുവെന്നതാണ് ചരിത്രം തന്നെ പറയുന്നത്. 1949 ഡിസംബർ 22 ന് പള്ളിക്കകത്ത് അതിക്രമിച്ചുകടന്ന് രാമവിഗ്രഹങ്ങൾ സ്ഥാപിച്ച് രാമനും സീതയും പള്ളിക്കകത്ത് സ്വയംഭൂവായിരിക്കുന്നുവെന്ന് നുണക്കഥകൾ പ്രചരിപ്പിച്ച വരെ അറസ്റ്റ് ചെയ്യാനും ഒളിച്ചു കടത്തി സ്ഥാപിച്ച വിഗ്രഹങ്ങൾ എടുത്ത് സരയൂനദിയുടെ പ്രവാഹഗതിയിലേക്ക് എറിഞ്ഞു കളയാനു മുള്ള നെഹറുവിൻ്റെ കല്പനയെ ധിക്കരിച്ചവരാണ് അന്നത്തെ യുപി മുഖ്യമന്ത്രി ഗോവിന്ദഭായ് പന്തും കോൺഗ്രസ്സുനേതാക്കളും. അവർ സർക്കാർ ചെലവിൽ ഹിന്ദുത്വവാദികൾക്ക് പൂജ നടത്താൻ അവസരമൊരുക്കി കൊടുക്കുകയായിരുന്നു.ഫൈസാബാദ് ജില്ലാ കലക്ടരായിരുന്ന കെ കെ നായർ പന്തു നൽകിയ പിന്തുണയുടെ ബലത്തിലാണ് ഹിന്ദുത്വ വാദികൾക്കനുകൂലമായി പ്രവർത്തിക്കാൻ ധൈര്യമുണ്ടായെതെന്നോർക്കണം.

400 വർഷത്തിലേറെക്കാലം അയോധ്യയിലെ മുസ്ലിങ്ങൾ തലമുറകളായി ആരാധന നടത്തിയ പള്ളി തർക്കഭൂമിയാക്കി അടച്ചിട്ടതും ഹിന്ദുത്വ വാദികൾക്ക് കീഴടങ്ങിയതിൻ്റെ ഫലമായിട്ടായിരുന്നല്ലോ. ഇതിൽ പ്രതിഷേധിച്ച് അയോധ്യയിൽ സത്യാഗ്രഹമാരംഭിച്ച ഫൈസാബാദ് ജില്ല കോൺഗ്രസ് അധ്യക്ഷനായിരുന്ന അക്ഷയ് ബ്രഹ്മചാരിയെ ഉടുതുണിയില്ലാതെ അടിച്ചോടിച്ചതും കോൺഗ്രസുകാരും ഹിന്ദുമഹാസഭാ ക്കാരുമായിരുന്നു. നെഹ്‌റു വിൻ്റെ പാരമ്പര്യവും അക്ഷയ് ബ്രഹ്മചാരിയെ പോലുള്ള മതനിരപേക്ഷവാദികളുടെ നീതിബോധവും കയ്യൊഴിഞ്ഞ അധികാരക്കൊതിയന്മാരാണ് ഭൂപരിഷ വർഗീയതയുടെ തടവുകാരായി കോൺഗ്രസിനെ അധ:പതിപ്പിച്ചത്.

1949 ൽ പള്ളിക്കകത്തേക്ക് വിഗ്രഹം ഒളിച്ചു കടത്തുന്നതിന് നേതൃത്വം കൊടുത്ത ബാബ രാഘവദാസിനെ ഫൈസാബാദിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി പാർലിമെൻ്റിലേക്ക് മത്സരിപ്പിച്ച അപരാധപൂർണ്ണമായ പാരമ്പര്യത്തിൻ്റെ തുടർച്ചയാണ് കോൺഗ്രസ് നേതാക്കളുടെ രാമക്ഷേത്ര നിർമ്മാണത്തിനുള്ള ത്വരയെന്ന് മനസിലാക്കണം.

1984 ൽ സാക്ഷാൽ രാജീവ് ഗാന്ധി തൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണം അയോധ്യയിൽ നിന്നാരംഭിച്ചതും രാമരാജ്യം ലക്ഷ്യമായി പ്രഖ്യാപിച്ചതും യാദൃച്ഛികമായിട്ടല്ലായിരുന്നല്ലോ.
നെഹ്‌റുവിനെക്കാൾ മൃഗീയ ഭൂപരിക്ഷം നേടി അധികാരത്തിലെത്തിയ രാജീവ് ദൂരദർശനിൽ രാമാനന്ദ സാഗറിൻ്റെ രാമായണം സീരിയൽ സംപ്രേഷണമാരംഭിച്ചതോടെയാണ് ഇന്ത്യൻ സമൂഹത്തിൽ ഹിന്ദുത്വത്തിൻ്റെ ക്ഷാത്രവീര്യം അലയടിച്ചു തുടങ്ങിയത്.സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടു കൊണ്ടു് രാമക്ഷേത്ര പ്രസ്ഥാനം ഉയർന്നു വന്നതും ഈയൊരു സാഹചര്യത്തെ അവസരമാക്കിയാണല്ലോ.

1986 ഫെബ്രുവരി 1 നാണല്ലാ ഒരു കോടതി വിധിയെ നിമിത്തമാക്കി ബാബറി മസ്ജിദ്  യു പി സർക്കാർ ഹിന്ദുക്കൾക്ക് തുറന്നുകൊടുക്കുന്നത്. അന്നത്തെ യു പി മുഖ്യമന്ത്രി എൻ ഡി തിവാരി രാജീവ് ഗാന്ധിയുടെ നിർദേശാനുസരണമാണല്ലോ നെഹ്‌റുവിൻ്റെ കാലത്ത് തർക്കഭൂമിയായി പൂട്ടിയിട്ട മസ്ജിദ് തുറന്നുകൊടുത്തത്.ഈ തിവാരി പിന്നീട് കോൺഗ്രസ് വിട്ടു ബിജെപിയായി എന്നത് കഥയിലെ കൗതുകകരമായൊരു പരിണതി മാത്രമല്ല.

കോൺഗ്രസു- ബി ജെ പി നേതാക്കളും സാമൂഹ്യ,വർഗാടിത്തറയുടെയും പ്രത്യയശാസ്ത്ര നിലപാടും ഒന്നും തന്നെയാണെന്ന സാമൂഹ്യ ശാസ്ത്രജ്ഞാനത്തെ കൂടിയാണ് വെളിവാക്കുന്നത്. 1989 ൽ ശിലാന്യാസത്തിന് അനുമതി നൽകിയതും 1992 ൽ റാവു സർക്കാർ കർസേവകർക്ക് പള്ളി പൊളിക്കാൻ സൗകര്യമൊരുക്കി കൊടുത്തതും കോൺഗ്രസ് ഇന്ത്യൻ മതനിരപേക്ഷതയോട്‌ കാണിച്ച അപരാധപൂർണ്ണമായ ചരിത്രമാണ്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top