25 April Thursday

സ്വകാര്യമേഖലയിലും സംവരണം വേണം

അഡ്വ. കെ സോമപ്രസാദ്Updated: Tuesday May 17, 2022

പട്ടികജാതി ക്ഷേമസമിതി (പികെഎസ്‌) യുടെ മൂന്നാം സംസ്ഥാനസമ്മേളനം  തിരുവനന്തപുരത്ത്  ചേരുകയാണ്. 2012 ഡിസംബർ 9 ന് കൊല്ലത്താണ്‌ പികെഎസിന്റെ  രൂപീകരണ സമ്മേളനം ചേർന്നത്‌. പത്തുവർഷമാകുമ്പോൾ കേരളത്തിൽ ഏറ്റവുമധികം പട്ടികജാതിക്കാരെ പ്രതിനിധീകരിക്കുന്ന സംഘടനയായി പികെഎസ്‌ മാറി.

9,51,658 പട്ടികജാതിക്കാർ അംഗങ്ങളായ കേരളത്തിലെ ഏറ്റവും വലിയ ദളിത് സംഘടനയാണ് പികെഎസ്‌. ഇത്‌ ജാതി സംഘടനയല്ല. കാരണം പട്ടികജാതി എന്നൊരു ജാതിയില്ല. ഒരു കൂട്ടം ജാതിക്കാരെ ഒരുമിച്ചു പറയുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ഒരു ഭരണഘടനാ നാമമാണത്. ‘ജാതി’ഒരു സാമൂഹിക പദവിയാണ്. അത് ജന്മനാ ഒരാളിൽ വന്നുചേരുന്നതാണ്. പട്ടികജാതി എന്നത്  പാർലമെന്റ് പാസാക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന ഭരണഘടനാ പദവിയാണ്. അതുകൊണ്ടുതന്നെ ഇന്നു പട്ടികജാതിയിൽപ്പെട്ടവരെ നിയമഭേദഗതിയിലൂടെ പട്ടിക ജാതിക്കാരല്ലാതാക്കാനുമാകും. കേരളത്തിൽ വ്യത്യസ്തങ്ങളായ 53 ജാതിക്കാർ പട്ടികജാതി ലിസ്റ്റിലുണ്ട്. അവരെയെല്ലാം  പികെഎസ്‌ പ്രതിനിധീകരിക്കുന്നു. - ഈ സംഘടന രൂപീകരിച്ചത് പട്ടികജാതി വിഭാഗത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്കു മെച്ചപ്പെട്ട ജീവിതം കരഗതമാക്കാനാവശ്യമായ ക്ഷേമപ്രവർത്തനങ്ങൾ നടത്താനുമാണ്. ഇന്ത്യയിൽ മാത്രം നിലനിന്ന ചാതുർവർണ്യവും ജാതിവിവേചനവും ആദിമനിവാസികളായവരെ മനുഷ്യരായിപ്പോലും അംഗീകരിച്ചില്ല. പഞ്ചമനെന്നും അധഃസ്ഥിതനെന്നും, ആദിശൂദ്രനെന്നും വിളിക്കപ്പെട്ട, പാർശ്വവൽക്കരിക്കപ്പെട്ട ഈ വിഭാഗത്തെ മനുസ്മൃതി അധഃപതനത്തിന്റെ അന്ധകാരത്തിൽ നൂറ്റാണ്ടുകൾ തളച്ചിട്ടു. ബ്രിട്ടീഷുകാരുടെ വരവും മിഷനറിമാരുടെ ഇടപെടലും  ആധുനിക വിദ്യാഭ്യാസവും നവോത്ഥാന ചിന്തകളുമാണ് അധഃസ്ഥിതനെയും മനുഷ്യനായി പരിഗണിക്കപ്പെടുന്ന അവസ്ഥയിലേക്ക് എത്തിച്ചത്. ബ്രിട്ടീഷ് സർക്കാരിനുമേൽ ഡോ. അംബേദ്കർ നടത്തിയ സമ്മർദ്ദവും അതിനെത്തുടർന്ന് അംഗീകരിക്കപ്പെട്ട സംവരണവും പട്ടികവിഭാഗങ്ങളുടെ ഉയർത്തെഴുന്നേൽപ്പിന്റെ ആദ്യപടിയായി.

കേരളത്തിൽ ശ്രീനാരായണഗുരുവും അയ്യൻകാളിയും പൊയ്കയിൽ കുമാരഗുരുവും കാവാരിക്കുളം കണ്ഠൻകുമാരനും  ചട്ടമ്പിസ്വാമികളും ഡോ. വേലുക്കുട്ടി അരയനും ആറാട്ടുപുഴ വേലായുധപ്പണിക്കരും പണ്ഡിറ്റ് കെ പി കറുപ്പനും മറ്റു പുരോഗമനാശയക്കാരും നടത്തിയ പ്രവർത്തനങ്ങൾ അധഃസ്ഥിതന്‌ വഴിനടക്കാനും വിദ്യ അഭ്യസിക്കാനും നല്ല വേഷം ധരിക്കാനും ഏതു തൊഴിലും സ്വീകരിക്കാനും സ്വാതന്ത്ര്യമുള്ള അവസ്ഥയിലേക്ക് ഈ ജനവിഭാഗത്തെ ഉയർത്തി. നവോത്ഥാന നായകരുടെ ചുവടുപിടിച്ച് കേരളത്തിലെ കമ്യൂണിസ്റ്റുപ്രസ്ഥാനം നേതൃത്വം നൽകിയ സമരങ്ങളും അധികാരത്തിലെത്തിയ സന്ദർഭങ്ങളിൽ  നടപ്പാക്കിയ വിപ്ലവകരമായ പരിഷ്‌കാരങ്ങളും ദളിതരുടെ ജീവിതം മാറ്റിമറിച്ചു. 1957 ലെ സർക്കാരിന്റെ കുടിയൊഴിപ്പിക്കൽ നിരോധനം, കുടികിടപ്പവകാശം, തുടർന്ന് അധികാരത്തിൽ വന്ന്‌ കമ്യൂണിസ്റ്റ്‌ സർക്കാരുകൾ നടപ്പാക്കിയ കർഷകത്തൊഴിലാളി പെൻഷൻ, ഇതര ക്ഷേമപെൻഷനുകൾ,  വിദ്യാഭ്യാസാനുകൂല്യങ്ങൾ,  സൗജന്യവിദ്യാഭ്യാസം, സമ്പൂർണ സാക്ഷരത, തൊഴിൽ സംവരണം, പൊതുമേഖലാ സംരക്ഷണം, ദേവസ്വം നിയമനങ്ങളിലെ സംവരണം, ദളിത് പൂജാരി നിയമനം, സമ്പൂർണ ഭവന നിർമാണം, പഠനമുറി, വിദേശ പഠനത്തിന്‌ സഹായം , വിദേശത്ത്‌ തൊഴിലവസരം തുടങ്ങിയവ പട്ടികവിഭാഗത്തിന്റെ വളർച്ചയുടെ നാഴികക്കല്ലുകളായി. ക്ഷേമ പെൻഷനുകൾ 600 രൂപയിൽനിന്നും 1600 രൂപയായി വർധിപ്പിച്ചതും കുടിശ്ശിക തീർത്ത് വിതരണം ചെയ്തതും ഏറ്റവും അധികം തുണയായത് പട്ടിക വിഭാഗക്കാർക്കാണ്. 

എന്നാൽ ഇന്ന് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ പട്ടികവിഭാഗത്തിന്റെ എല്ലാത്തരം പുരോഗതിയെയും തകർക്കുന്ന നിലപാട്‌ സ്വീകരിക്കുന്നു.   മാത്രമല്ല ബിജെപി ഭരണം നടത്തുന്ന സംസ്ഥാനങ്ങളിലെല്ലാം ദളിത് പീഡനങ്ങൾക്ക് അവസരവും സംരക്ഷണവും നൽകുകയാണ്.  കേന്ദ്രം നടപ്പാക്കുന്ന പൊതുമേഖല വിറ്റുതുലയ്ക്കൽ പട്ടികജാതിക്കാരന്റെ തൊഴിലവസരങ്ങൾ പാടെ ഇല്ലാതാക്കി. അതിനാൽ സ്വകാര്യമേഖലയിലും സംവരണം ഏർപ്പെടുത്തണം. പൊതുമേഖലാസ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കപ്പെടുമ്പോൾ  നിയമനങ്ങളിൽ സംവരണ തത്വം പാലിക്കപ്പെടാൻ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തണം.

നാടിന്റെ വികസനത്തിന്റെ ഗുണഭോക്താവായി ദളിതൻകൂടി ഉൾപ്പെടുന്നതിനാണ് 1980 മുതൽ പട്ടികവിഭാഗങ്ങൾക്ക് പ്രത്യേകഘടക പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്. പട്ടികജാതിക്കാരുടെ ജനസംഖ്യാനുപാതികമായ തുക പ്രത്യേക ഘടകപദ്ധതികൾക്ക് ഉൾക്കൊള്ളിക്കണമെന്നാണ് മാനദണ്ഡമെങ്കിലും യുഡിഎഫ്‌ സർക്കാരുകൾ ഒരിക്കലുമത് പാലിച്ചിരുന്നില്ല. ബിജെപി അധികാരത്തിൽ വന്നതിനുശേഷമാകട്ടെ ആസൂത്രണവും പദ്ധതിയും തന്നെ ഉപേക്ഷിക്കപ്പെട്ടു. ഇപ്പോൾ ഓരോവർഷവും പട്ടികജാതി വികസനത്തിനുവേണ്ടി മാറ്റിവയ്‌ക്കുന്ന  തുക കുറഞ്ഞുവരികയാണ് 2022-–-23 ലെ കേന്ദ്ര ബജറ്റിലെ 4.4ശതമാനം തുക മാത്രമാണ് പട്ടികജാതിക്കാർക്ക്‌ നേരിട്ടു ഗുണം ലഭിക്കുന്ന പദ്ധതികൾക്കുവേണ്ടി ചെലവാക്കുന്നത്. 16.6 ശതമാനം മാറ്റിവയ്ക്കേണ്ട സ്ഥാനത്താണിത്‌.

കേരളത്തിലെ പട്ടികവിഭാഗം ഈ സർക്കാരിനുപിന്നിൽ ഉറച്ചുനിൽക്കും. കാരണം സംസ്ഥാനത്തിന്റെ സമഗ്രമായ പുരോഗതിക്കു നിദാനമായി മാറുന്ന കെ–-റെയിൽ, കെ–- ഫോൺ, കെ–-ഡിസ്ക്, വിജ്ഞാന സമൂഹം, ലോകനിലവാരത്തിലെ ഉന്നതവിദ്യാഭ്യാസം, ആരോഗ്യ, വിനോദസഞ്ചാരമേഖലകളിലെ ആധുനികവൽക്കരണം എന്നീ പദ്ധതികൾകൊണ്ട് ഏറ്റവുമധികം പ്രയോജനം ലഭിക്കുന്നത് പട്ടികവിഭാഗക്കാർക്കാണ്.

എന്നിരുന്നാലും കേരളത്തിലും പട്ടികവിഭാഗങ്ങൾക്ക് പരിഹാരം കാണേണ്ട നിരവധി പ്രശ്നങ്ങൾ അവശേഷിക്കുന്നു. ജന്മിത്തം അവസാനിപ്പിച്ചപ്പോൾ ദളിതർക്കവകാശപ്പെട്ട ഭൂമി ലഭിച്ചില്ല. ചെറുതും വലുതുമായ ഭൂസമരങ്ങളായി കേരള മണ്ണിൽ ഭൂപ്രശ്നം സജീവമായി നിലനിൽക്കുന്നു. ഭൂരഹിതനായ ദളിതന് 50 സെന്റിൽ കുറയാത്ത കൃഷിഭൂമി നൽകണം. ലൈഫ് പദ്ധതി മാനദണ്ഡങ്ങളിലെ പോരായ്‌മകൾ പരിഹരിച്ച് എല്ലാ വിഭാഗം ദളിതർക്കും പ്രയോജനം ലഭിക്കുന്ന തരത്തിലാകണം. മാത്രമല്ല ഭവന നിർമാണത്തിന്‌ അനുവദിക്കുന്ന പണത്തിൽ കാലോചിതമായ വർധനവേണം. സ്വകാര്യമേഖലയിലും സഹകരണ മേഖലയിലും സമഗ്രമായ സംവരണം നടപ്പാക്കണം. എയിഡഡ് വിദ്യാഭ്യാസ മേഖലയിൽ അടിയന്തരമായി നിയമനങ്ങളിൽ സംവരണം നടപ്പാക്കണം–-തുടങ്ങിയ  പ്രശ്നങ്ങൾ ഉന്നയിച്ച്‌ വ്യാപക പ്രചാരണപ്രക്ഷോഭങ്ങൾക്ക്‌ പികെഎസ്‌ സംസ്ഥാന സമ്മേളനം രൂപം നൽകും.

(പികെഎസ്‌ സംസ്ഥാന സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top