27 April Saturday

പെരിങ്ങോട്ടുകുറിശ്ശിയിൽ കേട്ടത്‌

എ കെ ബാലൻUpdated: Tuesday May 24, 2022

മഹാകവി ഒളപ്പമണ്ണയുടെ സ്മാരകം   യാഥാർഥ്യമായതിൽ സന്തോഷമുണ്ടെന്ന്  അദ്ദേഹത്തിന്റെ ഭാര്യ ശ്രീദേവി അന്തർജനം പ്രതികരിച്ചതിൽ ഏറെ ചാരിതാർഥ്യമുണ്ട്. ഈ സ്മാരകം എന്നേ  വരേണ്ടതായിരുന്നു എന്നുകൂടി അവർ പറഞ്ഞത് പ്രസക്തമാണ്.  കഴിഞ്ഞദിവസം പാലക്കാട്‌ പെരിങ്ങോട്ടുകുറിശ്ശിയിൽ ഒളപ്പമണ്ണ സ്മാരകം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്ത ചടങ്ങിന് പതിനായിരക്കണക്കിന് ജനങ്ങളോടൊപ്പം ഒളപ്പമണ്ണയുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി സ്നേഹസംഭാഷണം നടത്തുകയും മഹാകവിയോടുള്ള ആദരവ് അറിയിക്കുകയും ചെയ്തു. മഹാകവി ഒളപ്പമണ്ണയുടെ ഭാര്യ പ്രകടിപ്പിച്ച അഭിപ്രായം ഒരു വ്യക്തിയുടെ മാത്രമല്ല, ഒരു സമൂഹത്തിന്റേതുകൂടിയാണ്. 

മഹാനായ നടൻ സത്യന് ഒരു സ്മാരകമുണ്ടായത് അദ്ദേഹം മരിച്ച് 45 വർഷം കഴിഞ്ഞിട്ടാണ്. സത്യന്റെ സ്മാരകമായി കഴക്കൂട്ടത്ത് ചലച്ചിത്ര പഠന-ഗവേഷണ കേന്ദ്രവും ഫിലിം ആർകൈവ്‌സും മുഖ്യമന്ത്രി ഉദ്ഘാടനംചെയ്ത ചടങ്ങിൽ സത്യന്റെ മക്കൾ വരികയും ആ വേദി വികാരനിർഭരമായ രംഗങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു. മഹാസംഗീതജ്ഞനായ എം ഡി രാമനാഥന്  അദ്ദേഹത്തിന്റെ ജന്മനാടായ കണ്ണമ്പ്രയിൽ നിർമിച്ച സ്മാരകം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തപ്പോഴും സമാനമായ അനുഭവമുണ്ടായി. എം ഡി ആറിന്റെ മകൻ അമേരിക്കയിൽനിന്ന് വന്ന്  സ്മാരകത്തിലെ  സംഗീതശാലയിലിരുന്ന് രാവിലെ മുതൽ ഉച്ചവരെ പാടി. തന്റെ അച്ഛനെയും അദ്ദേഹത്തിന്റെ സംഭാവനകളെയും ഓർക്കാൻ പിണറായി സർക്കാർ അധികാരത്തിൽ വരേണ്ടിവന്നു എന്നതിൽ അഭിമാനമുണ്ടെന്നും എം ഡി ആറിന്റെ മകൻ പറയുകയുണ്ടായി. പ്രേംനസീറിന്  സ്മാരകം നിർമിക്കുന്നത് അദ്ദേഹം മരിച്ച് 33  വർഷത്തിനുശേഷമാണ്. വി സാംബശിവന്റെ സ്മാരകം ഉദ്‌ഘാടനം ചെയ്തപ്പോൾ മകൻ വസന്തകുമാർ സന്തോഷാശ്രു പൊഴിച്ചതും ഗദ്ഗദത്തോടെ പ്രതികരിച്ചതും നാട്‌ കണ്ടു. 


 

നമ്മുടെ സാംസ്കാരികമണ്ഡലത്തിൽ പ്രഭചൊരിഞ്ഞുനിന്നശേഷം അസ്തമിച്ചുപോകുന്ന സാംസ്കാരിക നായകരെ ഉചിതമായി ഓർക്കാനും അവർക്ക് യഥാസമയം ഉചിതമായ സ്മാരകങ്ങൾ നിർമിക്കാനും കേരളം  അമാന്തം കാട്ടിയ ഒരു കാലമുണ്ടായിരുന്നു. അതിനു മാറ്റം വരുത്തിയത് ഒന്നാം പിണറായി സർക്കാരാണ്. രണ്ടാം പിണറായി സർക്കാരും ആ വഴിതന്നെ മുന്നേറുന്നു.  പെരിങ്ങോട്ടുകുറിശ്ശിയിൽ ഇതുവരെ കാണാത്തവിധമുള്ള ജനസമുദ്രമാണ് ഒളപ്പമണ്ണ സ്മാരകത്തിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുത്തത്. മഹാകവി ഒളപ്പമണ്ണ താമസിച്ചിരുന്നത് പാലക്കാട് നഗരത്തിലെ ജൈനിമേട്ടിലാണ്. ആ നിലയ്ക്ക് പാലക്കാട് നഗരത്തിലാണ് അദ്ദേഹത്തിന് സ്മാരകം നിർമിക്കേണ്ടിയിരുന്നത്. എന്നാൽ, അതിന് പാലക്കാട്  നഗരസഭ സ്ഥലം തരാത്തതുകൊണ്ടാണ് അന്ന് എന്റെ മണ്ഡലമായിരുന്ന തരൂരിലെ പെരിങ്ങോട്ടുകുറിശ്ശിയിൽ സ്മാരകം നിർമിക്കാൻ തീരുമാനിച്ചത്.

സാഹിത്യപ്രേമികൾക്ക് ഒളപ്പമണ്ണ എന്നാൽ മഹാകവിയാണ്. മഹാകവിയുടെ പൂർണമായ പേര് ഒളപ്പമണ്ണ സുബ്രമണ്യൻ നമ്പൂതിരിപ്പാട് എന്നാണ്. ഒളപ്പമണ്ണ എന്നത് ഒരു നമ്പൂതിരി മനയുടെ പേരാണ്. കുന്തിപ്പുഴയുടെ തീരത്തുള്ള ഈ മന വാസ്തുശിൽപ്പകലയുടെ സുന്ദരമായ  സ്മാരകമാണ്. ഒ എം വാസുദേവൻ നമ്പൂതിരിപ്പാട്, ഒ  എം നീലകണ്ഠൻ നമ്പൂതിരിപ്പാട്, ഒ എം സി നാരായണൻ നമ്പൂതിരിപ്പാട് തുടങ്ങിയ പ്രഗത്ഭരും ഇവിടെയാണ് ജനിച്ചത്. ഋഗ്വേദത്തിന് ഭാഷാഭാഷ്യം രചിച്ചയാളാണ് ഒ  എം സി നാരായണൻ നമ്പൂതിരിപ്പാട്. ഈ പരമ്പരയിലെ സാംസ്കാരികനായകനും കവിയും പുരോഗമന ആശയങ്ങളോട് ആഭിമുഖ്യം  പുലർത്തിയ  ആളുമായിരുന്നു ഒളപ്പമണ്ണ സുബ്രമണ്യൻ നമ്പൂതിരിപ്പാട്. ആ നിലയ്ക്ക് അദ്ദേഹത്തിന് സ്മാരകം നിർമിക്കാൻ ഒന്നാം പിണറായി സർക്കാർ തീരുമാനിച്ചു.

ഒന്നാം പിണറായി സർക്കാരിന്റെയും രണ്ടാം പിണറായി സർക്കാരിന്റെയും കാലത്ത്  സാംസ്കാരികരംഗത്തെ ഇടപെടലുകൾക്കും  വികസനപ്രവർത്തനങ്ങൾക്കും പൊതുസമൂഹത്തിന്റെ ശക്തമായ പിന്തുണയുണ്ടെന്ന് പെരിങ്ങോട്ടുകുറിശ്ശിയിൽ എ വി ഗോപിനാഥ് പറയുകയുണ്ടായി. രാഷ്ട്രീയമെന്നത് കേവലം കക്ഷിരാഷ്ട്രീയമല്ല, നാടിന്റെ വികസനത്തിന്റെകൂടി ഭാഗമാണെന്നും അതിനെ ആര്  തകർക്കാൻ ശ്രമിച്ചാലും ജനങ്ങളെ അതിന് കിട്ടില്ലെന്നുമുള്ള  സന്ദേശം വികസന രാഷ്ട്രീയത്തോടുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടാണ്. നവകേരള സൃഷ്ടിയുടെ ഭാഗമായ വികസനപ്രവർത്തനങ്ങൾക്ക് ഇന്ന് ഇടങ്കോലിടുന്നവർ നാളെ ലജ്ജിച്ച് തലതാഴ്ത്തേണ്ടിവരുമെന്ന സന്ദേശമാണ്  പെരിങ്ങോട്ടുകുറിശ്ശിയിലെ മഹാസമ്മേളനം നൽകിയത്. ഈ പുതിയ കാഴ്ചപ്പാട് കേരളസമൂഹം ഏറ്റെടുത്തിരിക്കുന്നുവെന്ന് മനസ്സിലാക്കി സിൽവർ ലൈനിനെതിരായ  കൃത്രിമ സമരത്തിൽനിന്ന്  ബന്ധപ്പെട്ടവർ പിന്മാറുന്നതാകും നന്നാകുക. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പിന്റെ സമയത്തുതന്നെ പ്രൊഫ. കെ വി തോമസിന്റെ തീരുമാനം വന്നു. ഇത് അവിടെമാത്രം ഒതുങ്ങിനിൽക്കില്ലെന്ന്  മനസ്സിലാക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top