26 April Friday
ഇന്ന്‌ ശിവഗിരി 
തീർഥാടന നവതി

ജ്ഞാനത്തിലേക്ക്‌ തീർഥാടനം

അഡ്വ ടി കെ 
ശ്രീനാരായണദാസ്‌Updated: Friday Dec 30, 2022

തീർഥാടനങ്ങൾക്ക് പ്രശസ്തിയാർജിച്ച നാടാണ് ഭാരതം. തീർഥാടനങ്ങൾ പലതും മതങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്ന സാമൂഹ്യ ചരിത്രസാഹചര്യമാണ്‌ ഉള്ളത്. തീർഥാടനങ്ങളുടെ ഈ സാമൂഹ്യ പശ്ചാത്തലത്തിൽനിന്നുള്ള സവിശേഷമായ വ്യതിയാനമാണ് ശിവഗിരി തീർഥാടനത്തിന് അപൂർവ ചാരുത പകരുന്നത്. ശിവഗിരി തീർഥാടനം മതനിരപേക്ഷ തീർഥാടനമാണ്. അറിവിന്റെ തീർഥാടനമാണ്‌.

1928-ലാണ് ശ്രീനാരായണ ഗുരു ശിവഗിരി തീർഥാടനത്തിന് അനുവാദം നൽകുന്നത്. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, ശാസ്ത്ര സാങ്കേതിക പരിശീലനങ്ങൾ എന്നിങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പർശിക്കുന്നതാണ് ശിവഗിരി തീർഥാടനത്തിന്റെ ഉള്ളടക്കം. വ്യക്തിയുടെ സമ്പൂർണമായ വളർച്ചയും സമൂഹത്തിന്റെ ഉദ്ഗ്രഥനവുമാണ് തീർഥാടനത്തിലൂടെ ലക്ഷ്യമാക്കുന്നത്. സമഗ്രമായ വ്യക്തിത്വ വികസനത്തിന്റെ മാർഗരേഖ കൂടിയാണ്‌ ഇത്. ‘യൂറോപ്യന്മാരുടെ ആണ്ടുപിറപ്പ്’ എന്ന്‌ തീർഥാടനത്തിന്‌ സമയവും ഗുരു നിർദേശിച്ചു. ഭൂതകാലത്തെ വിശകലനംചെയ്ത്, വർത്തമാനകാലത്തെ ഉൾക്കൊണ്ട് ഭാവിയെ കരുപ്പിടിപ്പിക്കുകയെന്ന മഹത്തായ ദൗത്യം ശിവഗിരി തീർഥാടനത്തിലൂടെ നിർവഹിക്കപ്പെടുമെന്ന്‌ ക്രാന്തദർശിയായ ഗുരു കണ്ടറിഞ്ഞിരിക്കണം.

ജീവിതോപകാരപ്രദമായ പ്രായോഗിക അറിവുകളിലൂടെ ഭാവിയെ പ്രത്യാശപൂർവം സമീപിക്കാനുള്ള കരുത്താണ് സമാർജിക്കേണ്ടത്. മാനവികതയുടെ സംരക്ഷണത്തിന് ഉപയുക്തമായ കർമപദ്ധതികളാണ് തീർഥാടന ലക്ഷ്യങ്ങളിൽ അന്തർഭവിച്ചിരിക്കുന്നത്.

മതാതീത ആത്മീയതയുടെ ഉണർത്തു ഗീതങ്ങളായിട്ടാണ് ഗുരുധർമം നിലകൊള്ളുന്നത്. മതനേതൃത്വം കൊണ്ടുനടക്കുന്ന മതവും യഥാർഥ മത താൽപ്പര്യവും ഒന്നാണോ എന്ന ചിന്ത വർത്തമാനകാല മനസ്സുകളെ അലട്ടിക്കൊണ്ടിരിക്കുകയാണ്. ആധുനിക കാലഘട്ടത്തെ ഈ ചിന്തയുടെ തീച്ചൂളയിലേക്ക് എറിഞ്ഞിട്ടുള്ളത് മതനേതൃത്വത്തിന്റെ പ്രബലമായ നിക്ഷിപ്ത താൽപ്പര്യങ്ങളാണ്. ആത്മീയതയെ വിഭാഗീകരിക്കുകയും ദൈവത്തെ സങ്കുചിത ചിന്തകളുടെ ഉറവിടമാക്കുകയും ചെയ്യുന്നതിലൂടെ മതനേതൃത്വം മനുഷ്യന് ആത്മീയ അന്വർഥങ്ങൾ സൃഷ്ടിക്കുകയാണ്. മതസംഘടനകളിലൂടെയും ആചാരാനുഷ്ഠാനങ്ങളിലൂടെയും മാത്രമേ ആത്മീയത നിലനിൽക്കൂവെന്ന വിശ്വാസം ഇന്ന് തകർന്നുകൊണ്ടിരിക്കുകയാണ്. മതങ്ങളുടെ മേൽക്കൂരയില്ലാത്ത ഈ സ്വതന്ത്ര ആത്മീയതയുടെ വെളിച്ചമാണ് ശ്രീനാരായണ ധർമത്തിൽനിന്ന് പ്രസരിക്കുന്നത്. ഹിന്ദുമതത്തിൽനിന്ന് പുറത്തുനിൽക്കുകയും മറ്റു മതങ്ങളിൽനിന്ന് അകലം സൂക്ഷിച്ചുകൊണ്ടുമാണ് ഗുരു ആത്മീയമേഖലയിൽ വിപ്ലവാത്മകതയുടെ വഴിതുറന്നത്. മതനിഷ്‌ഠമല്ലാത്ത ആത്മീയ സങ്കൽപ്പവും ദൈവസങ്കൽപ്പവും പുതിയ അർഥത്തിലും മാനത്തിലും വരാനിരിക്കുന്ന കാലഘട്ടങ്ങളുടെ ദാർശനിക കാഴ്ചപ്പാടിനെ സ്വാധീനിക്കുകതന്നെ ചെയ്യും. ഇവിടെയാണ് ഗുരുവിന്റെ മതനിരപേക്ഷ ആത്മീയ ദർശനത്തിന്റെ  പ്രസക്തി. മതാതീതമായ ഈ സ്വതന്ത്ര ആത്മീയതയുടെ വിളംബരമാണ് അരുവിപ്പുറം സന്ദേശം.‘ പല മതസാരവുമേകം’ എന്ന കാഴ്ചപ്പാടിലൂടെ മതസമന്വയത്തിന്റെ രജതരേഖയാണ് തെളിച്ചുനൽകുന്നത്.

ജാതി സംസ്കാരങ്ങളും സങ്കുചിത മത സംസ്കാരങ്ങളും സൃഷ്ടിക്കുന്ന വിഷമവൃത്തങ്ങളിൽനിന്ന് മോചനം നേടുന്നതിന്‌ മതവിമുക്തമായ ആത്മീയപ്രതീക്ഷകൾ നാം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. വർത്തമാനകാല മനസ്സുകളുടെ ഈ സ്വപ്നങ്ങൾക്കാണ് മതനിരപേക്ഷ സംസ്കാരത്തിലൂടെ ഗുരുദർശനം സാഫല്യം നൽകുന്നത്. ഈ സാഫല്യത്തിന്റെ സാംസ്കാരിക സമന്വയ പദ്ധതികളാണ് ശിവഗിരി തീർഥാടനത്തിലൂടെ ആവിഷ്കരിക്കപ്പെടേണ്ടത്.

ശ്രീനാരായണഗുരു തുടങ്ങിവച്ചതും ഒരളവുവരെ വിജയംകണ്ടതുമായ സാമൂഹ്യ നവോത്ഥാന ദൗത്യങ്ങളെ അട്ടിമറിക്കാനുള്ള ഹീനശ്രമങ്ങൾ ഇന്ന് നമുക്കുചുറ്റും അരങ്ങേറുന്നുണ്ട്. അതിനെതിരെ ആഞ്ഞടിക്കാനുള്ള ചരിത്രബാധ്യത നമുക്കുണ്ട്. മാനവികമുഖമുള്ള സാമൂഹ്യലക്ഷ്യങ്ങൾക്കുവേണ്ടി പോരാടുന്നവരുടെ കൂട്ടായ്മകളിലൂടെ മാത്രമേ ഈ വെല്ലുവിളികളെ നേരിടാനാകൂ. ഈ ചരിത്രപരമായ തിരിച്ചറിവ് പുതിയ ധ്രുവീകരണത്തിന് വഴിയൊരുക്കുകതന്നെ ചെയ്യും. ഇത്തരം ധ്രുവീകരണത്തിലൂടെ മാത്രമേ ഗുരുവിന്റെ സാമൂഹ്യ നവോത്ഥാന ദൗത്യം സംരക്ഷിക്കാനാകൂവെന്ന പുതിയ അവബോധത്തിന്റെ സൂചനകൾ ഇന്ന് തെളിഞ്ഞുവരുന്നുണ്ട്. അത് ശുഭസൂചകമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top