25 April Thursday

വടക്കുകിഴക്ക്‌ ബിജെപി വളർന്നോ?

സാജൻ എവുജിൻUpdated: Tuesday Apr 18, 2023

ക്രൈസ്‌തവർ ഭൂരിപക്ഷമായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി വൻജനപിന്തുണ നേടിയെന്ന്‌ കുറച്ചുകാലമായി പ്രചാരണം നടക്കുന്നു. ബിജെപി നേതാക്കളുടെ ഈ അവകാശവാദം മാധ്യമങ്ങളും ഏറ്റുപിടിച്ചിട്ടുണ്ട്‌. ഇതിൽ എന്താണ്‌ വാസ്‌തവം. കേന്ദ്രത്തിൽ കോൺഗ്രസ്‌ ആധിപത്യം പുലർത്തിയ കാലത്ത്‌ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ പൊതുവേ അവരുടെ നിയന്ത്രണത്തിലായിരുന്നു. പ്രാദേശിക കക്ഷികൾക്ക്‌ മുൻതൂക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആഭ്യന്തരപ്രശ്‌നങ്ങൾ ഏറെയാണ്‌.  തീവ്രവാദസംഘടനകളിൽനിന്നുള്ള ഭീഷണിയുമുണ്ട്‌. ഇക്കാരണങ്ങളാൽ കേന്ദ്ര ഭരണകക്ഷിയെ പിണക്കാതെ നിർത്താൻ വടക്കുകിഴക്കൻ മേഖലയിലെ ചെറു പാർടികൾ തയ്യാറായി. 

കേന്ദ്രത്തിൽ ബിജെപി വന്നതോടെ മേഖലയിലെ പല പാർടികളും ബിജെപിയുടെ നിയന്ത്രണത്തിലായി. ബിജെപിക്ക്‌ ഒന്നും രണ്ടും സീറ്റുള്ള സംസ്ഥാനങ്ങളിൽപ്പോലും ഭരണം അവർ നിയന്ത്രിക്കാൻ തുടങ്ങി. എന്നാൽ, ജനസ്വാധീനത്തിന്റെ കാര്യത്തിൽ ബിജെപിക്ക്‌ സ്വന്തമായി എത്രത്തോളം മുന്നേറ്റം കൈവരിക്കാൻ കഴിഞ്ഞു. ഈ മേഖലയിൽ മൂന്ന്‌ സംസ്ഥാനത്തു മാത്രമാണ്‌ ക്രൈസ്‌തവർക്ക്‌ ഭൂരിപക്ഷം–- നാഗാലാൻഡിൽ 88 ശതമാനവും  മിസോറമിൽ 87 ശതമാനവും മേഘാലയയിൽ 75 ശതമാനവും ക്രൈസ്‌തവരാണ്‌. നാഗാലാൻഡിൽ 12, മിസോറമിൽ ഒന്ന്‌, മേഘാലയയിൽ രണ്ടു വീതം മാത്രമാണ്‌ ബിജെപി എംഎൽഎമാർ. നാഗാലാൻഡിൽ നാഷണലിസ്റ്റ്‌ ഡെമോക്രാറ്റിക്‌ പീപ്പിൾസ്‌ പാർടി (25 എംഎൽഎ), മിസോറമിൽ മിസോ നാഷണൽ ഫ്രണ്ട്‌ (28 എംഎൽഎ), മേഘാലയയിൽ നാഷണൽ പീപ്പിൾസ്‌ പാർടി എന്നിവയാണ്‌ മുഖ്യ രാഷ്‌ട്രീയ പാർടികൾ.

അതേസമയം, നിയമസഭയിൽ  ബിജെപി മുഖ്യകക്ഷിയായ അസമിലും ത്രിപുരയിലും ജനസംഖ്യയിൽ നാലു ശതമാനം മാത്രമാണ്‌ ക്രൈസ്‌തവർ. ജനസംഖ്യയിൽ 10 ശതമാനം ക്രൈസ്‌തവരും 58 ശതമാനം ഹിന്ദുക്കളുമായ സിക്കിമിൽ സിക്കിം ക്രാന്തികാരി മോർച്ചയാണ്‌ പ്രധാന പാർടി. 32 അംഗ നിയമസഭയിൽ മോർച്ചയ്‌ക്ക്‌ 19 പ്രതിനിധികളുണ്ട്‌. അരുണാചൽപ്രദേശിലാകട്ടെ പ്രധാന മതത്തിലൊന്നും ഉൾപ്പെടാത്തവരാണ്‌ 39 ശതമാനംപേരും. ഇവിടെ ക്രൈസ്‌തവർ 30 ശതമാനവും ഹിന്ദുക്കൾ 29 ശതമാനവും വരും. കോൺഗ്രസ്‌ ഒന്നാകെ ബിജെപിയിലേക്ക്‌ പോയ അരുണാചൽപ്രദേശിൽ  ബിജെപിക്ക്‌ തനിച്ച്‌ ഭൂരിപക്ഷമുണ്ട്‌.

അസമിൽ കോൺഗ്രസ്‌ നേതൃത്വത്തിലെ ഉൾപ്പോരുകളാണ്‌ ബിജെപിക്ക്‌ ഭരണത്തിലേക്ക്‌ വഴിതുറന്നത്‌. അസമിൽ 2021ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ 2016നെ അപേക്ഷിച്ച്‌ 11 സീറ്റ്‌ കുറഞ്ഞു

ഹിന്ദുക്കളും ക്രൈസ്‌തവരും ഏതാണ്ട്‌ 40 ശതമാനത്തിനുമേൽ വരുന്ന മണിപ്പുരിലും ബിജെപി ഭരണമാണ്‌. ഇവിടെയും കോൺഗ്രസ്‌ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നിരുന്നു. കഴിഞ്ഞവർഷത്തെ തെരഞ്ഞെടുപ്പിൽ ഇവിടെ 38 ശതമാനം വോട്ട്‌ മാത്രമാണ്‌ ബിജെപിക്ക്‌ ലഭിച്ചത്‌. അസമിലും ത്രിപുരയിലും ബിജെപിയെ  ഭരണത്തിലേറാൻ സഹായിച്ചതും  കോൺഗ്രസുകാരുടെ കൂട്ട കൂടുമാറ്റമാണ്‌. ഇങ്ങനെ നോക്കുമ്പോൾ കോൺഗ്രസിന്റെ അപചയമാണ്‌ വടക്കുകിഴക്കൻ മേഖലയിൽ ബിജെപി പിടിമുറുക്കാൻ മുഖ്യകാരണം. ത്രിപുരയിലാകട്ടെ  2018നെ അപേക്ഷിച്ച്‌ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടുവിഹിതം 10 ശതമാനത്തിൽ കൂടുതൽ ഇടിഞ്ഞു. അസമിൽ കോൺഗ്രസ്‌ നേതൃത്വത്തിലെ ഉൾപ്പോരുകളാണ്‌ ബിജെപിക്ക്‌ ഭരണത്തിലേക്ക്‌ വഴിതുറന്നത്‌. അസമിൽ 2021ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ 2016നെ അപേക്ഷിച്ച്‌ 11 സീറ്റ്‌ കുറഞ്ഞു. ബിജെപിയും പ്രതിപക്ഷമുന്നണിയും തമ്മിൽ ഒരു ശതമാനംപോലും വോട്ട്‌ വ്യത്യാസമില്ല.

വടക്കുകിഴക്കൻ മേഖലയിൽ രാഷ്‌ട്രീയ പാർടിയെന്നനിലയിൽ ബിജെപി വളർച്ച നേടിയെന്ന വാദം സത്യവിരുദ്ധമാണെന്ന്‌ ഇതിൽനിന്ന്‌ ബോധ്യമാകും. ക്രൈസ്‌തവർ ജനസംഖ്യയിൽ 25 ശതമാനമുള്ള ഗോവയിൽ ബിജെപി ഭരണം പിടിച്ചതിനെയും ചിലർ തെറ്റായി വ്യാഖ്യാനിക്കുന്നു.  രാഷ്‌ട്രീയ കുതിരക്കച്ചവടംവഴിയാണ്‌ ബിജെപി ഗോവയിൽ അധികാരം ഉറപ്പിച്ചതെന്ന്‌ പകൽ പോലെ വ്യക്തമാണ്‌.

‘മുങ്ങിക്കളി’ക്കുന്ന നേതാവ്‌
ദേശീയതലത്തിൽ കോൺഗ്രസ്‌ പ്രതിസന്ധിയോ വെല്ലുവിളിയോ നേരിടുമ്പോൾ ഡൽഹിയിൽനിന്ന്‌ മാറിനിൽക്കുക രാഹുൽ ഗാന്ധിയുടെ പതിവാണ്‌. നിർണായക പാർലമെന്റ്‌ സമ്മേളനങ്ങളുടെ കാലത്ത്‌ രാഹുൽ കൂടുതൽ സമയവും വിദേശത്തായിരുന്നു. കഴിഞ്ഞവർഷങ്ങളിൽ പ്രധാന നിയമസഭാ തെരഞ്ഞെടുപ്പുകൾ നടന്നപ്പോഴും ഇത്‌ ആവർത്തിച്ചു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന ഹരിയാന, മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രചാരണത്തിൽ സജീവമായി പങ്കെടുത്തില്ല. ബിഹാർ, കർണാടക, ത്രിപുര, ഹിമാചൽപ്രദേശ്‌, ഉത്തർപ്രദേശ്‌ തെരഞ്ഞെടുപ്പുകൾ നടന്നപ്പോഴും രാഹുൽ അകന്നുനിന്നു.

കഴിഞ്ഞദിവസം രാജസ്ഥാനിൽ ഗെലോട്ട്‌ സർക്കാരിനെതിരെ സച്ചിൻ പൈലറ്റ്‌ ഉപവസിച്ചപ്പോൾ രാഹുൽ വയനാട്ടിലേക്ക്‌ പോയി. ഏതാനും മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ്‌ നടക്കേണ്ട രാജസ്ഥാനിൽ കോൺഗ്രസ്‌ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ രാഹുൽ ശ്രമമൊന്നും നടത്തുന്നില്ല. ആഭ്യന്തര കലഹം തീർക്കാൻ യഥാസമയം വേണ്ടരീതിയിൽ ഹൈക്കമാൻഡ്‌ ഇടപെടാതിരുന്നതാണ്‌ പഞ്ചാബിൽ കോൺഗ്രസിനെ തകർത്തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top