26 April Friday

നവകേരളത്തിനായി ഉന്നതവിദ്യാഭ്യാസം

ഡോ. സി പത്മനാഭൻUpdated: Thursday May 19, 2022

ആധുനിക സമൂഹനിർമാണം സംബന്ധിച്ച കേരള ജനതയുടെ വിശാല സ്വപ്നങ്ങളുടെയും വികസന കാഴ്ചപ്പാടുകളുടെയും പ്രതീകമായി  ‘നവകേരളം’ എന്ന വാക്ക് ഇതിനകം സ്ഥാനംപിടിച്ചുകഴിഞ്ഞു. വർത്തമാനകാല കേരളവുമായി ബന്ധപ്പെട്ട സമസ്തമേഖലയിലും മാറ്റങ്ങൾക്ക് ഗതിവേഗവും ദിശാബോധവും നൽകുന്നതാണ്‌ നവകേരളമെന്ന കാഴ്‌ചപ്പാട്‌.  ഒപ്പം വികസനവും ആധുനികവൽക്കരണവും സംബന്ധിച്ച ഇന്ത്യൻ ഭരണവർഗത്തിന്റെ മുതലാളിത്ത കാഴ്ചപ്പാടുകൾക്ക് ക്രിയാത്മകമായ രാഷ്ട്രീയബദലായും ‘നവകേരളം’ എന്ന സങ്കൽപ്പം മാറിക്കഴിഞ്ഞു.

ഉന്നതവിദ്യാഭ്യാസം ഒരേസമയം സമൂഹത്തിന്റെ സൃഷ്ടിയായും സമൂഹത്തെ സൃഷ്ടിക്കുന്ന ഘടകമായും വർത്തിക്കുന്നു.  തികഞ്ഞ രാഷ്ട്രീയ ജാഗ്രതയോടെ നയങ്ങൾ രൂപീകരിച്ചില്ലെങ്കിൽ അത് നിലവിലുള്ള അധികാരവ്യവസ്ഥയെയും അധികാരിവർഗത്തെയും നിലനിർത്താൻ മാത്രം ഉതകുന്ന അറുപിന്തിരിപ്പൻ ഏർപ്പാടായി അധഃപതിക്കും. തൊണ്ണൂറുകൾമുതൽ കേന്ദ്രം  പിന്തുടരുന്ന  നവലിബറൽ നയങ്ങൾ ഘട്ടംഘട്ടമായി ഇന്ത്യൻ ജനതയിൽ വലിയൊരു വിഭാഗത്തെ ഉന്നതവിദ്യാഭ്യാസമേഖലയിൽനിന്ന്‌ നിഷ്കരുണം പുറത്താക്കുകയാണ്. നരേന്ദ്ര മോദി അധികാരത്തിൽ വന്നതോടെ എല്ലാ മേഖലയിലും ആക്രമണോത്സുകമായ സ്വകാര്യവൽക്കരണമാണ്‌. ഇതാണ് 2020ൽ പ്രഖ്യാപിച്ച മൂന്നാം ദേശീയ വിദ്യാഭ്യാസനയമടക്കം  കേന്ദ്രം നടപ്പാക്കുന്ന നയങ്ങളുടെയും പരിപാടികളുടെയും  പ്രധാന അപകടം. അതിതീവ്ര സ്വകാര്യവൽക്കരണംവഴി പൊതുമേഖലയെയും പൊതുജനങ്ങളെയും കൊള്ളയടിക്കുമ്പോൾ സ്വാഭാവികമായും ഉയർന്നുവരാൻ  സാധ്യതയുള്ള ജനരോഷത്തിന് തടയിടാൻ ബ്രിട്ടീഷുകാർ നടപ്പാക്കിയ  മതവർഗീയ വിഭജനതന്ത്രങ്ങൾ കേന്ദ്ര സർക്കാർ  പ്രയോഗിക്കുന്നു. ജനങ്ങളെ വിഭജിക്കാനും ലിബറൽ സമൂഹത്തെ ഭയപ്പെടുത്തി വരുതിയിലാക്കാനും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണശേഷി  ഇല്ലാതാക്കി  നിഷ്ക്രിയമാക്കാനുമെല്ലാം മോദി സർക്കാർ ശ്രമിക്കുന്നു. ഇതിനായി ഭൂരിപക്ഷ വർഗീയതയെയും ഒപ്പം മതരാഷ്ട്ര സ്വഭാവമുള്ള ദേശീയതാ സങ്കൽപ്പങ്ങളെയും കൂട്ടുപിടിക്കുന്നു. കടുത്ത ചൂഷണസ്വഭാവമുള്ള സാമ്പത്തികനയം നടപ്പാക്കി ജനതയെ ബഹുരാഷ്ട്ര കുത്തകകളുടെ ദയാദാക്ഷിണ്യങ്ങൾക്ക് വിട്ടുകൊടുക്കുകയാണ്‌.  പ്രതിരോധം അടക്കമുള്ള തന്ത്രപ്രധാന മേഖലകളിൽനിന്നുപോലും  കേന്ദ്ര സർക്കാർ  പിൻവാങ്ങുകയും ചെയ്യുന്നു.

ആധുനികവൽക്കരണമെന്ന ഓമനപ്പേരിട്ട് ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര സർക്കാരും അനുബന്ധ സമിതികളും പ്രഖ്യാപിക്കുന്ന നയങ്ങളും പദ്ധതികളും യഥാർഥത്തിൽ ഉന്നതവിദ്യാഭ്യാസമേഖലയെ പൂർണമായും കൈയൊഴിയാനുള്ള നീക്കമാണ്‌. ഔപചാരിക വിദ്യാഭ്യാസ സംവിധാനത്തെ ശാക്തീകരിച്ച്, ഉന്നതവിദ്യാഭ്യാസം പ്രാപ്യമല്ലാത്ത ജനവിഭാഗങ്ങളെ ഈ മേഖലയിലേക്ക് ആനയിക്കുന്നതിനു പകരം ആധുനിക സാങ്കേതിക സൗകര്യങ്ങൾ ഉപരിപ്ലവമായും നിരുത്തരവാദപരമായും  ഉപയോഗിച്ച്‌ കർത്തവ്യത്തിൽനിന്ന്‌ കേന്ദ്ര സർക്കാർ പിൻവാങ്ങുന്നു.

വർണക്കടലാസിൽ പൊതിഞ്ഞ വിഷമാണ് അടുത്തകാലത്തായി പ്രഖ്യാപിച്ച  എല്ലാ കേന്ദ്രാവിഷ്കൃത പദ്ധതികളുമെന്ന് ചുരുക്കം. എൻഡിഎ സർക്കാർ  പ്രഖ്യാപിച്ച മുഴുവൻ പദ്ധതിയുടെയും എന്തിനേറെ പറയുന്നു – ഏഴാം ശമ്പള പരിഷ്കരണത്തിന്റെയടക്കം പ്രത്യേകത, അവയെല്ലാം പണമില്ലാ പരിപാടികളാണ്‌ എന്നതാണ്. ഫെഡറൽ  ജനാധിപത്യ സംവിധാനത്തിൽ സംസ്ഥാന സർക്കാരുകൾക്കും ആധുനിക വിദ്യാഭ്യാസത്തിൽ സർവകലാശാലകൾക്കും  ലഭിക്കുന്ന മുഴുവൻ അധികാരവും നയരൂപീകരണ അവകാശങ്ങളും കേന്ദ്രം കവർന്നെടുക്കുകയാണ്‌. പദ്ധതികളും പരിപാടികളും ഏകപക്ഷീയമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. എന്നിട്ട്‌, അവയ്‌ക്കൊന്നും സാമ്പത്തികസഹായം നൽകാതെ സ്വകാര്യമേഖലയ്ക്ക് കടന്നുവരാൻ അവസരമൊരുക്കുകയും ചെയ്യുകയെന്ന   വിചിത്രമായ നയമാണ് കേന്ദ്രം പിന്തുടരുന്നത്.

കേന്ദ്ര സർക്കാർ മുന്നോട്ടുവയ്ക്കുന്ന കപടവും ജനവിരുദ്ധവുമായ ആധുനികവൽക്കരണ സംരംഭങ്ങളെ തീർത്തും  വ്യത്യസ്തമായ  ബദൽ ആവിഷ്കരിച്ച്‌  ചെറുത്തുനിൽക്കുന്നതിന്റെകൂടി പേരാണ് ‘നവകേരളം’എന്നത്. കേന്ദ്രാവിഷ്കൃത പദ്ധതികൾ കോർപറേറ്റ് ആധുനികവൽക്കരണത്തിന്റെ ഗണത്തിൽപ്പെടുമെങ്കിൽ ഉന്നതവിദ്യാഭ്യാസമേഖലയിൽ കേരളം  ആവിഷ്കരിക്കുന്ന നയങ്ങൾ ജനകീയവും ജനാധിപത്യപരവും സോഷ്യലിസ്റ്റ് മാതൃകയിൽ അധിഷ്ഠിതവുമായ ആധുനികവൽക്കരണത്തിന്റെ പാതയിലാണ്‌ മുന്നേറുന്നത്. അതുകൊണ്ടാണ് എയ്ഡഡ്  കോളേജ് അധ്യാപകരുടെ ഏറ്റവും വലിയ ഐക്യവേദിയായ ദി ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ  വ്യാഴം, വെള്ളി ദിവസങ്ങളിൽ എറണാകുളത്തു ചേരുന്ന  സംസ്ഥാന സമ്മേളനത്തിന്റെ കേന്ദ്ര മുദ്രാവാക്യമായി ‘നവഉദാരവൽക്കരണത്തിനെതിരെ നവകേരള സൃഷ്ടിക്കായി’എന്ന പ്രഖ്യാപനം തെരഞ്ഞെടുത്തത്.

അതിനാൽത്തന്നെയാണ്‌ സേവന, വേതന വ്യവസ്ഥകളും അനുബന്ധ പ്രശ്നങ്ങളും ചർച്ച ചെയ്യപ്പെടുമ്പോൾതന്നെ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗത്തെ എങ്ങനെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തി ‘നവകേരള’ സൃഷ്ടിക്ക് മുതൽക്കൂട്ടാക്കാൻ കഴിയുമെന്ന കാര്യവും മുഖ്യവിഷയമായി  പരിഗണിക്കുന്നത്. ഒരേസമയം ആധുനിക കേരളീയ സമൂഹത്തിന്റെ സ്വപ്നവും പ്രതിരോധവുമായിത്തീരുകയെന്ന മഹത്തായ ദൗത്യമാണ് ‘നവകേരളം’ എന്ന സങ്കൽപ്പം ഏറ്റെടുത്തിരിക്കുന്ന ചരിത്രപരമായ ഭാഗധേയം.

(എകെപിസി‌ടി‌എ ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top