28 March Thursday

കേൾക്കൂ 
ഒക്കിനാവയുടെ എതിർസ്വരം

വി ബി പരമേശ്വരൻUpdated: Saturday Sep 17, 2022

ജപ്പാന്റെ തെക്കേ അറ്റത്ത്‌ ക്യൂഷൂ മേഖലയിൽ  ഉള്ള പ്രവിശ്യയാണ്‌ ഒക്കിനാവ. 17.5 ലക്ഷമാണ്‌ ജനസംഖ്യ. രണ്ടാം ലോകയുദ്ധത്തിനുശേഷം അമേരിക്കയുടെ കൈവശമുണ്ടായിരുന്ന ഈ ദ്വീപ്‌ സമൂഹങ്ങൾ 1972 മെയ്‌ മാസത്തിലാണ്‌ ജപ്പാന്റെ ഭാഗമാകുന്നത്‌. അപ്പോഴേക്കും അമേരിക്കയുടെ, ലോകത്തിലെ ഏറ്റവും പ്രധാന സൈനികകേന്ദ്രമായി ഒക്കിനാവ മാറിയിരുന്നു. എന്നാൽ, ഇപ്പോൾ അമേരിക്കയുടെ ഈ സൈനിക സാന്നിധ്യത്തിനെതിരെ വിട്ടുവീഴ്‌ചയില്ലാതെ പൊരുതുന്ന ജനതയുടെ പര്യായപദമായിരിക്കുന്നു ഒക്കിനാവ. സെപ്‌തംബർ 11ന്‌ ഇവിടെ നടന്ന ഗവർണർ തെരഞ്ഞെടുപ്പിൽ അമേരിക്കൻ സൈനിക സാന്നിധ്യത്തിനെതിരെ നിലകൊള്ളുന്ന സഖ്യത്തിന്റെ സ്ഥാനാർഥിയായി ഡെന്നി തമാക്കി വൻ ഭൂരിപക്ഷത്തിൽ ജയിച്ചു. ജപ്പാനിലെ വലതുപക്ഷ ലിബറൽ ഡെമോക്രാറ്റിക് പാർടി സർക്കാരിന്റെ അമേരിക്കൻ അനുകൂല നയങ്ങളെ തിരുത്താൻ ഈ വിജയംകൊണ്ട്‌ സാധിക്കില്ലെങ്കിലും അമേരിക്കൻ സൈനികസാന്നിധ്യം ഇനിയും വർധിപ്പിക്കാനുള്ള നീക്കത്തിൽനിന്ന്‌ പിന്തിരിയാനെങ്കിലും ഇത്‌ പ്രേരണയാകുമെന്നാണ്‌ പൊതുവെ വിലയിരുത്തപ്പെടുന്നത്‌. 

സെപ്‌തംബർ പതിനൊന്നിനാണ്‌ ഗവർണർ തെരഞ്ഞെടുപ്പ്‌ നടന്നത്‌. ഡെന്നി തമാക്കിയുടെ തുടർച്ചയായ രണ്ടാം വിജയമാണ്‌ ഇത്‌. 2018ൽ തെരഞ്ഞെടുക്കപ്പെട്ട തമാക്കി ഇക്കുറി എതിരാളിയേക്കാൾ 10 ശതമാനം വോട്ട്‌ നേടിയാണ്‌ വിജയിച്ചത്‌. 2014ൽ വിജയിച്ച തകേഷി ഒനാഗയും അമേരിക്കൻവിരുദ്ധ മുദ്രാവാക്യം ഉയർത്തിയാണ്‌ വിജയിച്ചത്‌. ഒനാഗ മരിച്ചപ്പോൾ നടന്ന തെരഞ്ഞെടുപ്പിലാണ്‌ ഡെന്നി തമാക്കി ആദ്യ വിജയം നേടുന്നത്‌. ഇപ്പോൾ ആ വിജയം ആവർത്തിച്ചിരിക്കുന്നു. ഒരു പ്രവിശ്യയുടെ ഗവർണർ വിജയത്തിൽ എന്തിരിക്കുന്നു എന്ന ചോദ്യം സ്വാഭാവികം. എന്നാൽ, അമേരിക്കയുടെ വർധിച്ച സൈനിക നയതന്ത്രവുമായി ബന്ധപ്പെടുത്തി ഈ തെരഞ്ഞെടുപ്പിനെ സമീപിക്കുമ്പോഴാണ്‌ അതിന്റെ പ്രാധാന്യം വ്യക്തമാകുക.

ലോകത്തിലെ ഏറ്റവും വലിയ സൈനികശക്തി അമേരിക്കയാണ്‌. അവർക്ക്‌ ഇന്ന്‌ 80 രാജ്യത്തിലായി 750ൽ അധികം സൈനികത്താവളമുണ്ടെന്നാണ്‌ വാഷിങ്ടണിലെ അമേരിക്കൻ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഡേവിഡ്‌ വൈൻ പറയുന്നത്‌. പെന്റഗൺ രഹസ്യമാക്കിവച്ചിട്ടുള്ള ഏതാനും താവളം ഈ കണക്കിൽ ഉൾപ്പെടുന്നില്ലെന്നും വൈൻ പറയുന്നു. അമേരിക്കയ്‌ക്ക്‌ ഏറ്റവും കൂടുതൽ സൈനികത്താവളങ്ങളും സൈനിക സാന്നിധ്യവുമുള്ളത്‌ ജപ്പാനിലാണ്‌. ജപ്പാനിൽമാത്രം അമേരിക്കയ്‌ക്ക്‌ 120 സൈനികത്താവളമുണ്ട്‌. 54,000 അമേരിക്കൻ സൈനികരും ജപ്പാനിലുണ്ട്‌. അയൽരാജ്യമായ ദക്ഷിണ കൊറിയയിലാകട്ടെ 73 സൈനികത്താവളവും 26,400 അമേരിക്കൻ സൈനികരുമുണ്ട്‌. അമേരിക്കയ്‌ക്ക്‌ ഏറ്റവും കൂടുതൽ സൈനികത്താവളമുള്ള മൂന്നാമത്തെ രാഷ്ട്രമാണ്‌ ദക്ഷിണകൊറിയ. അതായത്‌ ചൈനയെ ലക്ഷ്യമാക്കി ഈ രണ്ടു രാജ്യത്തിലും മാത്രമായി 193 സൈനികത്താവളവും 80,000ൽ അധികം അമേരിക്കൻ സൈനികരും നിലയുറപ്പിച്ചിട്ടുണ്ട്‌. അമേരിക്കയുടെ മൊത്തം സൈനികത്താവളങ്ങളുടെ നാലിലൊന്നും സൈനികരിൽ പകുതിയും ഈ രണ്ട്‌ രാജ്യത്തിലായിട്ടാണ്‌ ഉള്ളത്‌.

ഡെന്നി താമക്കി

ഡെന്നി താമക്കി


 

ജപ്പാനിലെ വർധിച്ച അമേരിക്കൻ സൈനികത്താവളങ്ങളുടെ നാലിലൊന്നും സൈനികരിൽ പകുതിയിലധികവും ഉള്ളത്‌ ഒക്കിനാവയിലാണ്‌. 30 സൈനികത്താവളവും 26,000 സൈനികരും അമേരിക്കയ്‌ക്ക്‌ ഒക്കിനാവയിലുണ്ട്‌. ഈ വർധിച്ച അമേരിക്കൻ സാന്നിധ്യം ഒക്കിനാവയിലെ ജനങ്ങൾക്ക്‌ വലിയ ബുദ്ധിമുട്ടാണ്‌ സൃഷ്ടിക്കുന്നത്‌. ഒന്നാമതായി ശബ്ദമലിനീകരണമാണ്‌. എപ്പോഴും ഇരമ്പി പറക്കുന്ന വിമാനങ്ങളുടെയും ഹെലികോപ്‌റ്ററുകളുടെയും ശബ്ദം. പലപ്പോഴും ആകാശത്ത്‌ അപകടം ഉണ്ടാകുകയും അതിന്റെ അവശിഷ്ടങ്ങൾ ജനപഥങ്ങളിൽ പതിക്കുകയും ചെയ്യുന്നു. അതോടൊപ്പം അമേരിക്കൻ സൈനികരുടെ ക്രിമിനൽ പ്രവർത്തനങ്ങളും ജനജീവിതം അസ്വസ്ഥമാക്കുന്നു. ഒക്കിനാവൻ സ്‌ത്രീകൾക്കുനേരെയുള്ള  ബലാത്സംഗങ്ങളും വർധിച്ചുവരികയാണ്‌. അമേരിക്കൻ സൈനിക സാന്നിധ്യത്തിനുശേഷംമാത്രം 350 ഒക്കിനാവൻ സ്‌ത്രീകൾ അമേരിക്കക്കാരുടെ ബലാത്സംഗത്തിന്‌ ഇരയായി എന്നാണ്‌ അടുത്തിടെ ഒരു വനിതാ സംഘടന പ്രസിദ്ധീകരിച്ച കണക്ക്‌. 1995ൽ പന്ത്രണ്ടുകാരിയെ മൂന്ന്‌ അമേരിക്കൻ സൈനികർ ചേർന്ന്‌ ബലാത്സംഗം ചെയ്‌തപ്പോൾ ഒക്കിനാവയിൽ വൻ പ്രതിഷേധമാണ്‌ ഉയർന്നത്‌.  ജനങ്ങളുടെ പ്രതിഷേധം ശക്തമായപ്പോഴാണ്‌ ജനവാസ മേഖലയിലുള്ള ഫുത്തേമയിലുള്ള യുഎസ്‌ മറൈൻ കോർപ്‌ സ്‌റ്റേഷൻ ജനവാസം കുറഞ്ഞ ഹെനൊക്കോ ദ്വീപിലേക്ക്‌ മാറ്റാൻ തീരുമാനിച്ചത്‌. ഇതിനർഥം ഒരു സൈനികത്താവളംകൂടി തുറക്കുകയാണെന്നും അതിനാൽ ഹെനൊക്കോയിലെ താവളം നിർമിക്കാൻ അനുവദിക്കില്ലെന്നും ഫുത്തേമ താവളം അടച്ചിടണമെന്നും ഒക്കിനാവയിലെ ജനങ്ങൾ ആവശ്യപ്പെട്ടു. 2019ൽ നടന്ന ഹിതപരിശോധനയിൽ 72 ശതമാനം ജനങ്ങളും പുതിയ താവളം നിർമിക്കുന്നതിന്‌ എതിരെയാണ്‌ വോട്ട്‌ ചെയ്‌തത്‌. ഡെന്നി തമാക്കിയാണ്‌ അതിന്റെ മുൻനിരയിലുള്ള നേതാവെങ്കിലും ജപ്പാൻ കമ്യൂണിസ്റ്റ്‌ പാർടിയാണ്‌ ഈ പ്രക്ഷോഭത്തിന്‌ ദിശാബോധം നൽകുന്നതിൽ മുൻനിരയിൽ പ്രവർത്തിക്കുന്നത്‌. ജപ്പാൻ കമ്യൂണിസ്റ്റ്‌ പാർടി, ഡെമോക്രാറ്റിക് പാർടി, സോഷ്യൽ ഡെമോക്രാറ്റിക് പാർടി, റീവ തുടങ്ങി അരഡസനിലധികം വരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സഖ്യമാണ്‌ ഡെന്നി താമക്കിയെ ഗവർണർസ്ഥാനത്തേക്ക്‌ പിന്തുണച്ചത്‌. തമാക്കി വൻ ഭൂരിപക്ഷത്തിന്‌ ജപ്പാനിലെ ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർടിയുടെ സ്ഥാനാർഥി സകിമയെ പരാജയപ്പെടുത്തുകയും ചെയ്‌തു. സകിമയുടെ പരാജയം പ്രധാനമന്ത്രിയുടെ മാത്രം പരാജയമല്ല, മറിച്ച്‌ അമേരിക്കയുടെയും പരാജയമാണ്‌. അമേരിക്കയ്‌ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ശബ്ദമാണ്‌ ഇന്ന്‌ ഒക്കിനാവ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top