25 April Thursday

ഒരൊറ്റ പെലെ

എം കെ പത്മകുമാർUpdated: Thursday Dec 29, 2022

ദേശാതിർത്തികൾ പെലെയെ തടയുന്നില്ല. കാലം കറുത്ത മുത്തിനെ മറവിയിലേക്ക്‌ പിന്തള്ളുന്നില്ല. കളി തുടങ്ങിയ നാൾമുതൽ ഫുട്‌ബോളിനൊപ്പം ചേർത്തുവെച്ചതാണ്‌ ആ പേര്‌. ഇന്നും അതിനു മാറ്റമില്ല. നാളെയും അതു തുടരും. പെലെ ഒരു ദേശത്തിന്റെയോ കാലത്തിന്റെയോ കളിക്കാരനല്ല. ഒരു പ്രത്യേക വർണത്തിന്റെയും വർഗത്തിന്റെയും ബിംബവുമല്ല. സൂര്യനെപ്പോലെ, ചന്ദ്രനെപ്പോലെ മനുഷ്യകുലത്തിന്റെയാകെ പൊതു സ്വത്താണ്‌. എന്തുകൊണ്ട്‌ ഈ ഫുട്‌ബോൾ താരം കാലത്തെ അതിജീവിച്ചു എന്നതിനുള്ള ഉത്തരം കൂടിയാണിത്‌.

ബാല്യം നിലനിൽപ്പിനായുള്ള പോരാട്ടമായിരുന്നു. വർണ, വംശ വെറികളുടെ ലോകത്ത്‌ പന്തു തട്ടുന്നതിനേക്കാൾ ദുഷ്കരമായിരുന്നു ജീവിതം നിലനിർത്തുന്നത്‌. അന്ന്‌ മൈതാനത്തിനകത്തും പുറത്തും അയിത്തമുണ്ടായിരുന്നു. തട്ടാൻ ഫുട്‌ബോളുണ്ടായിരുന്നില്ല, കാലിലണിയാൻ ഷൂസും. കളിച്ച്‌ ക്ഷീണിച്ച്‌ വീട്ടിലെത്തുമ്പോൾ കഴിക്കാൻ ഭക്ഷണവുമില്ല. തെരുവു ജീവിതത്തിലേക്ക്‌ വലിച്ചെറിയപ്പെടാനുള്ള ഈ സ്വാഭാവിക സാഹചര്യങ്ങളിൽ നിന്നാണ്‌ ഉയിർപ്പ്‌.  അതുകൊണ്ടു തന്നെ എതിർ പ്രതിരോധത്തെ ഭേദിച്ച്‌ കുതിക്കുമ്പോൾ അടിച്ചമർത്തപ്പെട്ടവരുടെ, പാർശ്വവല്‍ക്കരിക്കപ്പെവരുടെ അതിജീവനം നമുക്ക്‌ ആ കാലുകളിൽ വായിച്ചെടുക്കാം. അദ്ദേഹത്തെ കാലാതീതനാക്കുന്നതിന്റെ കാരണങ്ങളിലൊന്ന്‌ ഈ അതിജീവനം തന്നെ.

പെലെയ്ക്ക്‌  ഒപ്പവും മുമ്പും പിമ്പും  പ്രതിഭാധനരായ നിരവധി താരങ്ങൾ പച്ചപ്പുൽ മൈതാനത്ത്‌ പന്തു തട്ടിയിട്ടുണ്ട്‌. പക്ഷേ അവർക്കൊന്നും ഈ അമരത്വവും സ്വീകാര്യതയും ലഭിച്ചിട്ടില്ല. ദേശവും ഭാഷയും ഈ ഫുട്‌ബോൾ താരത്തിനു മുന്നിൽ വേലി കെട്ടിയില്ല.  എല്ലാവരും ആസ്വദിക്കുന്ന സംഗീതം പോലെയാണ്‌ പെലെ. താരതമ്യം ചെയ്യാൻ മറ്റൊരു താരമില്ല. ലോകത്ത്‌ ഒരു പെലെയെ ഉള്ളൂ. ഒരൊറ്റ പെലെ.

പ്രതിഭയോടൊപ്പം ആത്മാർപ്പണവും പോരാട്ട വീര്യവും ഈ മനുഷ്യനെ മറ്റു താരങ്ങളിൽ നിന്ന്‌ വിഭിന്നനാക്കുന്നു. ഫുട്‌ബോൾ യുദ്ധക്കളത്തിലെ പോരാളി മാത്രമായിരുന്നില്ല, സമാധാനത്തിന്റെ മാലാഖ കൂടിയായിരുന്നു പെലെയെന്ന്‌ ചരിത്രം നമ്മോട്‌ പറയുന്നു. പലതലത്തിൽ, തരത്തിൽ ചർച്ച നടത്തിയിട്ടും അവസാനിപ്പിക്കാൻ കഴിയാത്ത  നൈജീരിയൻ അഭ്യന്തര യുദ്ധത്തിനിടെ വെടി നിർത്തിക്കാൻ അദ്ദേഹത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌.  1967ൽ പെലെയും സാന്റോസും ലാഗോസിൽ കളിക്കാനിറങ്ങിയപ്പോഴാണ്‌ പട്ടാള ഗവർണർ പൊതു അവധി പ്രഖ്യാപിച്ചത്‌.  കൊന്നുതള്ളുന്ന എതിർ ചേരിയിലുള്ളവർക്ക്‌ ഫുട്‌ബോൾ മത്സരം കാണാൻ പാലങ്ങളെല്ലാം തുറന്നിടാനും അദ്ദേഹം ഉത്തരവിട്ടു.

ഫുട്‌ബോൾ മതിയാക്കി വിശ്രമത്തിലായിരുന്ന പെലെയെ കാണാൻ 1974ൽ അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി ഹെന്റ്‌റി കിസിഞ്ചർ സാവോപോളോയിലെ വീട്ടിലെത്തി. വിരമിക്കലിന്‌ അവധി നൽകി പെലെ അമേരിക്കൻ ലീഗിൽ ന്യൂയോർക്ക്‌ കോസ്മോസിനു വേണ്ടി കളിക്കണം–- പ്രസിഡന്റ്‌ റിച്ചാർഡ്‌ നിക്സൻ കഴിഞ്ഞാൽ അമേരിക്കയിൽ ഏറ്റവും ശക്തനായിരുന്ന കിസിഞ്ചറുടെ ആവശ്യം ഇതായിരുന്നു.  ലോകകപ്പ്‌ ഫുട്‌ബോൾ ടെലിവിഷനിലെ കറുപ്പും വെളുപ്പും ചിത്രങ്ങളായി ലോകം ആദ്യമായി കണ്ടത്‌ 1954ൽ. അതിനു മുമ്പ്‌ റേഡിയോ ദൃക്‌സാക്ഷി വിവരണക്കാരുടെ ഒഴുക്കുള്ള ഇംഗ്ലീഷിലൂടെയും ദിവസങ്ങൾക്കുശേഷം അച്ചടി മഷി പുരളുന്ന കറുത്ത അക്ഷരങ്ങളിലൂടെയുമാണ്‌ പെലെയെ ലോകം അറിഞ്ഞത്‌. എന്നിട്ടും ലോകത്തിലെ ഏറ്റവും പ്രശസ്തനായ കളിക്കാരനായി  മാറി.

നമ്മൾ ഇന്ത്യക്കാർക്ക്‌ ലോകകപ്പ്‌ ടിവിയിൽ കാണാൻ പിന്നെയും വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു.  1982 ലോകകപ്പിന്റെ സെമിയും ഫൈനലും കണ്ടു. തൊട്ടടുത്ത മെക്സിക്കോ 1986 ലൈവായും കണ്ടു രസിച്ചു. ഇതിനും ഏറെ മുമ്പേ കറുത്തമുത്ത്‌ മലയാളികളുടെ ഹൃദയം കീഴടക്കിയിരുന്നു. അതും കളി കാണാതെ. വായിച്ചറിഞ്ഞും പറഞ്ഞുകേട്ടും മനസ്സിൽ കുടിയേറിയ ഇതിഹാസത്തെ പഠിക്കാൻ പഴയ മലയാളം പാഠാവലിയിൽ ഒരു അധ്യായവുമുണ്ടായിരുന്നു. ഒരു ഫുട്‌ബോൾ താരത്തിന്റെ കളി ചരിത്രം മാത്രമായിരുന്നില്ല ആ പാഠം.  പ്രതിസന്ധികളെ ധീരമായി നേരിട്ട ഒരു യോദ്ധാവിന്റെ ജീവിതരേഖ കൂടിയായിരുന്നു.  കളി മറന്നേക്കാം, പക്ഷേ
ജീവിതം ഓർമകളിലുള്ളിടത്തോളം കാലം പെലെയ്ക്ക്‌ മരണമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top