06 February Monday

സഫലമായ വിദേശയാത്രയും
വക്രീകരണ സിൻഡിക്കറ്റും

ആർ എസ് ബാബുUpdated: Tuesday Oct 18, 2022

നോർവീജിയൻ കമ്പനിയായ ഓർക്കലെ ബ്രാൻഡഡ്‌ കൺസ്യൂമർ ഗുഡ്‌സ്‌ 
സിഇഒ ആറ്റ്‌ലെ വിഡറുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്‌ച നടത്തുന്നു

മാൻപേടയിൽനിന്ന്‌ മുനികന്യകയോ മുനികന്യകയിൽനിന്ന്‌ മാൻപേടയോ എന്ന കാളിദാസ സന്ദേഹം വീണ്ടും. രണ്ട് ടെലിവിഷൻ മാൻപേടകളിൽനിന്നും കെപിസിസി പ്രസിഡന്റോ കെപിസിസി പ്രസിഡന്റിൽനിന്ന്‌ ടെലിവിഷൻ മാൻപേടകളോ എന്നത്‌  അന്വേഷണത്തിന്‌ വിടാം. രണ്ട് കൂട്ടരും ഒരുപോലെ ആക്രമിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെയും വിദേശയാത്രയെയും ആണ്.

സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഒരു യമണ്ടൻ ചോദ്യമെറിഞ്ഞിരുന്നു. ചെത്തുകാരന്റെ മകന് കേരളത്തെ ഇനിയും വിട്ടുകൊടുക്കണമോ എന്നതായിരുന്നു അത്‌. മുണ്ടയിൽ കോരന്റെ മകൻ പിണറായി വിജയൻ നയിക്കുന്ന സർക്കാരിന് രണ്ടാംവട്ടം ജനങ്ങൾ വർധിത ഭൂരിപക്ഷത്തോടെ മനസ്സമ്മതം നൽകി. ഇതിൽ തീരാത്ത നിരാശയും അരിശവും ഉള്ളവരാണ് കോൺഗ്രസ്‌–-ബിജെപി നേതാക്കൾ. സുധാകരാദികളെ നയിക്കുന്നത് തെരഞ്ഞെടുപ്പ് കാലത്ത് ഉയർത്തിയ കമ്യൂണിസ്റ്റായ ചെത്തുതൊഴിലാളിയുടെ മകനെന്ന അതേ വിചാരത്തിന്റെ തികട്ടലാണ്. അതിന്റെ ഭാഗമായിക്കൂടിയാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ എന്തിന് കുടുംബമായി വിദേശത്തേക്ക് പോകുന്നുവെന്ന ദുരുദ്ദേശ്യ ധ്വനിയുള്ള ചോദ്യങ്ങൾ.

ഈ മാനസികാവസ്ഥയിലാണോ അല്ലയോ എന്നതിനപ്പുറം സുധാകര അധിക്ഷേപം പകർത്തുകയാണ് രണ്ട് ടെലിവിഷൻ അവതാരകർ അവരുടെ പംക്തികളിലൂടെ ചെയ്തിരിക്കുന്നത്. ഇക്കൂട്ടരെല്ലാംകൂടി, പൊള്ളയാണെങ്കിലും നിരത്തുന്ന ആക്ഷേപങ്ങൾ എണ്ണത്തിൽ കുറവല്ല. യാത്ര സുതാര്യമല്ല എന്നതാണ് ആദ്യത്തെ കുറ്റാരോപണം. എന്താ മുഖ്യമന്ത്രി കടുകുമണിയിൽ ഒളിച്ചിരുന്നാണോ നോർവെയിലും ലണ്ടനിലും ദുബായിലും എത്തിയത്. കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിയതല്ലേ. ആർക്കും ടിക്കറ്റെടുത്ത് യാത്ര ചെയ്യാവുന്ന പൊതുവിമാനത്തിലാണല്ലോ യാത്ര ചെയ്തത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും മകളും കൊച്ചുമകനുമുണ്ടായി എന്നത് എങ്ങനെയാണ് മഹാഅപരാധമാകുന്നത്.

ഇന്ദിര ഗാന്ധിയും രാജീവ്‌ ഗാന്ധിയും പ്രധാനമന്ത്രിമാരായിരിക്കെ മക്കളോ മറ്റ്‌ ബന്ധുക്കളോ ഒക്കെയായി വിദേശരാജ്യങ്ങളിൽ പോയിട്ടില്ലേ. മനേക ഗാന്ധിയോടോ സോണിയ ഗാന്ധിയോടോ ചോദിച്ചാൽ ഇതിന് മറുപടി കിട്ടും. പ്രണബ് കുമാർ മുഖർജി കേന്ദ്രമന്ത്രിയും രാഷ്ട്രപതിയും ആയിരിക്കെ നടത്തിയ യാത്രകളിൽ കുടുംബാംഗങ്ങളെ കൂട്ടിയിട്ടുണ്ടല്ലോ. രാഷ്ട്രപതിയായിരിക്കെ പ്രതിഭാ പാട്ടീൽ നടത്തിയ വിദേശയാത്രകളിൽ കുടുംബത്തിലെ വിവിധ തലമുറകളിൽപ്പെട്ട അംഗങ്ങളെ കൂട്ടിയിരുന്നു. 

എഴുപത്തെട്ടു-കാരനായ മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും മകളും പേരക്കുട്ടിയും യാത്ര ചെയ്തത് അസാധാരണമായ ഒന്നല്ല. മകളുടെയും പേരക്കുട്ടിയുടെയും ചെലവ് പൊതുഖജനാവിൽ നിന്നല്ലതാനും. പൊതുപ്രവർത്തകൻ എങ്ങനെ പൊതുധനം ചെലവഴിക്കണം എന്നതിൽ തികഞ്ഞ ശ്രദ്ധയും നിഷ്ഠയുമുള്ള ഭരണാധികാരിയാണ് പിണറായി. മുഖ്യമന്ത്രിയുടെ മകൾ ഒരു ചെറുകിട ഐടി വ്യവസായ സംരംഭകയാണ്. അതിന്റെ മറവിൽ മുഖ്യമന്ത്രിയുടെ യാത്രയെ വികൃതവൽക്കരിക്കുന്നവരുടെ മനസ്സിന്റെ ദുഷ്ടതയാണ് തെളിയുന്നത്. ഇക്കാര്യത്തിൽ ധ്വനിപ്രധാനമായ സംഭാഷണങ്ങളാണ് ടിവി അവതാരകർ നടത്തിയത്. വ്യക്തിഗത ബിസിനസ്‌ സംരംഭവും ഈ യാത്രയും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള ബന്ധംപോലുമില്ല. അടിസ്ഥാനമില്ലാത്ത ആക്ഷേപങ്ങൾ ചൊരിയുമ്പോൾ അതിന്‌ പിൻബലമേകുന്ന ഒരു തെളിവെങ്കിലും ഉണ്ടോയെന്ന്‌ അന്വേഷിക്കണ്ടേ. അച്ഛനും മുത്തച്ഛനുമൊപ്പം യാത്ര ചെയ്യുന്നതിനെ വിലക്കുന്ന ധാർമികത ഏത്‌ പുസ്‌തകത്തിലാണ്‌ ഉള്ളത്‌.

ജീവിച്ചിരിക്കുമ്പോൾ കോടിയേരി ബാലകൃഷ്‌ണനെയും കുടുംബത്തെയും കരിതേയ്‌ക്കാൻ ഏതറ്റംവരെയും പോയിട്ടുള്ള മാധ്യമങ്ങളും എതിർരാഷ്‌ട്രീയക്കാരും കോടിയേരിയുടെ പേരുപറഞ്ഞ്‌ മുഖ്യമന്ത്രിയുടെ വിദേശയാത്രയെ അവഹേളിക്കാനുള്ള തന്ത്രവും പയറ്റുകയാണ്‌. സഖാവ് എന്ന പദത്തിന് ഒരമ്മ പെറ്റ കൂടപ്പിറപ്പുകളേക്കാൾ ആത്മബന്ധവും സ്നേഹവികാരവും ഉണ്ടെന്ന് നാട് തിരിച്ചറിഞ്ഞ വേളയായിരുന്നല്ലോ കോടിയേരിയുടെ അന്ത്യയാത്രാമൊഴിയുടെ മണിക്കൂറുകൾ. പിണറായി എന്ന ഉരുക്കുമനുഷ്യൻ ഇതുപോലെ ഉലഞ്ഞത് കണ്ടിട്ടില്ലെന്നും വിറയാർന്ന ചുണ്ടുകളും നൊമ്പരംനിറഞ്ഞ കണ്ണുകളും വിളിച്ചുപറഞ്ഞത് എന്തെന്ന് വിവരിക്കാൻ മാധ്യമങ്ങൾ തയ്യാറായി. അതിൽ ചില മാധ്യമങ്ങൾതന്നെ അടുത്ത ദിവസംമുതൽ കോടിയേരിയുടെ പേരിന്റെ മറവിൽ പിണറായിയെ വേട്ടയാടാൻ ഒട്ടും  മനസ്സാക്ഷിക്കുത്ത് കാട്ടിയില്ല. എല്ലാകാലത്തും കമ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിമാരുടെ വിദേശയാത്രകളെ വക്രീകരിക്കാൻ ഒന്നല്ലെങ്കിൽ മറ്റൊന്ന്‌ കണ്ടെത്താൻ ഇക്കൂട്ടർ വൈദഗ്‌ധ്യം കാട്ടിയിട്ടുണ്ട്‌. നായനാർ വിവിധ രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ പലഘട്ടങ്ങളിലും കേരളത്തിൽ പ്രതിഷേധങ്ങളും പ്രകടനങ്ങളും കോൺഗ്രസുകാർ നടത്തിയിട്ടുണ്ട്‌. ആ കമ്യൂണിസ്റ്റ്‌വിരുദ്ധ ശൈലിയുടെ ആവർത്തനമാണ്‌ സുധാകരാദികളുടെ ഇപ്പോഴത്തെ പ്രസ്‌താവനകളിൽ തെളിയുന്നത്‌.

മുഖ്യമന്ത്രിയുടെ വിദേശയാത്രകൊണ്ട്‌ എന്ത്‌ ഗുണമെന്ന്‌ ചോദിക്കുന്ന കോൺഗ്രസ്‌ നേതാവിന്റെയും കേന്ദ്രസഹമന്ത്രിയുടെയും ചോദ്യത്തിന്റെ പീഠങ്ങളിലാണ്‌ ചില ടിവി അവതാരകരുടെ ഇരിപ്പിടം. ലോകം ഒരു വീടായി മാറിയകാലത്ത് വിദേശ സന്ദർശനത്തോടുള്ള പഴയകാല സങ്കൽപ്പം  മാറേണ്ടതാണ്. പിണറായിയും മന്ത്രിമാരും വിദേശയാത്ര നടത്തിയതിന്റെ ഗുണം എന്തെന്ന്‌ പറയണമെന്നാണ്‌ കോൺഗ്രസ്‌ നേതാവിന്റെ ആവശ്യം. യുഡിഎഫ്‌ മന്ത്രിസഭയിൽ ഒരുവട്ടം മന്ത്രിയായിരുന്ന നേതാവാണ്‌ ഇദ്ദേഹം. അഞ്ചുവർഷത്തെ ഉമ്മൻചാണ്ടി ഭരണത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും 205 വിദേശയാത്ര നടത്തി. അതിന്റെ നേട്ട ചാർട്ട്‌ പ്രസിദ്ധീകരിച്ചാലല്ലേ ഇപ്പോഴത്തെ ചോദ്യത്തിന്‌ അർഥമുള്ളൂ. യുഡിഎഫ് ഭരണത്തിൽനിന്ന്  വ്യത്യസ്‌തമായി നാടിനും കേരളീയസമൂഹത്തിനും പ്രയോജനം ചെയ്യുന്ന അനേകമനേകം കാര്യങ്ങളാണ്‌ രണ്ട്‌ മന്ത്രിസഭയുടെ കാലയളവിലായി പിണറായി സർക്കാർ നടത്തിയ വിദേശയാത്രകൾകൊണ്ട്‌ നാടിന്‌ ലഭിച്ചത്‌.

ഇന്ത്യൻ സേനയുടെ അഭിമാനമായി മാറിയ കൊച്ചി കപ്പൽശാലയിൽ നിർമിച്ച വിക്രാന്തിന്‌ ആവശ്യമായ കാബിനുകളും സ്‌റ്റീൽ ഫർണിച്ചറുകളും നിർമിച്ചുനൽകിയ ഡച്ച്‌ കമ്പനി മാരിനോർ കേരളത്തിൽ ഫാക്ടറി ആരംഭിക്കാമെന്ന്‌ അതിന്റെ മേധാവി മുഖ്യമന്ത്രിക്ക്‌ ഉറപ്പുനൽകിയത്‌ നെതർലൻഡ്‌സിലെ കൂടിക്കാഴ്‌ചയിലാണ്‌. ജനുവരിയിൽ കേരളത്തിൽ നോർവീജിയൻ സംരംഭകരുടെ സംഗമം വരികയാണ്‌. കേരളത്തിന്റെ ഒരു മുഖ്യമന്ത്രി ആദ്യമായി നോർവെയിൽ എത്തിയതിൽ അവിടത്തെ മലയാളികൾ പ്രകടിപ്പിച്ച സന്തോഷം,  മിഠായി കടലാസ് തെരുവിൽ കളയുന്നതിനെതിരെയുള്ള ഒരു പെൺകുട്ടിയുടെ ചോദ്യം---–- അതെല്ലാം ഏതൊരു കേരളീയന്റെയും മനം കുളിർപ്പിക്കുന്നതാണ്‌.

 

പ്രകൃതിക്ഷോഭങ്ങളെ നേരിടാൻ, വയനാട്‌ തുരങ്കപാത നിർമിക്കാൻ, തീരശോഷണം തടയാൻ–-ഇക്കാര്യങ്ങളിലെല്ലാം പുതിയ സാങ്കേതികവിദ്യ പ്രദാനംചെയ്‌ത്‌ കേരളത്തോട്‌ കൈകോർക്കാൻ നോർവീജിയൻ ജിയോ ടെക്‌നിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ താൽപ്പര്യം പ്രകടിപ്പിച്ചതും ചെറിയ കാര്യമല്ല. മണ്ണിടിച്ചിൽ സാധ്യത നേരത്തേ അറിയാനുള്ള സാങ്കേതികവിദ്യ ഇവർ നൽകാമെന്നും ഉറപ്പുനൽകിയിട്ടുണ്ട്‌. ഇലക്‌ട്രിക്‌ ബസ്‌ നിർമാണം, സൈബർ രംഗം, ഫിനാൻസ്‌ എന്നീ മേഖലകളിൽ കേരളത്തിൽ നിക്ഷേപം നടത്താനുള്ള വാഗ്‌ദാനം ഹിന്ദുജ ഗ്രൂപ്പ്‌ കോ ചെയർമാൻ മുഖ്യമന്ത്രിക്ക്‌ നൽകി. ഇതൊരു പാഴ്‌വാക്ക്‌ അല്ലെന്നുള്ളതിന്റെ സന്ദേശമാണ്‌ തുടർചർച്ചകൾക്കായി ഡിസംബറിൽ കോ ചെയർമാൻ ഗോപീചന്ദ്‌ ഹിന്ദുജ കേരളത്തിൽ എത്താമെന്ന്‌ ലണ്ടനിലെ കൂടിക്കാഴ്‌ചയിൽ അറിയിച്ചത്‌.
ലണ്ടനിൽ നടത്തിയ ലോക കേരളസഭയുടെ മേഖലാസമ്മേളനത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തതിലൂടെ പ്രവാസികേരളീയരോടുള്ള എൽഡിഎഫ്‌ സർക്കാരിന്റെ പ്രതിബദ്ധതയാണ്‌ വിളംബരംചെയ്‌തിരിക്കുന്നത്‌. ഒരു ഭരണാധികാരി ലോകരാജ്യങ്ങളെ നേരിട്ട്‌ മനസ്സിലാക്കുന്നതും അവിടത്തെ അനുയോജ്യമായ സാങ്കേതികമടക്കമുള്ള വിദ്യകൾ സ്വന്തം നാട്ടിൽ കൊണ്ടുവരുന്നതും നാടിന്‌ അനുഗ്രഹമാണ്‌. വിദ്യാസമ്പന്നർക്ക്‌ വിദേശങ്ങളിൽ തൊഴിൽലഭിക്കുന്നതിനുള്ള ധാരണപത്രങ്ങളും നോർക്കാ റൂട്ട്‌സും ബന്ധപ്പെട്ട രാജ്യങ്ങളിലെ പ്രതിനിധികളുമായി ഒപ്പിട്ടതും നിസ്സാരമല്ല.

ക്യൂബൻ ഭരണാധികാരിയായിരിക്കെ 79–-ാം വയസ്സിൽ കാസ്‌ട്രോയോട്‌ എന്തെങ്കിലും ചെയ്യാത്തതിൽ സങ്കടമുണ്ടോയെന്ന്‌ ഒരു മാധ്യമപ്രതിനിധി ചോദിച്ചപ്പോൾ നൽകിയ ഉത്തരം ഈ വേളയിൽ പ്രസക്തമാണ്‌. ‘ഇപ്പോ ഞങ്ങൾക്ക്‌ അറിയാവുന്ന കാര്യങ്ങൾ നേരത്തേ കണ്ടെത്താൻ കഴിഞ്ഞില്ലല്ലോയെന്ന ചിന്തയാണ്‌ എന്നെ നയിക്കുന്നത്‌. 46 കൊല്ലംകൊണ്ട്‌ ചെയ്‌തകാര്യങ്ങൾ, പകുതിസമയംകൊണ്ട്‌ ഇപ്പോഴത്തെ അറിവുണ്ടായിരുന്നെങ്കിൽ ചെയ്യാൻ സാധിക്കുമായിരുന്നു’–-അതായിരുന്നു കാസ്‌ട്രോയുടെ മറുപടി. കാസ്‌ട്രോ ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ്‌ ഭരണാധികാരികളുടെ ഇത്തരം അനുഭവങ്ങൾകൂടി പഠിച്ചാണ്‌ കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ മുന്നോട്ടുപോകുന്നത്‌. ആഗോളവൽക്കരണകാലത്ത്‌ സാമ്രാജ്യത്വത്തിനെതിരെ ബദൽ തീർച്ചയായും സാധ്യമാണെന്ന കാഴ്‌ചപ്പാട്‌ മുറുകെപ്പിടിച്ചാണ്‌ ഏത്‌ ചുവടുവയ്‌പും പിണറായി സർക്കാർ നടത്തുന്നത്‌. അതിനാൽ പിണറായിയുടെ നേതൃത്വത്തിലുള്ള വിദേശപര്യടനം വ്യർഥമായതല്ല, സാർഥകമായതാണ്‌.  സഫലമായ വിദേശയാത്രയെ വക്രീകരിക്കാൻ ഒരു പങ്ക്‌ രാഷ്‌ട്രീയഎതിരാളികളും ചില മാധ്യമങ്ങളും സിൻഡിക്കറ്റായി യത്‌നിക്കുകയാണ്‌. ഇത്‌ തിരിച്ചറിയാനുള്ള വിവേകം കേരളസമൂഹത്തിനുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top