30 November Tuesday

ഗാന്ധിജി സവർക്കറുടെ‘ഉപദേശകൻ’ ; സംഘപരിവാറിന്റെ പുതിയ നുണ

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

videograbbed image

ചരിത്രസത്യങ്ങളെ വികൃതമായി അവതരിപ്പിച്ച്‌ വളച്ചൊടിക്കുക എന്നത്‌ ഇന്ത്യയിൽ സംഘപരിവാറിന്റെയും  ബിജെപിയുടെയും സ്ഥിരം പരിപാടിയാണ്‌. കള്ളങ്ങൾ ആവർത്തിച്ചു പറഞ്ഞ്‌ സത്യമെന്ന പ്രതീതി സൃഷ്ടിക്കും. ജയിലിൽനിന്ന്‌ മോചിപ്പിക്കാൻ ബ്രിട്ടീഷുകാർക്ക്‌ വി ഡി സവർക്കർ മാപ്പപേക്ഷ നൽകിയത്‌ ഗാന്ധിജിയുടെ ഉപദേശപ്രകാരമാണെന്ന്‌ വരുത്തിത്തീർക്കാനുള്ള ശ്രമത്തിലാണ്‌ സംഘപരിവാർ. അതിന്റെ ഭാഗമായാണ്‌ പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്ങിന്റെ പ്രസംഗം. ഗാന്ധിജിയെ കൊലപ്പെടുത്തിയ പ്രതിയെ ക്ഷേത്രം പണിത്‌ ആരാധിക്കുന്നവർതന്നെ സവർക്കറുടെ മാപ്പപേക്ഷകളെയും ഗാന്ധിജിയെയും മനഃപൂർവം കൂട്ടിയിണക്കുകയാണ്‌. സവർക്കറെ ദേശീയ ബിംബമാക്കാനുള്ള ഈ ആസൂത്രിത നീക്കം തുറന്നുകാട്ടുകയാണ്‌ ചരിത്ര പണ്ഡിതരായ മൃദുല മുഖർജി , ആദിത്യ മുഖർജി ,  സുചേത മഹാജൻ  എന്നിവർ

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസംഗം 2021 ഒക്ടോബർ 13ന്‌ ‘ദി ഇന്ത്യൻ എക്‌സ്‌പ്രസ്‌’ ഇങ്ങനെയാണ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌–-“സവർക്കർക്കെതിരെ ഒരുപാട് അസത്യങ്ങൾ പ്രചരിപ്പിക്കപ്പെട്ടു. ജയിൽമോചിതനാകാൻ ബ്രിട്ടീഷ് സർക്കാരിനു മുന്നിൽ അദ്ദേഹം ഒന്നിലധികം ദയാഹർജികൾ സമർപ്പിച്ചെന്ന് ആവർത്തിച്ചു പറയപ്പെട്ടു. തന്റെ മോചനത്തിനായി അദ്ദേഹം ദയാഹർജികൾ സമർപ്പിച്ചിട്ടില്ല എന്നതാണ് സത്യം. ഒരു തടവുകാരന് ദയാഹർജി നൽകാൻ പൊതുവായ അവകാശമുണ്ട്. നിങ്ങൾ ഒരു ദയാഹർജി സമർപ്പിക്കണമെന്ന്‌ മഹാത്മാഗാന്ധി സവർക്കറോട്‌ ആവശ്യപ്പെട്ടു. ഗാന്ധിയുടെ നിർദേശപ്രകാരമാണ് അദ്ദേഹം ഒരു ദയാഹർജി സമർപ്പിച്ചത്‌. സവർക്കർജിയെ മോചിപ്പിക്കണമെന്ന്‌ ഗാന്ധി അഭ്യർഥിച്ചിരുന്നു. സ്വാതന്ത്ര്യത്തിനായി സമാധാനപരമായ പ്രക്ഷോഭമാണ്‌ ഞങ്ങൾ നടത്തുന്നത്‌, അതുപോലെ സവർക്കറും–- ഗാന്ധി പറഞ്ഞു.’’ ‘‘നിങ്ങൾക്ക് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം, പക്ഷേ, അദ്ദേഹത്തെ അരോചകമായി കാണുന്നത് ശരിയല്ല. അദ്ദേഹം രാഷ്ട്രത്തിന്‌ നൽകിയ സംഭാവനയെ കുറച്ചുകണ്ട്‌ അപമാനിക്കുന്നതിനെ ഒരിക്കലും സഹിക്കാനാകില്ലെന്നും’’–- രാജ്‌നാഥ്‌ സിങ്‌ സവർക്കറെക്കുറിച്ചുള്ള പുസ്‌തകപ്രകാശനച്ചടങ്ങിൽ പറഞ്ഞു. (ഭീഷണി ശ്രദ്ധിക്കുക: ഗോഡ്സെയ്‌ക്കായി ക്ഷേത്രങ്ങൾ സ്ഥാപിച്ച്‌ നായകനായി ആരാധിക്കുന്നത്‌ സഹിക്കാനാകും, പക്ഷേ സവർക്കറിനെ വിമർശിക്കരുത്!).

എന്താണ് വസ്തുതകൾ?
1920ലെ ഒരു രേഖയെ അടിസ്ഥാനമാക്കിയാണ്‌ രാജ്‌നാഥിന്റെ അവകാശവാദം. വി ഡി സവർക്കറുടെയും ഗണേഷ്‌ സവർക്കറുടെയും സഹോദരനായ എൻ ഡി സവർക്കർ ഗാന്ധിജിക്ക്‌ എഴുതിയ കത്തും ഇതിനുള്ള മറുപടിയും, യങ്‌ ഇന്ത്യയിൽ ഗാന്ധിജി എഴുതിയ ഒരു ലേഖനവുമാണ്‌ അടിസ്ഥാനം. എന്നാൽ, രാജ്‌നാഥ് സിങ്‌ ഉന്നയിച്ച അവകാശവാദവുമായി വസ്‌തുതകൾക്ക്‌ ഏറെ വ്യത്യാസമുണ്ട്‌. ഇതിനും ഒമ്പത്‌ വർഷംമുമ്പ്‌ വിനായക് ദാമോദർ സവർക്കർ ആദ്യത്തെ മാപ്പപേക്ഷ സമർപ്പിച്ചിരുന്നു (1911ൽ). ആദ്യമായി ശിക്ഷിക്കപ്പെട്ട് ജയിലിലെത്തി ആറു മാസത്തിനുള്ളിൽ. കൂടാതെ, തുടർന്നുള്ള വർഷങ്ങളിൽ നിരവധി ദയാഹർജിയും നൽകി. ഒരു തെളിവുമില്ലാതെയാണ്‌ ഗാന്ധിജിയുടെ നിർദേശപ്രകാരമാണ്‌ മാപ്പപേക്ഷ നൽകിയതെന്ന അവകാശവാദം ഇപ്പോൾ ഉന്നയിച്ചിരിക്കുന്നത്‌. 1913ൽ ആഭ്യന്തരസമിതി അംഗം സർ റജിനാൾഡ്‌ ക്രാഡോക്‌ ആൻഡമൻ ജയിൽ സന്ദർശിച്ചപ്പോൾത്തന്നെ മോചിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സവർക്കർ വ്യക്തിപരമായി സമർപ്പിച്ച അപേക്ഷയിൽ ബ്രിട്ടീഷ്‌ സർക്കാരിനോട്‌ വിശ്വസ്‌തത പുലർത്തുമെന്ന്‌ ഉറപ്പുകൊടുത്തിരുന്നു. "സർക്കാർ അവരുടെ നാനാവിധമായ ഔദാര്യത്താലും കാരുണ്യത്താലും എന്നെ മോചിപ്പിക്കുകയാണെങ്കിൽ, മറ്റുള്ള ആരേക്കാളും കൂടുതൽ ഞാൻ ഇംഗ്ലീഷ്‌ സർക്കാരിന്റെ ഭരണഘടനാ പുരോഗതിയുടെയും വിശ്വസ്തതയുടെയും ഏറ്റവും ശക്തനായ വക്താവാകുമെന്ന പ്രധാന വ്യവസ്ഥയാണ്‌ മുന്നോട്ടുവയ്‌ക്കുന്നത്‌. അവർ ആഗ്രഹിക്കുന്നതുപോലെ ഏത് പദവിയിലും സർക്കാരിനെ സേവിക്കാൻ ഞാൻ തയ്യാറാണ്. മാനസികമായി പരിവർത്തനം ചെയ്യപ്പെട്ട മാറ്റമാണ്‌ എന്റേത്‌, ഇതിനനുസരിച്ച്‌ ഞാൻ ഭാവിയിൽ നിലപാട്‌ സ്വീകരിക്കുമെന്നും ഉറപ്പുനൽകുന്നു. വീരന്മാർക്ക്‌ കരുണയുള്ളവനായിരിക്കാൻ മാത്രമേ കഴിയൂ, അതിനാൽ സർക്കാരിന്റെ രക്ഷാകർതൃ വാതിലുകളിലേക്ക് അല്ലാതെ മറ്റ്‌ എവിടേക്കാണ്‌ ധൂർത്തപുത്രന് തിരികെ പോകാനാവുക.’’

കൂടാതെ, ജി എസ് ഖോപാർഡെ സാക്ഷ്യപ്പെടുത്തിയതുപോലെ, 1920 മാർച്ച് 22-ന് ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിലിൽ സവർക്കർ അനുകൂലികൾ ഉന്നയിച്ചത്‌ ഇങ്ങനെയായിരുന്നു–- ‘‘സവർക്കറും സഹോദരനും 1915ലും ജയിലിൽനിന്ന്‌ വിട്ടയക്കാൻ ഹർജി നൽകിയിരുന്നു. 1918ൽ മറ്റൊരു തവണയും നിവേദനം സമർപ്പിച്ചിരുന്നു. ഇപ്പോൾ മോചിപ്പിക്കുകയാണെങ്കിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ സൈന്യത്തിൽ ചേർന്ന്‌ ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തെ അവർ സേവിക്കുമെന്നും പരിഷ്കരണ ബിൽ പാസാക്കിയതിനുശേഷം നിയമം വിജയകരമായി നടപ്പാക്കി ക്രമസമാധാനം പാലിക്കാൻ സഹായിക്കാമെന്നും ദയാ ഹർജിയിൽ വ്യക്തമാക്കിയിരുന്നു.’’ ആഭ്യന്തരസമിതി അംഗം സർ വില്യം വിൻസെന്റ് അദ്ദേഹത്തിന്റെ മറുപടിയിൽ ഇക്കാര്യം സ്ഥിരീകരിച്ചു–- ‘‘ പോർട്ട്‌ബ്ലെയർ ജയിൽ സൂപ്രണ്ടുവഴി വിനായക് ദാമോദർ സവർക്കറിൽനിന്ന്‌ രണ്ട് നിവേദനങ്ങൾ ലഭിച്ചിട്ടുണ്ട്‌. -ഒന്ന് 1914ലും മറ്റൊന്ന് 1917ലും. ആദ്യ നിവേദനത്തിൽ യുദ്ധസമയത്ത്‌ ഏത്‌ രീതിയിലും സർക്കാരിനെ സേവിക്കാമെന്ന്‌ അയാൾ വാഗ്ദാനം ചെയ്‌തതിനോടൊപ്പം യുദ്ധസമയത്ത് ഗവൺമെന്റിനുള്ള സേവനങ്ങൾ ഏത് പദവിയിലും നിർവഹിക്കാൻ തയ്യാറാണ്‌. എല്ലാ രാഷ്ട്രീയ തടവുകാർക്കും പൊതുമാപ്പ് നൽകണമെന്നും യാചിച്ചിട്ടുണ്ട്‌. രണ്ടാമത്തെ ഹർജിയിലും ആദ്യത്തെ ഹർജിയിലെ യാചനകൾ ആവർത്തിക്കുകയാണ്‌’’. ഗാന്ധിജിയുടെ ഉപദേശമോ പ്രേരണയോ ഇല്ലാതെതന്നെ 1911നും 1920നും ഇടയിൽ സവർക്കർ നിരവധി ദയാഹർജികൾ സമർപ്പിച്ചിട്ടുണ്ടെന്ന് ഇതോടെ വ്യക്തമാണ്. ബ്രിട്ടീഷ് സർക്കാരിനോടുള്ള വിശ്വസ്തതയും ഏതു രീതിയിലും അവരെ സേവിക്കാനുള്ള സന്നദ്ധതയും പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ഓരോ നിവേദനവും. അതിനാൽ, സവർക്കർ സ്വന്തംനിലയിൽ ദയാഹർജികൾ സമർപ്പിച്ചിട്ടില്ലെന്നും ഗാന്ധിജിയുടെ ഉപദേശപ്രകാരം മാത്രമാണ്‌ ചെയ്‌തതെന്നുമുള്ള രാജ്‌നാഥ്‌ സിങ്ങിന്റെ അവകാശവാദം ചരിത്രത്തെ അവഹേളിക്കലാണ്‌.

അപ്പോൾ ഗാന്ധിജി എവിടെയാണ് കഥയിലേക്ക് വരുന്നത്: 1920ൽ മാത്രമാണ്‌. ബ്രിട്ടീഷ്‌ രാജകീയ വിളംബരത്തെതുടർന്ന്‌ നിരവധി തടവുകാരെ വിട്ടയച്ചപ്പോൾ പട്ടികയിൽ തന്റെ രണ്ട്‌ സഹോദരന്മാരുടെ പേരില്ലെന്നു കണ്ടപ്പോഴാണ്‌ സവർക്കർ സഹോദരന്മാരുടെ ഇളയ സഹോദരൻ എൻ ഡി സവർക്കർ ഗാന്ധിജിക്ക്‌ കത്തെഴുതിയത്‌. കത്തിലൂടെ ഗാന്ധിജിയുടെ ഉപദേശം തേടുകയായിരുന്നു. എന്നാൽ, ഉപദേശം നൽകാൻ ബുദ്ധിമുട്ടാണെന്ന്‌ മറുപടി പറഞ്ഞ ഗാന്ധിജി ഒരു ഹ്രസ്വ നിവേദനം തയ്യാറാക്കി നൽകാൻമാത്രം നിർദേശിക്കുകയായിരുന്നു. 1920 മെയ് 26-ന് യങ്‌ ഇന്ത്യയിൽ, സവർക്കർ ബ്രദേഴ്സ് എന്ന പേരിൽ ഗാന്ധിജി എഴുതിയ ലേഖനത്തിൽ രാജകീയ വിളംബരത്തിന്റെ അടിസ്ഥാനത്തിൽ മറ്റ് പല രാഷ്ട്രീയ തടവുകാരെയും മോചിപ്പിച്ചെങ്കിലും സവർക്കർ സഹോദരങ്ങളെ ഉൾപ്പെടുത്തിയിട്ടില്ലെന്ന്‌ സൂചിപ്പിച്ചിരുന്നു. ‘‘രണ്ട് സഹോദരങ്ങളും അവരുടെ രാഷ്ട്രീയ അഭിപ്രായങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്, വിപ്ലവകരമായ ആശയങ്ങളൊന്നും സ്വീകരിക്കുന്നില്ലെന്ന്‌ രണ്ടുപേരും വ്യക്തമാക്കി. മോചിപ്പിക്കുകയാണെങ്കിൽ പരിഷ്‌കരണ നിയമത്തിന്‌ (ഇന്ത്യ ആക്ട്‌ 1919) കീഴിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായും പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടീഷ് ബന്ധത്തിൽനിന്നുള്ള സ്വാതന്ത്ര്യം രണ്ടുപേരും ആഗ്രഹിക്കുന്നില്ലെന്ന് അവർ അസന്ദിഗ്ധമായി പ്രസ്താവിക്കുന്നു. മറിച്ച്‌ ബ്രിട്ടീഷുകാരുമായി ചേർന്ന് ഇന്ത്യയുടെ ഭാഗധേയം മികച്ചതാക്കാൻ കഴിയുമെന്നും അവർ ചിന്തിക്കുന്നു’’. ഈ ലേഖനത്തിൽ എവിടെയാണ്‌ രാജ്‌നാഥ്‌ സിങ്‌ പറഞ്ഞതുപോലെ സവർക്കറിനെ മോചിപ്പിക്കണമെന്ന ഗാന്ധിജിയുടെ അഭ്യർഥനയുള്ളത്‌.

ഗാന്ധിജിയുടെ ലേഖനത്തിൽ ഒരിടത്തും ഇത്തരത്തിലുള്ള അഭ്യർഥന ഇല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. "പൊതുസുരക്ഷയ്‌ക്കോ ഭരണകൂടത്തിനോ’ അവർ അപകടമൊന്നുമില്ലെന്ന് ഉറപ്പിച്ചശേഷം അവരെ വിട്ടയക്കാത്ത സർക്കാർ തീരുമാനത്തെ ഗാന്ധിജി ചോദ്യം ചെയ്യുന്നുണ്ട്‌. എന്നാൽ, അവരെ മോചിപ്പിക്കാൻ ബ്രിട്ടീഷുകാരോട്‌ ആവശ്യപ്പെടുന്നുമില്ല്ല. പ്രതിരോധമന്ത്രി അവകാശപ്പെടുന്നതുപോലെ "സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രസ്ഥാനം ഞങ്ങൾ സമാധാനപരമായി നടത്തുകയാണ്, അങ്ങനെതന്നെ സവർക്കറും’ എന്ന്‌ ഗാന്ധിജി തന്റെ ലേഖനത്തിൽ എവിടെയെങ്കിലും ബ്രിട്ടീഷുകാരോട്‌ പറയുന്നുണ്ടോ? ഇല്ല എന്നതാണ്‌ സത്യം. നേരെമറിച്ച്, ‘സവർക്കർ സഹോദരങ്ങൾ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ല, മറിച്ച്‌ പരിഷ്കരണ നിയമപ്രകാരം പ്രവർത്തിക്കാൻ ആഗ്രഹിക്കുകയാണ്‌’ എന്ന്‌ ഗാന്ധിജി ഊന്നിപ്പറയുന്നുമുണ്ട്‌. ഇങ്ങനെ അഭിപ്രായപ്പെട്ട ഗാന്ധിജിയുടെ പേര്‌ പറഞ്ഞാണ്‌ ഇപ്പോൾ സവർക്കറുടെ ദേശീയവാദ യോഗ്യത സ്ഥാപിക്കാൻ ശ്രമിക്കുന്നത്‌. അങ്ങനെ നോക്കുമ്പോൾ ഈ സംഭവപരമ്പരയിൽ വിചിത്രമായ വിരോധാഭാസം ഉണ്ട്.

ദയാഹർജിപോലുള്ള നിർണായക പ്രശ്‌നങ്ങളിൽ സവർക്കർ ഗാന്ധിജിയിൽനിന്ന്‌ ഉപദേശങ്ങൾ തേടിയിരുന്നെന്നും അദ്ദേഹത്തെ ജയിലിൽനിന്ന്‌ മോചിപ്പിക്കാൻ ഗാന്ധിജി ആവശ്യപ്പെട്ടിരുന്നെന്നും വരുത്തിത്തീർത്ത്‌ ഗാന്ധിജിയും സവർക്കറും തമ്മിൽ അടുത്തബന്ധമുണ്ടായിരുന്നെന്ന്‌ പൊതുജനങ്ങളുടെ മനസ്സിൽ തെറ്റായ ചിത്രം സൃഷ്ടിക്കാനാണ്‌ ശ്രമിക്കുന്നത്‌. ജയിൽമോചിതനാകാൻ സവർക്കർ ദയഹർജി നൽകി യാചിച്ചതിനെ വെറും സാധാരണ സംഭവംമാത്രമാക്കി മാറ്റാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണ് ഇത്‌. ദേശീയപ്രസ്ഥാനത്തിന്റെ മറ്റ്‌ നിരവധി നേതാക്കൾ മാപ്പപേക്ഷിച്ച്‌ ജയിൽമോചിതരാകാൻ തയ്യാറായിരുന്നില്ല. തനിക്ക്‌ കഠിന ശിക്ഷതന്നെ നൽകണമെന്ന്‌ ഗാന്ധിജി ആവശ്യപ്പെടുകയായിരുന്നു.

(അവസാനിക്കുന്നില്ല)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top