03 December Friday

സ്വന്തം മണ്ണിൽനിന്ന് പിഴുതെറിയപ്പെട്ടവർ- വിജു കൃഷ്ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 25, 2021

-

അസമിലെ ധരാംഗ്‌ ജില്ലയിലെ ധൽപുർ ഗോരുഖ്‌തിയിൽ പൊലീസിന്റെ വെടിയേറ്റ് വീണ കർഷകന്റെ ശരീരത്തിൽ  ആഹ്ലാദനൃത്തം നടത്തുന്ന ഫോട്ടോഗ്രാഫറുടെ ഫോട്ടോയും വീഡിയോയും മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. ആർഎസ്എസും - ബിജെപിയും അവരുടെ അണികളിലേക്ക്‌ ആസൂത്രിതമായി കുത്തിനിറച്ച വിദ്വേഷ രാഷ്ട്രീയത്തിന്റെ ഭീകരമുഖമാണ്‌ ഇതിലൂടെ വെളിപ്പെടുന്നത്‌. ബിജോയ് ബാനിയ എന്ന ഫോട്ടോഗ്രാഫർ വെടിയേറ്റ്‌ വീണ മോയിനുൽ ഹഖിന്റെ മൃതശരീരത്തിൽ  ചാടി നൃത്തമാടുകയായിരുന്നു. പൊലീസും ഈ ക്രൂരതയുടെ ഭാഗമായി.  വെടിവച്ചു വീഴ്‌ത്തിയശേഷം മോയിനുൽ ഹഖിനെ വലിച്ചിഴച്ച പൊലീസ്‌  ശരീരത്തിലേക്ക്‌ ബാറ്റൺ കുത്തിക്കയറ്റി. വാസസ്ഥലമായ തങ്ങളുടെ ഭൂമിയിൽനിന്ന്‌ കുടിയൊഴിപ്പിക്കുന്നതിനെതിരെ  ഒരു വടിയുമായി പൊലീസിനുനേരെ പ്രതിഷേധിച്ച്‌ മുന്നോട്ടുവന്നപ്പോഴാണ്‌ വെടിവച്ചുകൊന്നത്‌. ഈ സംഭവം  മനഃസാക്ഷിയും ചിന്താശക്തിയുമുള്ള എല്ലാ മനുഷ്യരെയും ഞെട്ടിച്ചു.  ഇന്ത്യക്കകത്തും പുറത്തും  വ്യാപകമായ പ്രതിഷേധമുയർത്തി.

പതിറ്റാണ്ടുകളായി കൈവശംവച്ച്‌ കൃഷി ചെയ്യുന്ന ഭൂമിയിൽനിന്ന്‌  ഒരുവിഭാഗത്തിൽപ്പെട്ടവരെ ‘അനധികൃത കൈയേറ്റക്കാർ’ എന്നുപറഞ്ഞ്‌ ആട്ടിപ്പായിക്കാൻ ഹിമന്ത ബിശ്വ സർമയുടെ നേതൃത്വത്തിലുള്ള അസമിലെ ബിജെപി സർക്കാർ  കുടിയൊഴിപ്പിക്കൽ യജ്ഞത്തിലാണ്‌. കൈവശഭൂമിയിൽനിന്ന്‌ കൃഷിക്കാരെ പിഴുതെറിയാൻ വലിയബലപ്രയോഗവും നടക്കുന്നു. ഇതുമായി ബന്ധപ്പെട്ട്‌ ഗുവാഹത്തി ഹൈക്കോടതിയിൽ  കേസ്‌ നിലവിലിരിക്കെ  ജനങ്ങൾക്ക്‌ മതിയായ നോട്ടീസ്‌പോലും നൽകാതെയാണ്‌ ഒഴിപ്പിക്കൽ. എല്ലാ പൗരന്മാർക്കും തുല്യതയും സുരക്ഷയും ഉറപ്പുനൽകുന്ന  ഭരണഘടനാ വ്യവസ്ഥ ലംഘിക്കപ്പെട്ടിരിക്കുന്നു. കർഷകരിൽനിന്ന് ഏകദേശം 5000 ബിഗാസ്‌ ഭൂമി വിട്ടുകിട്ടിയതായും 77,000 ബിഗാസ്‌ ഭൂമിയിൽ തദ്ദേശീയരായ തൊഴിൽരഹിതരായ യുവാക്കൾക്ക്‌ തൊഴിൽ ലഭ്യമാക്കാൻ കമ്യൂണിറ്റി ഫാമിങ്‌ ആരംഭിക്കുമെന്നും സർക്കാർ അവകാശപ്പെടുന്നു. കേവലം ആയിരം കുടുംബത്തിന്‌ എങ്ങനെയാണ്‌ 77,000 ബിഗ അനുവദിക്കുകയെന്നും ഭൂമി പിടിച്ചെടുത്ത്‌ ഭൂരഹിതർക്ക്‌ പുനർവിതരണം ചെയ്യലിന്‌ ഊന്നൽ നൽകുമെന്നുമാണ്‌  മുഖ്യമന്ത്രി ബിശ്വ ശർമ പറയുന്നത്‌. ഒരു വിഭാഗം വലിയതോതിൽ ഭൂമി കൈയേറി കൈവശം വച്ചിരിക്കുകയാണെന്നും ഇത്‌ മറ്റു ഭൂരഹിതർക്ക്‌ ഭൂമി നിഷേധിക്കലാണെന്നുമുള്ള  പ്രചാരണം  വെറും തന്ത്രം മാത്രമാണ്. ചെറുകിട കൃഷിക്കാരെ സാമുദായികമായി ധ്രുവീകരിക്കുകയും പുറത്താക്കുകയുമാണ്‌ ലക്ഷ്യം. തദ്ദേശീയരായവർക്ക്‌ ഭൂമി നൽകാൻ വിദേശ കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നു എന്ന പ്രചാരണത്തിലൂടെ ഒരു വിഭാഗത്തെ പാടെ ദുരന്തത്തിലേക്ക്‌ തള്ളിവിടുകയാണ്‌. 

അഖിലേന്ത്യ കിസാൻസഭ, കർഷകത്തൊഴിലാളി യൂണിയൻ  ധൽപുർ ഗോരുഖ്‌തിയിൽ പ്രദേശം സന്ദർശിച്ചപ്പോൾ കണ്ടത്‌ ജനതയുടെ ദയനീയാവസ്ഥയാണ്‌. മേഖലയിലെ പ്രവേശന റോഡുകളെല്ലാം പൊലീസ് ഉപരോധിച്ചിരുന്നു. വയലിലൂടെ മൂന്ന്‌ കിലോമീറ്റർ സഞ്ചരിച്ചാണ്‌ റോഡിൽ എത്താനായത്‌. മറ്റൊരു സ്ഥലത്ത്  ആയിരക്കണക്കിന് പുരുഷന്മാരും സ്ത്രീകളും കുട്ടികളും സ്വന്തം നാട്ടിൽ അഭയാർഥികളായി ജീവിക്കാൻ നിർബന്ധിതരാകുകയാണ്‌.  റിച്ചാർഡ്‌ ആറ്റൻബറോയുടെ 1982ൽ പുറത്തിറങ്ങിയ ഗാന്ധി സിനിമയിലെ ഇന്ത്യ വിഭജനകാലത്തെ അഭയാർഥി ക്യാമ്പിനെയും 1988ൽ ഭീഷ്‌മ  സഹ്‌നിയുടെ തമസ് അടിസ്ഥാനമാക്കി ഗോവിന്ദ് നിഹ്‌ലാനി തയ്യാറാക്കിയ സീരിയലിലെയും അഭയാർഥി ക്യാമ്പുകളെ ഓർമിപ്പിക്കുന്നതായിരുന്നു ഇത്‌.  ഗുജറാത്ത്‌ വംശഹത്യക്കാലത്തെ മുസ്ലിം അഭയാർഥി ക്യാമ്പുകളെയും ചുഴലിക്കാറ്റ്‌ സമയത്ത്‌ ഒഡിഷയിലെ ക്യാമ്പുകളേയുംകാൾ ദയനീയമാണ്‌ അസമിൽ കണ്ടത്‌. ആയിരക്കണക്കിന് ആളുകൾ വാസയോഗ്യമല്ലാത്ത സാഹചര്യത്തിലാണ്‌ കഴിയുന്നത്‌.  പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യമോ  ആരോഗ്യപരിപാലന സൗകര്യമോ ഇവിടെയില്ല. 

സർക്കാർ കാണിക്കുന്ന നിസ്സംഗതയും തനിക്ക് "മിയ' വോട്ടുകൾ ആവശ്യമില്ലെന്ന് മുഖ്യമന്ത്രിയുടെ  ആവർത്തിച്ചുള്ള പ്രസ്താവനയും ഭയപ്പെടുത്തുന്നതാണ്.  കർഷകരെ കുടിയൊഴിപ്പിക്കുന്നതിനെ ന്യായീകരിച്ച മുഖ്യമന്ത്രി 4500 ബിഗയിലെ കൈയേറ്റം ഒഴിപ്പിച്ചതിൽ സന്തോഷം പ്രകടിപ്പിക്കുകയും ജില്ലാ ഭരണകൂടത്തെയും അസം പൊലീസിനെയും അഭിനന്ദിക്കുകയും ചെയ്‌തു. 800 കുടുംബത്തെ ഒഴിപ്പിച്ചും നിയമവിരുദ്ധമായി നിർമിച്ച നാല്‌ ആരാധനാ കേന്ദ്രവും  സ്വകാര്യസ്ഥാപനവും പൊളിച്ചുമാറ്റിയുമാണ്‌  4500 - ബിഗ സർക്കാർ നിയന്ത്രണത്തിലാക്കിയത്‌.  ‘പുനരധിവാസവും പുനരധിവാസ പദ്ധതിയും ഒരുക്കാതെയും പരസ്‌പരം ധാരണയില്ലാതെയും ആയിരക്കണക്കിന്‌ ജനങ്ങളെ കൈവശഭൂമിയിൽനിന്ന്‌ ബലമായി പുറത്താക്കിയതിൽ  ഒരു ജനപ്രതിനിധിക്ക്‌  എങ്ങനെയാണ്‌ സന്തോഷിക്കാനാകുക.


 

ഏകദേശം 1170 കുടുംബം ഈ മേഖലയിൽ കാർഷികവൃത്തിയിലും അനുബന്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ട്‌ ഉപജീവനം കഴിക്കുന്നു. ഇവരെയാണ്‌ നിർബന്ധിതമായി കുടിയൊഴിപ്പിച്ചത്‌. ആളുകളെ വീടുകളിൽനിന്ന് ബലമായി പുറത്താക്കി. കാർഷികവിളകളോ  മറ്റ്‌ സാധന സാമഗ്രികളോ എടുക്കാൻ അവസരം നൽകിയില്ല. കുടിലുകൾ തകർത്തശേഷം വയൽ ബുൾഡോസർകൊണ്ട്‌ നശിപ്പിക്കുന്നത്‌ നോക്കിനിൽക്കാനേ പാവങ്ങൾക്ക്‌ സാധിച്ചുള്ളൂ. വാഹനങ്ങൾ, വാട്ടർ പമ്പുകൾ, ഭക്ഷ്യധാന്യങ്ങൾ എന്നിവയ്‌ക്ക്‌  പൊലീസ്‌ തീയിട്ടു.  കുഴൽ കിണറുകൾ ഉപയോഗിക്കാനാകാത്തവിധം നശിപ്പിച്ചു.  ‘മുൻകൂട്ടി നോട്ടീസ്‌ കൊടുക്കാതെയും  സാധനങ്ങൾ എടുത്ത്‌ മാറ്റാൻപോലും അവസരം കൊടുക്കാതെയും പുനരധിവാസം  ലഭ്യമാക്കാതെയുമാണ്‌  കുടിയൊഴിപ്പിച്ചതെന്നാണ്‌ 1975 മുതൽ താമസിക്കുന്ന അമീറ്‌ ഷെയ്‌ക്ക്‌ എന്ന വയോധികൻ പറഞ്ഞത്‌. ചിലർക്ക്‌ വാട്‌സാപ്‌ വഴിയാണ്‌ ഒഴിപ്പിക്കൽ നോട്ടീസ് ലഭിച്ചത്‌. വീട് നശിപ്പിച്ച്‌ 45 മിനിറ്റിനുശേഷമാണ്‌ വാട്‌സാപ്പിലൂടെ അമീറ്‌ ഷെയ്‌ക്കിന്‌ നോട്ടീസ് ലഭിച്ചത്‌. ’

അവർ  ഭൂരേഖകൾ,  ആധാർ കാർഡുകൾ, ട്രഷറി പേയ്മെന്റ് രസീതുകൾ, റേഷൻ കാർഡുകൾ എന്നിവ ഞങ്ങളെ കാണിച്ചു. അവർ 50 വർഷത്തിലേറെയായി  താമസിക്കുന്ന ഇന്ത്യൻ പൗരന്മാരാണെന്നതിൽ സംശയമില്ല.   അനധികൃത കുടിയേറ്റക്കാരാണെങ്കിൽ  സർക്കാർ  38 അങ്കണവാടിയും 42 സർവശിക്ഷാ ലോവർ പ്രൈമറി സ്കൂളും സ്ഥാപിക്കുമായിരുന്നോ എന്നാണ്‌ നാട്ടുകാർ ചോദിക്കുന്നത്‌. 30 കിടക്കയുള്ള പ്രാഥമികാരോഗ്യ കേന്ദ്രം (പിഎച്ച്സി),  രണ്ട് ഉപകേന്ദ്രവും ഉണ്ട്‌.  എല്ലാ സ്കൂളിലും ആസാമിയാണ്‌ പഠന മാധ്യമം.   ഏക പിഎച്ച്സിയും എൽപി സ്കൂളും പൊലീസ്‌ ക്യാമ്പാക്കി മാറ്റി. കുടിയൊഴിപ്പിക്കലിനുശേഷം ട്രാക്ടറുകൾ ഉപയോഗിച്ച്  ഉഴുതുമറിച്ചു.  എല്ലാ റോഡും അടച്ചു. സമാധാനപരമായി ഉപജീവനമാർഗം നേടാനുള്ള മുസ്ലിം കർഷകരുടെ അവകാശമാണ്‌  നിഷേധിക്കപ്പെട്ടിരിക്കുന്നത്‌.

സ്വന്തം മണ്ണിൽനിന്ന്‌ പിഴുതെറിയപ്പെട്ടവർക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരണം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ശക്തമായ  പ്രതിരോധം തീർത്ത ചരിത്രപരമായ പാരമ്പര്യമാണ് ധരാംഗിനുള്ളത്‌.  ഭൂനികുതി വർധിപ്പിച്ച ബ്രിട്ടീഷ്‌ ഭരണാധികാരികൾക്കെതിരെ  1894ൽ പോത്തോരുഘട്ടിൽ നടന്ന പോരാട്ടത്തിൽ നൂറ്റിനാൽപ്പതിലധികം  കർഷകരെയാണ്‌ പൊലീസ്‌  വെടിവച്ചുകൊന്നത്‌.  കൈവശഭൂമിയിലെ  അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി രക്തസാക്ഷികളായ കർഷകരുടെ  പാരമ്പര്യം  മുന്നോട്ട് കൊണ്ടുപോകാനാകണം. എല്ലാ ജനാധിപത്യ ശക്തികളും ദുരിതമനുഭവിക്കുന്ന കർഷകർക്കൊപ്പം നിൽക്കാനും ആശ്വാസം നൽകാനും മുന്നിട്ടിറങ്ങേണ്ട സമയമാണിത്‌. ഇതിലൂടെ വിദ്വേഷത്തിന്റെ രാഷ്ട്രീയം വിജയിക്കാൻ അനുവദിക്കില്ലെന്ന് ഉച്ചത്തിലും വ്യക്തമായും മുന്നറിയിപ്പു നൽകാനാകണം.

(അഖിലേന്ത്യാ കിസാൻസഭ ജോയിന്റ് സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top