09 December Saturday
ഇന്ന്‌ 
ശ്രീനാരായണഗുരു 
സമാധി

മാനവികതയുടെ ഗുരുദർശനം

ഡോ. ബി സുഗീതUpdated: Friday Sep 22, 2023

ഗുരുദർശനം ധർമദർശനമാണ്. ധർമം എന്നാൽ ‘ധാര്യതേ അനേന ഇതി ധർമഃ'എന്നാണ്. പ്രപഞ്ചത്തിലെ സകലതിലും ധർമം നിറഞ്ഞുനിൽപ്പുണ്ട്‌. അതൊരു ശാശ്വതസത്യമാണ്‌. ധർമം എന്നാൽ, കർമം എന്നു വിവക്ഷിക്കാം. ഓരോരുത്തരുടേയും പ്രവൃത്തിയിൽ ധർമമുണ്ട്.  ഈ ധർമത്തിൽ അറിവിനാണ് ശ്രീനാരായണ ഗുരു പ്രാധാന്യം നൽകിയത്.

 

ധർമ സർവത്ര വിജയി
ധർമം എന്ന പദം ഗുരുവിന് ഏറെ പ്രിയപ്പെട്ടതായിരുന്നു. ഗുരു സശശരീരനായിരുന്നപ്പോൾ രൂപീകരിച്ച രണ്ട് സംഘടനകളിലും ധർമം എന്ന വാക്കുണ്ട്. ശ്രീനാരായണ ധർമസംഘം, ശ്രീനാരായണ ധർമപരിപാലന യോഗം. ധർമം എന്നപേരിൽ ശിവഗിരിയിൽനിന്ന് ഒരു മാസിക പ്രസിദ്ധം ചെയ്തിരുന്നു. ധർമഃ എന്നപേരിൽ നാലുവരിയുള്ള ഒരു ശ്ലോകവും ഗുരു രചിച്ചു.

" ധർമ ഏവ പരം ദൈവം
ധർമ ഏവ മഹാധനം
ധർമ സർവത്ര വിജയീ
ഭവതു ശ്രേയസ്സേ നൃണാം"

ധർമം തന്നെയാണ് പ്രപഞ്ചത്തിനാദികാരണമായ സത്യം, ധർമം തന്നെയാണ് ഏറ്റവും വലിയ സമ്പത്ത്, ധർമം എല്ലായിടത്തും വിജയം കൈവരിക്കുന്നു. അങ്ങനെയുള്ള ധർമം മനുഷ്യർക്ക് മോക്ഷത്തിനായി ഉപകരിക്കുമാറാകട്ടെ എന്നാണത്‌. മാത്രമല്ല, ആത്മാനന്ദ സ്വാമി എഴുതി ഗുരുവിന്റെ അനുഗ്രഹത്തോടെ പ്രസിദ്ധീകരിച്ച ശ്രീനാരായണ ധർമം എന്ന കൃതിയിൽ പറയുന്നു‘ മനുഷ്യൻ ധർമതൽപ്പരനായിരിക്കണം. അവൻ ധർമത്തെ അറിയുകയും വിചാരിക്കുകയും അനുഷ്ഠിക്കുകയും ഉപദേശിക്കുകയും ചെയ്യണം. അവൻ ധർമത്തെ അറിയുകയും ചിന്തിക്കുകയും വേണം.’


 

സ്മൃതികൾ കാലാനുസൃതമായി 
പരിഷ്കരിക്കണം
വേദങ്ങൾ കർമകാണ്ഡവും ഉപനിഷത്തുകൾ ജ്ഞാനകാണ്ഡവുമാണ്. ഗുരു ഏറ്റവും പ്രാമുഖ്യം നൽകിയത് അറിവിനാണ്.  ഹോമം എന്ന കർമത്തെ ജ്ഞാനത്തിന്റെ തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരുന്ന ഒരു ചിത്രമാണ് ഹോമ മന്ത്രം എന്ന കൃതിയിൽ ഗുരു അവലംബിച്ചിരിക്കുന്നത്. ഋഷിമാർ ദർശിച്ച സത്യത്തെ രേഖപ്പെടുത്തിവച്ചതാണ് ശ്രുതികൾ. വ്യാവഹാരിക ജീവിതത്തിൽ നന്മതിന്മകൾ അനുസരിച്ച് നാം പെരുമാറേണ്ടത് എങ്ങനെയെന്ന് സൂചിപ്പിക്കുന്നവയാണ് സ്മൃതികൾ. ശ്രുതികൾക്ക് നിരക്കുന്ന തരത്തിലാണ് സ്മൃതികൾ എങ്കിലും ഇവയ്ക്ക് രണ്ടാം സ്ഥാനമേയുള്ളൂ. ഗുരു പറഞ്ഞിട്ടുണ്ട് സ്മൃതികൾ കാലോചിതമായി പരിഷ്കരിക്കണമെന്ന്. ഒരിക്കൽ ശിവഗിരിയിൽവച്ച് ഹോമത്തിനായി പ്ലാവിന്റെ കാതൽമാത്രം വെട്ടിയെടുത്ത് വെള്ളഭാഗം കളയുന്നത് കണ്ടപ്പോൾ ഗുരു ചോദിച്ചു,"വെള്ളയും കത്തുമല്ലോ’ വെള്ള ഹോമത്തിനുപയോഗിച്ചു കൂടെന്നായിരുന്നു വിധിയെന്ന് വൈദികൻ മറുപടി പറഞ്ഞു. ഗുരു തുടർന്നു പറഞ്ഞു,"സ്മൃതി എഴുതിയ കാലത്ത് പ്ളാംതടികൾ സുലഭങ്ങളായിരുന്നിരിക്കണം. ഇപ്പോൾ അവ ദുർലഭങ്ങളാണ്. ഏതു നിയമങ്ങളും കാലാനുസൃതമായി പരിഷ്കരിക്കുകതന്നെ വേണം’. "സ്മൃതിയിൽ ശൗചം ചെയ്താലും ശ്രുതിയിൽ കാഷ്ഠിക്കരുതെന്ന് ഒരു ചർച്ചാവേളയിൽ ഗുരു പറഞ്ഞതായി ‘ഗുരു വൈഖരിയിൽ' രേഖപ്പെടുത്തിയിരിക്കുന്നു.

ആധുനിക യുഗത്തിന്‌ സ്വീകാര്യമായ 
ഗുരുദർശനം
നാരായണഗുരു എന്ത് ലക്ഷ്യമാക്കി, നിർദേശിച്ച മാർഗം ഏത് എന്നുള്ളത് തുറന്ന് ചർച്ച ചെയ്യേണ്ട കാലമാണിത്. ആത്മ സാക്ഷാൽക്കാരം ലഭിച്ച് പൂർണ തൃപ്തനായിരിക്കുന്ന മനുഷ്യനെയും ഒരു ലോക പൗരനെയും സൃഷ്ടിക്കുന്നതിന് ഒരേ സമയം പ്രയോജനപ്പെടുന്നതാണ് ഗുരുദർശനം."നാരായണഗുരുവിനോളം സൂക്ഷ്മതയോടും സ്വച്ഛതയോടും ശാസ്ത്രീയതയോടുംകൂടി സത്യം ദർശിച്ച് അവതരിപ്പിക്കാൻ ലോകത്തിലെ ഒരു ശാസ്ത്രജ്ഞനും ചിന്തകനും ഇതുവരെ സാധിച്ചിട്ടില്ല’ എന്നായിരുന്നു നടരാജ ഗുരുവിന്റെ വാക്കുകൾ. ലോകം മുഴുവൻ പര്യടനം നടത്തി പ്രശസ്തരായ ചിന്തകരോടും ശാസ്ത്രജ്ഞരോടും സംവാദങ്ങളിലേർപ്പെട്ടും പൗരസ്ത്യവും പാശ്ചാത്യവുമായ ദർശനങ്ങൾ പഠിച്ചിട്ടുമാണ് അദ്ദേഹമിതു പറഞ്ഞത്. ശാസ്ത്രത്തിൽ ഉണ്ടായിട്ടുള്ള വികാസങ്ങളും ഋഷിമാരുടെ കവിത നിറഞ്ഞ ദർശനവും ചേർന്നിണങ്ങുന്നതായിരുന്നു ഗുരുവിന്റെ രീതി. സത്യനിർണയത്തിൽ ശങ്കരാചാര്യരോട് കൂട്ടുകൂടിയെങ്കിലും വർണവ്യവസ്ഥയോട് ഒരുവിധത്തിലും സന്ധിചെയ്യാൻ ഗുരു തയ്യാറല്ലായിരുന്നു. തന്നെ ഒരു അവതാരപുരുഷനായി കരുതുന്നുണ്ടെങ്കിൽ,"ജാതിഭൂതത്തെ ഇല്ലായ്മ ചെയ്യാനായുണ്ടായ അവതാരമായി’ കണക്കാക്കാവുന്നതാണെന്ന് ഗുരു പറയുകയുണ്ടായി. ഗാന്ധിജി ഗുരുവിനെ സന്ദർശിച്ചപ്പോൾ, മരത്തിന്റെ ഇലകളെപ്പോലെ വ്യത്യസ്തരല്ലേ മനുഷ്യരുമെന്ന്‌ ചോദിച്ചുകൊണ്ട് വർണവ്യവസ്ഥയെ അനുകൂലിക്കാൻ ശ്രമിച്ചപ്പോൾ,"എല്ലാ ഇലകളുടെയും രുചി ഒന്നല്ലേ’ എന്ന് ചോദിച്ചുകൊണ്ട് ഗാന്ധിജിയിലെ അജ്ഞാനത്തെ അകറ്റുവാൻ ഗുരുവിനായി. എങ്കിലും ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യനെ പിടികൂടിയിരിക്കുന്ന ദുർഭൂതം ഇന്നും താണ്ഡവമാടുന്നു. ഇതിനെ വേരോടെ പിഴുതെറിയണമെങ്കിൽ ഗുരു നമുക്കു നൽകിയിരിക്കുന്ന "അറിവി’നെ സ്വാംശീകരിക്കണം. ഗുരു പറഞ്ഞു,

" അഖിലരുമാത്മസുഖത്തിനായ് പ്രയത്നം
സകലവുമിങ്ങു സദാപി ചെയ്തിടുന്നു.
ജഗതിയിലിമ്മതമേകമെന്നു
ചിന്തിച്ചഘമണയാതകതാരമമർത്തിടേണം’

സർവജീവജാലങ്ങളും അന്വേഷിക്കുന്നത്‌ ആത്മസുഖം തന്നെയാണ്‌. ലോകത്താകമാനം  ഈ മതം ഒന്നുതന്നെയെന്നു മനസ്സിലാക്കി, മതത്തിന്റെ പേരിലുള്ള എല്ലാ അനിഷ്ട സംഭവങ്ങളും ഒഴിവാക്കി, ആന്തരികമായി ഒരു ക്ഷോഭവും കൂടാതെ അന്തരംഗത്തെ സമനിലയിൽ നിർത്തി മനസ്സമാധാനം കൈവരിക്കേണ്ടതാകുന്നുവെന്ന്‌. ‘പലമത സാരവുമേകം’ എന്നും ‘വാദിക്കാനും ജയിക്കാനുമല്ലാതെ അറിയാനും അറിയിക്കാനു’മാണ്‌ മതങ്ങൾ അടുക്കേണ്ടതെന്നും 1924ൽ നടത്തിയ സർവമത സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഇതു പറഞ്ഞിട്ട്‌ 100 വർഷം തികയാൻ പോകുന്നു. ഇപ്പോഴും മനുഷ്യർ  മതത്തിന്റെ പേരിൽ കലഹിച്ചുകൊണ്ടിരിക്കുന്നു.

ഗുരുവിന്റെ ദർശനം മാത്രമല്ല, വ്യാവഹാരിക ജീവിതത്തിൽ സംഗതമായി വരുന്ന മതം, ഭക്തി, നൈതികത, സമത്വം എന്നീ വിഷയങ്ങളെല്ലാം ശ്രുതിക്കനുസരിച്ചാണ് ഗുരു അവതരിപ്പിച്ചിരിക്കുന്നത്. ദർശനമാലയിൽ "ആത്മാനുസന്ധാനം ഭക്തി", എന്നും ആത്മോപദേശ ശതകത്തിൽ,"പ്രിയമപരന്റെ യതെൻ പ്രിയം’ എന്നും "അവനിവനെന്നറിയുന്നതൊക്കെയോർത്താൽ അവനിയിലാദിമമായൊരാത്മ രൂപം’ എന്നിവയെല്ലാം ഒരേ സത്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇങ്ങനെ ആധ്യാത്മികവും ഭൗതികവും രണ്ടല്ലെന്നും ഒരേ സത്യത്തിന്റെ രണ്ടു വശങ്ങൾ മാത്രമാണെന്നും മനസ്സിലാക്കി അറിവിന്റെ സ്വച്ഛതയിൽ വാഴണമെന്നാണ് ഗുരു ആവശ്യപ്പെട്ടത്. ഗുരുവിന്റെ സാമൂഹ്യപ്രവർത്തനം അപരസാമ്യമില്ലാത്തതാക്കുന്നതും ഈ പ്രത്യേകതയാണ്. ചുരുക്കത്തിൽ സർവ സമാശ്ലേഷിയായ, സമഗ്രമായ, ശാസ്ത്രയുക്തമായ ഗുരുദർശനം മാത്രമാണ് ആധുനിക യുഗത്തിന് ചേരുന്ന ശരണമന്ത്രം.

(ശ്രീനാരായണ അന്താരാഷ്‌ട്ര പഠനകേന്ദ്രം 
മുൻ ഡയറക്ടറാണ്‌ ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top