05 February Sunday
ഇന്ന്‌ കൂത്തുപറമ്പ് ദിനം

കൂത്തുപറമ്പ് :ഊർജമേകും സ്‌മരണ

വി കെ സനോജ്Updated: Friday Nov 25, 2022

കൂത്തുപറമ്പ് പോരാട്ടത്തിന് 28 വർഷം പൂർത്തിയാകുകയാണ്. 1994 നവംബർ 25നാണ് കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ നിരായുധരായ ജനക്കൂട്ടത്തിനു നേരെ എല്ലാ നിയമവും ലംഘിച്ച് പൊലീസ്‌ വെടിയുതിർത്തത്.  കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ്‌ഭരണം വിദ്യാഭ്യാസരംഗത്ത്  നടപ്പാക്കാൻ ശ്രമിച്ച  നവ ഉദാരവൽക്കരണ നയങ്ങൾക്കെതിരെ രാജ്യത്തുതന്നെ നടന്ന ശ്രദ്ധേയമായ സമരങ്ങളിലൊന്നായിരുന്നു അഞ്ചു പേരുടെ രക്തസാക്ഷിത്വത്തിലേക്ക് നയിച്ച കൂത്തുപറമ്പ് സമരം. കോൺഗ്രസിന്റേതിന് സമാനമായ ഉദാരവൽക്കരണ സാമ്പത്തിക നയങ്ങൾ കൂടുതൽ തീവ്രമായി നടപ്പാക്കുന്ന ബിജെപി രാജ്യം ഭരിക്കുന്ന പശ്ചാത്തലത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിന്റെ  രാഷ്ട്രീയപ്രസക്തി ഏറെയാണ്. ലോകത്ത് നവലിബറൽ നയങ്ങൾ നടപ്പാക്കിയ രാജ്യങ്ങളിലെല്ലാം ജനങ്ങൾ തെരുവിൽ ഇറങ്ങിയിട്ടുണ്ട്. അത്തരം സമരങ്ങളുടെ ചരിത്രത്തിൽ ആദ്യത്തെ രക്തസാക്ഷിത്വമാണ് കൂത്തുപറമ്പിലേത്. അതുകൊണ്ട് കൂത്തുപറമ്പ് സ്ഥലനാമം മാത്രമല്ല. ചരിത്രത്തിൽ പോരാട്ടത്തിന്റെ പര്യായപദംകൂടിയാണ്.

കൂട്ടക്കുരുതി
വിദ്യാഭ്യാസം അടക്കമുള്ള സേവനമേഖലകളിൽനിന്ന് സർക്കാർപിൻവാങ്ങി അത്തരം മേഖലകൾ പൂർണമായും സ്വകാര്യവൽക്കരിക്കണമെന്ന നിലപാടാണ് നവലിബറൽ സാമ്പത്തിക നയത്തിന്റെ ഭാഗമായി 1990കളിൽ രാജ്യത്തെ കോൺഗ്രസ് സർക്കാർ സ്വീകരിച്ചത്. ഈ നയം കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലും നടപ്പാക്കാനാണ് തൊണ്ണൂറുകളുടെ ആദ്യപകുതി കേരളം ഭരിച്ചിരുന്ന കെ കരുണാകരന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരും  ശ്രമിച്ചത്. ഇത് അഴിമതിയും വിദ്യാഭ്യാസക്കച്ചവടവും പ്രോത്സാഹിപ്പിച്ചു. ഇതിനിടയിൽ പരിയാരം മെഡിക്കൽകോളേജ് സ്വകാര്യസ്വത്താക്കാൻ നീക്കം നടക്കുകയും കണ്ണൂർ ജില്ലാ ബാങ്ക് നിയമനം സംബന്ധിച്ച് അഴിമതിക്കഥകൾ പുറത്തുവരികയും ചെയ്ത സാഹചര്യത്തിൽ കേരളമാകെ വിദ്യാർഥി– --യുവജന പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു.

ഈ സമരത്തിന്റെ ഭാഗമായി  മന്ത്രിമാരെ കരിങ്കൊടികാണിച്ച് പ്രതിഷേധം സംഘടിപ്പിക്കാൻ ഡിവൈഎഫ്‌ഐ ആഹ്വാനം ചെയ്യുകയുണ്ടായി. ആ ഘട്ടത്തിലാണ് 1994 നവംബർ 25ന്‌ കൂത്തുപറമ്പ് അർബൻ ബാങ്കിന്റെ സായാഹ്നശാഖ ഉദ്ഘാടനം ചെയ്യാൻ സഹകരണമന്ത്രി എം വി രാഘവൻ എത്തുന്നത്. സ്വാഭാവികമായും ശക്തമായ വിദ്യാർഥി– --യുവജന പ്രതിഷേധം ഉണ്ടായി. നിരായുധരായ ജനക്കൂട്ടത്തിനു നേരെയാണ്‌ എല്ലാ നിയമവും ലംഘിച്ച്  പൊലീസ്‌ വെടിയുതിർത്തത്.

ഡിവൈഎഫ്ഐയുടെ സജീവപ്രവർത്തകരും നേതാക്കളുമായ രാജീവൻ, റോഷൻ, ബാബു, ഷിബുലാൽ, മധു എന്നീ അഞ്ചു പോരാളികൾ വെടിവയ്‌പിൽ രക്‌തസാക്ഷികളായി.  സമരത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകൻ പുഷ്പൻ നട്ടെല്ലിന് വെടിയേറ്റ്   28 വർഷമായി  കിടപ്പിലാണ്. കൂടാതെ, നിരവധി യുവജനങ്ങൾക്കും വിദ്യാർഥികൾക്കും  വെടിവയ്‌പിലും ലാത്തിച്ചാർജിലും ഭീകരമായി പരിക്കേറ്റു. കേരളത്തിൽ ഒരു സർക്കാരും ഇത്രയും മനുഷ്യത്വരഹിതമായി ഒരു ജനകീയ സമരത്തെയും നേരിട്ടിട്ടില്ല. അധികാരത്തിന്റെ ലഹരി  കോൺഗ്രസുകാരുടെ  സമനില ഏതളവിൽവരെ തെറ്റിക്കും എന്നതിന്  കൂത്തുപറമ്പിലെ വെടിവയ്‌പിനോളം വേറൊരു ഉദാഹരണമില്ല.


 

നിയോ ലിബറൽ നയങ്ങൾ
കൂത്തുപറമ്പ് സമരം വിദ്യാഭ്യാസരംഗത്തെ സ്വകാര്യവൽക്കരണത്തിന്‌ എതിരായിരുന്നെങ്കിൽ ഇന്ന് ഏതാണ്ട് എല്ലാ മേഖലയും സ്വകാര്യവൽക്കരണം കീഴടക്കിയിരിക്കുന്നു. കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കപ്പെടുകയും അവിടെ ലഭ്യമായിരുന്ന തൊഴിൽ നഷ്ടപ്പെടുകയുമാണ്. കരാർവൽക്കരണം ശക്തിപ്പെടുത്തി കേന്ദ്രസർക്കാർതന്നെ ചൂഷണത്തിന്‌ കുടപിടിക്കുന്ന സ്ഥിതിയാണ് ഉള്ളത്. സൈന്യത്തിൽ അഗ്നിപഥ് പദ്ധതി നടപ്പാക്കിയതിലൂടെ കരാർവൽക്കരണം എവിടെയും ആകാമെന്ന സന്ദേശമാണ് കേന്ദ്ര സർക്കാർ നൽകിയത്.

2018-നും -2022നുമിടയിൽ തൊഴിലില്ലായ്മ കാരണം രാജ്യത്ത് 25,231 യുവജനങ്ങൾ ആത്മഹത്യ ചെയ്തെന്ന  നാഷണൽ ക്രൈം റെക്കോഡ്സ്‌ ബ്യൂറോയുടെ കണക്ക്  ഭീതിപ്പെടുത്തുന്നതാണ്.  ഇത്തരം പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നതിനു  പകരം റെയിൽവേ ഉൾപ്പെടെ കൂടുതൽ തൊഴിൽ സാധ്യതയുള്ള ഇടങ്ങളിൽ സ്ഥിരനിയമനങ്ങൾ പൂർണമായും നിർത്തിവച്ച്‌  ഈ മേഖലകളെല്ലാം സ്വകാര്യവൽക്കരിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യമേഖലയ്ക്ക് തീറെഴുതിയാൽ സംഭവിക്കുന്ന തൊഴിൽനഷ്ടം  ബിഎസ്എൻഎല്ലിൽ സംഭവിക്കുന്നത് പരിശോധിച്ചാൽ ബോധ്യപ്പെടും. 2019 തുടക്കത്തിൽ  1,66,974 സ്ഥിരം ജീവനക്കാരും 49,114 കരാർ ജീവനക്കാരും അടക്കം 2,16,088 പേർ ബിഎസ്എൻഎല്ലിൽ തൊഴിൽ ചെയ്തിരുന്നു. 2019ൽ 1,15,634 പേരെ പിരിച്ചുവിട്ടു. ജീവനക്കാർ മൂന്നിലൊന്നായി ചുരുങ്ങി. 2017നു ശേഷം പുതുതായി ഒരാളെപ്പോലും നിയമിച്ചിട്ടില്ല. തൊഴിലന്വേഷകരായ രാജ്യത്തെ യുവതയെ നവലിബറൽ സാമ്പത്തികനയം എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്നത്  ഇതിൽനിന്നുമാത്രം വ്യക്തമാണ്. സ്വകാര്യവൽക്കരണം നടക്കുന്നതോടെ മെറിറ്റും സംവരണവും സാമൂഹ്യനീതിയും അട്ടിമറിക്കപ്പെടുന്നു.

എൽഐസി, ബിപിസിഎൽ, എയർ ഇന്ത്യ, എച്ച്എൽഎൽ, വിമാനത്താവളങ്ങൾ, റെയിൽവേ തുടങ്ങി സകല മേഖലയും കോർപറേറ്റുകളെ ഏൽപ്പിക്കുകയാണ്.
രാജ്യത്തെ തൊഴിലാളികളുടെയും കർഷകരുടെയും ജീവിതം കൂടുതൽ ദുരിതപൂർണമാക്കുന്ന നിയോ ലിബറൽ സാമ്പത്തികനയത്തിനെതിരെ കൂത്തുപറമ്പിൽ നടന്നതുപോലുള്ള സമരങ്ങൾ  ഇന്നും ശക്തമായ നിലയിൽത്തന്നെ  രാജ്യത്ത് ഉടനീളം നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം നടന്ന ഐതിഹാസികമായ കർഷകസമരം അതിലൊന്നു മാത്രം. ഈ സമരങ്ങളെയെല്ലാം വർഗീയതയെ ഉപയോഗപ്പെടുത്തി ദുർബലപ്പെടുത്താനാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി ശ്രമിക്കുന്നത്. കർഷകസമരം ശക്തമായ ഘട്ടത്തിലും അത്തരം ശ്രമങ്ങൾ ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടായെങ്കിലും അത് പലകാരണങ്ങൾകൊണ്ട് നടന്നില്ല.

സംസ്ഥാനത്തിന്റെകൂടി വിഷയമായിരുന്ന വിദ്യാഭ്യാസത്തെ  ഫെഡറൽ തത്വങ്ങളെ കാറ്റിൽപ്പറത്തി  കേന്ദ്രത്തിന്റെ പൂർണ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാൻ ന്യൂ എഡ്യൂക്കേഷൻ പോളിസി അവതരിപ്പിച്ചതും സങ്കുചിതമായ ഈ താൽപ്പര്യങ്ങളോടെയാണ്.

മുകളിൽ സൂചിപ്പിച്ചതുപോലെ  വർഗീയതയെ ഉപയോഗപ്പെടുത്തി  തൊഴിലാളി-–-കർഷക-–-യുവജന-വിദ്യാർഥി ഐക്യത്തെ തകർക്കാൻ അതിനനുസൃതമായ സാമൂഹ്യവും സാംസ്കാരികവുമായ പശ്ചാത്തലം ഉണ്ടാകണം. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് സംഘപരിവാർ വിദ്യാഭ്യാസ മേഖലയിൽ ഇടപെടുന്നതും രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആധുനികമായ ലോകവീക്ഷണത്തെ അട്ടിമറിക്കാൻ ശ്രമങ്ങൾ നടത്തുന്നതും. ബിജെപി അധികാരത്തിൽ വന്നയുടൻ ജെഎൻയു, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി, പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, മദ്രാസ് ഐഐടി തുടങ്ങിയ സ്ഥാപനങ്ങൾ തങ്ങളുടെ വരുതിയിലാക്കാൻ നടത്തിയ നീക്കങ്ങളും വിദ്യാർഥികളുടെ പ്രതിരോധവും നാം കണ്ടതാണ്. സംസ്ഥാനത്തിന്റെകൂടി വിഷയമായിരുന്ന വിദ്യാഭ്യാസത്തെ  ഫെഡറൽ തത്വങ്ങളെ കാറ്റിൽപ്പറത്തി  കേന്ദ്രത്തിന്റെ പൂർണ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാൻ ന്യൂ എഡ്യൂക്കേഷൻ പോളിസി അവതരിപ്പിച്ചതും സങ്കുചിതമായ ഈ താൽപ്പര്യങ്ങളോടെയാണ്.

തങ്ങൾക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗപ്പെടുത്തിയാണ് ഉന്നത വിദ്യാഭ്യാസമേഖലയിൽ കേന്ദ്ര സർക്കാരും സംഘപരിവാറും കാവിവൽക്കരണം നടപ്പാക്കാൻ ശ്രമിക്കുന്നത്. കേരളത്തിലെ സർവകലാശാലകളിൽ സംഘപരിവാർ അനുകൂലികളെ നിയമിക്കാനുള്ള കേരള ഗവർണറുടെ ഭരണഘടനാ വിരുദ്ധമായ ഇടപെടലുകളും ഇതിന്റെ ഭാഗമാണ്. അതിനെ എന്തു വിലകൊടുത്തും ചെറുക്കാനുള്ള ചുമതല കൂത്തുപറമ്പിന്റെ സമരവീര്യം സിരകളിൽ ഒഴുകുന്ന യുവതയ്ക്കുണ്ട്. ഇവിടെ എടുത്തു പറയേണ്ടുന്നൊരു കാര്യം, കേരളത്തിലെ സർവകലാശാലകളുടെ ഫലപ്രദമായ നടത്തിപ്പിനെ അട്ടിമറിക്കാൻ കരാറെടുത്ത ഒരു സംഘപരിവാർ ഏജന്റായി ഗവർണർ ഇടപെടുമ്പോൾ അതിനൊപ്പം നിൽക്കുന്ന നിലപാടാണ് കേരളത്തിൽ കോൺഗ്രസുകാർ സ്വീകരിച്ചിട്ടുള്ളത് എന്നതാണ്. ചുരുക്കത്തിൽ 28  വർഷംമുമ്പ്‌ വിദ്യാഭ്യാസമേഖലയെ രക്ഷിക്കാൻ യുഡിഎഫ് സർക്കാരിന് എതിരെ നടത്തിയതുപോലൊരു സമരം നിലവിൽ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ രക്ഷിക്കാൻ കോൺഗ്രസ്‌–- -സംഘപരിവാർ ഐക്യമുന്നണിക്കെതിരെ നടത്തേണ്ട സാഹചര്യത്തിലാണ് കൂത്തുപറമ്പ്  രക്തസാക്ഷി ദിനം വീണ്ടുമെത്തുന്നത്.

ലോകത്ത് നവലിബറൽ നയങ്ങൾ നടപ്പാക്കിയ ആദ്യ രാജ്യങ്ങളിൽ ഒന്നാണ്  ലാറ്റിനമേരിക്കയിലെ ചിലി. അന്ന് അവിടെ അമേരിക്കയുടെ പിന്തുണയുള്ള സർക്കാർ ആയിരുന്നു. എന്നാൽ, സാധാരണക്കാർക്ക്  ദുരിതംമാത്രം സമ്മാനിച്ച ഉദാരവൽക്കരണം നാല്  ദശകം പിന്നിടുമ്പോൾ അതിനെതിരെയുള്ള സമരങ്ങളിലൂടെ ഉയർന്നു വന്ന ഇടതു മുന്നേറ്റങ്ങൾ  ചിലി അടക്കമുള്ള രാജ്യങ്ങളിൽ  അധികാരത്തിലേറുന്ന കാഴ്ചയാണ് നാം കാണുന്നത്. അതുകൊണ്ട് ഈ പുത്തൻ സാമ്പത്തിക നയത്തിന്റെ ദുരിതക്കയങ്ങളിൽനിന്ന്‌ സാധാരണ മനുഷ്യരെ രക്ഷിക്കുന്നതിനുള്ള സമരം ഒന്നും പാഴായിപ്പോകുന്നില്ല.

കൂത്തുപറമ്പ് സമരത്തിന് ആധാരമായ പരിയാരം മെഡിക്കൽകോളേജ് എൽഡിഎഫ്‌  ഭരണത്തിൽ സർക്കാർ മെഡിക്കൽ കോളേജായി മാറിയിരിക്കുന്നു എന്നതുകൂടി ഈ അവസരത്തിൽ ഓർക്കേണ്ടതാണ്. ഒരുനാൾ ഇതുപോലെ എല്ലാ സമരവും വിജയങ്ങളിലെത്തും. ആ സമരത്തെ കൂടുതൽ ഊർജസ്വലമാക്കാൻ  കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന്റെ ഓർമകൾക്ക്  എല്ലാ കാലവും കഴിയുമെന്നത് തീർച്ചയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top