25 April Thursday

സംസ്ഥാന സർക്കാരും
 വർത്തമാനകാല കടമകളും - കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

കോടിയേരി ബാലകൃഷ്ണൻUpdated: Monday Aug 23, 2021

ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തുടർഭരണം ലഭിച്ച പുതിയ സാഹചര്യമാണ് സംസ്ഥാനത്ത് രൂപപ്പെട്ടിട്ടുള്ളത്. പുതിയ സാഹചര്യത്തിൽ പുതിയ കാഴ്ചപ്പാട് രൂപീകരിക്കുകയെന്നത് പ്രധാനമാണ്. അതിനായി ലോകത്തും രാജ്യത്തും ഉണ്ടായ അനുഭവങ്ങളെ സൂക്ഷ്മമായി വിലയിരുത്തിയും നമ്മുടെ പ്രവർത്തനങ്ങളെ സ്വയംവിമർശങ്ങൾക്ക് വിധേയമാക്കിയും പുതിയ പാത കണ്ടെത്തുകയെന്നത് ഏറെ പ്രധാനമാണ്. ഈ ഉത്തരവാദിത്തം നിർവഹിക്കുന്നതിന്റെ ഭാഗമായാണ് 16നും 17നും ചേർന്ന പാർടി സംസ്ഥാന കമ്മിറ്റി ‘സംസ്ഥാന സർക്കാരും വർത്തമാനകടമകളും' എന്ന രേഖ അംഗീകരിച്ചത്. കേരളത്തിന്റെ വികസനത്തെ സംബന്ധിച്ച് സംസ്ഥാന രൂപീകരണത്തിനു മുമ്പുതന്നെ കമ്യൂണിസ്റ്റ് പാർടി പുതിയ കേരളം പടുത്തുയർത്താൻ ‘കമ്യൂണിസ്റ്റ് പാർടിയുടെ നിർദേശങ്ങൾ' എന്ന രേഖ അംഗീകരിച്ചിരുന്നു.  ഈ രേഖയാണ് 1957ലെ കമ്യൂണിസ്റ്റ് പാർടിയുടെ പ്രകടനപത്രികയ്ക്ക് ആധാരമായിത്തീർന്നത്. 

പാർടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ എങ്ങനെ പ്രവർത്തിക്കണമെന്നതു സംബന്ധിച്ച് 1964ലെ പാർടി പരിപാടി തന്നെ നിർദേശിച്ചിരുന്നു. ജനങ്ങൾക്ക് അടിയന്തരമായി ആശ്വാസം നൽകുകയും ബഹുജനപ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നവിധം സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കണമെന്നാണ് നിർദേശിച്ചിരുന്നത്. 1967ൽ രാജ്യത്തെമ്പാടും കോൺഗ്രസിതര സർക്കാരുകൾ അധികാരത്തിൽ വന്നു. ഈ സാഹചര്യത്തിൽ പാർടി പരിപാടിയുടെ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിൽ പാർടി കേന്ദ്ര കമ്മിറ്റി ‘പുതിയ പരിതഃസ്ഥിതികളും കടമകളും'എന്ന പ്രമേയം അംഗീകരിച്ചു. പിൽക്കാലത്തു വന്ന പാർടി നേതൃത്വത്തിലുള്ള സർക്കാരുകൾക്ക് ഇത് ദിശാബോധം നൽകി.

1990കൾ ആകുമ്പോഴേക്കും ലോക രാഷ്ട്രീയത്തിൽ വലിയ മാറ്റമുണ്ടായി. സോഷ്യലിസ്റ്റ് ഭരണസംവിധാനങ്ങൾ പലതും ഇല്ലാതെയായി.  ആഗോളവൽക്കരണ നയങ്ങൾ രാജ്യത്ത് ശക്തമായി നടപ്പാക്കാൻ കേന്ദ്ര സർക്കാർ നേതൃത്വം നൽകി. ഇത് സംസ്ഥാനത്തിന്റെ വികസനത്തെ സംബന്ധിച്ച പുതിയ പ്രശ്നങ്ങൾ മുന്നോട്ടുവച്ചു.  ഈ സാഹചര്യത്തിലാണ് പാർടി സംസ്ഥാന കമ്മിറ്റി മുൻകൈയെടുത്ത് എ കെ ജി പഠനഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര പഠന കോൺഗ്രസ് സംഘടിപ്പിച്ചത്. കേരളത്തെ സംബന്ധിച്ച ഈ വികസനസംവാദം നമ്മുടെ വികസന കാഴ്ചപ്പാടുകൾക്ക് പുതിയ ദിശാബോധം നൽകുന്ന കാര്യത്തിൽ ഏറെ സംഭാവന നൽകി.   ജനകീയാസൂത്രണം ഉൾപ്പെടെയുള്ള പരിപാടി രൂപംകൊണ്ടത് ഇത്തരം ചർച്ചകളുടെ ഫലമായിട്ടായിരുന്നു. 


 

1990കളിലെ രാഷ്ട്രീയ സാഹചര്യത്തെ വിലയിരുത്തി പാർടി പരിപാടി കാലോചിതമായി പരിഷ്കരിക്കപ്പെട്ടു. പാർടിയുടെ നേതൃത്വത്തിലുള്ള സർക്കാരുകളെ സംബന്ധിച്ച കാഴ്ചപ്പാടിലും മാറ്റമുണ്ടായി. ജനങ്ങൾക്ക് ആശ്വാസം നൽകുകയും നിലവിലുള്ള പരിമിതികൾക്കകത്തു നിന്നുകൊണ്ട് ബദൽ നയങ്ങൾ നടപ്പാക്കുകയും ചെയ്യുന്ന ഒന്നായി സർക്കാർ പ്രവർത്തിക്കണമെന്ന സമീപനമാണ് സ്വീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 2008ൽ കോയമ്പത്തൂരിൽ നടന്ന 19–-ാം പാർടി കോൺഗ്രസ് ഇതുസംബന്ധിച്ച കാഴ്ചപ്പാടുകൾ കൂടുതൽ വ്യക്തമാക്കുകയും ചെയ്തു. പിന്നീട് അധികാരത്തിൽ വന്ന പാർടിയുടെ നേതൃത്വത്തിലുള്ള സർക്കാരുകൾ ഈ സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിച്ചത്.

ഇക്കാര്യത്തിൽ പാർടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ച ‘എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനം ഒരു വിലയിരുത്തൽ' എന്ന രേഖയും ‘സംസ്ഥാന സർക്കാരും പാർടിയും' എന്ന രേഖയും സംസ്ഥാന സർക്കാരിന് വഴികാട്ടിയായിത്തീർന്നു. എല്ലാ ജനങ്ങൾക്കും നീതി നൽകുന്നവിധം പ്രവർത്തിക്കുകയെന്ന കാഴ്ചപ്പാട് ഈ രേഖയിൽ ഊന്നിപ്പറയുകയുണ്ടായി. അത് പ്രാവർത്തികമാക്കുന്നതിന് സംസ്ഥാന സർക്കാരിനു കഴിഞ്ഞു. കേരളത്തിന്റെ പ്രതിസന്ധികളെ മറികടക്കാനും വികസനവഴികൾ വെട്ടിത്തുറക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിത്തീർന്നു. കേരളത്തിൽ ആദ്യമായി ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തുടർഭരണം ഇത്തരം ഇടപെടലിലൂടെ ലഭ്യമായി.

പുതിയ കാലഘട്ടത്തിൽ ഇടതുപക്ഷ സർക്കാരുകൾ ഉണ്ടാക്കിയ നേട്ടങ്ങളുടെ അടിത്തറയിൽ നിന്നുകൊണ്ട് ഒരു നവകേരളം സൃഷ്ടിക്കുകയെന്ന ഉത്തരവാദിത്തമാണ് പുതിയ സർക്കാരിന് ഏറ്റെടുക്കാനുള്ളത്. ആ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ ഇപ്പോൾ നിലനിൽക്കുന്ന സവിശേഷ സാഹചര്യത്തെ മനസ്സിലാക്കേണ്ടതുണ്ട്. സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ അനുഭവങ്ങളും 35 വർഷംനീണ്ട പശ്ചിമ ബംഗാളിലെ ഇടതുപക്ഷ സർക്കാരിന്റെ അനുഭവങ്ങളും ത്രിപുര ഭരണാനുഭവങ്ങളും നമ്മുടെ മുന്നിലുണ്ട്. മാറിമാറി അധികാരത്തിൽ വരുന്ന  കേരളത്തിന്റെ അനുഭവങ്ങളെയും നാം നല്ലനിലയിൽ മനസ്സിലാക്കി അതിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോകുകയെന്നത് പ്രധാനമാണ്.

കേരളത്തിന്റെ സവിശേഷമായ രീതികളെ മനസ്സിലാക്കിക്കൊണ്ടു മാത്രമേ ഇത്തരമൊരു ഇടപെടൽ സാധ്യമാകുകയുള്ളൂ.  ഭൂപരിഷ്കരണത്തിനുശേഷം ആധുനിക ജീവിതത്തിലേക്ക് നാം നീങ്ങിയിട്ടുണ്ട്.  ജന്മിത്തത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കപ്പെട്ടിട്ടുണ്ട്.  ജന്മിത്തത്തിന്റെ തകർച്ചയുടെയും മുതലാളിത്ത വളർച്ചയുടെയും ഫലമായി ഇടത്തരം ജനവിഭാഗങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.  ഇവർ തന്നെ പല തട്ടിലുള്ളവരാണ്. അടിസ്ഥാന ജനവിഭാഗങ്ങളെ ജനാധിപത്യപരമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞിട്ടുണ്ട്. ആദ്യ സർക്കാർ അധികാരമേൽക്കുന്ന സാമൂഹ്യ, സാമ്പത്തിക സാഹചര്യങ്ങളിൽനിന്ന് കേരളം ഏറെ മാറിക്കഴിഞ്ഞിട്ടുണ്ട്.


 

ജന്മിത്തത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കപ്പെട്ടിട്ടുണ്ടെങ്കിലും അവ സൃഷ്ടിച്ച ആശയഗതികൾ സാംസ്കാരിക രൂപങ്ങളായി നിലനിൽക്കുന്നുണ്ട്. അടിമ ഉടമ ബന്ധങ്ങളുടെയും ജന്മിത്തഘടനയുടെയും നൂറ്റാണ്ടുകൾ സൃഷ്ടിച്ച പ്രശ്നങ്ങൾ ഇവിടെ നിലനിൽക്കുന്നുണ്ട്.  സ്ത്രീകളെ സാമൂഹ്യമായും സാമ്പത്തികമായും മാനസികമായും അടിമപ്പെടുത്തുന്ന സ്ഥിതിവിശേഷവും രൂപപ്പെട്ടിട്ടുണ്ട്. കേരള വികസനത്തിന്റെ പൊതുവായ നേട്ടങ്ങൾ പാർശ്വവൽക്കൃത വിഭാഗങ്ങളിൽ വേണ്ടത്ര എത്തിപ്പെട്ടിട്ടില്ലെന്ന പ്രശ്നവും നിലനിൽക്കുന്നുണ്ട്.  ആഗോളവൽക്കരണ നയങ്ങളുടെ ഭാഗമായി 20 ശതമാനത്തിന്റെ ജീവിതം താരതമ്യേന പിറകോട്ടു പോകുകയുമാണ്. 

ഇത്തരമൊരു സമൂഹത്തിൽ ജനങ്ങളുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തി മുന്നോട്ടുപോകുകയെന്നത് ഏറെ പ്രധാനപ്പെട്ട ഉത്തരവാദിത്തമായി നിലനിൽക്കുകയാണ്. സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയുടെ കാരണങ്ങൾ വിലയിരുത്തിക്കൊണ്ട് 14–-ാം പാർടി കോൺഗ്രസ് നടത്തിയ വിശകലനം ഈ അവസരത്തിൽ ഏറെ ശ്രദ്ധേയമാണ്.   സാമ്പത്തിക മാനേജ്മെന്റിന്റെ രീതികൾ നിരന്തരം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കേണ്ടതിന്റെ ആവശ്യം മുകളിൽ വിവരിച്ചല്ലോ.  ഇത്തരം മാറ്റം വരുത്താത്തപക്ഷം ശീഘ്രഗതിയിലുള്ള സാമ്പത്തിക വികാസത്തിന്റെ ഒരു ഘട്ടത്തെത്തുടർന്ന് വളർച്ചനിരക്കിൽ സ്തംഭനമോ കീഴോട്ടടിയോ തന്നെ ഉണ്ടാകാം. ഇതാണ് സോവിയറ്റ് യൂണിയനിൽ എഴുപതുകളുടെ രണ്ടാം പകുതിയിലും എൺപതുകളിലും ശരിക്കും സംഭവിച്ചത്. കൂടാതെ സോഷ്യലിസ്റ്റ് ബന്ധങ്ങളെ അരക്കിട്ടുറപ്പിക്കുന്നതിനെത്തുടർന്ന് ഉപഭോഗ ചരക്കുകൾ കൂടുതൽ അളവിലും കൂടുതൽ ഗുണത്തോടെയും ഉൽപ്പാദിപ്പിച്ച് ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനുള്ള അവസരങ്ങൾ ഉയർന്നുവരുന്നു. സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയുടെ സാധ്യതകൾക്ക്‌ അനുസരിച്ച് വർധമാനമായിക്കൊണ്ടിരിക്കുന്ന ജനങ്ങളുടെ ആവശ്യങ്ങളെ നിറവേറ്റുന്നതിൽ വരുന്ന വീഴ്ച അസംതൃപ്തി വളർത്തുന്നതിനു മാത്രമേ ഉപകരിക്കൂ. അതാകട്ടെ സാമ്രാജ്യത്വത്തിന്റെ സോഷ്യലിസ്റ്റ് വിരുദ്ധ പ്രചാരണത്തിന് ഊക്കുകൂട്ടുകയേയുള്ളൂ. 

ഈ വിശകലനം സംസ്ഥാനസർക്കാരിനു നൽകുന്ന പാഠം വ്യക്തമാണ്. ജനങ്ങളുടെ ജീവിതം നിരന്തരം മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടൽ നടത്തുമ്പോൾ മാത്രമേ ഒരു ഭരണസംവിധാനത്തിന് ജനങ്ങളുടെ വിശ്വാസമാർജിച്ച് മുന്നോട്ടുപോകാനാകൂ.  ഇതിന് ഉൽപ്പാദനം വർധിപ്പിച്ചും അവ നീതിയുക്തമായി വിതരണം ചെയ്തും മുന്നോട്ടുപോകുന്ന പ്രവർത്തനം സർക്കാരിന് നടത്താനാകണം. പൊതുമേഖലയും സഹകരണപ്രസ്ഥാനങ്ങളും ഇക്കാര്യത്തിൽ സർക്കാരിന് ഏറെ സഹായകമായ ഒന്നാണ്. അതോടൊപ്പംതന്നെ നമ്മുടെ താൽപ്പര്യങ്ങളെ ഹനിക്കാത്ത എല്ലാവിധ മൂലധനങ്ങളെയും സ്വാംശീകരിച്ചുകൊണ്ടുവേണം മുന്നോട്ടുപോകാനെന്നും ഇത് ഓർമപ്പെടുത്തുന്നുണ്ട്. 

(തുടരും)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top