24 April Wednesday

അന്നമുണ്ട്‌ ആധിവേണ്ട - അഭിമുഖം പി തിലോത്തമൻ / സുമേഷ്‌ കെ ബാലൻ

വെബ് ഡെസ്‌ക്‌Updated: Friday May 22, 2020

നമ്മുടെ നാട്ടിൽ ഒരാളും പട്ടിണി കിടക്കുന്ന സ്ഥിതി വരരുത്‌ എന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച്‌ പറഞ്ഞ ഈ വാക്കുകൾ അക്ഷരംപ്രതി പാലിക്കാൻ ഭക്ഷ്യവകുപ്പിന്‌ സാധിച്ചു. 97 ശതമാനം കാർഡുടമകളാണ്‌ കഴിഞ്ഞ മാസം റേഷൻകടകളിലെത്തിയത്‌. കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ ഇല്ലാത്തവിധം ജനങ്ങൾ റേഷൻകടകളിൽ എത്തി എന്നതിലല്ല, ലഭിച്ച സാധനങ്ങളിൽ അവരെല്ലാം സംതൃപ്‌തരാണ്‌ എന്നതിലാണ്‌ സർക്കാരിന്റെ സന്തോഷം. കോവിഡിനു പിന്നാലെ കാലവർഷംകൂടി വരാനിരിക്കെ പരാതിക്ക്‌ ഇട ഇല്ലാതെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും ഭക്ഷ്യസാധനങ്ങൾ എത്തിക്കാനുള്ള തീവ്രയത്നത്തിലാണ്‌ ഭക്ഷ്യ പൊതുവിതരണവകുപ്പ്‌–-ദേശാഭിമാനിക്ക്‌ അനുവദിച്ച അഭിമുഖത്തിൽ മന്ത്രി പി തിലോത്തമൻ പറഞ്ഞു.


പൊതുവിതരണരംഗത്തെ മാതൃക
ഭക്ഷ്യ–-പൊതുവിതരണ രംഗത്ത്‌ കേരളം ഇന്ത്യക്ക്‌ മാതൃകയാണ്‌. 97 ശതമാനം കാർഡുടമകളാണ്‌ ഏപ്രിലിൽ റേഷൻകടയിലെത്തിയത്‌. സിനിമാതാരങ്ങൾ ഉൾപ്പെടെ റേഷൻകടയിലെത്തി ഭക്ഷ്യധാന്യങ്ങൾ വാങ്ങി. അവരെല്ലം നല്ല അഭിപ്രായവും പങ്കുവച്ചു. സൗജന്യമായി ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്‌തതുകൊണ്ടു മാത്രമല്ല ഇത്രയധികം പേർ റേഷൻകടകളിൽ എത്തിയത്‌. ഗുണമേന്മയുള്ള സാധനങ്ങൾ വിതരണം ചെയ്‌തതിന്റെ ഫലമാണത്‌. ‘റേഷൻ നമ്മുടെ അവകാശമാണ്‌, ഔദാര്യമല്ല’ എന്നതാണ്‌ നമ്മുടെ മുദ്രവാക്യം. കല്ലും നെല്ലും നിറഞ്ഞ അരിയും ധാന്യങ്ങളും ഇന്ന്‌ പഴങ്കഥയായി മാറിയിട്ടുണ്ട്‌. ഗുണമേന്മയുള്ള ധാന്യങ്ങളേ എഫ്‌സിഐയിൽനിന്ന്‌ എടുക്കാവൂ എന്ന്‌ കർശന നിർദേശം നൽകി. മില്ലുകളിൽനിന്നുള്ള അരിയും കർശനമായി പരിശോധിച്ചാണ്‌ എടുക്കുന്നത്‌. ഈ ഇടപെടൽമൂലമാണ്‌ ഭക്ഷ്യസാധനങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താനായത്‌.


 


എല്ലാവർക്കും കിറ്റ്‌, റേഷൻ
കോവിഡ്‌–- 19 മഹാമാരിയുടെ ആദ്യ ഘട്ടത്തിൽത്തന്നെ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാൻ വകുപ്പ്‌ ഉണർന്ന്‌ പ്രവർത്തിച്ചു. മൂന്നു മാസത്തേക്ക്‌ വേണ്ട അരിയും ഗോതമ്പും ചെറുപയർ, ഉഴുന്ന്‌, കടല, വൻപയർ, പരിപ്പ്‌ തുടങ്ങിയ പയർവർഗങ്ങളും ആവശ്യത്തിന്‌ സംഭരിച്ചു. സംസ്ഥാനത്തെ നെൽകർഷകരിൽനിന്ന്‌ സംഭരിച്ച നെല്ല് മില്ലുകളിൽനിന്ന്‌ അരിയാക്കി കരുതൽശേഖരത്തിൽ സംഭരിച്ചു. ലോക്‌ഡൗൺമൂലം അവശ്യസാധനങ്ങൾക്ക്‌ ക്ഷാമം നേരിടാൻ പാടില്ലെന്ന നിർബന്ധം സർക്കാരിനുണ്ടായിരുന്നു. അതിന്റെ ഭാഗമായി മുൻഗണനാ വിഭാഗം കാർഡുകളുടെ റേഷൻവിതരണം സൗജന്യമാക്കി. മുൻഗണനേതര കാർഡുടമകൾക്ക്‌ 15 കിലോവീതം അരി സൗജന്യമായി നൽകി. എഫ്‌സിഐയിൽനിന്ന്‌ 23 രൂപ പ്രകാരം 130 കോടി രൂപ നൽകി വാങ്ങിയ അരിയാണ്‌ ഇപ്രകാരം വിതരണം ചെയ്‌തത്‌.

കോവിഡ്‌ നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിൽ 1000 രൂപ വിലവരുന്ന പലവ്യഞ്ജന കിറ്റ്‌ എത്തിച്ചു. ഇതിനു പുറമെ സംസ്ഥാനത്തെ 87.39 ലക്ഷം കാർഡുടമകൾക്കും 17 ഇനം അടങ്ങിയ പലവ്യഞ്ജന കിറ്റ്‌ വിതരണം ചെയ്യാൻ തീരുമാനിച്ചു. വ്യാഴാഴ്‌ചവരെ 85 ലക്ഷത്തോളം കാർഡുടമകൾ കിറ്റ്‌ വാങ്ങി. 756 കോടി രൂപയാണ്‌ കിറ്റ്‌ തയ്യാറാക്കാനായി സർക്കാർ വകയിരുത്തിയത്‌. പതിനായിരത്തിൽപ്പരം സന്നദ്ധ പ്രവർത്തകരും നാലായിരത്തോളം സപ്ലൈകോ പായ്‌ക്കിങ് തൊഴിലാളികളും രാപ്പകലില്ലാതെ പ്രവർത്തിച്ചതിനാലാണ്‌ ഇത്രയധികം പേർക്ക്‌ കിറ്റ്‌ നൽകാനായത്‌. റേഷൻവിതരണവുമായി ബന്ധപ്പെട്ട്‌ ഉയർന്ന ഒറ്റപ്പെട്ട പരാതികളിൽ കർശന നടപടിയെടുത്തു. 44 റേഷൻകടയുടെ ലൈസൻസ്‌ സസ്‌പെൻഡ്‌ ചെയ്‌തു. ലീഗൽ മെട്രോളജിവകുപ്പ്‌ നടത്തിയ പരിശോധനകളിൽ ക്രമക്കേട്‌ കണ്ടെത്തിയ സ്ഥാപനങ്ങളിൽനിന്ന്‌ 70 ലക്ഷം രൂപ പിഴ ചുമത്തി.


 


അഗതിമന്ദിരങ്ങൾക്ക്‌ അരി
സംസ്ഥാനത്തെ അഗതിമന്ദിരങ്ങൾ, ക്ഷേമസ്ഥാപനങ്ങൾ, ആശ്രമങ്ങൾ, കോൺവെന്റുകൾ എന്നിവയിലെ അന്തേവാസികൾക്ക്‌ ഒരാൾക്ക്‌ അഞ്ച്‌ കിലോ പ്രകാരം അരി വിതരണംചെയ്‌തു. അതിഥിത്തൊഴിലാളികൾക്ക്‌ മെയ്‌ 15 വരെ 1155 ടൺ അരിയും 3,43,634 കിലോ ആട്ടയും വിതരണംചെയ്‌തു. കമ്യൂണിറ്റി കിച്ചനുകൾക്ക്‌ 129 ടൺ അരി വിതരണംചെയ്‌തു. റേഷൻകാർഡില്ലാത്ത 36,594 കുടുംബത്തിന്‌ 460.29 ടൺ അരിയും സൗജന്യമായി നൽകി. കേന്ദ്ര സർക്കാർ കിലോയ്ക്ക്‌ 22 രൂപ പ്രകാരം നൽകിയ അരി 105.6 കോടി രൂപയുടെ സാമ്പത്തികബാധ്യത വഹിച്ച്‌ സംസ്ഥാനം 15 രൂപ പ്രകാരം മുൻഗണനേതര കുടുംബങ്ങൾക്ക്‌ നൽകി. ജൂണിലും ഇപ്രകാരം അരി നൽകും. റേഷൻകാർഡില്ലാത്ത കുടുംബങ്ങൾക്ക്‌ അപേക്ഷിച്ച്‌ 24 മണിക്കൂറിനകം റേഷൻകാർഡ്‌ നൽകാനും പദ്ധതി തയ്യാറാക്കി. ഇപ്രകാരം 17,000 റേഷൻകാർഡ്‌ വിതരണം ചെയ്‌തു. ലോക്‌ഡൗൺകാലത്ത്‌ ഭക്ഷ്യസാധനങ്ങൾ സുഗമമായി ലഭ്യമാക്കിയത്‌ പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനർത്തി. പൊതുവിതരണവകുപ്പിന്റെ പ്രവർത്തനം ശക്തവും വിപുലവുമാക്കാൻതന്നെയാണ്‌ തീരുമാനം.

എല്ലാ പഞ്ചായത്തിലും മാവേലി സ്‌റ്റോർ
സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും ഒരു മാവേലി സ്‌റ്റോർ എങ്കിലും ഉണ്ടെന്ന്‌ ഉറപ്പാക്കും. 14 പഞ്ചായത്തിൽക്കൂടിയാണ്‌ ഇനി മാവേലി സ്‌റ്റോർ തുടങ്ങാനുള്ളത്‌. ഇവിടെയും അതിവേഗം മോവേലി സ്‌റ്റോർ ആരംഭിക്കും. എല്ലാ ജില്ലയിലും സപ്ലൈകോയുടെ ശീതീകരണ സംവിധാനം ഉൾപ്പെടെയുള്ള ഗോഡൗണുകളും സംസ്‌കരണ കേന്ദ്രങ്ങളും ആരംഭിക്കും. നിലവിൽ 100 കേന്ദ്രത്തിൽ സപ്ലൈകോ ഗൃഹോപകരണങ്ങൾ വിൽക്കുന്നുണ്ട്‌. 40 ശതമാനം വിലക്കുറവിലാണ്‌ സാധനങ്ങൾ വിൽക്കുന്നത്‌. ഗൃഹോപകരണങ്ങൾക്കുമാത്രമായി ഷോറൂമുകൾ ആരംഭിക്കും.

സപ്ലൈകോ  ഓൺലൈനിൽ
സപ്ലൈകോ ഉൽപ്പന്നങ്ങൾ ഓൺലൈനായി വീട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഇതിനകം തുടങ്ങിയിട്ടുണ്ട്‌. സ്വന്തം നിലയിൽ സോഫ്‌റ്റ്‌വെയർ രൂപകൽപ്പന ചെയ്‌ത്‌ വിതരണശൃംഖല ശക്തമാക്കും. സപ്ലൈകോയുടെ 1589 വിപണനകേന്ദ്രത്തിൽനിന്ന്‌ ഓൺലൈനായി സാധനങ്ങൾ വീടുകളിൽ എത്തിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.

അരിയും ഗോതമ്പും എന്നതിനൊപ്പം പയർ വർഗങ്ങളും റേഷൻകട വഴി വിതരണം ചെയ്യും. നാഫെഡുവഴി സംഭരിക്കുന്ന പയർവർഗങ്ങളാണ്‌ റേഷൻകട വഴി വിതരണം ചെയ്യുക. റേഷൻകട വഴി മാവേലി സ്‌റ്റോർ ഉൽപ്പന്നങ്ങളും ലഭ്യമാക്കും. മുൻഗണനാ വിഭാഗത്തിന്‌ ലഭിക്കുന്ന ഗോതമ്പ്‌ ആട്ടയാക്കി നൽകാനും പദ്ധതിയുണ്ട്‌. കമ്പോളത്തിന്റെ നിയന്ത്രണം നമ്മുടെ കൈയിലാക്കാനും ഭക്ഷ്യക്ഷാമവും വിലക്കയറ്റവും നിയന്ത്രിക്കാനുമാണ്‌ സർക്കാരിന്റെ ശ്രമം. കാലവർഷം മുന്നിൽക്കണ്ട്‌ വരുംമാസങ്ങളിലേക്ക്‌ ഭക്ഷ്യസാധനങ്ങൾ സംഭരിക്കാനുള്ള പ്രവർത്തനങ്ങളിലാണ്‌ വകുപ്പ്‌. പുതിയ ഗോഡൗണുകൾ സജ്ജമാക്കി കൂടുതൽ ഭക്ഷ്യസാധനങ്ങൾ സംഭരിക്കാനാണ്‌ തീരുമാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top