20 September Monday

ഈ സാധ്യതകളാണ്‌ കേരളത്തിന്റെ മറുപടി

ജയൻ ജോസ് തോമസ്Updated: Wednesday Jul 28, 2021

കിറ്റെക്സ് എന്ന സ്ഥാപനം കേരളത്തിനു പുറത്ത് ഒരു വസ്ത്രഫാക്ടറി സ്ഥാപിക്കുന്നത്‌ വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണല്ലോ. കേരളത്തിന്റെ വ്യവസായമേഖലയ്‌ക്ക്‌ ഏറ്റ തിരിച്ചടി എന്ന നിലയിലാണ് പലരും ഈ നീക്കത്തെ കാണുന്നത്. യാഥാർഥ്യം അതല്ല. അഭ്യസ്‌തവിദ്യരായ ചെറുപ്പക്കാർക്കിടയിലുള്ള തൊഴിലില്ലായ്മയാണ് കേരളം നേരിടുന്ന പ്രശ്നം. ഇത്‌ പരിഹരിക്കുന്നതിന് കാര്യമായ ഒരു സംഭാവനയും നൽകാൻ കിറ്റെക്സിനാകില്ല എന്നതാണ് സത്യം. കിറ്റെക്സിലെ പതിനായിരത്തോളം തൊഴിലാളികളിൽ 80 ശതമാനത്തോളം ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള സ്ത്രീകളാണ്. വസ്ത്രവ്യവസായത്തിന്റെ വിജയത്തിലെ മുഖ്യഘടകം കുറഞ്ഞ വേതനത്തിന് തൊഴിലാളികളുടെ ലഭ്യതയാണ്.

ചൈനയാണ് വസ്ത്രകയറ്റുമതി വ്യവസായത്തിലെ ശക്തികേന്ദ്രം. പക്ഷേ, ചൈനയിലെ കിഴക്കൻ പ്രവിശ്യകളിലെ വേതനനിരക്ക് ഉയർന്നപ്പോൾ കമ്പനികൾ പുതിയ മേച്ചിൽപുറങ്ങൾ തേടി. ചൈനയുടെ മധ്യ-പടിഞ്ഞാറൻ പ്രവിശ്യകൾ, ബംഗ്ലാദേശ്, വിയറ്റ്നാം എന്നിവയാണ് പുതിയ കേന്ദ്രങ്ങൾ. തീരെ കുറഞ്ഞ വേതനമുള്ള ദരിദ്രരാജ്യങ്ങളിൽ നിക്ഷേപം നടത്താനാണ് കമ്പനികളുടെ താൽപ്പര്യം.

നികി, എച്ച്‌ ആൻഡ്‌ എം, ടിജെഎക്‌സ്‌ തുടങ്ങിയ വലിയ ബ്രാൻഡുകൾ നയിക്കുന്ന മൂല്യശൃംഖലയിലെ കണ്ണികൾമാത്രമാണ് കിറ്റെക്സുപോലുള്ള കമ്പനികൾ. ചെലവ് കുറയ്‌ക്കാനുള്ള തത്രപ്പാടിൽ തൊഴിലാളികളുടെ അവകാശങ്ങളും സുരക്ഷയും പലപ്പോഴും ബലി കൊടുക്കേണ്ടതായി വരാറുണ്ട്. തൊഴിലാളി സംരക്ഷണത്തിലും മലിനീകരണ നിയന്ത്രണത്തിലും തങ്ങൾ കൂടുതൽ ജാഗരൂകർ ആണെന്നാണ് കിറ്റെക്സ് അവകാശപ്പെടുന്നത്. അങ്ങനെയെങ്കിൽ അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച്‌ ഗവണ്മെന്റിൽനിന്നോ പൊതു സമൂഹത്തിൽനിന്നോ ഉയരുന്ന ചോദ്യങ്ങളെ ശാന്തമായി നേരിടുന്നതല്ലേ കൂടുതൽ അഭികാമ്യം. വസ്ത്രവ്യവസായത്തിന്റെ സ്വഭാവം മുകളിൽ പറഞ്ഞതുപോലെയാണെന്നിരിക്കെ കിറ്റെക്സ് പുതിയ ഫാക്ടറി കേരളത്തിന് പുറത്ത്‌ സ്ഥാപിക്കാനൊരുങ്ങുന്നതിൽ അത്ഭുതമില്ല. ഒരുതരത്തിലുള്ള ചൂഷണവും വച്ചുപൊറുപ്പിക്കില്ല മലയാളിസമൂഹം. സാമൂഹ്യതലങ്ങളിൽ കൈവരിച്ച നേട്ടങ്ങളുടെ ഫലമായാണ് സംസ്ഥാനത്തെ ജനസംഖ്യാ വർധനയിൽ കുറവുണ്ടായതും തൊഴിലാളിസമൂഹത്തിന്റെ ഘടനയിലും സ്വഭാവത്തിലും മാറ്റംവന്നതും.

വലിയ ഫാക്ടറിസമുച്ചയത്തിന് പ്രവർത്തിക്കാൻ വേണ്ട സ്ഥലസൗകര്യങ്ങൾ കേരളത്തിൽ കിട്ടാനില്ല. ആളുകൾ തിങ്ങിപ്പാർക്കുന്ന സംസ്ഥാനത്ത്‌ പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചുള്ള ഉൽക്കണ്ഠ സ്വാഭാവികം. തെലങ്കാനയിൽ ഫാക്ടറി സ്ഥാപിക്കുന്നത് കിറ്റെക്സിന്റെ വാണിജ്യതാൽപ്പര്യങ്ങൾക്ക്‌ അനുയോജ്യമായ തീരുമാനമാണ്. തൊഴിലാളികളെ എളുപ്പത്തിൽ കിട്ടാൻ സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് ഫാക്ടറികൾ മാറ്റിസ്ഥാപിക്കുന്നത്‌ ഈ വ്യവസായത്തിലെ പ്രവണതയാണ്. കിറ്റെക്സ് ഫാക്ടറി അവിടെ സ്ഥാപിക്കുന്നത്‌ ഒരു വാർത്തയേ ആകേണ്ട കാര്യമില്ല. കേരളത്തിനോ കിറ്റെക്സിനോ ഒരു തരത്തിലുമുള്ള തിരിച്ചടിയല്ല ഈ തീരുമാനം. വാസ്തവത്തിൽ ഉർവശീശാപം ഉപകാരമായി എന്നപോലെയാണ് കേരളത്തിന് കാര്യങ്ങൾ. കൂടുതൽ വ്യക്തതയുള്ള വ്യവസായനയത്തിന്റെ രൂപീകരണത്തിനുള്ള നിമിത്തമായിത്തീരണം ഇത്‌.

ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിന് വസ്ത്രനിർമാണത്തേക്കാൾ അനുയോജ്യം ഇൻഫർമേഷൻ ടെക്നോളജിയും ഇലക്ട്രോണിക് ഡിസൈനുമൊക്കെയാണ്. വിദ്യാഭ്യാസനിലവാരം വർധിക്കുന്നതിന് അനുസരിച്ച് ഉയർന്ന സാങ്കേതികവിദ്യകളിൽ ഊന്നിയ പുതിയ വ്യവസായത്തിന്‌ മുൻഗണന കൊടുക്കാനാകണം

നൂറേക്കറിൽ ഒരു ഫാക്ടറി സ്ഥാപിക്കാനുള്ള നിർദേശം ഉണ്ടായി എന്ന് കരുതുക. സ്ഥലദൗർലഭ്യം നേരിടുന്ന കേരളത്തിൽ ആദ്യം ചിന്തിക്കേണ്ടത് പുതിയ സ്ഥാപനത്തിന് എത്ര തൊഴിലവസരം സൃഷ്ടിക്കാനാകും എന്നാണ്. തിരുവനന്തപുരത്തെ ടെക്നോപാർക്കിന്റെ കാര്യമെടുക്കുക. 300 ഏക്കറോളം വരുന്ന ക്യാമ്പസിൽ (അടുത്തകാലത്ത്‌ നടന്ന വികസനങ്ങൾക്കുമുമ്പ്‌) അമ്പതിനായിരത്തിൽ അധികം എൻജിനിയർമാരും മറ്റ്‌ വിദഗ്‌ധ തൊഴിലാളികളുമാണുള്ളത്. സാധാരണ കുടുംബങ്ങളിൽനിന്ന് വരുന്നവർ. ഇതിനും പുറമെയാണ് പൊട്ടിമുളച്ച കടകൾ, ഹോട്ടലുകൾ, വിനോദകേന്ദ്രങ്ങൾ എന്നിവ. പിന്നെ ഇവയെ ഒക്കെ ആശ്രയിച്ചു ജീവിക്കുന്ന ആയിരക്കണക്കിനു കുടുംബങ്ങളും. ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിന് വസ്ത്രനിർമാണത്തേക്കാൾ അനുയോജ്യം ഇൻഫർമേഷൻ ടെക്നോളജിയും ഇലക്ട്രോണിക് ഡിസൈനുമൊക്കെയാണ്. വിദ്യാഭ്യാസനിലവാരം വർധിക്കുന്നതിന് അനുസരിച്ച് ഉയർന്ന സാങ്കേതികവിദ്യകളിൽ ഊന്നിയ പുതിയ വ്യവസായത്തിന്‌ മുൻഗണന കൊടുക്കാനാകണം.

‘ഈസ് ഓഫ് ഡൂയിങ്‌ ബിസിനസ്’ റാങ്കിങ്ങിൽ കേരളത്തിന് 28–-ാം സ്ഥാനമേ ഉള്ളൂ എന്നുപറഞ്ഞ്‌ മുറവിളി കൂട്ടാറുണ്ടല്ലോ പലരും. പക്ഷേ, അവർക്ക്‌ അറിയാത്ത (അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കുന്നതാകാനാണ് കൂടുതൽ സാധ്യത) സുപ്രധാനകാര്യമുണ്ട്. സ്റ്റാർട്ടപ്‌ വ്യവസായങ്ങൾക്കും സംരംഭകർക്കും അനുകൂലസ്ഥിതി സൃഷ്ടിക്കുന്നതിൽ കേന്ദ്രസർക്കാരിന്റെതന്നെ കണക്കനുസരിച്ച് ഇന്ത്യയിലെ മികച്ച മൂന്ന്‌ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ലോകബാങ്കിന്റെയും മറ്റും നിർദേശപ്രകാരം തയ്യാറാക്കുന്ന ‘ഈസ് ഓഫ് ഡൂയിങ്‌ ബിസിനസിൽ നല്ല റാങ്ക്‌ കിട്ടാൻ മുഖ്യമായി വേണ്ടത് ഇവയാണ്: തുച്ഛമായ വിലയ്ക്ക് ലഭ്യമാകുന്ന സ്ഥലവും തൊഴിലാളികളുടെ കുറഞ്ഞ വേതനനിരക്കും. ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, തെലങ്കാന, മധ്യപ്രദേശ്‌ എന്നീ സംസ്ഥാനങ്ങൾക്കാണ് ഉയർന്ന റാങ്കുകൾ. സ്ഥലപരിമിതികളും താരതമ്യേന ഉയർന്ന വേതനനിരക്കും ഉണ്ടായിട്ടും കേരളത്തിലെ വ്യവസായരംഗം ഉണർവിന്റെ പാതയിലാണ്. ഉയർന്നുവരുന്ന സംരംഭകസമൂഹവും അവരുടെ ചെറുതോ ഇടത്തരം വലുപ്പത്തിൽ ഉള്ളതോ ആയ പ്രസ്ഥാനങ്ങളുമാണ് അതിന്റെ പിന്നിൽ. ഏക്കറുകണക്കിനുള്ള സ്ഥലമോ അവിദഗ്ധ തൊഴിലാളികളോ അല്ല വിജയത്തിനാധാരം. മറിച്ച്‌, സംരംഭകരുടെയും മറ്റ്‌ ജോലിക്കാരുടെയും പ്രവൃത്തിപരിചയവും സാങ്കേതികമികവുമാണ് പുതിയ വ്യവസായങ്ങൾക്ക് ഊർജം പകരുന്നത്.

ഇൻഫർമേഷൻ ടെക്നോളജി, ആരോഗ്യപരിപാലന വ്യവസായങ്ങൾ, ലൈഫ് സയൻസസ്, മെഡിക്കൽ എക്വിപ്മെന്റ്, സ്‌പെയ്‌സ്‌ ആൻഡ് എയ്‌റോനോട്ടിക്കൽ എന്നിവയാണ് ഏറ്റവും പ്രതീക്ഷ നൽകുന്ന മേഖലകൾ. ഐബിഎം, നിസാൻ, ഏണസ്റ്റ്‌ ആൻഡ്‌ യങ് തുടങ്ങിയ പ്രശസ്ത കമ്പനികൾ കേരളത്തിൽ വലിയ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ തിരക്ക് കുറഞ്ഞതും പച്ചപ്പ്‌ നിറഞ്ഞതുമായ പ്രദേശങ്ങളിലാണ് സാങ്കേതിക കമ്പനികൾ താൽപ്പര്യം കാണിക്കുന്നത്. കേരളത്തിന് വേണ്ടത് യുവജനങ്ങളുടെ കഴിവുകളെ ഉപയോഗപ്പെടുത്തുന്ന, വിജ്ഞാന വിപ്ലവത്തിന്റെ സാധ്യതകളെ മനസ്സിലാക്കുന്ന, വ്യവസായങ്ങളാണ്.

കിറ്റെക്സിന്റെ നേട്ടങ്ങൾ കേരളത്തിന്റെയും
ഒരുകാര്യം സമ്മതിച്ചേ തീരൂ. കിറ്റെക്സ് ഗ്രൂപ്പും അതിനു പിന്നിലുള്ള സംരംഭകരും കൈവരിച്ച നേട്ടങ്ങൾ ഗണ്യമാണ്‌. കേരളത്തിന്റെ വ്യവസായപുരോഗതിക്കും സംരംഭകസമൂഹത്തെ വളർത്തുന്നതിലും അവർ വലിയ സംഭാവന നൽകി. കയറ്റുമതി ബിസിനസ്‌ തുടങ്ങുന്നതിനും മുമ്പുതന്നെ കിറ്റെക്സ് ഗ്രൂപ്പ് മലയാളിക്ക് സുപരിചിതമായിരുന്നു. കിറ്റെക്സ് ലുങ്കികളും അന്ന അലൂമിനിയം ഗൃഹോപകരണങ്ങളും വൻതോതിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളാണ്. 1992-ലാണ് അമേരിക്കയിലടക്കമുള്ള ബ്രാൻഡുകൾക്കുവേണ്ടി കുട്ടികളുടെ ഉടുപ്പും മറ്റും ഉണ്ടാക്കുന്ന ഫാക്ടറി കിഴക്കമ്പലത്ത് സ്ഥാപിച്ചത്. പതിനായിരത്തോളം തൊഴിലാളികളെ ഒരു ഫാക്ടറിയുടെ കീഴിൽ അണിനിരത്താനായി എന്നുള്ളതുതന്നെ വിജയമാണ്. ഇന്ത്യയിൽ വസ്ത്രഫാക്ടറിയിൽ ശരാശരി ജോലിചെയ്യുന്ന ആളുകളുടെ എണ്ണം 113 ആണ് (2017–-18-ലെ കണക്ക് അനുസരിച്ച്). കിറ്റെക്സിന്റെ വിജയം കേരളത്തിലെ വ്യവസായ അന്തരീക്ഷത്തിനുകൂടി അവകാശപ്പെട്ടതാണ്.

തമിഴ്നാട്ടിലെ തിരുപ്പൂരിൽ വസ്ത്രഫാക്ടറികൾ പ്രവർത്തിക്കുന്നത് കുടിൽവ്യവസായംപോലെ ചെറിയ യൂണിറ്റുകളിലായാണ്. ആ സാഹചര്യത്തിലാണ് 30 വർഷമായി നാട്ടുകാരിൽനിന്നും ഗവൺമെന്റിൽനിന്നും പ്രശ്നങ്ങൾ നേരിടാതെ വൻ ഫാക്ടറി കിറ്റെക്സ് പ്രവർത്തിപ്പിച്ചുവരുന്നത്. കിഴക്കമ്പലം പഞ്ചായത്തിലും സമീപത്തും-- അവർ നടത്തിയ ഇടപെടലുകൾ അവരുടെ ബിസിനസ്‌ സുഗമമാക്കാൻ സഹായിച്ചു എന്നാണ് കരുതേണ്ടത് (കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നത് ട്വന്റി-ട്വന്റി എന്ന കിറ്റെക്സിന്റെ പിന്തുണയുള്ള പാർടിയാണ്). എടുത്തു പറയേണ്ട കാര്യം എപ്പോഴും പഴി കേൾക്കേണ്ടിവരുന്ന കേരളത്തിലെ വ്യവസായപരിസ്ഥിതിയെക്കുറിച്ചാണ്. പിന്തുണ നൽകുന്ന ഒരു ഭരണസംവിധാനം ഉള്ളതുകൊണ്ടാണല്ലോ 30 വർഷം ഇന്ത്യയിൽ മറ്റൊരിടത്തും സാധിക്കാത്ത തരത്തിൽ കമ്പനി നടത്താൻ സാധിച്ചത്‌. കൃത്യമായ കണക്കുകൂട്ടലുകൾ പ്രകാരമാണ്‌ പ്രവർത്തനമണ്ഡലം കേരളത്തിനു പുറത്തേക്ക് വികസിപ്പിക്കാൻ തീരുമാനിച്ചത്. പക്ഷേ, ഈ നീക്കം കേരളത്തിൽനിന്ന്‌ അടിച്ചുപിരിഞ്ഞ്‌ പോവുകയാണ് എന്നമട്ടിൽ അവതരിപ്പിക്കുന്നതും പ്രചാരണം നടത്തുന്നതും ദൗർഭാഗ്യകരമാണ്.

കിറ്റെക്സിന്റെ വസ്ത്രനിർമാണത്തിലും കയറ്റുമതിരംഗത്തുമുള്ള പരിചയസമ്പത്ത് കേരളത്തിന്റെ വ്യവസായപുരോഗതിക്കായി തീർച്ചയായും ഉപയോഗിക്കേണ്ടതാണ്. ആദ്യമേ പറഞ്ഞല്ലോ വസ്ത്രമേഖലയിലെ വളർച്ചയ്‌ക്ക് കേരളംപോലുള്ള പ്രദേശത്തിന് പല പരിമിതിയും ഉണ്ടെന്ന്. അതേസമയം, വസ്ത്രങ്ങൾക്ക് തദ്ദേശീയമായി വലിയ മാർക്കറ്റാണ്‌ കേരളത്തിൽ ഉള്ളത്. ആളോഹരി വരുമാനത്തിലും ഉപഭോഗച്ചെലവിലും മികവുതന്നെയാണ്‌ കാരണം. ഏത് കൊച്ചുഗ്രാമത്തിലും ഒരു തുണിക്കട ഉണ്ട്. വളരെയേറെ സംരംഭകർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് സാധ്യതകൾ ഏറെയുള്ള മേഖലയുമാണ് ഇത്. ഫാഷൻ ടെക്നോളജിയുടെ സങ്കേതങ്ങൾ മനസ്സിലാക്കിയിട്ടുള്ള പ്രൊഫഷണൽസിന് ഈ രംഗത്ത് സംരംഭകരായും വിദഗ്ധ തൊഴിലാളികളായും ശോഭിക്കാനാകും. കൈത്തറിവ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള അവസരംകൂടിയാണ് ഇപ്പോൾ. ഭാവികേരളത്തിന് ഏറ്റവും പ്രധാനം സാമൂഹ്യരംഗങ്ങളിൽ ഈ നാട് കൈവരിച്ച നേട്ടങ്ങളിൽ അഭിമാനിക്കുന്ന, സാധ്യതകളെ മനസ്സിലാക്കുന്ന പ്രതിഭാധനരായ ഒരു സംരംഭകകൂട്ടമാണ്. അവരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടിയാണ് വ്യവസായ പുരോഗതിക്കായി കൈക്കൊള്ളേണ്ടത്.

(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡൽഹിയിലെ പ്രൊഫസറും കേരള സ്റ്റേറ്റ് പ്ലാനിങ്‌ 
ബോർഡിലെ മുൻ അംഗവുമാണ് ലേഖകൻ)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top