29 March Friday

മികവിന്റെ പാതയിൽ സഹകരണമേഖല

പന്ന്യന്നൂർ ഭാസിUpdated: Friday Jul 17, 2020


സഹകരണ പ്രസ്ഥാനത്തിന്റെ അഭൂതപൂർവമായ വളർച്ചയ്ക്ക് നിദാനമായ അന്തരീക്ഷം സൃഷ്ടിച്ചത് നമ്മുടെ സംസ്ഥാനത്ത് ഇടതുപക്ഷ പാർടികളുടെ പിന്തുണയോടെ അധികാരമേറ്റ സർക്കാരുകളാണെന്നു കാണാം. അപ്പോൾ ആവശ്യമായ നിയമാധിഷ്ഠിത നടപടികൾ സർക്കാരിന്റെ ഭാ​ഗത്തുനിന്നുണ്ടായിട്ടുണ്ട്. ആദ്യ സർക്കാർ കമ്യൂണിസ്റ്റ് പാർടിയുടെ നേത‍‍‍ൃത്വത്തിൽ 1957 ൽ രൂപീകരിക്കപ്പെട്ടപ്പോൾ കൃഷി, വിദ്യാഭ്യാസ വകുപ്പുകളിൽ നിയമ നിർമാണം നടത്തി ജനലക്ഷങ്ങൾക്ക് നന്മ വരുത്താനുതകിയെങ്കിലും തനത് സഹകരണ നിയമത്തിന്‌ രൂപം കൊടുക്കാനായില്ല.

1967 ൽ അധികാരമേറ്റ രണ്ടാം ഇ എം എസ് മന്ത്രിസഭയിൽ പി ആർ കുറുപ്പ് സഹകരണ മന്ത്രിയായപ്പോഴാണ് നമ്മുടെ സംസ്ഥാനത്ത് സഹകരണ നിയമം പ്രാബല്യത്തിൽ വന്നത്. സ്വതന്ത്രനാട്ടുരാജ്യമായ തിരുവിതാംകൂറിന്‌ ഒരു നിയമവും കൊച്ചിയിൽ മറ്റൊരു നിയമവും ആയിരുന്നു. അന്നു മദിരാശി സംസ്ഥാനത്തിൽപെട്ട മലബാറിൽ മദിരാശി സഹകരണ നിയമത്തിന്റെ ആവിർഭാവത്തോടെ സഹകരണസംഘങ്ങൾ പുനർജ്ജനി പ്രാപിക്കുകയായിരുന്നു. പ്രസ്ഥാനത്തിന്‌ ജനാധിപത്യം ഉണ്ടാകാൻ ഉതകുന്ന ധാരാളം വകുപ്പുകൾ ഉൾക്കൊള്ളിച്ച്‌ പ്രമാണിമാർ കയ്യടക്കിവച്ച സഹകരണ സംഘങ്ങൾ സാധാരണക്കാരന്റെ പക്ഷത്തേക്ക് വന്നു.

ആദ്യകാലത്ത് ജീവനക്കാർക്ക് ഭരണസമിതിക്കാർ തോന്നിയപോലെ തുച്ഛമായ വേതനം നൽകുകയാണുണ്ടായത്. പിൽക്കാലത്ത് സർക്കാരുകൾ സഹകരണ നിയമത്തിലെ 80–-ാം വകുപ്പ് അനുസരിച്ച് സേവനവേതന വ്യവസ്ഥകൾ നടപ്പിലാക്കി, അതോടെ സംഘം ജീവനക്കാർക്ക് പൊതുവെ തൃപ്തികരമായ സേവനവേതന വ്യവസ്ഥകൾ നടപ്പിലായി. എല്ലാ വിഭാ​ഗത്തിൽപെട്ട ഉദ്യോ​ഗസ്ഥർക്കും അവരുടെ തസ്തികയിൽ ശമ്പളസ്കെയിലും സംസ്ഥാന സർക്കാർ നിരക്കിൽ ക്ഷാമബത്തയും മറ്റ് പ്രത്യേക അലവൻസുകളും ലഭ്യമായി. അങ്ങനെ ആയിരക്കണക്കിന്‌ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ കൈപ്പറ്റാൻ കഴിഞ്ഞു.
പിൽക്കാലത്ത് സംഘങ്ങളുടെ വളർച്ചയ്ക്കൊപ്പം ഭരണസമിതികളിൽ കയറിപ്പറ്റാനുള്ള വീറും വാശിയും പ്രകടമായി. ചിലയിടങ്ങളിൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘട്ടനങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ചില ഇടങ്ങളിൽ ജീവനക്കാരെ നിയമിക്കുന്നതിൽ പകിട കൊടുത്ത് സ്ഥാനമുറപ്പിക്കുന്ന സ്ഥിതിയായി. ചില രാഷ്ട്രീയ പാർടി പ്രതിനിധികളായ ഡയറക്ടർമാർ ബാങ്കുദ്യോ​ഗം വിറ്റുകാശാക്കാൻ തുടങ്ങി. അങ്ങനെ സാധുജനസംരക്ഷണത്തിന്റെ പാതയിൽനിന്നു വ്യതിചലിച്ച് ചിലയിടങ്ങളിൽ അഴിമതി കൊഴുത്തു. വലിപ്പച്ചെറുപ്പമനുസരിച്ച് കോഴപ്പണത്തിന്റെ റേറ്റ് നിശ്ചയിച്ച് അത് ഭരണസമിതിയം​ഗങ്ങൾ പങ്കിട്ടെടുക്കുന്നു. മുമ്പ് ഉത്തരകേരളത്തിൽ ജില്ലാ ബാങ്ക് നിയമനത്തിന്റെ പേരിൽ തർക്കം മൂത്ത് നേതാക്കൾ തമ്മിൽ കയ്യാങ്കളിയിലെത്തിയ സംഭവങ്ങൾ ഉണ്ടായി.

1996 ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ സഹകരണ നിയമഭേദ​ഗതിയിലൂടെ ജീവനക്കാരുടെ നിയമനരീതിയിൽ വരുത്തിയ മാറ്റം സംഘങ്ങളിൽ നീതി നടപ്പാക്കുന്നതിന്‌ സഹായകമായി. നിർദിഷ്ട ഭേദ​ഗതി ഇങ്ങനെയാണ്. ക്ലറിക്കൽ തസ്തിക മുതലങ്ങോട്ടുള്ള തസ്തികകളിൽ ജോലിക്ക് എഴുത്തു പരീക്ഷ നടത്തി അർഹതപ്പെട്ടവരുടെ ലിസ്റ്റ് സർക്കാർ നിയോ​ഗിക്കുന്ന റിക്രൂട്ട്മെന്റ് ബോർഡ് അതത് സംസ്ഥാനങ്ങൾക്ക് നൽകും. ഉദ്യോ​ഗാർത്ഥികളെ ഇന്റർവ്യൂ നടത്തുന്നതും അവർക്ക് നിയമന ഉത്തരവ് നൽകുന്നതു ബാങ്ക് ഡയറക്ടർ ബോർഡ് തന്നെ. ഇതിൽ കൃത്രിമത്തിനു പഴുതില്ലാത്ത വിധം എഴുത്തു പരീക്ഷയിൽ ആകെ മാർക്ക്‌ 100 ആണെങ്കിൽ ഡയറക്ടർമാർ ഇന്റർവ്യൂവിന്‌ പരമാവധി നൽകാവുന്നത് 20 മാർക്ക് മാത്രം.

അങ്ങനെ സഹകരണ സ്ഥാപനങ്ങൾ കറവപ്പശുവായി മാറ്റുന്ന ദുഃസ്ഥിതി ഇല്ലാതാക്കി അഴിമതിക്ക് അറുതിവരുത്താനുള്ള സുധീരമായ നടപടിയാണ് 1996 മുതൽ നടപ്പിലുള്ളത്. ഉദ്യോ​ഗ നിയമനത്തിൽ സുതാര്യത കൈവരുത്തുന്നതിന്‌ വഴി തെളിച്ച നിയമഭേദ​ഗതിക്ക് ചുക്കാൻ പിടിച്ച ഭരണാധികാരി മറ്റാരുമായിരുന്നില്ല. നമ്മുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി അക്കാലത്ത് സഹകരണവകുപ്പ് മന്ത്രിയായിരിക്കവേ ആയിരുന്നു. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിശ്ചയദാർഢ്യത്തോടെ സഹകരണ പ്രസ്ഥാനത്തിന്റെ സൽപ്പേര് കാത്തുസൂക്ഷിച്ച വേറിട്ട വ്യക്തിത്വത്തിനുടമയായ ഭരണാധികാരിയാണ് പിണറായി വിജയൻ.

ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള ആയിരക്കണക്കിന്‌ യുവജനങ്ങൾ എച്ച്ഡിസി ബികോം ബിരുദം പോലുള്ള ഉന്നത യോ​ഗ്യതകൾ നേടി തൊഴിലില്ലാതെ നടക്കുന്ന അക്കാലത്ത് അനവധി ചെറുപ്പക്കാർക്ക് സഹകരണ മേഖലയിൽ അവസരം നൽകാൻ കഴിഞ്ഞു.അഭ്യസ്‌തവിദ്യരായ ചെറുപ്പക്കാർക്ക്‌ ഈ മേഖലയിൽ ഒഴിവു വന്ന തസ്‌തികകളിലേക്ക്‌ നിയമനം നൽകാനായത്‌ വലിയ നേട്ടമാണ്‌.

സംസ്ഥാനസഹകരണ മേഖലയിൽ എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ തൽപ്പരത പ്രകടമാക്കുന്ന ഒരു സുപ്രധാന നടപടിക്ക് ഈയിടെ തുടക്കം കുറിക്കുകയുണ്ടായി. വായ്പാവിതരണ രം​ഗത്ത് ത്രിതല സമ്പ്രദായത്തിലേക്ക് മാറുന്നതിനു വേണ്ടി പതിറ്റാണ്ടുകളായി സഹകാരികൾ ശബ്ദമുയർത്തി. കേരള ബാങ്ക് പ്രാവ‍ർത്തികമായതോടെ ഇടയിലുണ്ടായിരുന്ന ജില്ലാ ബാങ്കിന്റെ നിഷ്ക്രമണം പ്രാബല്യത്തിലായപ്പോൾ ഈ ആവശ്യം സാധിതമായി. ഏറ്റവും മികച്ച രീതിയിൽ തന്നെയാണ്‌ ഇന്ന്‌ സഹകരണ മേഖല ഈ പ്രതിസന്ധിഘട്ടത്തിലും  മുന്നേറുന്നത്‌.

(സഹകരണ വകുപ്പ്‌ മുൻ ഡപ്യൂട്ടി രജിസ്‌ട്രാറാണ്‌ ലേഖകൻ )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top