24 April Wednesday

നാടിന്റെ ഹൃദയംതൊട്ട്‌ - ജാഥാ ഡയറി - എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 22, 2023


കേന്ദ്ര അവഗണനയ്‌ക്കും വർഗീയതയ്‌ക്കും എതിരായി ഉയർത്തുന്ന കേരളത്തിന്റെ പ്രതിരോധം രാജ്യത്തിന്റെ പൊതുബോധമായി ഉയർത്തി ജനകീയ പ്രതിരോധയാത്രയുടെ മൂന്നാംദിവസം പൂർത്തിയായി. കണ്ണൂർ ജില്ലയിലാണ്‌ ബുധനാഴ്‌ചയും പര്യടനം നടത്തിയത്‌. രണ്ടാം ദിവസം പഴയങ്ങാടിയിൽ സമാപിച്ച ജാഥ ബുധൻ രാവിലെ തളിപ്പറമ്പിൽനിന്നാരംഭിച്ച്‌ വൈകിട്ട്‌ ജില്ലാ ആസ്ഥാനത്താണ്‌ സമാപിച്ചത്‌. ജാഥയുടെ ഭാഗമായി എല്ലാ ദിവസവും അതത്‌ പ്രദേശത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുമായി നാടിന്റെ പൊതുപ്രശ്‌നങ്ങളും ജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങളും ചർച്ച നടത്തുന്നുണ്ട്‌. ഇത്തരം ചർച്ചകളും നാടിന്റെ പരിച്ഛേദമായി മാറുകയാണ്‌. രാവിലെ മാടായി കോ–-ഓപ്പറേറ്റവീവ്‌ റൂറൽ ബാങ്ക്‌ ഹാളിലായിരുന്നു ചർച്ച നടന്നത്‌. സംഗീതജ്ഞർ, സാംസ്‌കാരിക നായകർ, സിനിമ–-നാടക പ്രവർത്തകർ, ശിൽപ്പികൾ, നർത്തകർ, വ്യാപാരികൾ, വ്യവസായികൾ, സ്‌റ്റാർട്ടപ്‌ സംരംഭകർ തുടങ്ങി നാടിന്റെ വിവിധ തുറകളുടെ പ്രാതിനിധ്യമാണ്‌ ചർച്ചയിൽ ഉണ്ടായത്‌. നാടിന്റെ വികസനം, ജനങ്ങളുടെ ക്ഷേമം എന്നിവയിലൂന്നി നടന്ന ചർച്ചയിൽ ഉയർന്ന ക്രിയാത്മക നിർദേശങ്ങളെല്ലാം പാർടി തലത്തിൽ പരിശോധിക്കേണ്ടത്‌ അങ്ങനെയും സർക്കാർതലത്തിൽ പരിശോധിക്കേണ്ടത്‌ സർക്കാരിന്‌ സമർപ്പിച്ചും പരിഹാരം കാണാനാണ്‌ ലക്ഷ്യമിടുന്നത്‌.

പ്രശസ്‌ത ഗായകൻ കാഞ്ഞങ്ങാട്‌ രാമചന്ദ്രൻ ‘ മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു’ എന്ന്‌ തുടങ്ങുന്ന ഗാനം ആലപിച്ചാണ്‌ ചർച്ചയെ സാർഥകമാക്കിയത്‌. മതത്തിന്റെ പേരിൽ വർഗീയശക്തികൾ വെറുപ്പിന്റെ പ്രത്യയശാസ്‌ത്രം പ്രചരിപ്പിക്കുന്നതിനെതിരെയുള്ള പ്രതിരോധം കൂടിയാണല്ലോ ജാഥ. വർഗീയ ഫാസിസത്തെ ചെറുത്തുതോൽപ്പിക്കാനുള്ള ഇടതുപക്ഷത്തിന്റെ ഇച്ഛാശക്തിക്കൊപ്പമുണ്ടാകുമെന്ന സന്ദേശമാണ്‌ കാഞ്ഞങ്ങാട്‌ രാമചന്ദ്രൻ നൽകിയത്‌. പ്രമുഖ ഗാന്ധിയൻ പ്രൊഫ. ബി മുഹമ്മദ്‌ അഹമ്മദ്‌ പറഞ്ഞത്‌ ഗാന്ധിയൻ ആദർശങ്ങൾ ഉയർത്തിപ്പിടിക്കുന്നത്‌ സിപിഐ എം ആണെന്നാണ്‌. ഗാന്ധിയൻ ആദർശങ്ങളാണ്‌ തങ്ങളെ നയിക്കുന്നതെന്ന്‌ അവകാശപ്പെടുന്ന കോൺഗ്രസ്‌ ഗാന്ധിഘാതകരുമായി സന്ധി ചെയ്യുമ്പോഴാണ്‌ യഥാർഥ ഗാന്ധിയൻമാർ സിപിഐ എമ്മിനൊപ്പം നിൽക്കാൻ മുന്നോട്ട്‌ വരുന്നതെന്നും കാണണം.

ആദ്യസ്വീകരണ കേന്ദ്രമായ തളിപ്പറമ്പിലെ അനുഭവം അത്യന്തം വികാരനിർഭരമായി. കോൺഗ്രസ്‌ ക്രിമിനലുകൾ ഇല്ലാതാക്കിയ ഇടുക്കി പൈനാവ്‌ എൻജിനിയറിങ്‌ കോളേജ്‌ വിദ്യാർഥി ധീരജ്‌ രാജേന്ദ്രന്റെ 23–-ാം ജൻമദിനമായിരുന്നു ബുധനാഴ്‌ച. അൽപ്പ ദിവസം മുമ്പാണ്‌ ഒന്നാം രക്തസാക്ഷിത്വ ദിനം ആചരിച്ചത്‌. ധീരജിന്റെ അച്ഛനമ്മമാർ സ്വീകരണകേന്ദ്രത്തിലെത്തി. അവരെ ഒരിക്കൽക്കൂടി ചേർത്തുപിടിക്കാനുള്ള അവസരമായി. അത്യന്തം മനസ്സിനെ ദുഃഖിപ്പിച്ച ഒരു വേർപാടിന്റെ ഓർമയിലാണ്‌ ആ അച്ഛനമ്മമാർ ഇപ്പോഴും. മകന്റെ ജൻമനാളിന്റെ ഓർമയ്‌ക്കായി സാന്ത്വന പരിചരണത്തിനായി ഐആർപിസിക്ക്‌ ഒരു തുക സംഭാവന ചെയ്‌തു. ആ സുമനസ്സുകളുടെ ഹൃദയവിശാലത ഈ ഘാതകർ കാണണം. ഇപ്പോഴും ഘാതകരെ ന്യായീകരിക്കുകയും ധീരജിനെ അപമാനിക്കുകയും ചെയ്യുന്നവരാണ്‌ കോൺഗ്രസ്‌ നേതാക്കൾ.

തളിപ്പറമ്പിലും ശ്രീകണ്‌ഠപുരത്തും മട്ടന്നൂരിലും പാനൂരിലും കണ്ണൂരിലുമെല്ലാം ജാഥയെ വരവേൽക്കാൻ അഭൂതപൂർവമായ ബഹുജന മുന്നേറ്റമാണുണ്ടായത്‌. ശ്രീകണ്‌ഠപുരത്ത്‌ കേരള കോൺഗ്രസ്‌ നേതാക്കൾ ഉൾപ്പെടെയെത്തി ജാഥയ്‌ക്ക്‌ അഭിവാദ്യം അർപ്പിച്ചു. മട്ടന്നൂരിലെ സ്വീകരണകേന്ദ്രത്തിൽ പടിയൂർ മണ്ണേരി ട്രൈബൽ കോളനിയിലെ എട്ട്‌ വിദ്യാർഥികൾ എത്തി പൂച്ചെണ്ട്‌ നൽകി. സിപിഐ എമ്മിന്റെയും എൽഡിഎഫ്‌ സർക്കാരിന്റെയും കരുതലും സ്‌നേഹവും തിരിച്ചറിഞ്ഞാണ്‌ കുട്ടികൾ എത്തിയത്‌. കോളനിയിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ, ലൈഫ്‌ പദ്ധതി വഴി ലഭിച്ച വീടുകൾ, സിപിഐ എം പ്രവർത്തകർ നൽകുന്ന പഠനോപകരണങ്ങൾ–- എന്നിങ്ങനെയെല്ലാം അവരുടെ ജീവിതത്തിന്‌ താളം കണ്ടെത്താൻ കഴിഞ്ഞു. അവരുടെ സ്‌നേഹോപഹാരം സിപിഐ എമ്മിനും ഈ സർക്കാരിനുമുള്ള അംഗീകാരമാണ്‌. വലതുപക്ഷവും വലതുപക്ഷ മാധ്യമങ്ങളും സൃഷ്‌ടിക്കുന്ന നുണയുടെ പെരുങ്കോട്ടകൾ സിപിഐ എം തകർത്തെറിയുന്നത്‌ ഇത്തരത്തിൽ ബഹുജനങ്ങൾക്കിടയിൽ പ്രവർത്തിച്ചും അവരുടെ പിന്തുണ ആർജിച്ചുമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top