25 April Thursday

ജനാധിപത്യം വിലക്കപ്പെട്ട 
വർഷകാലസമ്മേളനം - എ എം ആരിഫ് 
എംപി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022

ജൂലൈ 18ന് ആരംഭിച്ച് കഴിഞ്ഞ എട്ടിന് സമാപിച്ച പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടക്കവും ഒടുക്കവും പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലായിരുന്നു. രാജ്യം അഭിമുഖീകരിക്കുന്ന അതിരൂക്ഷമായ വിലക്കയറ്റം, അഗ്നിപഥ് പദ്ധതി തുടങ്ങിയ ഗൗരവമേറിയ പ്രശ്നങ്ങൾ പ്രതിപക്ഷം  ഉയർത്തി. വിലക്കയറ്റം ചർച്ച ചെയ്യുന്നതിന്‌ ലോക്സഭയിലും രാജ്യസഭയിലും  പ്രതിപക്ഷം  അടിയന്തര പ്രമേയ നോട്ടീസ്  നൽകിയെങ്കിലും ധനമന്ത്രിയുടെ കോവിഡ് ചികിത്സാ കാരണംപറഞ്ഞ് ചർച്ച നീട്ടി.

പാചകവാതകത്തിന്റെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വിലവർധനയും പാലിനും തൈരിനും അരിക്കും മറ്റ് ഭക്ഷ്യവസ്തുക്കൾക്കുമടക്കം അഞ്ച്‌ ശതമാനം ജിഎസ്ടി വർധിപ്പിച്ചതും പ്രതിപക്ഷം ചോദ്യം ചെയ്തു.  ഈ അവസരങ്ങളെല്ലാം സഭാസ്തംഭനം എന്നാക്ഷേപിച്ച്  സർക്കാരിന് ആവശ്യമുള്ള രേഖകൾ അവതരിപ്പിച്ച് പാസാക്കാനും ഏതാനും ബില്ലുകൾ ചർച്ച കൂടാതെ പാസാക്കി എടുക്കാനുമാണ് വിനിയോഗിച്ചത്. കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ നാക്ക് പിഴവിൽ പിടിച്ച്‌ മന്ത്രി സ്മൃതി ഇറാനിതന്നെ സഭാ സമ്മേളനം സ്‌തംഭിപ്പിക്കുന്നതിന് നേതൃത്വം നൽകി.

പ്രതിപക്ഷത്തെ നാല്‌ അംഗങ്ങളെ സസ്പെൻഡ്‌ ചെയ്തുള്ള സ്‌പീക്കറുടെ നടപടി രംഗം വഷളാക്കാൻ ഉദ്ദേശിച്ചുകൊണ്ടായിരുന്നു. രാജ്യസഭയിലെ 23 അംഗങ്ങളെയാണ് ഒരാഴ്ചത്തേക്ക് സസ്പെൻഡ്‌ ചെയ്തത്. കേരളത്തിൽനിന്നുള്ള പുതിയ അംഗങ്ങളായ എ എ റഹിം, പി സന്തോഷ് എന്നിവർക്ക് പുറമെ ഡോ. ശിവദാസൻ ഉൾപ്പെടെയുള്ളവർ പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്കു മുമ്പിൽ സത്യഗ്രഹം നടത്തി. പ്രക്ഷോഭങ്ങൾക്കൊടുവിൽ റൂൾ 193 പ്രകാരം വിലക്കയറ്റം ചർച്ച ചെയ്യാമെന്നും സസ്പെൻഷൻ പിൻവലിക്കാനും തീരുമാനിച്ചു.

ചർച്ചകൾക്കൊടുവിൽ ധനമന്ത്രി നിർമല സീതാരാമന്റെ മറുപടി പ്രസംഗമാകട്ടെ , ഒരു മര്യാദയുമില്ലാത്ത തികഞ്ഞ അസഹിഷ്ണുതയുടെ പ്രതിഫലനമായിരുന്നു. എല്ലാം ഭദ്രമാണെന്ന് സ്ഥാപിക്കാനുള്ള അവരുടെ കണക്കുകൾ ചോദ്യംചെയ്തപ്പോൾ പ്രതിപക്ഷത്തിനു നേരേ ആക്രോശിച്ചു. ധനമന്ത്രിയുടെ മറുപടി പൂർത്തിയാക്കുംമുമ്പ്‌ പ്രതിപക്ഷം ഒന്നാകെ വാക്കൗട്ട് നടത്തി. ഒന്നരമണിക്കൂറിലേറെ നീണ്ട ധനമന്ത്രിയുടെ മറുപടിയിൽ പാചകവാതകത്തിനും പെട്രോളിയം ഉൽപ്പന്നങ്ങൾക്കും വില കുറയ്ക്കാനോ അധികമായി ഏർപ്പെടുത്തിയ ജിഎസ്ടി കുറയ്ക്കാനോ തയ്യാറായില്ല. കാലാവധി പൂർത്തിയായ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനും യാത്രയയപ്പ് നൽകുന്നതിലും പുതിയ രാഷ്‌ട്രപതിയുടെയും ഉപരാഷ്‌ട്രപതിയുടെയും തെരഞ്ഞെടുപ്പിലും പ്രതിപക്ഷം സഹകരിച്ചു.


 

ഉത്തേജക മരുന്നിന്റെ ഉപയോഗം തടയുന്നതിനുള്ള ദ നാഷണൽ ആന്റി ഡോപ്പിങ്‌ ബിൽ 2022, വന്യജീവി സംരക്ഷണ നിയമത്തിൽ കൂടുതൽ അധികാരം കേന്ദ്രത്തിൽ നിക്ഷിപ്തമാകുന്ന ഭേദഗതി നിയമം, സെൻട്രൽ യൂണിവേഴ്സിറ്റി ഭേദഗതി നിയമം 2022, ഊർജ ഉപയോഗത്തിൽ കാർബണിന്റെ അളവ് കുറയ്ക്കുന്നതിന്റെ ആവശ്യകതയുടെ പേരിൽ കോർപറേറ്റുകളെ വളഞ്ഞ വഴിയിലൂടെ സഹായിക്കുന്ന എനർജി കൺസർവേഷൻ ബിൽ 2022 എന്നിവ ചർച്ച ചെയ്തു പാസാക്കി. പ്രതിപക്ഷ ഭേദഗതികൾ ഒന്നും സ്വീകരിച്ചില്ല.

സഭ അവസാനിപ്പിക്കണമെന്ന് ഭരണപക്ഷം രഹസ്യമായി തീരുമാനിച്ച ദിവസമാണ് വൈദ്യുതി ഭേദഗതി നിയമം 2022 അവതരിപ്പിക്കാനുള്ള സഭാ നടപടികൾ കാര്യക്രമത്തിൽ ഉൾപ്പെടുത്തിയത്. ബില്ലിന്റെ അവതരണംമാത്രമെന്ന് നടപടിക്രമത്തിൽ അച്ചടിച്ചുവന്നതിനുശേഷം അവതരണവും പാസാക്കലും എന്ന നിലയിൽ അഡീഷണൽ അജൻഡ കൂട്ടിച്ചേർത്തു. ട്രേഡ് യൂണിയൻ, കർഷക സംഘടനകളുടെ ആകെ പ്രതിഷേധം പ്രതിഫലിപ്പിക്കുന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ഇടപെടൽ. ബിൽ അവതരിപ്പിക്കുന്നത് രാജ്യത്തെയും കൃഷിക്കാരെയും വഞ്ചിക്കുന്നതിനു തുല്യമാണെന്നും കർഷകസമരത്തിൽ ജീവൻ ഹോമിച്ച എണ്ണൂറിൽപ്പരം കൃഷിക്കാരുടെ രക്തസാക്ഷിത്വത്തെ ആക്ഷേപിക്കലാണെന്നും പ്രതിപക്ഷത്തുനിന്ന്‌ സിപിഐ എം ചൂണ്ടിക്കാട്ടി. പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലേക്കിറങ്ങിയപ്പോൾ ബിൽ വൈദ്യുതി സ്റ്റാൻഡിങ്‌ കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുന്നതായി വൈദ്യുതിമന്ത്രി ആർ കെ സിങ് ഏകപക്ഷീയമായി പ്രഖ്യാപിച്ചു. പ്രതിപക്ഷം വോട്ടിങ്‌ ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ അത് ചെവിക്കൊണ്ടില്ല. സ്റ്റാൻഡിങ്‌ കമ്മിറ്റിപോലും ചർച്ച ചെയ്യാതെ മൃഗീയഭൂരിപക്ഷം ഉപയോഗിച്ച് ഒറ്റദിവസംകൊണ്ട് വൈദ്യുതി മേഖലയാകെ കോർപറേറ്റുകൾക്ക് തീറെഴുതാനുള്ള ബിൽ പാസാക്കിയെടുക്കാനുള്ള നീക്കമാണ് പ്രതിപക്ഷ പ്രതിഷേധത്തെതുടർന്ന് തടയാൻ കഴിഞ്ഞത്. 

ഒരു സംയുക്ത പ്രക്ഷോഭത്തിന് മുൻകൈ എടുക്കാൻ കോൺഗ്രസ്‌ തയ്യാറായില്ല. അവരാകട്ടെ സോണിയ ഗാന്ധിയെയും രാഹുലിനെയും ഇഡി ചോദ്യം ചെയ്യുന്ന ദിവസങ്ങളിൽ സഭയ്‌ക്കുപുറത്ത് സമരം ചെയ്‌തു വാർത്തകൾ സൃഷ്ടിക്കുന്ന തത്രപ്പാടിലായിരുന്നു. ഇഡിയുടെ നടപടിയിൽ പാര്‍ലമെന്റിൽ പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ടികളുടെ യോഗം വിളിച്ചു ചേര്‍ത്തു.  അതിൽ ജയറാം രമേശ് അവതരിപ്പിച്ച പ്രമേയത്തിൽ കോണ്‍ഗ്രസിനെയും അതിന്റെ നേതാക്കളെയും ഇഡിയെ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നതിനുപകരം പ്രതിപക്ഷ പാര്‍ടികളെയാകെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന ഭേദഗതി എളമരം കരീം ഉന്നയിച്ചു.  ഭേദഗതിയോടെ എല്ലാ പ്രതിപക്ഷ കക്ഷികളും സംയുക്ത പ്രമേയം അംഗീകരിച്ചു. ഇത് കേരളത്തിലേക്ക് ഇഡിയെ ക്ഷണിക്കുന്ന കോണ്‍ഗ്രസ്‌  നേതാക്കളുടെയും എംപിമാരുടെയും കള്ളക്കളി പൊളിച്ചു.
സൈന്യത്തിലെ കരാർനിയമനവും അത് വരുത്തിവയ്ക്കുന്ന ആപത്തും സൈനികപരിശീലനം നേടിയ ചെറുപ്പക്കാരെ തീവ്രവാദസംഘടനകൾ ഉപയോഗപ്പെടുത്താൻപോലും ഇടവരുത്തുന്നതാണ്‌ അഗ്നിപഥ് പദ്ധതി എന്ന് ലോക്‌സഭയിൽ സിപിഐ എം ചൂണ്ടിക്കാട്ടി. രാജ്യസഭയിലും ഈ പ്രശ്നം സിപിഐ എമ്മും സിപിഐയും ശക്തമായി ഉന്നയിച്ചുവെങ്കിലും ചര്‍ച്ചയോ മറുപടിയോ ഇക്കാര്യത്തിൽ ഉണ്ടായില്ല.

നേമം റെയിൽവേ ടെര്‍മിനൽ പദ്ധതിക്ക് തറക്കല്ലിട്ട പീയൂഷ് ഗോയലിന്റെ സാന്നിധ്യത്തിൽ ആ പദ്ധതി ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച പുതിയ റെയിവേമന്ത്രി അശ്വിനി വൈഷ്ണവിനെതിരെ  രാജ്യസഭയിൽ ജോണ്‍ ബ്രിട്ടാസ്  നടത്തിയ പ്രസംഗം ശ്രദ്ധ നേടി. ഈ മാസം 12ന് അവസാനിപ്പിക്കാൻ തീരുമാനിച്ചത്‌ വെട്ടിച്ചുരുക്കി എട്ടിന് അവസാനിപ്പിച്ച വർഷകാല സമ്മേളനത്തിൽ ഭരണപക്ഷം ഭൂരിപക്ഷം ഉപയോഗിച്ച് കോർപറേറ്റ്അനുകൂല ജനവിരുദ്ധനയങ്ങൾ തുടരുമെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top