27 April Saturday
ഇന്ന്‌ ചിങ്ങം ഒന്ന്‌ കർഷകദിനം

ഊരു പൊലിക 
 ഉള്ളം 
പൊലിക

മനോജ് കുറൂർUpdated: Wednesday Aug 17, 2022

ചിങ്ങം വന്നോ എന്നറിയാൻ കലണ്ടറിൽ നോക്കേണ്ടതില്ല; തൊടിയിൽ പൂവിടുന്ന തുമ്പകളും മുറ്റത്തെത്തുന്ന തുമ്പികളും നമുക്കു മുമ്പേ അതറിയും; ഇതുവരെ അറിഞ്ഞില്ലേയെന്ന്‌ നമ്മോടു ചോദിക്കുകയും ചെയ്യും. പുതുവർഷം തുടങ്ങുന്നത്‌ പ്രകൃതിയാണല്ലോ തീരുമാനിക്കുക. മഴ പെയ്തു നിറഞ്ഞ താഴ്ന്ന നിലങ്ങളിൽനിന്ന്‌ വെള്ളം പിൻവാങ്ങുന്നതോടെ ആണ്ടറുതിയാകും. എങ്കിലും പോകാൻ മടിച്ച്‌ മഴ ഒന്നുകൂടി ചുറ്റിപ്പറ്റി നിൽക്കും. ചിങ്ങമാദ്യം മഴയില്ലെങ്കിൽ അച്ചിങ്ങം മഴയില്ല എന്ന പഴമൊഴി തുടർന്നുള്ള മഴസാധ്യതയെ കുറിക്കുന്നു. ചിങ്ങത്തിൽ മഴ ചിരിച്ചും കരഞ്ഞും എന്ന മൊഴി അതുറപ്പിക്കുകയും ചെയ്യുന്നു. എന്തായാലും  ഈറൻ മാറാത്ത നിലത്ത് ഇളംവെയിൽ വീഴുന്നതോടെ ആണ്ടുപിറവിയാകും. തമിഴകത്ത് ആടിമാസം കഴിഞ്ഞ് ആവണിമാസമാകും. ഭൂമി മലയാളത്തിൽ കർക്കടകത്തെ (പണ്ട് പഞ്ഞ കർക്കടകം )മായ്ച്ച് ചിങ്ങം പുലരും. മുറ്റത്തും പറമ്പിലുമുള്ള പാഴ്‌ച്ചെടികൾപോലും പൂക്കും. പാഴായിട്ടൊന്നുമില്ലാത്ത ചുറ്റുപാടിൽ അകത്തും പുറത്തും തിരുവോണമാകാൻ പിന്നെ ഏറെ താമസമില്ല.

നിലത്തോടു ബന്ധപ്പെട്ടതാണ് നമ്മുടെ ജീവിതരീതികളെന്നല്ല;  മനോനിലകൾപോലും. ഇന്നത്തെ കേരളവും തമിഴ്നാടും ഉൾപ്പെട്ട പഴയ തമിഴകത്തെ അഞ്ചു തിണകളിൽ പാടങ്ങളും പുഴകളും ചേർന്ന നിലമാണു മരുതം. ഇന്നത്തെ കേരളത്തിന്റെ പ്രധാന തിണ മരുതമാണല്ലോ. ഇവിടെ ആറ് ഋതുവും ചേരും. കർഷകരായ ഉഴവരുടെ ജീവിതത്തിനിണങ്ങുന്ന കരുക്കളും അന്തരീക്ഷവും. ചെറിയ മഴയ്ക്കൊപ്പം വെയിലും ചേരുന്ന കാലത്ത് ആഹ്ലാദവും പ്രണയവും സൗന്ദര്യപ്പിണക്കവുമെല്ലാം ഇടകലരുന്ന മനോനിലയാകും മനുഷ്യർക്ക്. സംസ്കാരത്തിന്റെയും ആചാരത്തിന്റെയും കലകളുടെയും വൈവിധ്യത്തിനിണങ്ങുന്ന ഭാവപ്പടർച്ചകൾ ഈ കൃഷിഭൂമിയിൽ വിളയുന്നതാണ്. Cult, culture, agriculture എന്നിവ തമ്മിലുള്ള പൊരുത്തം ഏതു നിലത്തും തെളിയും; ആറു കാലവും നൂറുതരം ആളുകളും പുലരുന്ന മലനാട്ടിൽ പ്രത്യേകിച്ചും. കാർഷിക സംസ്കാരത്തിന്റെ അടയാളങ്ങൾ പേറുന്ന എത്രയെത്ര കലകളാണിവിടെ! വിത്തിടീൽക്കാലത്തെ കണ്യാർകളിമുതൽ കൊയ്ത്തു കഴിഞ്ഞ പാടത്തെ പൊറാട്ടുനാടകംവരെയുള്ള കലകൾ എണ്ണിത്തീർക്കാൻത്തന്നെ ഞെരുക്കം. 

ചിങ്ങം ഒന്നിനു തുടങ്ങുന്ന കൊല്ലവർഷം മലയാളികൾക്കു സ്വന്തം. എങ്കിലും പൊതുവർഷം 825ൽ ഇങ്ങനെയൊരു ആണ്ടുകണക്കുണ്ടായത് എങ്ങനെയെന്ന് ഇപ്പോഴും വ്യക്തമല്ല. കൊല്ലം പട്ടണമുണ്ടായപ്പോൾ തുടങ്ങിയ വർഷമാണിതെന്നു ചിലർ; സപ്തർഷിവർഷത്തിന്റെ മലനാട്ടുപതിപ്പെന്നു മറ്റു ചിലർ. ശങ്കരാചാര്യരുടെയും മക്കത്തുപോയ പെരുമാളിന്റെയും കൊല്ലത്തെ നസ്രാണികളുടെയും ജ്യോതിഷസമ്മേളനം കൂടിയ വിദ്വാന്മാരുടെയുമൊക്കെ കഥകളുമായി കൊല്ലവർഷാരംഭത്തിനു ചാർച്ച കൽപ്പിക്കാറുണ്ട്. സർവസമ്മതമായ ഒരഭിപ്രായം ഇപ്പോഴും ഉണ്ടായിട്ടില്ല. ഓണമെന്നതുപോലെ ആഘോഷിക്കാൻ ഓരോരുത്തർക്കും ഓരോ കാരണം അവശേഷിപ്പിക്കുന്ന ആ നിഗൂഢത തന്നെയാകും മലയാളവർഷത്തിന്റെ സൗന്ദര്യം.

എന്തായാലും വിളവെടുപ്പിന്റെ കാലമാണ് ചിങ്ങം. ഓണക്കൊയ്ത്തിനും കന്നിക്കൊയ്ത്തിനും പാകമായി പൊന്നണിഞ്ഞു കിടക്കുന്ന നെൽപ്പാടങ്ങൾ. മത്തങ്ങ, കുമ്പളങ്ങ, വെള്ളരിക്ക, പടവലങ്ങ, അച്ചിങ്ങ, വെണ്ടയ്ക്ക തുടങ്ങിയ പച്ചക്കറികളും ഇക്കാലത്തു വിളയും. ചേന അതിനുമുമ്പുതന്നെ മണ്ണിനടിയിൽ ഒരുങ്ങിയിട്ടുണ്ടാകും. കർക്കടകത്തിൽ ചേന കട്ടിട്ടും കൂട്ടണം എന്നാണു ചൊല്ല്. ചിങ്ങത്തിലായാലും മത്തങ്ങയ്ക്കൊപ്പം ചേന എരിശ്ശേരി വയ്ക്കാൻ പാകം. കുമ്പളങ്ങയും വെണ്ടയ്ക്കയും ഓലനു പറ്റിയത്. കായ വറുക്കാം, പഴുപ്പിക്കാം, കാളൻ വയ്ക്കാനുമെടുക്കാം. ഇക്കാലത്തു കിട്ടുന്ന കായ്കനികളാണല്ലോ ഓണസദ്യയുടെ ഊറ്റം തീരുമാനിക്കുന്നത്. ആറന്മുള വള്ളസദ്യക്ക്‌ അറുപത്തിമൂന്നിനം വിഭവങ്ങളാണത്രേ!

ഓണം സമൃദ്ധിയുടെ കാലമാണെന്ന് ഇങ്ങനെയൊക്കെ പ്രസിദ്ധം. എന്നാൽ, പ്രകൃതിയിലെ സമൃദ്ധി എല്ലാ മനുഷ്യരും ഒരുപോലെ പങ്കിട്ടിരുന്നോയെന്നു സംശയമാണ്. ഓണച്ചടുതിക്ക് "എന്റുള്ളകം വെന്തങ്ങുരുകുന്നുണ്ടേ/ ഇന്നു വീട്ടിച്ചെലവിനുമൊന്നുമില്ല/ ആളുകൾക്കോണം കൊടുക്കവേണം/ വെന്തുക്കവീട്ടിലും പോകവേണം' എന്നു പരവേശപ്പെടുന്നവർ അന്നുമുണ്ടായിരുന്നു. ഇത്തരം പല പാട്ടുകൾ വേറെയുമുണ്ട്. കാണം വിറ്റും ഓണമുണ്ണണം എന്നുള്ളതുകൊണ്ട് കൊറ്റിനു വകയില്ലാത്തവരും ഇല്ലായ്മ പുറത്തറിയിക്കാതെ പാട്ടും കളിയുമായി മറ്റുള്ളവർക്കൊപ്പം കൂടി. മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിച്ച ഒരു കാലത്തെ അങ്ങനെ എല്ലാവരും ചേർന്ന് പുനഃസൃഷ്ടിച്ചു പോന്നു. ഓണത്തിനുമുണ്ട് കേരളത്തിലെ ഓരോ സമൂഹത്തിനും അവരവരുടേതായ രീതിയിൽ കൊണ്ടാടാൻ പാകത്തിനുള്ള ഐതിഹ്യങ്ങൾ; ആഘോഷരീതിയിലും ആഹാരരീതിയിലുംവരെയുണ്ട് അതിന്റെ വൈവിധ്യങ്ങൾ. ആ വൈവിധ്യമാണ് ഓണത്തിന്റെ സൗന്ദര്യം.

ഇതൊക്കെ പഴയ കഥകൾ. കാലം പെട്ടെന്നു മാറുകയാണ്. ഇപ്പോൾ പ്രകൃതിക്ക്‌ പഴയ പ്രവചനീയതയുണ്ടോയെന്ന്‌ സംശയം. 2018ലെ പ്രളയം വന്നത് ഓണക്കാലത്താണ്. അന്തരീക്ഷത്തിനു പൊതുവേയുണ്ട് ചില മാറ്റങ്ങൾ. ഒന്നു പുതച്ചാൽ മാറാത്ത തണുപ്പോ ഉടുപ്പഴിച്ചിട്ടു കിടന്നാൽ തീരാത്ത ചൂടോ നമുക്ക് ഉണ്ടായിരുന്നില്ല. ഇക്കാലത്ത് കാലാവസ്ഥയുടെ കാര്യംപോലും ഒന്നും ഉറപ്പിക്കാൻ വയ്യ. വേനൽ പഴയതിലും പൊള്ളുന്നു. മഴ ഏതു കാലത്തും വരാമെന്നായിരിക്കുന്നു. മഴ വന്നാൽത്തന്നെ ഉരുൾപൊട്ടലും കൃഷിനാശവുമൊക്കെ ഒപ്പമുണ്ടായേക്കും. തുടർന്നത് പ്രളയമെന്ന വിശ്വരൂപം കാണിച്ചേ മടങ്ങൂ എന്നതാണ് പുതിയ നില. മാസങ്ങൾക്കും  ദിവസൾങ്ങക്കുമൊക്കെ  പ്രകൃതിയുമായുള്ള ആ പഴയ ഗൂഢബന്ധം ഇല്ലാതായതായും തോന്നുന്നു. മനുഷ്യരെ പ്രകൃതിയുമായി ചേർത്തുനിർത്തിയിരുന്ന സംഗതികൾ ഒന്നൊന്നായി മാഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്നു.

എങ്കിലും നമ്മൾ ഓണമാഘോഷിക്കുന്നു. മറുനാടുകളിലുള്ളവർ ഓണക്കാലത്ത്‌ നാട്ടിലെത്തുന്നു. അങ്ങാടിയിൽനിന്ന്‌ വിഭവങ്ങളെല്ലാം വാങ്ങി പഴയ സമൃദ്ധിഭാവനയെ പുനഃസൃഷ്ടിക്കുന്നു. എങ്കിലും കാലവും കാലാവസ്ഥയും മാറുന്നതിനനുസരിച്ച് മനോനിലകളും മാറുന്നുണ്ടോ? വൈവിധ്യത്തിന്റെ സൗന്ദര്യത്തെ അപരവിദ്വേഷംകൊണ്ട്‌ മലിനമാക്കാൻ ശ്രമിക്കുന്നവരും ഇക്കാലത്ത് ഏറെയുണ്ടെന്നു തോന്നുന്നു. പ്രകൃതിക്കു നേരെയും മറ്റു മനുഷ്യർക്കുനേരെയുമുള്ള അത്തരം ഇടപെടലുകളോടും നമുക്ക് ജാഗ്രത പുലർത്തേണ്ടതുണ്ട്. ആണ്ടുപിറവിയും കർഷകദിനവും ഒന്നിക്കുന്ന ഈ ദിവസം അത്തരമൊരു കരുതലിനെയും കുറിക്കുന്നു. കാലത്തെ സൂചിപ്പിക്കുന്നതെന്തും ഇനി വരുന്ന തലമുറകളെക്കൂടി ഓർമിപ്പിക്കുന്നു. അവർക്കുവേണ്ടി ഈ നിലം നമുക്ക് ഉർവരമായി സൂക്ഷിക്കേണ്ടതുണ്ട്.
(കവിയും നോവലിസ്റ്റുമാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top