28 January Saturday

പന്തിൽ ചോരപ്പാടുകൾ - എ എൻ രവീന്ദ്രദാസ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Nov 19, 2022

അവിശ്വസനീയതയുടെ, അമാനുഷികതയുടെ വീരേതിഹാസങ്ങൾക്കൊപ്പം പകയുടെയും വാശിയുടെയും തീവ്രദേശീയതയുടെയും വംശീയ വിദ്വേഷത്തിന്റെയുമൊക്കെ ചോരമണക്കുന്ന കഥകൾ ഫുട്‌ബോളിനു പറയാനുണ്ട്‌. ആൾക്കൂട്ടത്തിന്റെ ഉന്മാദവും വിപണിയുടെ ജയഘോഷവും ദേശാഭിമാനഭ്രാന്തും മാത്രമല്ല, ഉണങ്ങാത്ത മുറിവുകളുംകൂടി കൊണ്ടുവരും ഫുട്‌ബോൾ.

കളി തോറ്റതിന്‌ ഹിറ്റ്‌ലറുടെ പട്ടാളം കൊന്നൊടുക്കിയ ഡൈനമോ കീവിന്റെ കഥ, ഈ കളി ജീവിതത്തിനും മരണത്തിനുമപ്പുറമുള്ളതാണെന്ന്‌ ലിവർപൂളിന്റെ വിഖ്യാതനായ മുൻ മാനേജർ ബിൽ ഷാങ്‌ലി പറഞ്ഞതിനെ ഓർമിപ്പിക്കുന്നു.ഉക്രയ്‌നിലെ മരണക്കുന്നിന്റെ താഴ്‌വരയിലായിരുന്നു ഡൈനമോ കീവിന്റെ കളി. മൈതാനത്തിലേക്ക്‌ പ്രവേശിക്കുന്നിടത്ത്‌ നെറ്റി തുളഞ്ഞ ഒരു ശവം തൂക്കിയിട്ടിരുന്നത്‌ കീവിന്റെ കളിക്കാർക്കുള്ള മുന്നറിയിപ്പായിരുന്നു. ഭക്ഷണം കഴിക്കാതെയും ബൂട്ടിടാതെയും ജീവിതത്തെകുറിച്ച്‌ ഒരു പ്രതീക്ഷയുമില്ലാതെയും അവർ ഗ്രൗണ്ടിൽ നിരന്നു.

തോൽക്കണം; തോറ്റാൽ ജീവിതം തിരിച്ചുകിട്ടും. ജയിച്ചാൽ മരണം ഉറപ്പാണ്‌. അവിടെ തടവുകാരായ കളിക്കാർക്ക്‌ ഒന്നേ തെരഞ്ഞെടുക്കാനുണ്ടായിരുന്നുള്ളൂ. എന്നിട്ടും അവർ വിജയം തെരഞ്ഞെടുത്തു. 8–0ന്‌ ജയിച്ച കീവിന്റെ കളിക്കാർ ഓരോ ഗോളടിക്കുമ്പോഴും വാവിട്ടു കരഞ്ഞിരുന്നു. കൈകാലുകൾ കൂട്ടിക്കെട്ടി മരണത്തിന്റെ കുന്നുകളിലേക്ക്‌ ആട്ടിത്തെളിക്കപ്പെട്ട ഡൈനമോ കീവിന്റെ കളിക്കാരുടേത്‌, ഫുട്‌ബോളിന്റെ വിശുദ്ധ സൗന്ദര്യമുള്ള ആത്മഹത്യയായിരുന്നല്ലോ. 1942ലാണ്‌ കീവ്‌ ദുരന്തം.

പന്തിലെ അരുതായ്‌മകൾ
ഭൂമി ഒരു പന്തല്ലെങ്കിലും അതിലെ ചില അരുതായ്‌മകൾ പന്തിനെയും ബാധിച്ചിരിക്കുന്നു. യൂറോപ്പിലെ മതവിദ്വേഷം, അമേരിക്കയിലെ വർണവെറി, ഇസ്രയേലിലെ സയണിസം, ഇന്ത്യ ഉൾപ്പെടെ ചില രാജ്യങ്ങളിലെ ജാതിചിന്ത തുടങ്ങിയ മനുഷ്യവിരുദ്ധമായ ശീലങ്ങളുടെയെല്ലാം കേദാരമാണോ ഫുട്‌ബോൾ മൈതാനങ്ങൾ. അങ്ങനെയേയല്ല. ചിലയിടങ്ങളിൽ ഈ ഹീനതകളെല്ലാം ചിലപ്പോൾ കളിയിൽ ജയത്തിന്റെയോ പരാജയത്തിന്റെയോ മാപിനികളായി മാറാം. അതല്ലാതെ അങ്ങനെ സംഭവിക്കുന്നില്ലെന്നതിന്‌ ലോകകപ്പ്‌ ഉൾപ്പെടെയുള്ള ഫുട്‌ബോൾ മൽസരങ്ങളുടെ ചരിത്രം നമ്മുടെ മുമ്പിലുണ്ട്‌.

ഗെയിം ഫോർ ദ ഗെയിംസ്‌ എന്ന ദർശനവുമായി തെക്കേ അമേരിക്കൻ ഫുട്‌ബോൾ കളംനിറഞ്ഞ ഒരു കാലമുണ്ടായിരുന്നു. ബ്രിട്ടീഷ്‌ സാമ്രാജ്യം സ്‌പെയിനിലൂടെ കൊടുത്തയച്ച ഫുട്‌ബോൾ തെക്കേ അമേരിക്കയ്‌ക്ക്‌ പ്രതിരോധത്തിന്റെയും നിലനിൽപ്പിന്റെയും അതിജീവനത്തിന്റെയും താളമായി മാറിയെന്നാണ്‌ ഉറുഗ്വേയിലെ വിഖ്യാത ഇടതുപക്ഷ എഴുത്തുകാരൻ എഡ്‌വേഡോ ഗലിയാനോ പറയുന്നത്‌.

മിക്ക തെക്കേ അമേരിക്കൻ രാജ്യങ്ങളിലും ഭരണകൂട നയങ്ങളോട്‌ കടുത്ത പ്രതിഷേധമുണ്ടെങ്കിലും ജനങ്ങളിൽ ബഹുഭൂരിപക്ഷത്തിനും ഒന്നും ചെയ്യാനാകില്ല. എന്നാൽ, അവരങ്ങനെ നിസ്സംഗരായി പിൻമാറുന്നില്ല. മറിച്ച്‌ തങ്ങളുടെ പാരമ്പര്യത്തിലും സംസ്‌കാരത്തിലും ആഴ്‌ന്നിറങ്ങിയ ഫുട്‌ബോൾ എന്ന കളിയിലൂടെ ആ ജനതകൾ നടത്തുന്നത്‌ ഭരണകൂടത്തിനെതിരായ തുറന്ന യുദ്ധം തന്നെയാണ്‌. എഴുത്തുകാർ, കവികൾ, നർത്തകർ, ചലച്ചിത്രപ്രവർത്തകർ, രാഷ്‌ട്രീയ നേതാക്കൾ തുടങ്ങിയവർ ഇരുപതാം നൂറ്റാണ്ടിന്റെ തെക്കേ അമേരിക്കയിലെ നവോത്ഥാനത്തിന്റെ സിംഹനാദം മുഴക്കിയപ്പോൾ ഫുട്‌ബോളും ദേശീയതയുമായി ഇടകലർന്ന്‌ സ്വന്തം അസ്‌തിത്വം സ്ഥാപിക്കുകയായിരുന്നു.

മറഡോണ ഒരു പ്രതിനിധാനം
മറഡോണ എന്ന ഫുട്‌ബോൾ താരത്തിന്റെ ജീവിതം, യഥാർഥ ജീവിതത്തിന്റെ നേർപ്പകർപ്പാകുന്നതല്ലേ നാം കണ്ടത്‌. സാമൂഹ്യ സാഹചര്യത്തിൽ തന്നെക്കുറിച്ച്‌ ഒട്ടും ചിന്തിക്കാതെ ജീവിച്ച മനുഷ്യനാണ്‌ അദ്ദേഹം. കുറെക്കൂടി വ്യക്തമായി പറഞ്ഞാൽ മറഡോണ ഒരു പ്രതിനിധാനമാകുന്നത്‌, ഫുട്‌ബോളും സമൂഹവുമായുള്ള അന്യൂനമായ പാരസ്‌പര്യം കൊണ്ടുതന്നെയാണ്‌.

ഫുട്‌ബോളിന്റെ ജനസമ്മതി തെക്കേ അമേരിക്കയിലെ രാഷ്‌ട്രീയ നേതൃത്വം പലതവണ തട്ടിയെടുക്കുന്നതും കണ്ടു. സ്വന്തം ജനതയെ കൊടുംപീഡനങ്ങൾക്കും  സ്വേച്‌ഛാധികാരത്തിന്റെ ഗർവിനും ഇരയാക്കുന്ന തങ്ങളുടെ നൃശ്ശംസതകൾക്ക്‌ അവിടത്തെ ഭരണാധികാരികൾ ലോകകപ്പ്‌ വിജയംകൊണ്ട്‌ മറയിടാറുണ്ട്‌. അർജന്റീനയിലെ പെറോൺ സൈനിക ഭരണകൂടം, ആംനസ്റ്റി ഇന്റർനാഷണലിന്റെ ബഹിഷ്‌കരണ ആഹ്വാനത്തെ അതിജീവിച്ച്‌ 1978ൽ ലോകകപ്പിനു വേദിയൊരുക്കിയതും വിജയംകൊയ്‌തതും ഏറ്റവും നല്ല ദൃഷ്‌ടാന്തം. 1934ൽ മുസോളിനിയുടെ കൽപ്പനപോലെ ഇറ്റലി സ്വന്തം മണ്ണിൽ ലോക ചാമ്പ്യൻമാരായതും ഇതിനോട്‌ ചേർത്തു നിർത്താവുന്നതാണ്‌.

ചിലിയിലേക്കെത്തിയാൽ അവിടെ രാഷ്‌ട്രീയ സമരങ്ങളിൽ പങ്കെടുത്ത്‌ സാമൂഹ്യമാറ്റത്തിന്റെ ശബ്‌ദമുയർത്താൻ സാന്റിയാഗോവിലെ കോളോ കോളോ ക്ലബ്ബിനു കഴിഞ്ഞതുപോലെ  ലാറ്റിനമേരിക്കയിൽ മറ്റൊരു ഫുട്‌ബോൾ ടീമിനും സാധിച്ചിട്ടില്ല. ഫുട്‌ബോൾ സ്‌റ്റേഡിയങ്ങൾ ദേശീയതയുടെ ചിഹ്നങ്ങളാണെന്നറിഞ്ഞുകൊണ്ടുതന്നെ ചിലിയിൽ പിനോഷെ ഭരണകൂടം ഫുട്‌ബോളിന്റെ ജനപ്രിയ പ്രതിച്ഛായ തങ്ങൾക്കനുകൂലമാക്കിയതും ചരിത്രമാണ്‌. സോഷ്യലിസ്റ്റുകളുടെ പഴയകാലത്തെ ഓർമിപ്പിച്ചുകൊണ്ട്‌ രാജ്യത്തെ പ്രധാന ഫുട്‌ബോൾ സ്‌റ്റേഡിയങ്ങളിലൊന്നായി ഉയർന്നുനിൽക്കുന്ന പാബ്‌ളോ നെരൂദ സ്‌റ്റേഡിയത്തെ പിനോഷെ കൊലയറയാക്കി മാറ്റിയതും യാദൃച്ഛികമായിരുന്നില്ല. അഞ്ഞൂറോളം ഇടതുപക്ഷ പ്രവർത്തകരെയാണ്‌ രാജ്യദ്രോഹക്കുറ്റം ചുമത്തി പിനോഷെ സർക്കാർ സ്‌റ്റേഡിയത്തിൽ പീഡിപ്പിച്ചുകൊന്നത്‌. ടെലിവിഷനിലൂടെ തൽസമയമായി കൊലപാതകങ്ങൾ കാണിച്ചുകൊടുത്ത്‌, ഫുട്‌ബോൾ മൽസരത്തിന്റെ അതേ പ്രതീതി മനുഷ്യക്കുരുതിക്ക്‌ ഉണ്ടാക്കാനും പിനോഷെ ശ്രമിച്ചു. ഫുട്‌ബോൾ സ്‌റ്റേഡിയം വലതുപക്ഷത്തിന്റെ തീവ്രദേശീയതയുടെ ചിഹ്നമായി പ്രഖ്യാപിക്കുകയായിരുന്നു ഭരണകൂടം.

രാഷ്‌ട്രീയവിദ്വേഷം മൂത്ത്‌ എതിർ ടീമുമായി സാങ്കൽപ്പിക പോരാട്ടം നടത്തി ജയിച്ച ദേശീയ ഫുട്‌ബോൾ ടീമിന്റെ കഥയും ചിലിക്ക്‌ പറയാനുണ്ട്‌. ചിലിയിലെ കമ്യൂണിസ്റ്റുകാരെ പുറത്താക്കി വലതുപക്ഷ സർക്കാർ അധികാരത്തിലെത്തിയ സമയത്ത്‌, 1973ൽ അവിടെ ലോകകപ്പ്‌ യോഗ്യതാ മൽസരം കളിക്കാൻ സോവിയറ്റ്‌ യൂണിയൻ തയ്യാറായില്ല. വേദി മാറ്റണമെന്ന ആവശ്യം ഫിഫ നിരാകരിച്ചു. ചിലി ടീം ഒറ്റയ്‌ക്ക്‌ ഗ്രൗണ്ടിലിറങ്ങി. എതിർ പോസ്‌റ്റിൽ ഗോളടിച്ചു നിറച്ചു. കാണികൾ ആർപ്പുവിളിച്ച്‌ പ്രോൽസാഹിപ്പിച്ചു. കമ്യൂണിസ്റ്റ്‌ ഭരണകാലത്ത്‌ ജയിലായിരുന്ന സ്ഥലത്തായിരുന്നു സ്‌റ്റേഡിയം.

ആഗോളവൽക്കരണ ഉൽപ്പന്നം
തീവ്രദേശീയവാദത്തിനൊപ്പം വംശീയവിദ്വേഷവും വർണവെറിയും ആഗോളവൽക്കരണത്തിന്റെ സമാന്തര ഉൽപ്പന്നമായി കാൽപ്പന്തിന്റെ കളിമേടുകളിൽ കൈകോർത്തു നിൽക്കുന്നുണ്ട്‌. 2006 ലോകകപ്പിനായി ഫ്രഞ്ച്‌ ടീം ജർമനിയിലേക്ക്‌ പുറപ്പെട്ടപ്പോൾ വംശവെറിയൻമാരുടെ തീവ്ര വലതുപക്ഷ പാർടിയായ നാഷണൽ ഫ്രണ്ടിന്റെ നേതാവ്‌ ഴാങ്‌മാരീ ലീപൻ ആശ്‌ചര്യപ്പെടുകയുണ്ടായി. ഫ്രഞ്ച്‌ ദേശീയത ഉയർത്തിപ്പിടിക്കാൻ ജർമനിയിലേക്ക്‌ പോകുന്നത്‌ കുടിയേറ്റക്കാരുടെ കറുത്ത മക്കളോ എന്നായിരുന്നു. സിനദിൻ സിദാനും തുറാമും ഗല്ലാസും വിയേറയും ഹെൻറിയുമെല്ലാമടങ്ങുന്ന കുടിയേറ്റക്കാരുടെ കറുത്തമക്കളെ അംഗീകരിക്കാൻ ലീപെൻ അടക്കമുള്ള വംശീയ വെറിയൻമാർക്ക്‌ കഴിയുമായിരുന്നില്ല. അതിനാൽ അവരുടെ നേതൃത്വത്തിലുള്ള ഫ്രഞ്ച്‌ ടീമിനെയും വിശ്വസിക്കുന്നില്ല.

എന്നാൽ, എട്ടുവർഷം മുമ്പ്‌ സിദാനും സംഘവും വംശീയവിഷം ചീറ്റിയ ലീപെന്നിനെ മുഖമടച്ചു പ്രഹരിച്ചിരുന്നു. അന്ന്‌ സ്വന്തം തട്ടകത്ത്‌ അടങ്ങാത്ത പോരാട്ടവീര്യവുമായി കളംനിറഞ്ഞ്‌ കളിച്ച സിദാനുൾപ്പെട്ട ടീമാണ്‌ 1998ൽ ഫ്രാൻസിനെ ആദ്യമായി ലോക കിരീടത്തിലേക്കെത്തിച്ചത്‌. ചോരയുടെയും മരണത്തിന്റെയുമൊക്കെ ഗന്ധമുള്ള കഥകൾ ഏറെ പറയാനുണ്ടെങ്കിലും ഫുട്‌ബോളിന്‌ ഐതിഹാസികമായ ഒരു ലാളിത്യമുണ്ട്‌. ഈ ചിരിയും കരച്ചിലും ചോരപ്പാടുകളുമെല്ലാം അശാന്തമായ ക്ഷോഭവും പ്രശാന്തമായ ക്രൗരവും കറുത്ത ഫലിതവും സമ്മാനിക്കുന്ന ഫുട്‌ബോൾ എന്ന ജനപ്രിയ കളിയുടെ ഭാഗംതന്നെയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top