25 April Thursday

വിദ്യാഭ്യാസമേഖല കുതിക്കട്ടെ, തളർത്തരുത്‌

ഫാ. ഡോ. ഫ്രാൻസിസ്‌ ആലപ്പാട്ട്Updated: Friday Oct 28, 2022


പ്രൊഫ. ജോസഫ്‌ മുണ്ടശ്ശേരിയിൽനിന്ന്‌ ആരംഭിച്ച്‌  എം എ ബേബിയുടെ ഇടപെടലുകളിലൂടെ, ഇപ്പോൾ പ്രൊഫ. ആർ ബിന്ദുവിന്റെ ഉറച്ച നിലപാടുകളിലൂടെ കേരളത്തെ ലോകോത്തര വിദ്യാഭ്യാസ ഹബ്ബായി രൂപപ്പെടുത്താൻ ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണ്‌. ഉന്നത വിദ്യാഭ്യാസരംഗം വളർന്നുകൊണ്ടിരിക്കുന്നു. അതിനിടയിലാണ്‌ അതിന്റെ കൂമ്പ്‌ നുള്ളാൻ ചിലരുടെ ശ്രമം.

പ്രൈമറിയിൽ പഠിക്കുമ്പോൾ ഒരു ടീച്ചർ  വിദ്യാർഥികളെ കൂട്ടമായി പുറത്തുനിർത്തി ശിക്ഷിച്ചിരുന്ന സംഭവമാണ്‌ ഓർമയിൽ തെളിയുന്നത്‌. (പിന്നീട്‌ മാനസികാരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടിയ ടീച്ചർ രാജിവച്ച്‌ ഒഴിഞ്ഞുപോകുകയായിരുന്നു) സമാന സംഭവങ്ങളാണ്‌ ഇപ്പോൾ അരങ്ങുതകർക്കുന്നത്‌. കുട്ടികളിൽ കാണുന്ന വാശിക്ക്‌ സമം പ്രവർത്തിക്കുന്ന, സംസ്ഥാന ഭരണത്തിന്റെ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരാളിൽനിന്ന്‌ ഉണ്ടാകുന്ന നടപടികൾ  അദ്ദേഹത്തിന്റെ പ്രായത്തിനും സ്ഥാനത്തിനും ആനുപാതികമല്ലതന്നെ. വൈസ്‌ ചാൻസലർമാരെ നിയമിക്കുമ്പോൾ ഇല്ലാതിരുന്ന നിയമബോധം ഇപ്പോൾ പെട്ടെന്ന്‌ ഉദിച്ചത്‌ ബാഹ്യ ഇടപെടൽ മൂലമാണെന്ന്‌ വ്യക്തം.  ഇതെല്ലാം മനസ്സിലാക്കാൻ കഴിവും നിയമസാക്ഷരതയും ഉള്ളവരാണ്‌ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ.

സംസ്ഥാനത്തെ  ഉന്നതവിദ്യാഭ്യാസ മേഖല തകർക്കുകയാണ്‌ ഇപ്പോഴത്തെ നീക്കങ്ങളുടെ ലക്ഷ്യം. ഇപ്പോൾത്തന്നെ കേരള ഖജനാവിൽനിന്ന്‌ കോടികൾ ഉപയോഗപ്പെടുത്തി രാജാവിനേക്കാൾ മികച്ച കൊട്ടാരവും വാഹനങ്ങളും ആഡംബരങ്ങളും ഉപയോഗിച്ച്‌   നികുതിദായകരെ കൊള്ളയടിച്ച്‌ ജീവിക്കുമ്പോൾ, ഇത്തരക്കാരെ വിലയിരുത്താനുള്ള സ്വാതന്ത്ര്യവും വിവേകവും ഇന്നാട്ടുകാർക്ക്‌ ഉണ്ടെന്ന കാര്യം വിസ്‌മരിക്കരുത്‌. രാജകൊട്ടാരത്തിനും സവാരികൾക്കും  സംസ്ഥാനം വക കാണണം. ഏറ്റവും മുന്തിയ കാർ നൽകിയിട്ടും സൗകര്യം പോരെന്നു പറയുന്നവർ ഓട്ടോറിക്ഷയിലും കാൽനടയായും പോകുന്നവരെ കണ്ടില്ലെന്നു നടിക്കുന്നു. അശോകസ്‌തംഭവും ദേശീയപതാകയും ഉപയോഗിക്കുന്നവർ അതിന്റെയെല്ലാം പിന്നിലുള്ള ത്യാഗം ഓർക്കുന്നില്ല. ഒരു പ്രത്യേക രാഷ്‌ട്രീയ പാർടിയോടും പക്ഷംചേരാത്ത ഒരു സ്വതന്ത്ര പൗരന്റെ കുത്തിക്കുറിപ്പാണ്‌ ഇത്‌.

ഉന്നതവിദ്യാഭ്യാസത്തിൽ ലക്ഷ്യംവച്ചിരിക്കുന്ന  ആയിരക്കണക്കിന്‌ വിദ്യാർഥികളുടെ ഭാവിയെയും വരുംതലമുറയെയും തകർക്കരുതെന്നു മാത്രമാണ്‌ അഭ്യർഥന.  ലോകം മുന്നോട്ടുകുതിക്കുമ്പോൾ അതിനൊപ്പം നീങ്ങാനാണ്‌ കേരളത്തിലെ സർവകലാശാലകളും വൈസ്‌ചാൻസലർമാരും ശ്രമിക്കുന്നത്‌. അവർക്ക്‌ കൂച്ചുവിലങ്ങിടാനാണ്‌ രാജിവച്ചുപോകാൻ ആവശ്യപ്പെട്ട്‌ ഗവർണർ നോട്ടീസ്‌ നൽകിയത്‌. പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ട  വൈസ്‌ ചാൻസലർമാർ വിദ്യാഭ്യാസമേഖലയ്‌ക്ക്‌ വലിയ സംഭാവനകൾ നൽകിയിട്ടുള്ള പണ്ഡിതരാണ്‌. അവരുടെ സംഭാവനകൾ മനസ്സിലാക്കാത്തവരാണ്‌ പിരിച്ചുവിടൽ ഭീഷണി മുഴക്കിയത്‌. ഈ പണ്ഡിതരുടെ സംഭാവനകൾ ടെക്‌സ്റ്റ്‌ പുസ്‌തകങ്ങളിലൂടെ പഠിക്കുന്ന വിദ്യാർഥികളെ നിന്ദിക്കുന്നതാണ്‌ ആ ഭീഷണി. പദപ്രയോഗങ്ങളിലും ശരീരഭാഷയിലും മിതത്വം പ്രയോഗിക്കുന്നവരെയാണ്‌  മാന്യന്മാരെന്ന്‌  വിളിക്കുക. സംഘർഷത്തേക്കാൾ കൂടിയാലോചനകളും സമവായവുമാണ്‌ നിലനിൽക്കുക. സംസ്ഥാനത്തിന്റെ കാരണവർ സ്ഥാനമാണ്‌ ഗവർണർക്ക്‌ ഉള്ളത്‌. വിദ്യാഭ്യാസമേഖലയെ  തളർത്താനല്ല  വളർത്താനാണ്‌ അദ്ദേഹം  ശ്രമിക്കേണ്ടത്‌.

വിദ്യാർഥികളും അധ്യാപകരുമെല്ലാം ചേർന്ന  നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖല   പുതിയ കുതിപ്പിനൊരുങ്ങുമ്പോൾ  കുളംകലക്കി മീൻപിടിക്കാൻ ആരും തുനിയരുത്‌. ഫൈനൽ പരീക്ഷകളും മറ്റും  അടുത്തുവരുന്ന സന്ദർഭത്തിൽ വിദ്യാർഥികളും  അധ്യാപകരും പ്രക്ഷോഭത്തിന്‌ നിർബന്ധിക്കപ്പെടുന്ന സാഹചര്യമുണ്ടാകരുത്‌.

(തൃശൂർ ജൂബിലി മിഷൻ ആശുപത്രി സ്ഥാപക ഡയറക്ടറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top