29 March Friday

വയനാടിനെ കൈപിടിച്ചുയർത്താൻ സ്മാർട്ട് കോഫി സഹകരണഗ്രാമം

പി കൃഷ്ണപ്രസാദ്Updated: Wednesday Aug 24, 2022

കേരള സർക്കാർ മുൻകൈയെടുത്തു നടപ്പാക്കുന്ന ‘സ്മാർട്ട് കോഫി മിഷൻ’ പദ്ധതിയുടെ ഭാഗമായി വയനാട്‌ ബ്രഹ്മഗിരി ആവിഷ്കരിച്ച പദ്ധതിയാണ്  ‘സ്മാർട്ട് കോഫി സഹകരണ ഗ്രാമം’. കാർഷിക സംസ്കരണ വ്യവസായങ്ങളും ആഭ്യന്തര വിപണിയും വികസിക്കുന്നതിലൂടെയാണ് കർഷകർക്ക് ഉയർന്ന വിലയും തൊഴിലാളികൾക്ക് മിനിമം വേതനവും സ്ഥിരമായ തൊഴിലും ഉറപ്പുവരുത്താനാകുക.  ‘നമ്മളും കൃഷിയിലേക്ക്’ എന്ന മുദ്രാവാക്യവുമായി എൽഡിഎഫ് സർക്കാർ ഈ കടമയാണ് ഏറ്റെടുക്കുന്നത്. കെ–-ഡിസ്ക് നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ പ്രത്യേക പരിഗണനയിൽ ഉൾപ്പെടുത്തിയ സ്‌മാർട്ട് കോഫി പദ്ധതി പ്രതിശീർഷ വരുമാനത്തിൽ വയനാടിനെ കൈപിടിച്ചുയർത്താൻ സഹായിക്കുന്നതാണ്.

ഉൽപ്പാദന ഉപാധികൾ ഭൂമി, വിത്ത്, വളം, വെള്ളം, വൈദ്യുതി, യന്ത്രങ്ങൾ, അധ്വാനം എന്നിവ സംയോജിപ്പിച്ച് അംഗകർഷകരും തൊഴിലാളികളും സംയുക്തമായി ചെയ്യുന്ന കാർഷികോൽപ്പാദന രീതിയാണ് സഹകരണകൃഷി അഥവാ കൂട്ടുകൃഷി. വൻകിട സംസ്കരണ വ്യവസായങ്ങളുടെയും കുത്തക വ്യാപാരികളുടെയും അവയുടെ ഇടത്തട്ടുകാരുടെയും ചൂഷണം ഒരു പരിധിവരെ അതിജീവിക്കാൻ സഹകരണകൃഷി സഹായിക്കുന്നു. യന്ത്രങ്ങൾ, വിത്തും വളവും ഉൾപ്പെടെയുള്ള വിഭവങ്ങൾ, അധ്വാനം എന്നിവയുടെ ഉൽപ്പാദനക്ഷമമായ ഉപയോഗം എന്നിവ  സഹകരണകൃഷിയിലൂടെ സാധ്യമാണ്. നിലവിൽ ഒരു ഹെക്ടർ കാപ്പി കൃഷി ചെയ്യാൻ ഒന്നര ലക്ഷം രൂപയാണ് ഉൽപ്പാദനച്ചെലവ്. അതിൽ 15 ശതമാനംമുതൽ 30 ശതമാനംവരെ കുറയ്ക്കാൻ കൂട്ടുകൃഷിയിലൂടെ സാധിക്കും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ബ്രഹ്മഗിരി സ്മാർട്ട് കോഫി സഹകരണഗ്രാമം യാഥാർഥ്യമാക്കുക. സഹകരണഗ്രാമം പദ്ധതിയിൽ അംഗമായ കർഷകരുടെ കാപ്പി ബ്രഹ്മഗിരിയാണ് ശേഖരിക്കുക.  ഒന്നാം ഘട്ടത്തിൽ 100 മുതൽ 200 വരെ കർഷകരെയാണ്  അംഗങ്ങളാക്കുക. കിസാൻ ക്രെഡിറ്റ് കാർഡ് വഴി 1.6 ലക്ഷം രൂപവരെ ജാമ്യമില്ലാതെ കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്നു. സോഫ്റ്റ്‌വെയർ പിന്തുണയോടെ  കർഷകരെ സംസ്കരണ, വിപണന മേഖലയുമായി ബന്ധിപ്പിക്കുന്നു. വിപണനത്തിലൂടെ ലഭിക്കുന്ന മിച്ചം ഉൽപ്പാദന സേവന ചെലവുകൾ കഴിഞ്ഞ്‌ കർഷകരുമായി പങ്കുവയ്‌ക്കുന്നു.

ഒരു ഹെക്ടറിലെ ശരാശരി ഉൽപ്പാദനക്ഷമത 1250 കിലോ കാപ്പി പരിപ്പാണ്. എന്നാൽ, മികച്ച പരിപാലനവും ജലസേചനവുമുള്ള തോട്ടത്തിൽ 2400 കിലോ ലഭിക്കും. ഏറ്റവും  കൂടുതൽ  കാപ്പി ഉൽപ്പാദിപ്പിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. ഏറ്റവും കൂടുതൽ കാപ്പി കൃഷിയുള്ള വയനാട്ടിൽ 67 ശതമാനം വിള കാപ്പിയാണ്.   പ്രധാനമായും റോബസ്റ്റ ഇനത്തിൽപ്പെടുന്നു. 67,705 ഹെക്ടറിൽ 59,972 കർഷകരാണ് കാപ്പി കൃഷി ചെയ്യുന്നത്. ഇതിൽ 5931 ഹെക്ടറിലാണ് കേവലം എട്ട്‌ ശതമാനം ജലസേചന സൗകര്യമുള്ളത്. 84.4ശതമാനം കർഷകരും രണ്ട്‌ ഹെക്ടറിൽ താഴെ ഭൂമിയുള്ളവരാണ്.

ശാസ്ത്ര സാങ്കേതിക സൗകര്യങ്ങളോടെ പരിപാലിക്കുന്ന ഉയർന്ന ഉൽപ്പാദനക്ഷമതയുള്ള തോട്ടങ്ങൾ വളരെ കുറവാണ്. സഹകരണകൃഷിയിലൂടെ ആധുനിക യന്ത്രങ്ങളും ഉപകരണങ്ങളും ശാസ്‌ത്ര – സാങ്കേതിക സങ്കേതങ്ങളും ഉപയോഗപ്പെടുത്താനും ഉയർന്ന ഉൽപ്പാദനക്ഷമത കൈവരിക്കാനും ജൈവവൈവിധ്യം, ഇടവിള കൃഷി എന്നിവ പ്രോൽസാഹിപ്പിക്കാനും സാധിക്കും.  ഉൽപ്പാദനം ഇരട്ടിയാക്കി വരുമാനവും ഇരട്ടിയാക്കാം. 

സ്മാർട്ട് കോഫി സഹകരണകൃഷി കാപ്പിപ്പൊടി വിപണിയിലെത്തുന്നത്‌ പ്രധാനമായും റോസ്റ്റ് ആൻഡ്‌ ഗ്രൗണ്ട് കോഫി, ഇൻസ്റ്റന്റ്‌ കോഫി എന്നീ രൂപത്തിലാണ്.  ഒരു കിലോ ഉണ്ട കാപ്പിക്ക്‌  75 രൂപയും ഒരു കിലോ കാപ്പി പരിപ്പിന്‌  140 രൂപയുമാണ് ശരാശരി വിപണി വില.  രണ്ടര കിലോ പരിപ്പ് വേണം ഒരു കിലോ ഇൻസ്റ്റന്റ്‌ കോഫി പൗഡർ നിർമിക്കാൻ; അതായത് അസംസ്കൃത കാപ്പി പരിപ്പിന് വില 350 രൂപ. എന്നാൽ, ലോക വിപണിയിൽ ഒരു കിലോ ഇൻസ്റ്റന്റ്‌ കോഫി പൗഡർ വില ബ്രാൻഡ് അടിസ്ഥാനത്തിൽ 1500 രൂപമുതൽ 3000 രൂപവരെയാണ്. റോസ്റ്റ് ആൻഡ്‌ ഗ്രൗണ്ട് പൗഡർ കിലോയ്‌ക്ക്‌ 400 രൂപമുതൽ 5000 രൂപവരെ വിലയ്‌ക്ക് വിൽക്കുന്നുണ്ട്. 11,000 രൂപ വിലയുള്ള ബ്രാൻഡുകളും ഉണ്ട്. കാപ്പി കർഷകർ നേരിടുന്ന ചൂഷണം ഇതിലൂടെ വ്യക്തമാണ്.

സ്മാർട്ട് കോഫി പദ്ധതിയിലൂടെ വയനാട്ടിൽ റോസ്റ്റ് ആൻഡ്‌ ഗ്രൗണ്ട് കോഫി യൂണിറ്റ് സ്ഥാപിച്ച്‌ പരിപ്പിനുപകരം പൗഡർ വിൽപ്പനയിലൂടെ കർഷകർക്ക് അധിക വില ലഭ്യമാക്കുകയാണ് ലക്ഷ്യം.  അതിൽ ‘കാർബൺ ന്യൂട്രൽ വയനാട്’, കോഫി ബോർഡ് പിന്തുണയോടെ ‘വയനാട് കോഫി’ ജിയോ ടാഗ് എന്നീ സവിശേഷതകളുണ്ടാകും.

ആദ്യ ഘട്ടത്തിൽ വയനാട്ടിൽ 25 കോഫി കിയോസ്കും ശേഷം കേരളത്തിലാകെ 600 കിയോസ്കും കുടുംബശ്രീയും  ബ്രഹ്മഗിരിയും സഹകരിച്ച് ആരംഭിക്കും. നെതർലൻഡ്സ് സർക്കാരും  സർവകലാശാലയും  സഹകരിച്ച് വയനാട് സ്പെഷ്യാലിറ്റി കോഫിക്ക്‌ വിദേശവിപണി ഉറപ്പുവരുത്താനും  ലക്ഷ്യമിടുന്നു. 
(അഖിലേന്ത്യ കിസാൻ സഭ  ഫിനാൻസ്‌ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top