25 April Thursday

മുതലാളിത്തം കടുത്ത പ്രതിസന്ധിയിൽ

ജോർജ് ജോസഫ്Updated: Friday Nov 18, 2022

മുതലാളിത്ത സാമ്പത്തികലോകത്ത് ഏതാനും വർഷങ്ങളായി തുടരുന്ന പ്രതിസന്ധിയുടെ ആഴവും പരപ്പും അനുക്രമം വർധിച്ചു വരികയാണ്. കോവിഡ് പ്രതിസന്ധി ഇതിന്റെ ആക്കവും തൂക്കവും കൂട്ടിയെന്നത് നേരാണ്. പക്ഷേ, 2018ൽ ആരംഭിച്ച നിലവിലെ പ്രതിസന്ധി ഈ സാമ്പത്തികക്രമത്തിന്റെ ആന്തരിക വൈരുധ്യംമൂലം  മൂർച്ഛിക്കുകയാണ്. ഇതിനെ മറികടക്കുന്നതിനും മറച്ചുപിടിക്കുന്നതിനും അതിതീവ്രമായ ശ്രമം അമേരിക്ക ഉൾപ്പെടെയുള്ള സമ്പന്ന രാഷ്ട്രങ്ങൾ ലഭ്യമായ എല്ലാ വഴികളിലൂടെയും തേടുന്നുണ്ടെങ്കിലും പ്രതിസന്ധി സങ്കീർണമാണ്. സാമ്പത്തികമാന്ദ്യം എന്ന വാക്ക് കരുതലോടെ ഒഴിവാക്കുന്നതിനാണ് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ബോധപൂർവം ശ്രമിക്കുന്നതെന്ന് കാണാം. സാമൂഹ്യവും രാഷ്ട്രീയവുമായ സന്ദിഗ്ധാവസ്ഥയിലേക്കും ആഭ്യന്തര കലാപങ്ങൾ, തീവ്രവലതുപക്ഷ ഫാസിസ്റ്റ് ആശയങ്ങളുടെ കരുത്താർജിക്കൽ,  ചെറുതും വലുതുമായ യുദ്ധങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിലേക്കും  ഇത്  ലോകത്തെ നയിക്കുന്നു എന്നതാണ് ആശങ്ക പടർത്തുന്ന കാര്യം.

ഇതിനോടടുത്ത് നിൽക്കുന്ന ലോകചരിത്രത്തിലെ ക്ലാസിക് ഉദാഹരണമാണ് 1929ൽ തുടങ്ങി, മുപ്പതുകളിലുടനീളം തുടർന്ന വലിയ സാമ്പത്തികമാന്ദ്യം അഥവാ ‘ഗ്രേറ്റ് ഡിപ്രഷൻ'. അതീവ സങ്കീർണമായ ഈ പ്രതിസന്ധി  അവസാനിക്കുന്നത് അരദശക കാലത്തോളം നീണ്ടുനിന്ന രണ്ടാം ലോകയുദ്ധത്തിലാണ്.

തൊള്ളായിരത്തി മുപ്പതുകളിലെയും ഇപ്പോഴത്തെയും പ്രതിസന്ധികളുടെ ചില സമാനതകൾ ഒന്ന് പരിശോധിക്കാം. ഏറ്റവും രൂക്ഷമായ പണപ്പെരുപ്പവും വിലക്കയറ്റവും അവശ്യസാധനങ്ങളുടെയടക്കം ക്ഷാമവുമായിരുന്നു മുപ്പതുകളിൽ യൂറോപ്പിലെ ജനജീവിതം ദുസ്സഹമാക്കിയത്. ജനങ്ങൾക്കിടയിലെ സാമ്പത്തികമായ വിടവ് വളരെ പ്രകടമായി ഉയർന്നു. ജർമനിയിൽ പണപ്പെരുപ്പം ആയിരം ശതമാനത്തിന് മുകളിലെന്ന അതിസങ്കീർണമായ നിലയിലേക്ക് വളർന്നു.  ഉൽപ്പാദനവും സാമ്പത്തികവളർച്ചയും കൂപ്പുകുത്തി. 

2018 മുതൽ മുതലാളിത്ത രാജ്യങ്ങൾ അകപ്പെട്ടിരിക്കുന്ന അതിരൂക്ഷമായ തളർച്ചയുടെ വ്യാളീരൂപമാണ് ഇപ്പോൾ പ്രകടമാകുന്നത്. ചൂഷണത്തിലധിഷ്ഠിതമായ സാമ്പത്തികക്രമത്തിന്റെ ആന്തരിക വൈരുധ്യമാണ് ഇത്തരം പ്രതിസന്ധിയിലേക്ക് മുതലാളിത്ത ലോകത്തെ തള്ളിവിടുന്നത്

ഏറെക്കുറെ സമാനമായ നിലയിൽ പണപ്പെരുപ്പത്തിന്റെ പ്രശ്നങ്ങൾ ലോകമെമ്പാടും ഇപ്പോൾ രൂക്ഷമാകുന്ന സ്ഥിതിയുണ്ട്. മിക്ക മുതലാളിത്ത രാജ്യങ്ങളിലും പണപ്പെരുപ്പത്തിന്റെ തോത് കഴിഞ്ഞ 40-– -50 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തലത്തിലേക്ക് ഈ വർഷം ഉയർന്നു. അമേരിക്കയിൽ ജൂണിൽ അത് 9.1 ശതമാനത്തിലേക്ക്  ഉയർന്നു. ഇത് നിയന്ത്രണവിധേയമാക്കുന്നതിന്  പലിശനിരക്ക് വർധിപ്പിക്കുക എന്നതാണ് ക്യാപിറ്റലിസ്റ്റ് സംവിധാനത്തിന്റെ ഏറ്റവും ശക്തമായ ഉപാധി. എന്നാൽ, പലിശനിരക്ക് രണ്ട്‌ ശതമാനത്തോളം ഉയർത്തിയിട്ടും പണപ്പെരുപ്പം ആശങ്കാജനകമായ 8. 2 ശതമാനമെന്ന നിലയിലാണ് സെപ്‌തംബറിൽ. കഴിഞ്ഞ മാസം അത് 7.7 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്.  അടിസ്ഥാന പലിശനിരക്ക് 0. 75 ശതമാനംകൂടി വർധിപ്പിച്ച് 3.75 ശതമാനത്തിനും നാലു ശതമാനത്തിനുമിടയിലേക്ക് ഉയർത്തിയിട്ടും പണപ്പെരുപ്പ നിരക്ക് നിയന്ത്രിതമായ തോതിലേക്ക് കൊണ്ടുവരാൻ കഴിയുന്നില്ല.

കാര്യങ്ങൾ കൂടുതൽ സങ്കീർണമാണ് യൂറോപ്പിൽ.  ആഗസ്‌തിൽ 9.1 ശതമാനമാണ് യൂറോപ്പിലെ ശരാശരി പണപ്പെരുപ്പം.  സെപ്തംബറിൽ ഒമ്പത്‌ ശതമാനവും ഒക്ടോബറിൽ 10. 4 ശതമാനവുമാണ്.  2021 ആഗസ്‌തിൽ ഇത് മൂന്ന്‌ ശതമാനമായിരുന്നു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ മാത്രമായി പരിഗണിക്കുമ്പോൾ ശരാശരി പണപ്പെരുപ്പം 10.1 ശതമാനമാണ്.  കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇത് 3.6 ശതമാനവും.  ഭക്ഷ്യവസ്തുക്കൾ,  ഇന്ധനം എന്നിവ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില മിക്ക യൂറോപ്യൻ രാജ്യങ്ങളിലും വളരെ ഉയർന്ന തോതിലാണ്. റഷ്യ–- ഉക്രയ്‌ൻ യുദ്ധം സ്ഥിതി കൂടുതൽ വഷളാക്കുകയും ചെയ്തു. പണപ്പെരുപ്പത്തിന്റെ തീവ്രത താഴെ കാണുന്ന പട്ടികയിൽനിന്ന് വ്യക്തമാണ്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇതിന്റെ പകുതിയിൽ താഴെ മാത്രമായിരുന്നു ഈ രാജ്യങ്ങളിലെ പണപ്പെരുപ്പം. സ്ഥിതി നിയന്ത്രണവിധേയമാക്കുന്നതിന്  മുതലാളിത്ത സാമ്പത്തിക സിദ്ധാന്തങ്ങളിലെ പ്രധാന പോംവഴിയായ പലിശനിരക്ക് ഉയർത്തുകയെന്ന ആയുധം തലങ്ങും വിലങ്ങും പ്രയോഗിക്കുകയാണ് ഈ രാജ്യങ്ങൾ. യൂറോപ്യൻ കേന്ദ്ര ബാങ്കും പലിശനിരക്ക് അനുസ്യൂതം ഉയർത്തുകയാണ്.

വളർച്ചനിരക്കിലെ ഇടിവ്
ഐഎംഎഫിന്റെ ഏറ്റവും ഒടുവിലത്തെ വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് പ്രകാരം ആഗോള സാമ്പത്തികവളർച്ച 2022ൽ 3. 2 ശതമാനത്തിലേക്കും 2023ൽ 2. 7 ശതമാനത്തിലേക്കും താഴും. 2021ൽ ലോകം കൈവരിച്ച വളർച്ച ആറ്‌ ശതമാനമായിരുന്നു. 2021ൽ ശരാശരി 4. 7 ശതമാനമായിരുന്നു ആഗോള പണപ്പെരുപ്പ നിരക്കെങ്കിൽ ഈവർഷം അത് 8. 8 ശതമാനമാകുമെന്ന്  റിപ്പോർട്ട് പറയുന്നു. അമേരിക്കയുടെ വളർച്ച 5. 7 ശതമാനത്തിൽനിന്ന് 1. 6 ശതമാനമായി കുറയും. ജർമനി 1. 5 ശതമാനവും (2. 60),  ഫ്രാൻസ് 2. 5 ശതമാനവും (6.8),   ഇറ്റലി 3. 2 ശതമാനവും (6. 6),  ബ്രിട്ടൻ 3. 6 ശതമാനവും (7. 4) ചൈന 3. 2 ശതമാനവും (8. 1) വളർച്ചയാണ് 2022ൽ കൈവരിക്കുകയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.  2023ലും അമേരിക്കയിലും യൂറോപ്യൻ മേഖലയിലും വളർച്ച കുറയുമെന്ന നിഗമനമാണ് ഐഎംഎഫ് മുന്നോട്ട് വയ്ക്കുന്നത്. ജർമനി, ഇറ്റലി എന്നീ രാജ്യങ്ങൾ നെഗറ്റീവ് വളർച്ചയിലേക്ക് പോകുമെന്നും പല വികസിത യൂറോപ്യൻ രാജ്യങ്ങൾക്കും നാമമാത്രമായ വളർച്ച മാത്രമേ കൈവരിക്കാൻ കഴിയൂ എന്നുമാണ് ഈ റിപ്പോർട്ട് പറയുന്നത്. 2018 മുതൽ മുതലാളിത്ത രാജ്യങ്ങൾ അകപ്പെട്ടിരിക്കുന്ന അതിരൂക്ഷമായ തളർച്ചയുടെ വ്യാളീരൂപമാണ് ഇപ്പോൾ പ്രകടമാകുന്നത്. ചൂഷണത്തിലധിഷ്ഠിതമായ സാമ്പത്തികക്രമത്തിന്റെ ആന്തരിക വൈരുധ്യമാണ് ഇത്തരം പ്രതിസന്ധിയിലേക്ക് മുതലാളിത്ത ലോകത്തെ തള്ളിവിടുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top