11 December Monday

ചന്ദ്രനിൽ 
പോകുന്നതെന്തിന്

എസ്‌ നവനീത്‌കൃഷ്‌ണൻUpdated: Thursday Aug 24, 2023


ചന്ദ്രൻ ഒരിക്കൽ ഭൂമിയുടെ ഭാഗമായിരുന്നു എന്നു കേട്ടാൽ അമ്പരക്കേണ്ട. അങ്ങനെയൊരു കാര്യം സംഭവിച്ചിട്ടുണ്ടെന്നാണ് നിലവിലെ നിഗമനം. സൗരയൂഥം ഏതാണ്ട് രൂപീകരിക്കപ്പെടുന്ന കാലം. സൗരയൂഥത്തിലന്ന് എപ്പോഴും നിരവധി കൂട്ടിയിടികളാണ്‌. ഭൂമിയാകട്ടെ അന്ന് പൂർണമായും ഉറച്ച ഗ്രഹമല്ല. ഏതാണ്ടൊരു ‘ശർക്കര വിളയിച്ചപോലെ’ത്തെ അവസ്ഥ. ഭൂമിയിലേക്ക് പലതരം വസ്തുക്കൾ നിരന്തരം വന്നിടിക്കുന്ന കാലംകൂടിയാണത്‌. പക്ഷേ അതൊക്കെ അത്ര വലുത്‌ ആയിരുന്നില്ല എന്നുമാത്രം. അപ്പോഴാണ് ചൊവ്വയോളം വലിപ്പമുള്ള തെയാ എന്ന ഒരു വസ്തു ഭൂമിയിൽ വന്നിടിക്കുന്നത്‌. ഭൂമിയുടെ ഒരു വശം ചേർന്നായിരുന്നു ഇടി. അതിൽ ആദിമ ഭൂമിയുടെയും തെയായുടെയും വസ്തുക്കൾ തമ്മിൽ കലർന്നു.  ഇടിയുടെ ആഘാതത്തിൽ ഭൂമിയുടെയും തെയായുടെയും കുറെ ഭാഗങ്ങൾ ചേർന്നു ഭൂമിയെ ചുറ്റിക്കറങ്ങാൻ തുടങ്ങി. അൽപ്പം കട്ടിയായ ഒട്ടും ചൂടാറാത്ത ലാവ കൊണ്ടുണ്ടാക്കിയ ഗോളങ്ങളായിരുന്നു അക്കാലത്ത് ഭൂമിയും തെയായും. ഇടിയെ തുടർന്ന്‌ ആകൃതിയൊക്കെ പോയെങ്കിലും പതിയെ വീണ്ടെടുത്തു. കാലക്രമത്തിൽ ഇന്നുകാണുന്ന ഭൂമിയും ചന്ദ്രനുമായി. ചന്ദ്രന്റെ രൂപീകരണവുമായി ബന്ധപ്പെട്ട മറ്റ്‌ ചില സിദ്ധാന്തങ്ങളുമുണ്ട്‌. 

ചന്ദ്രനിലേക്ക്‌ പോയ അപ്പോളോ ദൗത്യങ്ങളും മറ്റും കൊണ്ടുവന്ന കല്ലും മണ്ണുമൊക്കെ ഐസോടോപ്പിക് പഠനത്തിനു വിധേയമാക്കിയതിൽനിന്ന്‌ വലിയ വിവരങ്ങളാണ്‌ ലഭ്യമായത്‌. ചന്ദ്രന്റെയും ഭൂമിയുടെയും പദാർഥങ്ങൾ ഏതാണ്ട് ഒരുപോലെതന്നെ. ഏതാണ്ട് ഒരേ കാലത്ത് രൂപപ്പെട്ടതാണ് ചന്ദ്രനും ഭൂമിയും.  ലക്ഷക്കണക്കിനു വർഷമെടുത്തിട്ടാവും കൂട്ടിയിടിക്കുശേഷം, ചന്ദ്രനും പുതിയ ഭൂമിയും രൂപപ്പെട്ടത് എന്നുള്ള സിദ്ധാന്തം  നാസയിലെ ഒരു കൂട്ടം ശാസ്‌ത്രജ്ഞർ തള്ളിക്കളഞ്ഞിട്ടുണ്ട്‌. സൂപ്പർ കംപ്യൂട്ടറുകൾ ഉപയോഗിച്ച് കൂട്ടിയിടി നടക്കുന്ന സമയത്തെ അവസ്ഥ സിമുലേറ്റ് ചെയ്‌താണ്‌ അവരുടെ ആശയം മുന്നോട്ടു വച്ചത്‌. പക്ഷേ ഈ സിമുലേഷൻ പറയുന്നത് ആ കൂട്ടിയിടി കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ചന്ദ്രൻ രൂപപ്പെട്ടെന്നാണ്! ഭൂമിയുടെ രൂപീകരണത്തെക്കുറിച്ചു മനസ്സിലാക്കാൻ ചന്ദ്രനെ പഠിക്കുന്നതിലൂടെ കഴിയും. രൂപീകരണസമയത്തെ അവസ്ഥയിൽനിന്ന് വലിയ വ്യത്യാസമൊന്നും ചന്ദ്രന് വന്നിട്ടില്ലെന്നു പറയാം. സൗരയൂഥ രൂപീകരണ സമയത്തെ ചരിത്രം സൂക്ഷിച്ചുവച്ച ഒരിടം! പ്രപഞ്ചരഹസ്യങ്ങളുടെ വലിയ കലവറ. അതുതന്നെയാണ് ചന്ദ്രപഠനത്തിന്റെ പ്രാധാന്യവും.

റിഗോലിത്ത്‌  അത്‌ഭുതം
ചന്ദ്രന്റെ മേൽമണ്ണായ മൂൺ റിഗോലിത്ത് ഏറെ സവിശേഷതകളുള്ളതാണ്‌. കോടിക്കണക്കിനു വർഷങ്ങളെടുത്താണ്‌ ഇത്‌ രൂപപ്പെട്ടത്. നേരിയ അന്തരീക്ഷമായതിനാൽ ഉൽക്കാപതനം ചന്ദ്രനിൽ രൂക്ഷമാണ്‌. നിരന്തരമായ ഉൽക്കാപതനങ്ങളും സൂര്യപ്രകാശത്തിന്റെ കാഠിന്യവും മറ്റു പല ഘടകങ്ങളും ചേർന്നാണ്‌ മൂൺ റിഗോലിത്ത് രൂപപ്പെട്ടത്‌. ചന്ദ്രമണ്ണിലെ ഒരു തരിയുടെ വലിപ്പം ഏകദേശം 70 മൈക്രോമീറ്ററാണ്‌. ഒട്ടും വൈദ്യുതചാലകമല്ല. എങ്കിലും സൂര്യപ്രകാശം വീഴുന്ന സമയത്തും രാത്രിയിലും വൈദ്യുതചാലകത അൽപ്പം വ്യത്യസപ്പെടും. വൈദ്യുതചാർജ് സ്ഥിര വൈദ്യുതിയായി നിലനിർത്താനും റിഗോലിത്തിന്‌ കഴിവുണ്ട്‌. നേരിയ അന്തരീക്ഷ അവസ്ഥയിലായതിനാൽ രാസപ്രവർത്തനങ്ങൾ കാര്യമായി നടക്കാറില്ല. ഈ മണ്ണ് വായുവുമായി സമ്പർക്കത്തിൽ വരുന്നതോടെ പലതരത്തിലുള്ള രാസപ്രവർത്തനങ്ങൾ നടക്കും. ആദ്യ കാലത്ത്‌ ചന്ദ്രനിൽ ഇറങ്ങിയ യാത്രികർക്ക്‌ റിഗോലിത്ത്‌ ഭീഷണിയായിരുന്നു. അവരുടെ സ്‌പെയ്‌സ്‌ സ്യൂട്ടിൽ പറ്റിപ്പിടിച്ച മണ്ണ്‌ കളയാൻ ഏറെ പാടുപെട്ടു! പേടകങ്ങൾ ചാന്ദ്രപ്രതലത്തിലിറങ്ങുമ്പോൾ ഈ പൊടിമണ്ണ്‌ ഉയർന്ന്‌ കാഴ്‌ച മറച്ചിരുന്നു. പൊടിയടങ്ങാൻ മണിക്കൂറുകൾ വേണ്ടിവരും. 

ഹീലിയം 3 എന്ന ഊർജ സ്രോതസ്സ്‌
മാനവരാശിയുടെ ഭാവി ഊർജാവശ്യങ്ങൾ പരിഹരിക്കാനുള്ള ഹീലിയം 3 യുടെ അക്ഷയഖനിയാണ്‌ ചന്ദ്രൻ. യുറേനിയത്തേക്കാൾ 100 മടങ്ങ് കൂടുതൽ ഊർജം ഉൽപാദിപ്പിക്കാനാവുന്ന റേഡിയോ ആക്ടീവ് അല്ലാത്ത വസ്തുവാണ് ഹീലിയം. ഇതു കൂടാതെ നിരവധി ധാതുക്കൾ, മൂലകങ്ങൾ എന്നിവയെല്ലാമുണ്ട്‌. ഒരു പക്ഷേ മനുഷ്യൻ ഇതുവരെ കണ്ടെത്താത്ത ലോഹങ്ങളും. സൂര്യപ്രകാശം ഒരിക്കലും കടന്നു ചെല്ലാത്ത നിഴൽമേഖലകൾ ചന്ദ്രനിലുണ്ട്‌. ദക്ഷിണധ്രുവം ഇത്തരത്തിലൊന്നാണ്‌.  ഇവിടെ ജലം വലിയതോതിൽ ഘനീഭവിച്ച രൂപത്തിലുണ്ടെന്നാണ്‌ നിഗമനം. ജലസാന്നിധ്യം നേരത്തെ കണ്ടെത്തിയിട്ടുണ്ട്‌. ഭാവിയിൽ പര്യവേഷണ മേഖലയും മനുഷ്യ വാസമേഖലയുമൊക്കെയായി ദക്ഷിണ ധ്രുവത്തെ മാറ്റുകയാണ്‌ ലക്ഷ്യം. ഗോളാന്തരയാത്രകൾക്കുള്ള ഇടത്താവളമായി മാറാനും സാധ്യത ഏറെ.

രണ്ട്‌ ദൗത്യങ്ങൾ  നൽകിയ പാഠം
ചാന്ദ്രയാൻ ഒന്നു രണ്ടും നൽകിയ പാഠങ്ങൾ ഉൾക്കൊണ്ട് പരിഷ്‌കരിച്ച പതിപ്പാണ്‌ ചാന്ദ്രയാൻ 3. ചന്ദ്രന്റെ പൂർണമായ മാപ്പിങ്ങ്‌ അടക്കം നടത്തിയ രണ്ട്‌ ദൗത്യങ്ങൾ ഭാവി ദൗത്യങ്ങൾക്കു വലിയ അറിവുകളാണ്‌ നൽകിയത്‌.

ചാന്ദ്രയാൻ -1
ഇന്ത്യയുടെ ആദ്യ ചാന്ദ്ര പര്യവേക്ഷണ ഉപഗ്രഹമായ   ചാന്ദ്രയാൻ 1,  ഓർബിറ്റർ  ദൗത്യമായിരുന്നു. ഒരാഴ്‌ച മാത്രം കാലാവധി പ്രതീക്ഷിച്ചിരുന്നിടത്ത്‌  പത്ത്‌ മാസം അത്‌ ചന്ദ്രനെ വലം വച്ചു വിവരങ്ങൾ ശേഖരിച്ചു. മൂൺ ഇംപാക്ട്‌ പ്രോബ്‌ എന്ന പരീക്ഷണ പേടകം ദക്ഷിണധ്രുവത്തിൽ ഇടിച്ചിറക്കുകയും ചെയ്‌തു. ചന്ദ്രനിലെ ജലസാന്നിധ്യം ആദ്യമായി തിരിച്ചറിഞ്ഞത്‌ ഈ പേടകം ആയിരുന്നു. ഓർബിറ്ററിലെ മൂൺ മിനറോളജി മാപ്പർ ജലസാന്നിധ്യം സ്‌ഥിരീകരിച്ചു. ചന്ദ്രന്റെ വിപുലമായ മാപ്പ്‌ തയ്യാറാക്കാനുമായി. 2008 ഒക്ടോബറിലായിരുന്നു വിക്ഷേപണം. 2009 ആഗസ്‌ത്‌ 29 ന്‌ ചാന്ദ്രയാൻ 1 പ്രവർത്തനം നിലച്ചു.

ചാന്ദ്രയാൻ 2
ഓർബിറ്റർ–-ലാന്റർ ദൗത്യമായിരുന്നെങ്കിലും ഭാഗികമായി മാത്രമാണ്‌ വിജയിച്ചത്‌. ലാന്റർ  ദക്ഷിണധ്രുവത്തിലിറക്കാൻ ശ്രമിച്ചെങ്കിലും അവസാന നിമിഷം നിയന്ത്രണം നഷ്ടമായി ഇടിച്ചിറങ്ങി. എന്നാൽ ഓർബിറ്റർ ഇപ്പോഴും ചന്ദ്രനെ ചുറ്റി നിരീക്ഷണം നടത്തുന്നു. മൂന്നാം ചാന്ദ്ര ദൗത്യത്തിലെ ലാന്ററും ഭൂമിയുമായുള്ള ഒരു  വിനിമയ ബന്ധം ഈ ഓർബിറ്റർ വഴിയാണ്‌. 2019 ജൂലൈ 22 നായിരുന്നു വിക്ഷേപണം. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
-----
-----
 Top