19 April Friday

ഗംഗ ശാന്തമായി ഒഴുകട്ടെ

എ എം ഷിനാസ്Updated: Saturday May 9, 2020

രാജ്യത്ത് കോവിഡ് ബാധിതർ അരലക്ഷത്തിലധികവും മരിച്ചവർ രണ്ടായിരത്തിനടുത്തുമാണ് (മെയ് 8 വരെ). ലോക്ക്ഡൗൺ നീട്ടിയിട്ടും ഇന്ത്യക്ക് കോവിഡിന്റെ വക്രരേഖ ഇതുവരെ നിരപ്പാക്കാൻ പറ്റിയിട്ടില്ല. ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ ഇന്ത്യയിൽ അറുനൂറിൽ താഴെ കോവിഡ് പോസിറ്റീവ് കേസുകളാണ് ഉണ്ടായിരുന്നത്. ഇപ്പോളത് അറുപതിനായിരത്തിനടുത്താണ്. ഇതുവരെയുള്ള ചിത്രമനുസരിച്ച്, വിപരീത ഘടകങ്ങൾ ഉണ്ടായിട്ടുപോലും കോവിഡിനെ അടക്കിനിർത്താൻ  കഴിഞ്ഞു എന്ന് ആത്മവിശ്വാസത്തോടെ പറയാൻ പറ്റുന്ന ഇന്ത്യൻ സംസ്ഥാനം കേരളമാണ്.

രാജ്യത്തിന്റെ മൊത്തം അവസ്ഥ ഇതല്ല. ലോക്ക്ഡൗൺ വീണ്ടും വീണ്ടും നീട്ടിക്കൊണ്ടുപോകാൻ പറ്റില്ലെന്നിരിക്കെ പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തിയും ടെസ്റ്റുകളുടെ തോത് വർധിപ്പിച്ചും കോവിഡിന് എളുപ്പത്തിൽ ആക്രമിക്കാൻ പറ്റുന്ന ആളുകളെ പരിരക്ഷിച്ചും മാത്രമേ ഇനിയങ്ങോട്ട് നേരിടാൻ കഴിയൂ എന്ന് വിദഗ്ധർ പറയുന്നു. രാജ്യത്ത് അതിജാഗ്രതയും തീവ്രചികിൽസായത്നങ്ങളും നടന്നുകൊണ്ടിരിക്കുമ്പോഴാണ് കോവിഡ് ചികിൽസയ്ക്ക് ഗംഗാജലം ഉത്തമമാണെന്ന ജൽശക്തി (ജല) മന്ത്രാലയത്തിന്റെ നിർദേശം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ  മുമ്പാകെ എത്തുന്നത്.  ഗംഗാജലത്തിൽ വൈറസ് സംഹാരികളായ ബാക്ടീരിയോഫേജുകൾ ഉണ്ടെന്നും അത് പ്രതിരോധശേഷി കൂട്ടുമെന്നുമാണ് കേന്ദ്ര മന്ത്രാലയത്തിന്റെ നിർദേശത്തിലുള്ളത്. എന്നാൽ, ഐസിഎംആർ ഇത്  തള്ളിക്കളഞ്ഞു.

ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ പ്രധാനമന്ത്രി അസന്ദിഗ്ധമായി പറഞ്ഞത് ജനങ്ങൾ അന്ധവിശ്വാസങ്ങൾക്കും ഊഹാപോഹങ്ങൾക്കും പിറകെ പോകരുതെന്നാണ്. കോവിഡിന്റെ രംഗപ്രവേശം ഉണ്ടാക്കിയ അനുഗുണമായ ഒരു കാര്യം, ജനങ്ങൾ സാമാന്യേന തെളിവടിസ്ഥാനത്തിലും അനുഭവ സിദ്ധ‐കാര്യകാരണ ബന്ധത്തിലും അധിഷ്ഠിതമായ ആധുനിക വൈദ്യശാസ്ത്രത്തെ പരിരംഭണം ചെയ്തു എന്നതാണ്. രോഗശമനത്തിനുള്ള ഗോമൂത്ര‐ചാണക ചികിൽസാവാദങ്ങളും അത്ഭുതരോഗശാന്തി പ്രഖ്യാപനങ്ങളും കുറെയൊക്കെ അടങ്ങി. നെഹ്റു പണ്ട് അടിവരയിട്ടുപറഞ്ഞ ‘സയന്റിഫിക് ടെംപർ’ ഇല്ലാത്തവരിൽപ്പോലും, ആ സുപ്രധാന മനോഭാവം ഉണ്ടാക്കുന്നതിൽ കോവിഡ് എന്ന  കുഞ്ഞൻ വൈറസ് വലിയ സംഭാവനയാണ് നൽകിയത്. സയന്റിഫിക് ടെംപർ ഉൾക്കൊള്ളണമെന്ന് പറയുമ്പോൾ എല്ലാവരും സയൻസ് അരച്ചുകലക്കി കുടിക്കണമെന്നല്ല ഉദ്ദേശിക്കുന്നത്. അതിന്റെ അഭാവത്തിൽ ശാസ്ത്രത്തിന്റെ പ്രയോജനം എല്ലാവരിലേക്കും എത്തിച്ചേരില്ല. എല്ലാവിധ അവകാശവാദങ്ങളോടും ആരോഗ്യകരമായ സന്ദേഹം ഉണ്ടാകണം. ഒരു അവകാശവാദത്തെയും കണ്ണടച്ചുകൊള്ളാനോ കണ്ണടച്ചുതള്ളാനോ പാടില്ല. ‘നല്ല സയൻസിന്’ സത്യം അനായാസേന പിടിതരില്ലെന്നും അത് തിരുത്തത്ത ക്കതും അപൂർണവുമാണെന്നും അത് നിരന്തരം വിമർശനാത്മകമായ വിചാരണയ്ക്കും പുനരവലോകനത്തിനും വിധേയമാണെന്നും അറിയാം. ഗംഗാജലത്തിന് സവിശേഷമായ എന്തെങ്കിലും  രോഗശമനസിദ്ധി ഉണ്ടെങ്കിൽ അത് നിഷ്കൃഷ്ടമായ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെടേണ്ടതാണ്. ഇപ്പോൾ തൽക്കാലം ഗംഗ ശാന്തമായി ഒഴുകട്ടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top