26 April Friday

കോവിഡ് നിയന്ത്രണം; കേരളം മുന്നോട്ടുതന്നെ - ഡോ. ബി ഇക്ബാൽ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 25, 2021

കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളുമായി തട്ടിച്ച് നോക്കുമ്പോൾ കോവിഡ് രോഗികളുടെയും കോവിഡ്മൂലം മരിക്കുന്നവരുടെയും എണ്ണം കൂടുതലാണെന്ന് ചിലർ വിമർശം ഉന്നയിച്ചിട്ടുണ്ട്. കോവിഡ്സ്ഥിതി വിശദമായി വിലയിരുത്താതെയുള്ള നിഗമനങ്ങളാണിവ. പൊതുവിൽ പറഞ്ഞാൽ കേരളത്തിൽ കോവിഡ് പോസിറ്റീവാകുന്നവരിൽ കൂടുതലും (70 ശതമാനത്തിലേറെ) വാക്സിനെടുത്തവരാണ്.  ഇവരിൽ ലഘുവായ രോഗലക്ഷണമാണ് കാണുക.  മിക്കവർക്കും ആശുപത്രി പ്രവേശവും വേണ്ടിവരുന്നില്ല.  മരിക്കുന്നതിൽ ഭൂരിപക്ഷവും വാക്സിനെടുക്കാത്ത മുതിർന്ന പൗരന്മാരുമാണ്. ഇത്തരത്തിലുള്ള ആളുകളെ കണ്ടെത്താൻ കഴിയുന്നതുതന്നെ സംസ്ഥാനത്ത് നിലനിൽക്കുന്ന രോഗനിരീക്ഷണ സംവിധാനത്തിന്റെ മികവുകൊണ്ടാണ്.  കേരള സർക്കാരിന്റെ ആപ് പോർട്ടലിൽ (GoK Direct)  പ്രസിദ്ധീകരിക്കുന്ന  വിശകലന റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നുണ്ട്.  അതൊന്നും പരിശോധിക്കാതെയാണ് കേരളത്തെ ഇകഴ്ത്തിക്കാട്ടാൻ പലരും ശ്രമിക്കുന്നത്,

1. ഒക്ടോബർ 22ലെ സ്ഥിതി പരിശോധിച്ചാൽ 9361 പുതിയ രോഗികളിൽ വാക്സിനേഷന് അർഹരായ 7769 പേരിൽ 2199 പേർ ഒരു ഡോസും 3019 പേർ രണ്ട് ഡോസും സ്വീകരിച്ചിരുന്നു. എന്നാൽ, 2551 പേർക്ക് വാക്സിൻ ലഭിച്ചതായി റിപ്പോർട്ടില്ല. അതായത് പോസിറ്റീവ് കേസുകളിൽ 27.2 ശതമാനം മാത്രമാണ് വാക്സിൻ എടുക്കാത്തവർ. വാക്സിൻ സ്വീകരിച്ച മറ്റുള്ളവർ  പോസിറ്റീവാണെങ്കിലും രോഗം ഗുരുതരമാകില്ല.

2. ഒക്‌ടോബർ 15 മുതൽ 21 വരെയുള്ള കാലയളവിൽ, ശരാശരി 85,845 കേസ്‌ ചികിത്സയിലുണ്ടായിരുന്നതിൽ രണ്ട്‌ ശതമാനം പേർക്ക് മാത്രമാണ് ഓക്‌സിജൻ കിടക്കകളും 1.5 ശതമാനം പേർക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവ്, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളിൽ ഏകദേശം 7670 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളർച്ചനിരക്കിൽ മുൻ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ 12 ശതമാനം കുറവ് ഉണ്ടായി.  രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികൾ, ആശുപത്രികൾ, ഫീൽഡ് ആശുപത്രികൾ, ഐസിയു, വെന്റിലേറ്റർ, ഓക്‌സിജൻ കിടക്കകൾ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുൻആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ആഴ്ചയിൽ യഥാക്രമം 18ശതമാനം, 15ശതമാനം, 34ശതമാനം, 13ശതമാനം, 12ശതമാനം, 19ശതമാനം കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ്.

3. കേരളത്തിൽ മരിച്ചവരുടെ വിശദമായ തരംതിരിച്ചുള്ള വിശകലനം നടത്തിവരുന്നുണ്ട്. (Death Auditing). 2021 ജൂൺ 18 മുതൽ സെപ്തംബർ മൂന്നുവരെ മരിച്ച 9195 പേരെ സംബന്ധിച്ച്‌ നടത്തിയ പഠനമനുസരിച്ച് 69.3 ശതമാനം  61–-90 വയസ്സുള്ളവരും 16.35 ശതമാനം 51–-60 വയസ്സുള്ളവരുമാണ്.  മൊത്തം മരണമടഞ്ഞവരിൽ 90.15 ശതമാനവും വാക്സിൻ എടുക്കാത്തവരാണ്. 2.46 ശതമാനം രണ്ട് ഡോസും  7.38 ശതമാനം ഒരു ഡോസ് മാത്രം എടുത്തവരുമാണ്. ഇവർക്കെല്ലാം പ്രമേഹം, രക്താതിമർദം, ഹൃദയ–-വൃക്ക–-ശ്വാസകോശ രോഗങ്ങൾ തുടങ്ങിയ അനുബന്ധ രോഗമുള്ളവരാണെന്ന്‌ കണ്ടെത്താൻ കഴിഞ്ഞു,  പലരും ഒന്നിലധികം മറ്റ് രോഗങ്ങളുള്ളവരായിട്ടാണ് കണ്ടത്. 


 

4. 514 പേർ വീടുകളിലാണ് മരണമടഞ്ഞത്, ആശുപത്രിയിൽ എത്തിയവരിൽ 30.44 ശതമാനം വൈകിയാണെത്തിയതെന്നും കാണുന്നു.

5. 18 വയസ്സിന് മുകളിലുള്ളവരിൽ   ഒന്നാം ഡോഡ് എടുത്തവർ 94.09 ശതമാനവും രണ്ടും   എടുത്തവർ 49.49 ശതമാനവുമാണ്. അറുപത് വയസ്സിന് മുകളിലുള്ളവരിൽ 35,000 പേർ ഇനിയും വാക്സിൻ എടുക്കാനുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ മറ്റ് രോഗങ്ങൾ ബാധിച്ചവരാണ് മരിക്കുന്നവരിൽ ഭൂരിഭാഗവും. വാക്സിൻ എടുക്കുന്നതിലുള്ള വിമുഖത (Hesistancy) പലരിലും കാണുന്നുണ്ട്. മുതിർന്ന പൗരന്മാർക്ക് വാക്സിൻ നൽകുന്നതിനുള്ള തീവ്രശ്രമം ആരോഗ്യ തദ്ദേശവകുപ്പുകൾ നടത്തിവരികയാണ്.

6. ഇപ്പോഴുള്ള മരണങ്ങൾ കണക്കിലെടുത്താലും കേരളത്തിലെ മരണനിരക്ക് 0.55 ശതമാനം മാത്രമാണ്. 1.33 ശതമാനമാണ്  ഇന്ത്യൻ ശരാശരി.

7. പുതിയ വൈറസ് വകഭേദം ഉണ്ടാകുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിന് അതീവജാഗ്രത പുലർത്തി ജനിതക ഘടനാനിർണയം (Genome Sequencing) പതിവായി നടത്തുന്ന സംസ്ഥാനമാണ് കേരളം. ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റിഗ്രേറ്റഡ് ബയോളജി,  കേരളത്തിൽ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി എന്നീ ഗവേഷണസ്ഥാപനങ്ങളിൽ  പൂർണ ജീനോം സീക്വൻസിങ്ങും കോഴിക്കോട് മെഡിക്കൽ കോളേജിലെ മെഡിക്കൽ റിസർച്ച് യൂണിറ്റിൽ സ്പൈക്ക് പ്രോട്ടീൻ സീക്വൻസിങ്ങും നടന്നുവരുന്നു. കേരളത്തിൽ കൂടുതലും ഡെൽറ്റ വൈറസ് വകഭേദങ്ങളാണെന്നാണ് ഈ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പുതിയ വകഭേദങ്ങളൊന്നും ഇതുവരെ ആവിർഭവിച്ചിട്ടില്ല.

മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ ജനസാന്ദ്രത കൂടുതലായിരിക്കുന്നതും പ്രായാധിക്യമുള്ളവരുടെ എണ്ണവും അതുകൊണ്ടുതന്നെ പ്രമേഹം, രക്താതിമർദം തുടങ്ങിയ രോഗങ്ങളും കൂടിയിരിക്കുന്നതും  കോവിഡ് വ്യാപനസാധ്യതയും മരണവും വർധിക്കാനുള്ള സാധ്യതയുണ്ടാക്കുന്നുണ്ട്.   ഈ പരിമിതികളെ അതിജീവിച്ചാണ്  വിജയകരമായി കോവിഡ് നിയന്ത്രണം കൈവരിക്കുന്നതെന്ന് വിമർശകർ കാണാൻ കൂട്ടാക്കുന്നില്ല. കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ കർശനമായി പാലിക്കുകയും എല്ലാവരും പ്രത്യേകിച്ച് പ്രായാധിക്യമുള്ളവർ വാക്സിൻ  സ്വീകരിക്കുകയും ചെയ്താൽ  കോവിഡ് നിയന്ത്രണം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയും.  അതുപോലെ പ്രധാനമാണ് പോസിറ്റീവാകുന്നവരിൽ പ്രായം കൂടിയവരെയും  മറ്റ് രോഗമുള്ളവരെയും  വൈകാതെ ആശുപത്രിയിലെത്തിക്കുക എന്നതും. ഇക്കാര്യങ്ങളിൽ ജനങ്ങളെ ബോധവൽക്കരിക്കുന്നതിന് പകരം വസ്തുനിഷ്ഠമായി കാര്യങ്ങൾ പരിശോധിക്കാതെ  ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കേണ്ടതാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top