19 April Friday

ലഘു മേഘവിസ്‌ഫോടനം സംഭവിക്കുമ്പോൾ

ഡോ. എം ജി മനോജ്‌Updated: Monday Oct 18, 2021

പൊതുവിൽ വളരെ സുരക്ഷിതമായ കാലാവസ്ഥയാണ്‌ കേരളത്തിൽ അനുഭവപ്പെട്ടുകൊണ്ടിരുന്നത്‌. 2016 മുതൽ കേരളത്തിന്റെ കാലാവസ്ഥയിൽ വളരെ പ്രകടമായ മാറ്റം ഉണ്ടായിട്ടുണ്ടെന്നത്‌ ശാസ്‌ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പറയാൻ സാധിക്കും. ഇതിനുമുമ്പ്‌ ഈ നൂറ്റാണ്ടിൽ ഉണ്ടായ ഏറ്റവും വലിയ വരൾച്ചയാണ്‌ 2016ൽ കേരളം അനുഭവിച്ചത്‌. അതിനുശേഷം 2017 നവംബർ 30ന്‌, പൊതുവിൽ ചുഴലിക്കാറ്റുകൾ അടിക്കാത്ത സുരക്ഷിതമേഖലയായ കേരളത്തിന്റെ സമീപത്തുകൂടി ഓഖി കടന്നുവന്നു. നിരവധി വിലപ്പെട്ട ജീവനുകൾ നഷ്ടമാകുകയും സ്വത്തുവകകൾക്ക്‌ നാശം ഉണ്ടാകുകയും ചെയ്‌തു. 2018 ആകുമ്പോൾ ചരിത്രത്തിൽ ഇല്ലാത്തത്ര ഭീകരമായ മഹാപ്രളയം ഉണ്ടായി. 2019ൽ അസ്വാഭാവികമായ തണുപ്പ്‌ അനുഭവപ്പെട്ടു. 2019 ൽ രണ്ടാമത്തെ പ്രളയമുണ്ടായി. 2018ലെ പ്രളയം മധ്യകേരളത്തിൽ ആയിരുന്നെങ്കിൽ 2019ൽ അൽപ്പം വടക്കോട്ടുമാറി മലപ്പുറം, കോഴിക്കോട്‌ ജില്ലകളെയാണ്‌ ബാധിച്ചത്‌.

ഏതാണ്ട്‌ തുല്യമായി 2020ൽ വടക്കൻ കേരളത്തിൽ പ്രളയസമാന സാഹചര്യമുണ്ടായി. ഇങ്ങനെ തുടർച്ചയായി പ്രളയം ഉണ്ടായിക്കൊണ്ടിരിക്കുന്നതിന്റെ ഇടയിൽ 2021ലെ മൺസൂൺ സീസൺ കഴിഞ്ഞതോടെ നാം ആശ്വാസത്തിലായിരുന്നു. ആ ആശ്വാസമാണ്‌ ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നത്‌. സാധാരണ ഒക്‌ടോബർ പകുതി കഴിഞ്ഞ്‌ തുലാമാസം ആരംഭിക്കുന്നു. പകൽ തെളിഞ്ഞ്‌ വൈകിട്ട്‌ കറുത്തിരുണ്ട്‌ മഴമേഘം രൂപപ്പെടുകയും ചെയ്യുന്ന സ്വാഭാവികരീതിയിൽനിന്നു മാറി കാലവർഷക്കാലം പിൻവാങ്ങൽ അൽപ്പം വൈകി, കാലവർഷ തുടർച്ചയെന്നനിലയിൽ ഈ അതിതീവ്ര മഴ മാറി. ഇതിനു കാരണം പലവിധമുണ്ട്‌. ഏറ്റവും പ്രധാനം ഒക്‌ടോബറിൽ ഇത്തരത്തിൽ പ്രളയം ഉണ്ടായിട്ടില്ല. ഇത്തരത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രളയ സമാന സാഹചര്യം സൃഷ്ടിക്കപ്പെടുന്നത്‌ മഴക്കാലത്തെ മേഘങ്ങളിലെ ഘടനാപരമായ മാറ്റംകൊണ്ടാണ്‌. പൊതുവിൽ മഴക്കാലത്ത്‌ കുറേനേരം നീണ്ടുനിൽക്കുന്ന മഴ ലഭിക്കുന്ന പാളികൾ പോലെയുള്ള മേഘങ്ങളിൽ (സ്‌ട്രാറ്റിഫോം ടൈപ്)നിന്നാണ്‌ . എന്നാൽ, അത്തരം മേഘങ്ങളിൽനിന്ന്‌ മാറി വളരെ കട്ടികൂടിയ ലംബമായ കൂമ്പാരമേഘങ്ങൾ അന്തരീക്ഷത്തിൽ ഉണ്ടാകുന്നു. ഇത്തരം ക്യുമുലോ നിംബസ്‌ മേഘങ്ങൾ പൊതുവിൽ മാർച്ച്‌മുതൽ മെയ്‌‌വരെയുള്ള വേനൽക്കാലത്തും ഒക്‌ടോബർമുതൽ ഡിസംബർവരെ തുലാവർഷക്കാലത്തുമാണ്‌ കാണുന്നത്‌.

ഇവിടെ തുലാവർഷം ആരംഭിച്ചിട്ടില്ല. ഇവിടെ വളരെ വലിയ 12 മുതൽ 14 കിലോമീറ്റർവരെ കട്ടിയുള്ള മഴമേഘങ്ങൾ രൂപപ്പെടുകയാണ്. ഇങ്ങനെ രൂപപ്പെടുന്ന മഴമേഘങ്ങളുടെ ഏറ്റവും മേലെയുള്ള താപനില മൈനസ്‌ -60 ഡിഗ്രി സെൽഷ്യസ് മുതൽ മൈനസ് 80 ഡിഗ്രി സെൽഷ്യസ് വരെയാണ്‌. താപനില കുറയുന്തോറും അത് സൂചിപ്പിക്കുന്നത് ആ മേഘങ്ങൾക്ക് വളരെയധികം ഉയരം കൂടുതലുണ്ട്‌ അഥവാ കട്ടി കൂടുന്നു എന്നുള്ളതാണ്. ഇങ്ങനെ കട്ടി കൂടിയ മേഘങ്ങൾ വളരെ ചെറിയ അളവിൽ മണിക്കൂറുകൾക്കുള്ളിൽ ശക്തമോ അതിതീവ്രമോ ആയ മഴ പെയ്യാനുള്ള കഴിവുണ്ട്. ഏഴുമുതൽ 21 സെന്റീമീറ്റർവരെ 24 മണിക്കൂർ പെയ്യുകയാണെങ്കിൽ അതാണ് അതിശക്തമായ മഴ. 21 സെന്റീമീറ്റർ കൂടുതലാണെങ്കിൽ അതിതീവ്രമഴ. മിന്നൽപ്രളയം പോലുള്ള പ്രതിഭാസങ്ങൾ ഉണ്ടാകുന്നത്‌ ഇത്തരത്തിലുള്ള അതിതീവ്രമഴ കൊണ്ടാണ്‌.


 

സ്വാഭാവികമായുള്ള ചോദ്യം എന്തുകൊണ്ടാണ് ഇത്തരത്തിൽ മഴമേഘങ്ങളുടെ ഘടന കേരളത്തിൽ മാറിക്കൊണ്ടിരിക്കുന്നത് എന്നാണ്‌. പ്രധാനപ്പെട്ട വസ്തുത വളരെ വലിയ മേഘം ഉണ്ടാകണമെങ്കിൽ ഉയർന്ന അളവിലുള്ള ഊർജം ആവശ്യമാണ്. അറബിക്കടലിലെ വെള്ളത്തിന്റെ ചൂടിൽനിന്നാണ് ഇത്തരം മേഘം രൂപംകൊള്ളുന്നത്. അറബിക്കടലിലെ താപനില ക്രമാതീതമായി വർധിക്കുന്നതാണ് ഇത്തരത്തിൽ അതിൽ ഭീമാകാരമായ മഴമേഘങ്ങളുടെ രൂപീകരണത്തിലേക്ക് നയിക്കുന്നതും ന്യൂനമർദങ്ങളിലേക്ക് നയിക്കുന്നതും. ഒരു നൂറ്റാണ്ടിൽ അറബിക്കടലിലെ താപനില ഒരു ഡിഗ്രി സെൽഷ്യസിൽ അധികം വർധിച്ചിരിക്കുന്നു. ബംഗാൾ ഉൾക്കടലിലാണ്‌ താപനില കൂടുതൽ. അവിടങ്ങളിൽ ഉണ്ടാകുന്ന കൂമ്പാരമേഘങ്ങൾക്ക്‌ സമാനമായി അറബിക്കടലിലും കൂമ്പാരമേഘങ്ങൾക്ക്‌ കാരണം താപനില തന്നെയാണ്‌. ഈ മഴക്കാലത്തും അറബിക്കടലിന്റെ ശരാശരി താപനില 28 ഡിഗ്രി സെൽഷ്യസിന്‌ അടുത്തുനിൽക്കുന്ന ഭയാനകമായ സാഹചര്യമാണ്‌. 

ഇപ്പോഴുള്ള ന്യൂനമർദങ്ങൾ കേരളത്തിൽ എന്തുകൊണ്ടാണ്, ഇത്തരത്തിലുള്ള അതിതീവ്രമഴ വരുന്നതെന്ന് പരിശോധിച്ചാൽ ഒരു കാര്യംകൂടി മനസ്സിലാകും. പസഫിക്‌ സമുദ്രത്തിന്റെ വടക്കുപടിഞ്ഞാറ്‌ ചുഴലിക്കൊടുങ്കാറ്റ്‌ ഉണ്ടാകുന്ന സീസണാണ്‌ ഇത്‌. അതിന്റെ സ്വാധീനവലയം കേരളത്തിലും ഉണ്ടാകാറുണ്ട്. കേരള തീരത്തിനടുത്ത്‌ ന്യൂനമർദം ഉണ്ടായാൽ ആ മേഘങ്ങളെ പടിഞ്ഞാറുനിന്ന്‌ കിഴക്കോട്ട് വലിച്ചെടുക്കുന്നതിന് ചുഴലിക്കാറ്റുകൾക്ക്‌ പങ്കുണ്ട്‌. 2018ലെ പ്രളയത്തിൽ നാം അതു കണ്ടതാണ്‌. ഇപ്പോൾ പസഫിക്കിന്റെ വടക്കുപടിഞ്ഞാറൻ ഭാഗം ന്യൂനമർദ സമ്പന്നമായിരുന്നു. അവയുടെ ശക്തി കുറഞ്ഞെങ്കിലും അത് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തോടൊപ്പം കാറ്റിനെ കിഴക്കോട്ട്‌ ശക്തമായി വലിക്കുന്ന പ്രവണതയുണ്ടായി. അങ്ങനെ വരുമ്പോൾ ലക്ഷദ്വീപിനു സമീപം ഉണ്ടായിരുന്ന ന്യൂനമർദം പടിഞ്ഞാറുനിന്നും കിഴക്കോട്ട് സഞ്ചരിക്കുകയും കേരളത്തിന്റെ മധ്യമേഖലകളെ പ്രളയ സമാനമായ സാഹചര്യത്തിൽ എത്തിക്കുകയുംചെയ്യുന്നു.

മറ്റൊന്ന് ഇത്തരം മഴമേഘങ്ങൾക്ക്‌ മണിക്കൂറുകൾക്കുള്ളിൽ അതിതീവ്രമായ മഴ പെയ്യാനുള്ള കഴിവുണ്ട് എന്നതാണ്‌. ഇത്തരം അതിതീവ്ര പ്രതിഭാസങ്ങളെ മേഘവിസ്ഫോടനമെന്ന ഗണത്തിലാണ് പെടുത്തുക. പക്ഷേ, സാങ്കേതികമായി പറഞ്ഞാൽ ഒരു മണിക്കൂറിൽ 10 സെന്റീമീറ്റർ മഴ ഏതെങ്കിലും പ്രദേശത്ത് ലഭിച്ചാലേ അതിനെ ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മേഘവിസ്ഫോടനം എന്ന ഗണത്തിൽപ്പെടുത്താറുള്ളൂ. പക്ഷേ, അത്രതന്നെ ഇല്ലെങ്കിലും രണ്ടു മണിക്കൂറിൽ അഞ്ചു സെന്റീമീറ്റർ എങ്കിലും മഴ ലഭിച്ചാൽ അതിനെ ഒരു മിനി ക്ലൗഡ് ബസ്റ്റ്‌ എന്നുപറയുന്ന ഗണത്തിൽ വിശേഷിപ്പിക്കാറുണ്ട്‌. ആ ഗണത്തിൽപ്പെടുന്ന മഴമേഘങ്ങൾക്കും യഥാർഥത്തിലുള്ള ക്ലൗഡ് ബസ്റ്റിന് സമാനമായ അന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കും. ഇതാണ്‌ ലഘു മേഘവിസ്‌ഫോടനമെന്ന്‌ വിവക്ഷിക്കുന്നത്‌. ചുരുങ്ങിയ സമയം കൊണ്ട് അസാധാരണമായ രീതിയിൽ മഴമേഘങ്ങൾ പെയ്തൊഴിയും. തൽഫലമായി ഒരു പ്രദേശത്ത്‌ താങ്ങാവുന്നതിലധികം മഴ പെയ്യും. ഇതാണ്‌ സമീപകാലത്ത് നേരിടുന്ന ഏറ്റവും വലിയ പ്രത്യേകത. ന്യൂനമർദം ഉണ്ടാകുന്നുവെന്നു മാത്രമല്ല, അതുമായി ബന്ധപ്പെട്ട മഴമേഘങ്ങളുടെ ഘടനയിലും അവ ഉൾക്കൊള്ളുന്ന വെള്ളത്തിന്റെ അളവിലും വലിയ മാറ്റംവന്നു. ആഗോളതാപനത്തിന്റെ ഭാഗമായി ഒരു ഡിഗ്രി സെൽഷ്യസ് അന്തരീക്ഷ ഊഷ്മാവ് ഉയർന്നാൽ ചൂടുകൂടിയ ആ അന്തരീക്ഷത്തിന്‌ ഏഴു ശതമാനത്തോളം കൂടുതൽ ഈർപ്പത്തെ, നീരാവിയെ ഉൾക്കൊള്ളാൻ സാധിക്കും. അന്തരീക്ഷ നീരാവിയുടെ അളവ്‌ കൂടുകയും മഴ മേഘങ്ങൾ രൂപപ്പെടുകയും ചെയ്യും.

മേഘവിസ്ഫോടനം പോലുള്ള മഴ പ്രതിഭാസങ്ങളെ വളരെ ദിവസംമുമ്പേ പ്രവചിക്കുക സാധ്യമായ കാര്യമല്ല. പക്ഷേ, ആധുനിക സംവിധാനങ്ങളും ഉപഗ്രഹ സംവിധാനങ്ങളും ഉപയോഗിച്ച് ഏതാനും മണിക്കൂർ മുമ്പുമാത്രം പ്രവചിക്കാൻ സാധിക്കും. ജനങ്ങൾക്ക്‌ പ്രതികരിക്കാനുള്ള സമയം കുറയുന്തോറും അപകടതീവ്രത കൂടിക്കൊണ്ടിരിക്കും. മാറിയ കാലാവസ്ഥയിൽ അപ്രതീക്ഷിതമായ എന്തും നാം പ്രതീക്ഷിക്കണം. കേരളത്തെ സംബന്ധിച്ച് പ്രത്യേക മോഡൽ അല്ല മറിച്ച് ഇത്തരത്തിലുള്ള എല്ലാ അറിവും ചേർന്ന മാതൃകയാണ്‌ വേണ്ടത്‌.

(കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ റഡാർ ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top