25 April Thursday

കാടും നാടും പരസ്പരം കേൾക്കുമ്പോൾ

ഡോ. ടി വി സജീവ്Updated: Friday Apr 28, 2023

മനുഷ്യ– --വന്യജീവി സംഘർഷം വാർത്തയാകാൻ തുടങ്ങിയിട്ട് നാളേറെയായി. എന്നാൽ, മനുഷ്യന്റെ ഉത്ഭവത്തോടൊപ്പം തുടങ്ങിയ പ്രശ്നമാണിതെന്നും നമുക്കറിയാം. വിഷയം വനംവകുപ്പിന്റെയും സർക്കാരിന്റെയും ത്രിതല പഞ്ചായത്തുകളുടെയും കൈയിൽനിന്ന് കോടതിയിലേക്കെത്തുകയും ചെയ്യുന്നുണ്ട്. പരിഹാരമില്ലാത്ത ഒരു പ്രശ്നമായി ഇതിനെ കാണുന്നവരുണ്ട്. സർക്കാരിനെയും വനംവകുപ്പിനെയും കർഷകരെയും പരിസ്ഥിതി പ്രവർത്തകരെയുമൊക്കെ മാറിമാറി പ്രതിസ്ഥാനത്തു നിർത്തുന്ന വാർത്തകൾ നിറയുന്ന സമയത്താണ് ഈ മാസമാദ്യം മാനന്തവാടിയിൽ മുഖ്യമന്ത്രി വനസൗഹൃദ സദസ്സ് എന്ന സംസ്ഥാനവ്യാപക  പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ചത്. 51 നിയമസഭാ മണ്ഡലത്തിലെ കാടിനോടു ചേർന്നു കിടക്കുന്ന 223 പഞ്ചായത്തിൽ വനസൗഹൃദ സദസ്സുകൾ നടക്കുകയാണ്. ഈ പരിപാടിയുടെ സവിശേഷത എന്താണ്? വന്യജീവി സംഘർഷങ്ങൾ കുറയ്ക്കാൻ ഈ സൗഹൃദസദസ്സുകൾകൊണ്ട് കഴിയുമോ ?

കാട് പരിപാലിക്കാൻ ഒരു ഉയർന്ന ഉദ്യോഗസ്ഥനെ നിയമിച്ച ചന്ദ്രഗുപ്തന്റെ കാലത്തിനുശേഷം, വഴിയോരങ്ങളിലും വിശ്രമകേന്ദ്രങ്ങളിലും നിറയെ മരങ്ങൾ നട്ടുസംരക്ഷിച്ച അശോകന്റെ കാലത്തിനുശേഷം, ആദിമനിവാസികൾ ജീവിക്കുന്ന ഇടമായും പൊതുസമൂഹം വനവിഭവങ്ങൾക്കായും രാജാക്കന്മാർ മൃഗയാവിനോദത്തിനായും കാടിനെ ആശ്രയിച്ച മുഗൾ കാലത്തിനുശേഷം ഇന്ത്യ കൊളോണിയൽ കാലഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് "ശാസ്ത്രീയ വനപരിപാലനം' എന്ന പരികൽപ്പനയും അതനുസരിച്ചുള്ള വനപരിപാലനവും തുടങ്ങുന്നത്. സംരക്ഷണം എന്ന വാക്കിനെ മുൻനിർത്തിത്തന്നെ ആദ്യം കപ്പലുണ്ടാക്കാനും പിന്നെ റെയിൽവേ സ്ലീപ്പറുകൾ ഉണ്ടാക്കാനും തീവണ്ടിയുടെ ഊർജമാക്കാനും കാട്ടിലെ തടി വെട്ടുന്ന ഭരണരീതിയായിരുന്നു അത്. വനംവകുപ്പ് സൃഷ്ടിക്കപ്പെട്ടതും അക്കാലത്താണ്. പിന്നീട് തടിയല്ല ജൈവവൈവിധ്യത്തിന്റെ കലവറ എന്നതാണ് വനത്തിന്റെ പ്രസക്തിയെന്നും അതിനുംശേഷം കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുക എന്നതാണ് വനത്തിന്റെ ധർമമെന്നും പിന്നീട് വരൾച്ചയുടെയും പ്രളയത്തിന്റെയും കാലത്ത്‌ കൃത്യമായ ജലപരിപാലനമാണ് കാടിന്റെ ധർമമെന്നും നമ്മൾ നിർവചിച്ചു. നൂറ്റാണ്ടുകൾ നീണ്ട മുകളിൽനിന്ന് തീരുമാനിക്കപ്പെട്ടു താഴേക്ക് നടപ്പാക്കപ്പെട്ട വനപരിപാലന രീതിയിൽനിന്ന്‌ വഴിമാറി വനംവകുപ്പ് പൊതുസമൂഹവുമായി സംവദിക്കുന്നു എന്നതാണ് വനസൗഹൃദസദസ്സുകളുടെ ചരിത്രപരമായ പ്രസക്തി.

വന്യജീവി സംഘർഷങ്ങളെക്കുറിച്ച് മാത്രമല്ല, പട്ടയവിതരണത്തെക്കുറിച്ച്‌, മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട്, ബഫർ സോണിനെക്കുറിച്ചുള്ള ആശങ്കകളെക്കുറിച്ച് ഒക്കെയുള്ള പരാതികൾ വനസൗഹൃദ സദസ്സിനു മുന്നേതന്നെ ജനങ്ങൾ പഞ്ചായത്ത്‌ ഓഫീസിലോ ഫോറസ്റ്റ്‌ റെയ്ഞ്ച്‌ ഓഫീസിലോ നൽകുന്നു. ഇവയും അതിലുൾപ്പെടാത്ത വിഷയങ്ങളും വനസൗഹൃദ സദസ്സിൽവച്ച്  വനംമന്ത്രിയും എംഎൽഎമാരും ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുമുള്ള വേദിക്ക് മുമ്പാകെ ആദ്യം ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികളും പിന്നീട് ജനങ്ങൾ നേരിട്ടും അവതരിപ്പിക്കുന്നു. അതിനുശേഷം ചുമതലപ്പെടുത്തപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥൻ ഓരോ പ്രശ്നവും എടുത്തു പരിഹാരം നിർദേശിക്കുന്നു. പല പ്രശ്നങ്ങളും പ്രാദേശികമായിത്തന്നെ പരിഹരിക്കാവുന്നവയാണ്. ചിലത് സംസ്ഥാനതലത്തിലും മറ്റു ചിലവ ദേശീയതലത്തിലും പരിഹരിക്കപ്പെടേണ്ടവയുമാകും. ഒന്നുപോലും വിട്ടുപോകാതെ ഇത്തരത്തിൽ പ്രശ്നങ്ങളെ നിർധാരണം ചെയ്യുമ്പോൾ ആദ്യം സംഭവിക്കുന്നത് ജനങ്ങളും വനംവകുപ്പും തമ്മിലുള്ള അവിശ്വാസം ഇല്ലാതാകുന്നു എന്നതാണ്. രണ്ടാമതായി ഗ്രാമപഞ്ചായത്തു തലത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്ന് രൂപപ്പെടുന്ന പുതിയ കൂട്ടായ്മയാണ്. പലപ്പോഴും പരസ്പരം അറിയുകപോലും ചെയ്യാതിരുന്ന വകുപ്പുകളും ബോർഡുകളും ഗവേഷണസ്ഥാപനങ്ങളുടെ പ്രതിനിധികളും ചേർന്ന് പ്രാദേശികതലത്തിൽ പ്രശ്നങ്ങൾ പരിശോധിക്കുകയും പരിഹാരമാർഗങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന അപൂർവ മാതൃകയാണ് വനസൗഹൃദസദസ്സുകളുടെ നേട്ടം.
(കേരള ഫോറസ്റ്റ്‌ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ചീഫ് സയന്റിസ്റ്റാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top