23 April Tuesday

ഒരുങ്ങുന്നത്‌ വംശീയവിരോധത്തിന്റെ പരീക്ഷണശാലകൾ - ഇയ്യങ്കോട്‌ ശ്രീധരൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022

ഇന്ത്യയും ശ്രീലങ്കയും മ്യാന്മറും നേപ്പാളും ഭൂട്ടാനും പാകിസ്ഥാനുമെല്ലാം ചേർന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചിത്രം ‘ഭാരതമാതാവ്‌’ എന്ന ‘മിത്താ’ക്കി സിംഹവാഹനരൂപത്തിൽ ആരാധിക്കുന്നവരാണ്‌ സംഘപരിവാർ പ്രഭൃതികൾ. നമ്മുടെ പ്രധാനമന്ത്രി തന്റെ ആർഎസ്‌എസ്‌ ശീലം മറന്നുപോകാതെ, അടുത്തകാലത്ത്‌ നടത്തിയ പ്രഭാഷണങ്ങളിൽ മാതൃരാജ്യത്തോടുള്ള കൂറിനെ ‘ദേശീയബോധ’മെന്നാണ്‌ ഊന്നിപ്പറഞ്ഞത്‌. ആ വീക്ഷണമനുസരിച്ച്‌ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സെക്കൻഡറിതല പാഠഭാഗങ്ങളിൽ ഹൈന്ദവ മതാഭിമുഖ്യം സൃഷ്ടിക്കുന്ന പ്രമേയങ്ങൾ ചേർത്തുകഴിഞ്ഞു. കർണാടകത്തിലെ പത്താംക്ലാസ്‌ സാമൂഹ്യശാസ്‌ത്ര പാഠപുസ്‌തകങ്ങളിൽനിന്ന്‌ സാമൂഹ്യ പരിഷ്‌കർത്താക്കളായ ശ്രീനാരായണ ഗുരുവിനെയും പെരിയാറിനെയും ഒഴിവാക്കിയത്‌ അടുത്തിടെയാണ്‌. നേരത്തെ ഭഗത്‌ സിങ്ങിനെ ഒഴിവാക്കി ഹെഡ്‌ഗേവാറിന്റെ പ്രസംഗം ഉൾപ്പെടുത്തിയിരുന്നു. പഴയ ചരിത്രഭാഗങ്ങൾ തിരുത്തിയെഴുതി,  ഇന്ത്യയെ ‘ആര്യാവർത്തം’ , ‘ആർഷഭാരതം’ എന്നിങ്ങനെ ഭംഗ്യന്തരേണ വിശേഷിപ്പിച്ച്‌ , ബ്രാഹ്മണാധിപത്യത്തിന്റെ ശിലകൾക്ക്‌ തിളക്കമേറ്റാനാണ്‌ ശ്രമം. സ്വാധീനമുള്ള സർവകലാശാലകളിൽ ‘മനുസ്‌മൃതി’ പാഠഭാഗമാക്കിക്കഴിഞ്ഞു. ഇന്ത്യയുടെ മതനിരപേക്ഷ ഭരണഘടന മാറ്റി, മനുസ്‌മൃതിയുടെ ചട്ടക്കൂട്‌ സൃഷ്ടിക്കണമെന്നും ത്രിവർണ പതാക മാറ്റി കാവിക്കൊടി ഉയർത്തണമെന്നും സംഘപരിവാർ മോഹിക്കാൻ തുടങ്ങിയിട്ട്‌ കാലംകുറച്ചായി. മോദി അങ്ങോട്ടുതന്നെയാണ്‌ ഉന്നംവയ്‌ക്കുന്നത്‌.  

വൈലോപ്പിള്ളി വിമർശിച്ച ‘ദേവപുരോഹിത ദുഷ്‌പ്രഭു’വർഗം നിർദേശിക്കുന്ന സ്ഥലത്ത്‌ ഒപ്പുവയ്‌ക്കാൻ മോദിക്ക്‌ സന്തോഷമേയുള്ളൂ. മതനിരപേക്ഷത പുലർത്തേണ്ട ഇന്ത്യൻ പ്രധാനമന്ത്രി ഒരു മടിയുമില്ലാതെ ‘ഹിന്ദു’വിന്റെ രാമക്ഷേത്രത്തിനു ശിലയിട്ടത്‌ നാം കണ്ടു. ചാതുർവർണ്യാധിഷ്‌ഠിതമായ സനാതനധർമത്തിന്റെ പ്രചാരകനായി, മതനിരപേക്ഷ  മാനവധർമം വിളംബരംചെയ്‌ത ശ്രീനാരായണ ഗുരുവിനെ ഇതിനിടെ പ്രധാനമന്ത്രി ഉയർത്തിക്കാട്ടുകയുണ്ടായി. ‘പലമത സാരവുമേക’മെന്ന്‌ പ്രസംഗിച്ച ആ യോഗിവര്യനെ ഇകഴ്‌ത്തലായിരുന്നു അത്‌. റിപ്പബ്ലിക്‌ ദിന പരേഡിൽനിന്ന്‌ കേരളത്തിന്റെ പ്രദർശനം ഒഴിവാക്കിയത്‌ ആ ഫ്ലോട്ടിൽ ശങ്കരാചാര്യർ ഇല്ലാത്തതുകൊണ്ടായിരുന്നു. ഒരേ ഭാഷയും ആഹാര, ആചാര രീതികളും വസ്‌ത്രധാരണ ശൈലിയുമാകണം ഇന്ത്യക്കാർക്കെന്ന്‌ വാശിപിടിക്കുന്ന സംഘപരിവാർ ഇതഃപര്യന്തം ഈ രാജ്യം നേടിയതെല്ലാം വിറ്റുതുലച്ച്‌ ദേശീയ ജീവിതത്തിന്റെ വൈവിധ്യം തകർക്കുകയാണ്‌. 

സഹസ്രാബ്ദങ്ങൾക്കു മുമ്പുതന്നെ സംഘംസംഘമായി ഇവിടെ വന്നുചേർന്നവരും അതിനുമുമ്പ്‌ ഇവിടെ ഉണ്ടായിരുന്നവരും തമ്മിലുള്ള അകൽച്ചയുടെയും യോജിപ്പിന്റെയും അനുരണനങ്ങളാണ്‌ നമ്മുടെ പുരാണങ്ങൾ ഏറെയും. ഏഴാംനൂറ്റാണ്ടിലോ മറ്റോ രചിക്കപ്പെട്ട ഒരു താന്ത്രിക ഗ്രന്ഥത്തിലാണ്‌ ‘ഹിന്ദു’ എന്ന പദം ആദ്യമായി കാണുന്നതെന്ന്‌ ഇന്ത്യയെ കണ്ടെത്ത’ലിൽ നെഹ്‌റു കുറിച്ചിട്ടുണ്ട്‌. ഇട്‌സിങ്‌ എന്ന ചൈനീസ്‌ സഞ്ചാരിയാണ്‌ ഈ പദം ഉപയോഗിച്ചത്‌. ‘ഇൻടു’ എന്ന ഈ പദവുമായി ബന്ധപ്പെട്ട്‌ ഇന്തുകുഷ്‌, ഇന്തുസമുദം, ഇൻഡ്‌ എന്നീ പേരുകൾ ഉണ്ടായെന്നും നെഹ്‌റു പ്രതിപാദിച്ചിട്ടുണ്ട്‌. സിന്ധു നദിക്കപ്പുറത്തു താമസിക്കുന്ന ജനങ്ങളെ ‘സിന്ധുക്കൾ’ എന്നു പഴയ പേർഷ്യക്കാർ വിളിച്ചെന്നും ആ പേര്‌ കാലക്രമത്തിൽ ‘ഹിന്ദുക്കൾ’ എന്നായെന്നും സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്‌. സ്വാമിജിയുടെ അഭിപ്രായത്തിൽ ഹിന്ദുമതമില്ല; ഹിന്ദുയിസം മാത്രമേയുള്ളൂ.

ഇന്ത്യയുടെ സമഗ്ര ഭരണം കൈവശം വന്നപ്പോൾ ബ്രിട്ടീഷുകാർ നടത്തിയ കാനേഷുമാരിയിലാണ്‌ ഹിന്ദുമതം രേഖാമൂലം പ്രത്യക്ഷപ്പെടുന്നത്‌. മതമോ ദൈവമോ എന്താണെന്നുപോലും അറിയാത്ത കോടാനുകോടി ആദിവാസികളും ഗോത്രവംശജരുമെല്ലാം ബ്രിട്ടീഷുകാരുടെ കണക്കിൽ ഹിന്ദുമതക്കാരായി. ഇതോടെ,  അറിയപ്പെട്ട മതക്കാരെല്ലാം–- ഇസ്ലാം ക്രിസ്‌ത്യൻ, പാർസി, സിഖ്‌, ജൈന ന്യൂനപക്ഷമായി. സംഘപരിവാർ കൊണ്ടുനടക്കുന്ന ഹൈന്ദവ ഭൂരിപക്ഷം അങ്ങനെയൊരു കണക്കാണ്‌.

മുഗളൻമാർ ഇന്ത്യയിലെത്തി ഭരണം സ്ഥാപിച്ചപ്പോഴും കാര്യമായ മതകലാപമൊന്നും ഉണ്ടായിട്ടില്ലെന്ന്‌ മധ്യകാല ചരിത്രം രേഖപ്പെടുത്തുന്നു. രജപുത്ര രാജാക്കൻമാരുമായി അവർ മൈത്രിയിലായിരുന്നു. വിവാഹബന്ധങ്ങൾ പരസ്‌പരം ഉണ്ടായിരുന്നു. മുസ്ലിം ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താനാകട്ടെ ബ്രാഹ്മണരായ മന്ത്രിമാരെ വച്ചായിരുന്നു ഭരണം നടത്തിയത്‌.  പൂർണയ്യ ആയിരുന്നു പ്രധാന സചിവൻ. ശൃംഗേരി മഠത്തിന്‌ സാമ്പത്തികസഹായം നൽകിയ സുൽത്താൻ ശ്രീരംഗം ക്ഷേത്രം പുതുക്കിപ്പണിതു എന്നു രേഖകളുണ്ട്‌. പക്ഷേ, അദ്ദേഹം ബ്രിട്ടീഷുകാരുടെ വാഴ്‌ചയ്‌ക്കെതിരായിരുന്നു. ഇവിടെയൊന്നും മതവൈരത്തിന്റെ ചരിത്രം കാണാനില്ല.

സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടീഷുകാർക്കുവേണ്ടി അനുകൂല നിലപാടു സ്വീകരിച്ച സംഘപരിവാർ ഇപ്പോൾ തങ്ങൾ ക്വിറ്റ്‌ ഇന്ത്യാ സമരത്തിന്റെ പിന്നണിയിലുണ്ടായിരുന്നെന്ന്‌ തട്ടിമൂളിക്കുകയാണ്‌. എന്നെ മോചിപ്പിച്ചാൽ ഞാൻ ബ്രിട്ടീഷുകാരെ എല്ലാ രീതിയിലും സഹായിക്കുമെന്ന്‌ കത്തയച്ച ആളാണ്‌ സംഘപരിവാറിന്റെ ആചാര്യനായ സവർക്കർ. ഇപ്പോൾ, ചരിത്രം ഏതെല്ലാം രീതിയിൽ വളച്ചൊടിക്കാൻ കഴിയുമെന്ന്‌ ശ്രമിക്കുകയാണവർ. ചരിത്രം തുടിക്കുന്ന എല്ലാ സ്ഥലനാമങ്ങളും സംഘപരിവാർ മാറ്റാൻ പോകുകയാണെന്ന്‌ വാർത്തയുണ്ട്‌. ചരിത്രത്തെ ദുർവ്യാഖ്യാനിച്ച്‌,  മതവൈരം കൃത്രിമമായി സൃഷ്ടിച്ച്‌ മനുഷ്യരെ വിഭജിക്കുന്ന ഏർപ്പാട്‌ ഭരണകൂടംതന്നെ ഏറ്റെടുക്കാൻ പോകുന്നു. ഇന്ത്യയെ ‘അഫ്‌ഗാനിസ്ഥാനാ’ക്കാനാണ്‌ നീക്കം. ഇത്‌ തടഞ്ഞേ മതിയാകൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top