18 April Thursday

ക്ഷേമനിധി ബോർഡിനൊപ്പം അരനൂറ്റാണ്ട്‌

കെ എം സുധാകരൻUpdated: Saturday Mar 7, 2020


കള്ളുചെത്തു വ്യവസായ സംഘടനാരംഗത്ത്‌ ആറ്‌ പതിറ്റാണ്ടിലേറെയുള്ള പ്രവർത്തനങ്ങൾക്കുശേഷം തിരിഞ്ഞുനോക്കുമ്പോൾ ഏറെ അവഗണിക്കപ്പെട്ടിരുന്ന ഒരു തൊഴിലാളിസമൂഹത്തിന്റെ ഘട്ടംഘട്ടമായ വളർച്ചയും അവകാശപ്പോരാട്ടങ്ങളുടെ ആവേശകരമായ അനുഭവങ്ങളുമാണ്‌ തെളിഞ്ഞുവരുന്നത്‌. ചില കാര്യങ്ങൾമാത്രം ഇവിടെ സൂചിപ്പിക്കുകയാണ്‌. അന്ന്‌ വ്യവസായത്തൊഴിലാളികൾ പിരിയുമ്പോൾ ഗ്രാറ്റുവിറ്റിയും പ്രോവിഡന്റ്‌ ഫണ്ടും ലഭിച്ചിരുന്നു. കള്ളുചെത്തു വ്യവസായ തൊഴിലാളികൾക്ക്‌ ഇതൊന്നും ലഭിച്ചിരുന്നില്ല. കേരള സംസ്ഥാന ചെത്തുതൊഴിലാളി ഫെഡറേഷൻ എക്‌സിക്യൂട്ടീവ്‌ കൂടിയപ്പോൾ ഇക്കാര്യം ഉന്നയിച്ചു. ഗ്രാറ്റുവിറ്റിയും പ്രോവിഡന്റ്‌ ഫണ്ടും ചെത്തുതൊഴിലാളികൾക്ക്‌ ലഭിക്കണമെന്ന്‌ സ്‌റ്റേറ്റ്‌ അടിസ്ഥാനത്തിൽ ഫെഡറേഷൻ നൽകുന്ന മെമ്മോറാണ്ടത്തിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ആവശ്യം. ഇത്‌ നടപ്പാക്കാൻ അന്ന്‌ ഒട്ടേറെ സാങ്കേതിക പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇ ബാലാനന്ദനായിരുന്നു അന്ന് ഫെഡറേഷൻ പ്രസിഡന്റ്‌. ചർച്ചകൾക്കുശേഷം ഈ വിഷയം അടുത്ത എക്‌സിക്യൂട്ടീവിലേക്ക്‌ മാറ്റിവച്ചു.

അന്ന്‌ മറ്റൊരു സംഘടന ഉണ്ടായിരുന്നു. എഐടിയുസിയുടെ നേതൃത്വത്തിലുള്ള തിരു‐കൊച്ചി ചെത്തുതൊഴിലാളി ഫെഡറേഷൻ. ഈ സംഘടനയിലായിരുന്നു ഞാൻ ഉൾപ്പെടെ കേരള സംസ്ഥാന ചെത്തുതൊഴിലാളി ഫെഡറേഷനിലെ പ്രവർത്തകർ. രണ്ടാമത്‌ കൂടിയ എക്‌സിക്യൂട്ടീവിൽ ചെത്തുതൊഴിലാളിക്ക്‌ ഗ്രാറ്റുവിറ്റി, പ്രോവിഡന്റ്‌ ഫണ്ട്‌ വേണമെന്ന ആവശ്യം അംഗീകരിച്ചു. അടുത്ത വർഷത്തേക്കുള്ള അടിയന്തരാവശ്യ മെമ്മോറാണ്ടത്തിൽ ഈ ആവശ്യം ഉൾപ്പെടുത്താൻ നിശ്ചയിച്ചു. ഫെഡറേഷന്റെ എറണാകുളം ജില്ലാ കോ ഓർഡിനേഷൻ കമ്മിറ്റി വിളിച്ചുകൂട്ടി പുതിയ അടിയന്തരാവശ്യ മെമ്മോറാണ്ടം കൊടുക്കാനും തുർന്ന്‌ പ്രക്ഷോഭങ്ങൾ ഉയർത്തിക്കൊണ്ടുവരാനും അനിശ്ചിതകാല പണിമുടക്ക്‌ നടത്താനും തീരുമാനിച്ചു. ഉടമകളിൽ അങ്കലാപ്പുണ്ടാകാൻ തുടങ്ങി. ഉടമകൾ ഒത്തുതീർപ്പിനു തയ്യാറായി. ചർച്ചകൾക്കുശേഷം തീർപ്പായി.

ഒത്തുതീർപ്പു വ്യവസ്ഥകൾ
1) ചെത്തു തൊഴിലാളികൾക്ക്‌ 67‐68 വർഷംമുതൽ ഗ്രാറ്റുവിറ്റി, പ്രോവിഡന്റ്‌ ഫണ്ട്‌ അംഗീകരിച്ച്‌ നടപ്പാക്കാൻ സമ്മതിക്കുകയും ഒരു കൊല്ലത്തെ കൂലി, ക്ഷാമബത്ത എന്നീ ഇനങ്ങളിലെ മൊത്തവരുമാനത്തിന്റെ (15 ദിവസത്തെ) 67‐68 വർഷത്തെ ഗ്രാറ്റുവിറ്റിയായി നൽകുന്നതാണ്‌.

2) പ്രോവിഡന്റ്‌ ഫണ്ട്‌ ചെത്തുതൊഴിലാളികൾക്ക്‌ 67‐68 വർഷംമുതൽ അംഗീകരിച്ചു നടപ്പാക്കാൻ സമ്മതിക്കുകയും കൂലി, ക്ഷാമബത്ത എന്നീ ഇനങ്ങളിലെ വരുമാനത്തിന്റെ എട്ട്‌ ശതമാനം ഷാപ്പുടമാ വിഹിതമായും എട്ട്‌ ശതമാനം തൊഴിലാളികളുടെ വിഹിതമായും നിശ്ചയിച്ചു. ഗ്രാറ്റുവിറ്റിയും പ്രോവിഡന്റ്‌ ഫണ്ടും 68 മാർച്ച്‌ 16 മുതൽ നടപ്പിൽ വരുത്താനും നിശ്ചയിച്ചു.

അന്ന്‌ നിയമം ഇല്ലാതിരുന്നതുകൊണ്ട്‌ ഈ ഫണ്ടിന്റെ രണ്ട്‌ ഇനത്തിലുള്ള തൊഴിലുടമയുടെ വിഹിതവും തൊഴിലാളിയുടെ വിഹിതവും ഷാപ്പുടമ പിടിച്ച്‌ അടുത്തമാസം അഞ്ചിനുമുമ്പായി യൂണിയനെ ഏൽപ്പിക്കണമെന്നായിരുന്നു തീരുമാനം. ഈ ഫണ്ട്‌ ഉടമകളിൽനിന്ന്‌ പിരിച്ച്‌ സംരക്ഷിക്കാൻ ഒരു സംവിധാനമില്ലാതിരുന്നതുകൊണ്ട്‌ തൊഴിലാളി‐ തൊഴിലുടമാ ട്രസ്റ്റ്‌ രൂപീകരിച്ച്‌ ഉടമകളിൽനിന്ന്‌ പിരിച്ച്‌ ബാങ്കിൽ നിക്ഷേപിക്കാനായിരുന്നു എഗ്രിമെന്റിലെ വ്യവസ്ഥ. ഇതു സംബന്ധിച്ചുള്ള ഒത്തുതീർപ്പുണ്ടായത്‌ 1968 മാർച്ച്‌ എട്ടിനായിരുന്നു. 1970 ജനുവരി ഒന്നുമുതൽ കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി നിയമമായി. അതിനെത്തുടർന്ന്‌ ട്രസ്റ്റുകൾ പിരിച്ചുവിട്ടു.


 

ഗ്രാറ്റുവിറ്റി പ്രോവിഡന്റ്‌ ഫണ്ട്‌ നടപ്പായതിനെത്തുടർന്ന്‌ നിലവിലുള്ള സമ്പ്രദായം അധികനാൾ തുടരുക പ്രായോഗികമല്ലെന്ന്‌ ബോധ്യപ്പെട്ടു. അധികാരത്തിൽ ഇ എം എസ്‌ ഗവൺമെന്റായിരുന്നു. മത്തായി മാഞ്ഞൂരാനായിരുന്നു തൊഴിൽമന്ത്രി. അദ്ദേഹം ശ്രദ്ധാപൂർവം ഞങ്ങൾ പറഞ്ഞതെല്ലാം കേട്ടശേഷം ഒരു നിയമം കൊണ്ടുവരാൻ നോക്കാം എന്നുപറഞ്ഞു. നിയമസഭയിൽ ഗ്രാറ്റുവിറ്റി, പ്രോവിഡന്റ്‌ ഫണ്ട്‌ സംരക്ഷിച്ചുകൊണ്ട്‌ കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി നിയമം എന്ന ബിൽ തൊഴിൽമന്ത്രി അവതരിപ്പിച്ചു. 1970 ജനുവരിമുതൽ നിയമം പ്രാബല്യത്തിലായി. ബോർഡിന്റെ ഭരണത്തിന്‌ നിയമത്തിലെ വ്യവസ്ഥ അനുസരിച്ച്‌ തൊഴിലാളി, മുതലാളി, ഗവൺമെന്റ്‌ പ്രതിനിധികൾ ഉൾപ്പെടുന്ന 21 പേരുടെ ബോർഡാണ്‌ നിർദേശിച്ചത്‌. 

2006 നവംബർമുതൽ 2011 ജൂൺവരെയും 2016 ആഗസ്‌തുമുതൽ 2019 ഒക്‌ടോബർവരെയും ഈ ലേഖകനായിരുന്നു ബോർഡ്‌ ചെയർമാൻ. തൊഴിലാളികൾക്ക്‌ പുതിയ ആനുകൂല്യങ്ങൾ നൽകുന്നതിന്‌ മുൻകൈയെടുക്കാനായി. മിനിമം പെൻഷൻ 1000 എന്നത്‌ 2000 ആയി ഉയർത്തി. അതിനു മുകളിൽ 2500, 3000, 4500, 5000. കുടുംബപെൻഷൻ 1200, 1100, 3000. സർവീസിലിരിക്കെ മരിക്കുന്നവരുടെ പെൺമക്കൾക്ക്‌ വിവാഹസഹായം 2,00,000 രൂപ, തൊഴിലാളികൾക്കും പെൺമക്കൾക്കുമുള്ള വിവാഹധനസഹായം 40,000 രൂപ, കൂടുതൽ സർവീസുള്ളവർക്കുള്ള ആനുകൂല്യം  50,000 രൂപ, ഏറ്റവും കൂടുതൽ കള്ള്‌ അളക്കുന്ന തൊഴിലാളികൾക്കുള്ള ആനുകൂല്യം ജില്ലാടിസ്ഥാനത്തിൽ പന/ തെങ്ങ്‌ ‐ 50,000 രൂപ, തൊഴിലാളികളുടെ മക്കൾക്ക്‌ ലാപ്‌ടോപ്‌ നൽകുന്ന പദ്ധതി നടപ്പായി. ആരോഗ്യ ഇൻഷുറൻസ്‌ പദ്ധതി തുടങ്ങി. 2018 ഏപ്രിൽ ഒന്നുമുതൽ ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ കുട്ടികൾക്ക്‌ നൽകിക്കൊണ്ടിരിക്കുന്ന സ്‌കോളർഷിപ്പുതുക വർധിപ്പിച്ചു. അപകട ഇൻഷുറൻസ്‌ പദ്ധതി നടപ്പാക്കി. തൊഴിലാളി മരിക്കുകയോ പൂർണമായി അംഗവൈകല്യം സംഭവിക്കുകയോ ചെയ്‌താൽ ആറു ലക്ഷം രൂപയും ഭാഗികമായി അംഗവൈകല്യത്തിന്‌ മൂന്നു ലക്ഷം രൂപയും അപകടങ്ങൾക്കുള്ള ആശുപത്രി ചെലവുകൾക്ക്‌ ഒരുലക്ഷം രൂപയും ലഭിക്കുന്നു. കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി പദ്ധതി ഭേദഗതി ചെയ്‌തും 96 നവംബറിൽ പെൻഷൻ വ്യവസ്ഥ ചെയ്‌തും വിജ്ഞാപനമിറക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top