20 April Saturday

പാഠ്യപദ്ധതി പരിഷ്കരണത്തിലേക്ക്

ഡോ. ആർ കെ ജയപ്രകാശ്‌Updated: Monday Jun 20, 2022

ജ്ഞാനസമൂഹത്തിലൂടെ നവകേരളമെന്ന ലക്ഷ്യത്തിലേക്കുള്ള  സുപ്രധാന ചുവടുവയ്പായി സംസ്ഥാനം സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണം ആരംഭിക്കുകയാണ്.  പ്രീപ്രൈമറി തലംമുതല്‍ ഹയര്‍സെക്കൻഡറിവരെയുള്ള പാഠ്യപദ്ധതിയാണ് പരിഷ്കരിക്കുന്നത്. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2005ന്റെ ചുവടുപിടിച്ച് 2007ലാണ് കേരളത്തില്‍ സമഗ്രമായ സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണം നടന്നത്. ഇതിന്റെ ഭാഗമായുള്ള പാഠപുസ്തകങ്ങളാണ് ഇന്നും  പഠിപ്പിക്കുന്നത്.

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല ഇന്ന് ലോകത്തിനു മാതൃകയാണ്. വിദ്യാഭ്യാസമേഖലയില്‍നിന്ന്‌  സര്‍ക്കാരുകള്‍ പിൻമാറുന്ന കാലത്ത്‌ പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയര്‍ത്താനുള്ള സമഗ്രപദ്ധതിയാണ് ‘പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ'ത്തിലൂടെ നടപ്പാക്കിയത്.  പൊതുവിദ്യാലയങ്ങളിലുള്ള പൊതുസമൂഹത്തിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു എന്നതിന്റെ തെളിവാണ് 10.48 ലക്ഷം വിദ്യാര്‍ഥികള്‍ അധികമായി എത്തിയത്. മഹാമാരി വലിയ ആശങ്കകള്‍ സൃഷ്ടിച്ചത് വിദ്യാഭ്യാസ മേഖലയിലായിരുന്നു. അതിനെ പൊതുസമൂഹത്തിന്റെ പിന്തുണയോടെ മറികടക്കാനായിട്ടുണ്ട്.

2007ല്‍ സമഗ്രമായി പരിഷ്കരിച്ച പാഠ്യപദ്ധതിയില്‍ നാം മുന്നോട്ടുവച്ച ആശയങ്ങള്‍ അതിന്റെ പൂര്‍ണമായ അര്‍ഥത്തില്‍ സ്കൂളുകളില്‍ നടപ്പാക്കിയിട്ടുണ്ടോയെന്ന സ്വയം വിമര്‍ശവും വേണ്ടതുണ്ട്.  പ്രവര്‍ത്തനാധിഷ്ഠിത പാഠ്യപദ്ധതിയെ പൂര്‍ണമായും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ദേശീയതലത്തിലും പാഠ്യപദ്ധതി പരിഷ്കരണ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നു. അത് മുഴുവനായും ദേശീയ വിദ്യാഭ്യാസനയം–- 2020ന്റെ തുടര്‍ച്ചയാണ്.  സംസ്ഥാനത്ത് നടക്കുന്ന ഏത് പാഠ്യപദ്ധതി ചര്‍ച്ചകളും തങ്ങളുംകൂടി അറിയണമെന്നുള്ള ശാഠ്യത്തിലാണ് അവര്‍. അതിന് ടെക് പ്ലാറ്റ്ഫോം രൂപീകരിച്ച് സംസ്ഥാന, ജില്ലാതലങ്ങളില്‍ നടക്കുന്ന പാഠ്യപദ്ധതി ചര്‍ച്ചകളുടെ സംഗ്രഹങ്ങള്‍ ദിവസേന അതില്‍ ചേര്‍ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കേരളം ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.


 

എല്ലാ വിഭാഗം ആള്‍ക്കാരുടെയും ആവശ്യകതകളും പരിഗണിക്കുന്നതുകൂടിയാകണം പുതുതായി രൂപീകരിക്കുന്ന പാഠ്യപദ്ധതി. ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങളുടെ അടിസ്ഥാനത്തിലും പുരോഗമന വിദ്യാഭ്യാസദര്‍ശനങ്ങളുടെ അടിസ്ഥാനത്തിലും രൂപീകരിക്കപ്പെടുന്ന പാഠ്യപദ്ധതി പുതിയ കാലഘട്ടവുമായി സംവദിക്കാന്‍ ശേഷിയുള്ളതുകൂടി ആയിരിക്കണം.  അതിനാല്‍ വിവിധ മേഖലകളിലെ വിദഗ്ധര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, കുട്ടികള്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറയില്‍പ്പെട്ട എല്ലാവരുമായും  സംവദിച്ച് അവരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും കോര്‍ത്തിണക്കിയാകണം നമ്മുടെ പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കേണ്ടത്.

ലോകസമൂഹങ്ങള്‍ വൈജ്ഞാനിക സമൂഹത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്ന കാലംകൂടിയാണിത്. വൈജ്ഞാനിക സമൂഹവും വൈജ്ഞാനിക സമ്പദ്ഘടനയും യാഥാര്‍ഥ്യമായി കഴിഞ്ഞു. കേവലമായ വിവരശേഖരണ പ്രക്രിയ മാത്രമായി വിദ്യാഭ്യാസം ഇനിയും കൂടുതല്‍ സഞ്ചരിക്കാന്‍ കഴിയില്ല. വിവരശേഖരണം എന്നത് ഇന്ന് നമ്മുടെ സമൂഹത്തില്‍ വളരെ എളുപ്പത്തില്‍ സംഭവിക്കുന്ന ഒന്നാകയാല്‍ ഇതുവഴി കേവലം ഓര്‍മ പരിശോധന മാര്‍ഗമായി പരീക്ഷയെ കണ്ട് കൂടുതല്‍ മാര്‍ക്കുകളില്‍ അഭിരമിച്ചുപോകുന്ന ഒരാള്‍ക്കും നിലവിലെ കാലഘട്ടത്തില്‍ അതിജീവിക്കാന്‍ പ്രയാസമാണ്.  മറിച്ച് തന്റെ ചുറ്റും ലഭ്യമാകുന്ന വിവരങ്ങളെയും വികസിച്ചുവരുന്ന അറിവിനെയും വിശകലനം ചെയ്യാനും സന്ദര്‍ഭത്തിനനുസരിച്ച് പുതിയ അറിവ് നിര്‍മിക്കാനും കഴിയുന്ന  കുട്ടികള്‍ക്കു മാത്രമേ പുതിയ കാലത്തെ അതിജീവിക്കാന്‍ കഴിയൂ.  

2007 മുതല്‍ ആരംഭിച്ച പഠനപ്രക്രിയ വിമര്‍ശാത്മക ബോധനരീതി ആയിരുന്നു.  അതിന്റെ പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ട് പോകേണ്ട സന്ദര്‍ഭമാണിത്. പഠന ഉള്ളടക്കത്തിന്റെ കാര്യവും കൂടുതല്‍ പ്രശ്നാധിഷ്ഠിതമാകേണ്ടതുണ്ട്.  പരമ്പരാഗത രീതിയില്‍നിന്നു മാറി പാഠ്യപദ്ധതി കൂടുതല്‍ പങ്കാളിത്ത രീതിയിലേക്ക് മാറണം.  60 ശതമാനം മുന്‍ നിശ്ചയിക്കുന്നവയും ബാക്കിയുള്ളവയ്ക്ക് ഓരോ വര്‍ഷവും ചുറ്റുമുള്ള മാറ്റങ്ങള്‍ക്ക് അനുസൃതമായി മാറാന്‍ കഴിയുന്നതുമായ  (ഫ്ളക്‌സിബിൾ) സമീപനവും അഭികാമ്യമായ ഒന്നാണ്.  കേരളം മുന്നോട്ടുവച്ച് വിജയിപ്പിച്ച വിദ്യാഭ്യാസ മേഖലയിലെ വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയയും കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്.


 

മാറിവരുന്ന സാഹചര്യങ്ങളെ മറികടക്കാന്‍ നമ്മുടെ അധ്യാപകസമൂഹവും മാറേണ്ടതുണ്ട്.  കേവലമായ വിവരങ്ങള്‍ ക്ലാസ് മുറികളില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന ഒരാളായി അധ്യാപകന് ഇനി  പ്രവര്‍ത്തിക്കാന്‍ കഴിയില്ല.  ഈ വിവരങ്ങള്‍ എല്ലാം കുട്ടികള്‍ക്ക് അവരുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാണെന്നിരിക്കെ പിന്നെ അധ്യാപകര്‍ ക്ലാസ് മുറികളില്‍ നിര്‍വഹിക്കേണ്ട റോള്‍ എന്താണ്.  അടുത്ത പത്ത് വര്‍ഷത്തിനിടയില്‍ നമ്മുടെ സാങ്കേതികവിദ്യ നിലവിലുള്ളതില്‍നിന്ന് ബഹുദൂരം സഞ്ചരിക്കും.
വിമര്‍ശാത്മക ബോധനത്തിലെ പ്രധാന വിഭവമായ സമൂഹത്തിന്റെ ക്രിയാത്മകമായ പങ്കാളിത്തം ഉറപ്പുവരുത്തി കുട്ടികളുടെ നൈപുണി വികസനം സാധ്യമാക്കേണ്ടതുണ്ട്.  കൂടാതെ, ഇന്റര്‍നെറ്റ് സുരക്ഷ, ആരോഗ്യകരമായ ഇന്റര്‍നെറ്റ് ഉപയോഗക്രമങ്ങള്‍ എന്നിവയ്ക്ക് നവസാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമ്പോള്‍ വിനിമയത്തില്‍മാത്രം ഒതുങ്ങാതെ സര്‍വതല സ്പര്‍ശിയായി പരിഗണിക്കാനാകണം. കൗണ്‍സലിങ്‌, മാര്‍ഗനിര്‍ദേശം, ലിംഗസമത്വം, ഭാഷാസമത്വങ്ങള്‍, പാരിസ്ഥിതികാവബോധം, ഡിജിറ്റല്‍ പൗരത്വം, പൗരമൂല്യങ്ങള്‍, വിശ്വമാനവികതാമൂല്യങ്ങള്‍ തുടങ്ങിയവയും ചര്‍ച്ചയ്ക്ക് വിധേയമാകും.

പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കൻഡറി വരെയുള്ള 563 പാഠപുസ്തകം പരിഷ്കരിച്ച് പുറത്തിറക്കാന്‍ ചുരുങ്ങിയത് രണ്ട്‌ വര്‍ഷമെങ്കിലും വേണ്ടിവരും.  വിശദമായ ജനകീയ ചര്‍ച്ചകള്‍ക്കുശേഷം വിവിധ മേഖലകളിലെ പൊസിഷന്‍ പേപ്പറുകള്‍, കരട് പാഠ്യപദ്ധതി രൂപീകരണം, പിന്നെ കരട്പാഠ്യപദ്ധതി ചട്ടക്കൂടിൻമേലുള്ള ജനകീയചര്‍ച്ചകള്‍ എന്നിവയ്ക്ക് ശേഷമാകും നാല്‌ മേഖലയിലെ സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂട് പ്രസിദ്ധീകരിക്കുക.  ഈ പരിഷ്കരണ നടപടികളുടെ അവസാനത്തെ ഉല്‍പ്പന്നമാണ് പാഠപുസ്തകങ്ങള്‍.

പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളം ആര്‍ജിച്ച നേട്ടങ്ങളെ നിലനിര്‍ത്തുന്നതിനോടൊപ്പം പുതിയ കാലഘട്ടത്തെക്കൂടി ഉള്‍ക്കൊള്ളുന്ന പരിഷ്കരണ നടപടികളാണ് ഉണ്ടാകുക. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളെ മറികടക്കുന്നതും (കേന്ദ്രീകരണം, കമ്പോളവല്‍ക്കരണം, വര്‍ഗീയവല്‍ക്കരണം) മതനിരപേക്ഷ, ജനാധിപത്യ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതുമായ പാഠ്യപദ്ധതി പരിഷ്കരണം കേരളത്തില്‍ നടക്കും. പാഠ്യപദ്ധതി രൂപീകരണപ്രക്രിയ ജനകീയമായ ഒന്നായി മാറും. ദേശീയ വിദ്യാഭ്യാസനയവും ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരണവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ നമ്മുടെ രൂപീകരണപ്രക്രിയ തികച്ചും ജനാധിപത്യ പ്രക്രിയയായി മാറേണ്ടതുണ്ട്. ദേശീയ വിദ്യാഭ്യാസനയം 2020 തുറന്നിട്ട ഭീഷണികളെക്കുറിച്ചും സംവാദമാകാം, എല്ലാ കാലത്തും രാജ്യത്തിന് ജനകീയ ബദല്‍ സംഭാവന ചെയ്ത കേരളത്തിന് ഈ അവസരവും പ്രയോജനപ്പെടുത്താം.

(എസ്‌സിഇആർടി ഡയറക്‌ടറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top