19 April Friday

ഉയരുമോ, വിശാല പ്രതിപക്ഷ ഐക്യം

എം പ്രശാന്ത്Updated: Friday Jul 22, 2022

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. എംപിമാരും എംഎൽഎമാരും ഉൾപ്പെടുന്ന ഇലക്ടറൽ കോളേജിൽ അറുപത്‌ ശതമാനത്തിലേറെ വോട്ടുമൂല്യം തുടക്കത്തിലേ ഉറപ്പിച്ചിരുന്ന ദ്രൗപദി മുർമു ആദിവാസി വിഭാഗത്തിൽനിന്നുള്ള ആദ്യ ഇന്ത്യൻ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്രഭാരതത്തിൽ ജനിച്ച ഒരാൾ ഇന്ത്യൻ രാഷ്ട്രപതിയാകുന്നതും ഇതാദ്യം. മുൻ ബിജെപി നേതാവുകൂടിയായ യശ്വന്ത്‌ സിൻഹ പ്രതിപക്ഷ പാർടികളുടെ പൊതുസ്ഥാനാർഥിയെന്ന നിലയിൽ പ്രചാരണഘട്ടത്തിൽ കാര്യമായി അധ്വാനിച്ചെങ്കിലും ബിജെപിയുടെ ‘പിളർത്തൽ’ രാഷ്ട്രീയത്തിനുമുന്നിൽ പിടിച്ചുനിൽക്കാനായില്ല. അതേസമയം, സംഘപരിവാറിന്റെ ഏകാധിപത്യ പ്രവണതകൾക്കെതിരായി ദേശീയതലത്തിൽ പ്രതിപക്ഷപാർടികളുടെ ഐക്യനിര കെട്ടിപ്പടുക്കാനായെന്നത്‌ സിൻഹയ്‌ക്ക്‌ നേട്ടമാണ്‌.

കഴിഞ്ഞ പതിനാറ്‌ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുമൂല്യം നേടിയ സ്ഥാനാർഥിയെന്നതും സിൻഹയ്‌ക്ക്‌ അംഗീകാരമാണ്‌. 771 എംപിമാരും 4025 എംഎൽഎമാരും ഉൾപ്പെട്ടതായിരുന്നു രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ഇലക്ടറൽ കോളേജ്‌. ജമ്മു കശ്‌മീരിന്റെ സംസ്ഥാനപദവി കേന്ദ്രം എടുത്തുകളഞ്ഞതിനാൽ മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച്‌ ഇലക്ടറൽ കോളേജിൽ 90 എംഎൽഎമാരുടെ കുറവുവന്നു. 10.86 ലക്ഷമായിരുന്നു ഇലക്ടറൽ കോളേജിലെ ആകെ വോട്ടുമൂല്യം. 4796 വോട്ടർമാരിൽ 4754 പേർ വോട്ടു രേഖപ്പെടുത്തി. 99.12 ശതമാനം പോളിങ്‌. കേരളമടക്കം പത്ത്‌ സംസ്ഥാനത്തും പുതുച്ചേരിയിലും നൂറ്‌ ശതമാനം പോളിങ്‌ രേഖപ്പെടുത്തി.

ഇലക്ടറൽ കോളേജിൽ അമ്പത്‌ ശതമാനത്തിനടുത്ത്‌ വോട്ടുള്ള എൻഡിഎയ്‌ക്ക്‌ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ജയം സുനിശ്‌ചിതമായിരുന്നു. ഏകപക്ഷീയ ജയം തടയുക എന്നതായിരുന്നു പ്രതിപക്ഷത്തിനു മുന്നിലെ വെല്ലുവിളി. പ്രതിപക്ഷ ഐക്യത്തിന്‌ ആര്‌ മുൻകൈ എടുക്കുമെന്നതും പ്രതിസന്ധിയായി. പ്രധാന പ്രതിപക്ഷ പാർടിയെന്ന നിലയിൽ കോൺഗ്രസായിരുന്നു ചർച്ചകൾക്ക്‌ തുടക്കമിടേണ്ടിയിരുന്നത്‌. എന്നാൽ, സോണിയക്കും രാഹുലിനുമെതിരായ ഇഡി നീക്കങ്ങളും മറ്റും കോൺഗ്രസിന്റെ താളംതെറ്റിച്ചു. കോവിഡ്‌ ബാധിതയായി സോണിയ ആശുപത്രിയിലുമായി. ദേശീയതലത്തിൽ ബിജെപിയുടെ പ്രധാന പ്രതിയോഗിയെന്ന പ്രതിച്ഛായക്കായി കിണഞ്ഞുശ്രമിക്കുന്ന മമത ബാനർജി അവസരം ഉപയോഗപ്പെടുത്തി.

ജൂൺ 15ന്‌ ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ യോഗം ചേരാമെന്ന്‌ അറിയിച്ച്‌ കോൺഗ്രസും പ്രതിപക്ഷ പാർടികളുമടക്കം 19 പ്രതിപക്ഷ പാർടിക്ക്‌ മമത കത്തയച്ചു. മമതയുടെ ഏകപക്ഷീയ നീക്കം പ്രതിപക്ഷത്തെ പല പാർടികൾക്കും സ്വീകാര്യമായിരുന്നില്ല. കൂടിയാലോചനകൾ കൂടാതെ ഇത്തരമൊരു യോഗം വിളിച്ചതിൽ വിയോജിപ്പ്‌ അറിയിച്ച്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മമതയ്‌ക്ക്‌ കത്തയച്ചു. ഇത്തരം നീക്കങ്ങൾ ബിജെപി ഇതര പാർടികളുടെ ഐക്യത്തിന്‌ അപകടം ചെയ്യുമെന്നും യെച്ചൂരി ഓർമപ്പെടുത്തി. ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ ഘടനയും ഭരണഘടനയും സംരക്ഷിക്കുന്നതിനായി മതനിരപേക്ഷ പാർടികളുടെ വിശാല ഐക്യത്തിനായി നിലകൊള്ളുന്ന പാർടിയെന്ന നിലയിൽ ക്ഷണം സ്വീകരിക്കുന്നതായും യെച്ചൂരി അറിയിച്ചു. സിപിഐ എമ്മിനെ പ്രതിനിധാനംചെയ്‌ത്‌ രാജ്യസഭാ നേതാവ്‌ എളമരം കരീം മമത വിളിച്ച യോഗത്തിൽ പങ്കെടുത്തു. കൂടിയാലോചന കൂടാതെയുള്ള യോഗമായതിനാൽതന്നെ സ്ഥാനാർഥിയുടെ കാര്യത്തിൽ ധാരണയിലെത്താതെ പിരിയേണ്ടി വന്നു. എന്നാൽ, എൻഡിഎ സ്ഥാനാർഥിക്കെതിരായി പ്രതിപക്ഷ പാർടികളുടെ പൊതുസ്ഥാനാർഥിയുണ്ടാകുമെന്ന്‌ പ്രഖ്യാപിക്കപ്പെട്ടു. എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ തുടർചർച്ചകൾക്കായി ചുമതലപ്പെടുത്തുകയും ചെയ്‌തു.

പിന്നീട്‌ പ്രതിപക്ഷത്തെ മുതിർന്ന നേതാക്കൾ പലവട്ടം യോഗം ചേർന്നാണ്‌ മുൻ കേന്ദ്രമന്ത്രി യശ്വന്ത്‌ സിൻഹയെ സ്ഥാനാർഥിയായി തീരുമാനിച്ചത്‌. ശരദ് പവാർ, ഫാറൂഖ്‌ അബ്‌ദുള്ള, ഗോപാൽകൃഷ്‌ണ ഗാന്ധി തുടങ്ങിയ പേരുകളും നിർദേശിക്കപ്പെട്ടെങ്കിലും ഇവരാരും മൽസരത്തിന്‌ ഒരുക്കമായില്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർടികളുമായി ചർച്ചയ്‌ക്ക്‌ രാജ്‌നാഥ്‌ സിങ്ങിനെയും ജെ പി നഡ്ഡയെയും ബിജെപി ചുമതലപ്പെടുത്തിയിരുന്നു. സമവായ നീക്കമെന്ന പേരിൽ രാജ്‌നാഥ്‌ പ്രതിപക്ഷത്തെ ചില നേതാക്കളുമായി സംസാരിച്ചെങ്കിലും ഈ നീക്കം ആത്മാർഥതയോടെയായിരുന്നില്ല. തങ്ങൾ സ്ഥാനാർഥിയായി താൽപ്പര്യപ്പെടുന്നത്‌ ആരെയെന്ന്‌ വ്യക്തമാക്കാൻ രാജ്‌നാഥോ നഡ്ഡയോ തയ്യാറായില്ല. എന്നാൽ, സിൻഹയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ ബിജെപി നേതാക്കൾ യോഗം ചേർന്ന്‌ മുർമുവിനെ സ്ഥാനാർഥിയായി തീരുമാനിച്ചു.

ദുഷ്‌കരമായ ദൗത്യമാണ്‌ ഏറ്റെടുത്തതെങ്കിലും തന്റെ പോരാട്ടം മോദി സർക്കാരിന്റെ ഏകാധിപത്യ നിലപാടുകൾക്കെതിരെയെന്ന്‌ സിൻഹ പ്രഖ്യാപിച്ചു. റബർസ്‌റ്റാമ്പല്ല രാഷ്ട്രപതിയെന്നും ഭരണഘടനയെ സംരക്ഷിക്കുകയാണ്‌ ഉത്തരവാദിത്വമെന്നും സിൻഹ ഓർമപ്പെടുത്തി. മാധ്യമങ്ങളോട്‌ തുടർച്ചയായി സംവദിച്ച സിൻഹ നിലപാടുകൾ വ്യക്തമാക്കാൻ എതിർസ്ഥാനാർഥിയോട്‌ ആവശ്യപ്പെടുകയും ചെയ്‌തു. എന്നാൽ, ഒരിക്കൽപ്പോലും മുർമു മാധ്യമങ്ങൾക്കു മുമ്പാകെ എത്തിയില്ല. ബിജെപിയും സംഘപരിവാറുമാകട്ടെ മുർമുവിന്റെ സ്ഥാനാർഥിത്വം ആദിവാസി വിഭാഗങ്ങളോടുള്ള തങ്ങളുടെ പ്രതിബദ്ധതയ്‌ക്ക്‌ ഉദാഹരണമായി ചിത്രീകരിച്ചു. മുഖ്യധാരാ വലതുമാധ്യമങ്ങളും ഇത്തരമൊരു പൊതുബോധ സൃഷ്ടിക്കായി കിണഞ്ഞുശ്രമിച്ചു.

മുർമു ഒഡിഷയിൽ നിന്നായതിനാൽ ബിജെഡി തുടക്കത്തിലേ പിന്തുണ പ്രഖ്യാപിച്ചു. കേന്ദ്രത്തിൽ ബിജെപിയോട്‌ ഒട്ടിനിൽക്കുന്ന വൈഎസ്‌ആർസിപിയും എൻഡിഎ സ്ഥാനാർഥിക്കൊപ്പമെന്ന്‌ അറിയിച്ചു. മുർമു ഉൾപ്പെടുന്ന സാന്താൾ വിഭാഗം ജാർഖണ്ഡിൽ നിർണായക വോട്ടു ബാങ്കായതിനാൽ പ്രതിപക്ഷ സഖ്യത്തിലായിരുന്ന ജെഎംഎമ്മും കളംമാറി. മഹാരാഷ്ട്രയിൽ ശിവസേനയിലുണ്ടായ പിളർപ്പും എൻഡിഎ സ്ഥാനാർഥിയുടെ പിന്തുണ വർധിപ്പിച്ചു. അമ്പത്‌ ശതമാനത്തിനടുത്തുനിന്ന്‌ അറുപത്‌ ശതമാനത്തിലേറെയായി മുർമുവിന്റെ വോട്ടുമൂല്യം ഉയർന്നു. എന്നാൽ എഎപി, ടിആർഎസ്‌ തുടങ്ങിയ പാർടികൾ സിൻഹയ്‌ക്കൊപ്പം നിലയുറപ്പിച്ചത്‌ പ്രതിപക്ഷത്തിന്‌ ആശ്വാസമായി. ചെറുതും വലുതുമായി ഏതാണ്ട്‌ മുപ്പതിലേറെ പാർടി പ്രതിപക്ഷ സ്ഥാനാർഥിയെ പിന്തുണച്ചത്‌ ബിജെപിക്കെതിരായി ദേശീയതലത്തിൽ ഒരു വിശാലസഖ്യത്തിനുള്ള സാധ്യതയെ തുറന്നിടുകയാണ്‌. സിൻഹയ്‌ക്ക്‌ ലഭിക്കേണ്ടിയിരുന്ന കുറെയേറെ വോട്ടുകൾ മുർമുവിന്റെ ആദിവാസി സ്വത്വം ഉയർത്തിക്കാട്ടിയും അധികാരത്തിന്റെയും പണത്തിന്റെയും സ്വാധീനം ഉപയോഗപ്പെടുത്തിയും ബിജെപി അടർത്തിമാറ്റിയെങ്കിലും യോജിപ്പോടെ നിലയുറപ്പിക്കാനായത്‌ പ്രതിപക്ഷക്കൂട്ടായ്‌മയ്‌ക്ക്‌ ആത്മവിശ്വാസമേകുന്ന ഘടകമാണ്‌.

ആദിവാസി ജനവിഭാഗങ്ങളുടെ അഭിമാനമായാണ്‌ മുർമുവിനെ സംഘപരിവാർ അവതരിപ്പിക്കുന്നത്‌. മുർമു രാഷ്ട്രപതി ഭവനിലേക്ക്‌ കാലെടുത്തുവയ്‌ക്കുന്ന ഘട്ടത്തിൽത്തന്നെയാണ്‌ ലക്ഷക്കണക്കിന്‌ ആദിവാസികളെ അവർക്ക്‌ അവകാശപ്പെട്ട വനഭൂമിയിൽനിന്ന്‌ നിഷ്‌കാസനം ചെയ്യാൻ അവസരമൊരുക്കുംവിധം വനസംരക്ഷണ നിയമത്തിന്റെ ചട്ടങ്ങളിൽ മോദി സർക്കാർ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്‌. ആദിവാസികൾക്ക്‌ ഏറെ പ്രധാനപ്പെട്ട വനാവകാശ നിയമത്തിൽ വെള്ളം ചേർത്തുള്ള പുതിയ വനസംരക്ഷണ ചട്ടങ്ങൾക്ക്‌ തടയിടാൻ രാഷ്ട്രപതിയെന്ന നിലയിൽ മുർമുവിനാകുമോ. അതോ യശ്വന്ത്‌ സിൻഹ ആരോപിച്ചതുപോലെ റബർസ്‌റ്റാമ്പ്‌ രാഷ്ട്രപതി മാത്രമായിരിക്കുമോ എന്നത്‌ വരുംദിവസങ്ങൾ തെളിയിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top