03 December Sunday

വഴികാട്ടുന്ന കേരളം - മന്ത്രി കെ രാധാകൃഷ്ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Sep 16, 2023


പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് കഴിഞ്ഞ മാസം ഏഴിന്‌ തുടക്കം കുറിച്ചു. രണ്ടു ഘട്ടത്തിലായി ഈ മാസം 14 വരെ നീണ്ട സമ്മേളനത്തിൽ നിയമനിർമാണത്തിനായിരുന്നു മുൻഗണന. സർക്കാരിന്റെ രണ്ടു പ്രമേയങ്ങൾ ഐകകണ്ഠ്യേന പാസാക്കിയ സമ്മേളനത്തിൽ രണ്ട് അടിയന്തര പ്രമേയം ചർച്ച ചെയ്ത്‌ തള്ളി. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ സ്പീക്കർ വക്കം പുരുഷോത്തമനും മുൻ സാമാജികരായ എം ചന്ദ്രൻ, എം എ കുട്ടപ്പൻ, നബീസ ഉമ്മാൾ എന്നിവർക്കും സഭ ആദരമർപ്പിച്ചു.

ഏക സിവിൽ കോഡ് അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ചട്ടം 118 അനുസരിച്ച് ഐകകണ്ഠ്യേന പ്രമേയം പാസാക്കി. ഭരണഘടനയുടെ നിർദേശക തത്വങ്ങളിൽ ഒരു പൊതു സിവിൽ നിയമസംഹിത സംപ്രാപ്തമാക്കാൻ രാഷ്ട്രം യത്നിക്കേണ്ടതാണെന്നു മാത്രമാണ് വിവക്ഷിക്കുന്നത്. ജനങ്ങളെയാകെ ദോഷകരമായി ബാധിക്കുന്ന ഈ വിഷയത്തിൽ ഏതു നീക്കം നടത്തുന്നതിൽനിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.

മൂന്നാംദിനം ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് "കേരളം’ എന്നാക്കി ഭേദഗതി വരുത്തുന്നതിനായി പ്രമേയം പാസാക്കി.  ഭരണഘടനയുടെ എട്ടാം പട്ടികയിൽ പറയുന്ന എല്ലാ ഭാഷകളിലും ‘കേരളം' എന്ന് പരാമർശിക്കപ്പെടണമെന്നാണ് പ്രമേയം വഴി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്നത്. സംസ്ഥാനത്ത് ഉണ്ടായ നിപാ വ്യാപനം സംബന്ധിച്ച് ചട്ടം 300 പ്രകാരം ആരോഗ്യമന്ത്രി പ്രസ്താവന നടത്തി.
12 ബില്ലിനുപുറമെ സെലക്ട് കമ്മിറ്റി റിപ്പോർട്ട് ചെയ്ത 2022ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം (ഉൽപ്പാദനവും വിൽപ്പനയും നിയന്ത്രിക്കൽ) ബിൽ, കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബിൽ എന്നിവയും പാസാക്കി. കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകർ ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും നാശവും തടയൽ) ഭേദഗതി, നികുതി ചുമത്തൽ നിയമങ്ങൾ (ഭേദഗതി), നെൽവയൽ  തണ്ണീർത്തട സംരക്ഷണ (ഭേദഗതി), ഗവൺമെന്റ് ഭൂമി പതിച്ചു കൊടുക്കൽ (ഭേദഗതി) എന്നിവ പാസാക്കിയ പ്രധാന ബില്ലുകളാണ്.  2023-–-24 ലെ ഉപധനാഭ്യർഥനകളും ധനവിനിയോഗ ബില്ലും പാസാക്കി.

ചട്ടം 50 പ്രകാരം ആകെ ഏഴ്‌ അടിയന്തര പ്രമേയം അവതരണാനുമതിക്കു വന്നു. അവയിൽ അഞ്ചു പ്രമേയത്തിന്‌ മന്ത്രിമാരുടെ മറുപടിക്കുശേഷം അവതരണാനുമതി നിഷേധിച്ചു. എന്നാൽ, സോളാർ കേസിൽ ഉന്നതതല ഗൂഢാലോചന നടന്നതായി പറയപ്പെടുന്ന സിബിഐ റിപ്പോർട്ടിലെ പരാമർശങ്ങൾ സംബന്ധിച്ചും സംസ്ഥാനം നേരിടുന്ന സാമ്പത്തികപ്രതിസന്ധി സംബന്ധിച്ചും പ്രതിപക്ഷം കൊണ്ടുവന്ന രണ്ട് അടിയന്തര പ്രമേയം ചർച്ച ചെയ്‌തു. സോളാർ കേസിൽ യഥാർഥ ഗൂഢാലോചന നടത്തിയ യുഡിഎഫ് നേതാക്കളുടെ മുഖംമൂടി അഴിഞ്ഞുവീഴാൻ‍ ഈ ചർച്ച സഹായകമായെന്നതാണ് വസ്തുത. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത അതേ ദിവസംതന്നെ,  ഉമ്മൻചാണ്ടിക്കെതിരായി സ്വന്തം പാളയത്തിൽ നടന്ന ഗൂഢാലോചന അടിയന്തര പ്രമേയ നോട്ടീസ് നൽകാൻ തെരഞ്ഞെടുത്ത പ്രതിപക്ഷനീക്കം തിരിഞ്ഞുകൊത്തി.

സംസ്ഥാനത്തിന്റെ സാമ്പത്തികപ്രതിസന്ധിയുടെ യഥാർഥ കാരണക്കാർ കേന്ദ്ര സർക്കാരാണെന്ന യാഥാർഥ്യം തുറന്നുകാട്ടാൻ അടിയന്തരപ്രമേയ ചർച്ച വഴിവച്ചു. അർഹമായ നികുതി വിഹിതത്തിലും കേന്ദ്രാവിഷ്കൃത പദ്ധതികളിലും കടമെടുപ്പ് പരിധിയിലും മറ്റും തെറ്റായ മാനദണ്ഡങ്ങൾ കൊണ്ടുവന്ന് നിഷേധാത്മക സമീപനം സ്വീകരിക്കുന്ന സംഘപരിവാർ അജൻഡയുടെ കുഴലൂത്തുകാരായി പ്രതിപക്ഷം മാറുന്ന ചിത്രം ജനങ്ങളുടെ മുമ്പാകെ അനാവൃതമായി. തെറ്റായ കേന്ദ്ര സമീപനങ്ങളെ തുറന്നെതിർക്കാൻ കേരളത്തിൽനിന്നുള്ള യുഡിഎഫ് എംപിമാർ തയ്യാറാകുന്നില്ലെന്ന വസ്തുത തുറന്നുകാട്ടാൻ ഭരണപക്ഷത്തിനും ധനമന്ത്രിക്കും സാധ്യമായി.

സഭാ നടപടിക്രമങ്ങളുടെ പരിഷ്കരണത്തിനായി‍ രൂപീകരിച്ച അഡ്ഹോക് സമിതിയുടെ റിപ്പോർട്ട് സഭയുടെ മേശപ്പുറത്തുവച്ചു. കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് നടപടിക്രമങ്ങൾ കൂടുതൽ നവീകരിച്ച് മുന്നോട്ടുപോകുന്നതിനാവശ്യമായ സമഗ്രമായ നിർദേശങ്ങളാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം. 

ആകെ 210 നക്ഷത്രച്ചിഹ്നമിട്ട ചോദ്യവും 2931 നക്ഷത്രച്ചിഹ്നമിടാത്ത ചോദ്യവും 14 ശ്രദ്ധക്ഷണിക്കലും 105 സബ്മിഷനും സഭയുടെ പരിഗണനയ്ക്കായി വരികയുണ്ടായി.  611 രേഖ സഭയുടെ മേശപ്പുറത്ത് വയ്ക്കുകയും 78 സമിതി റിപ്പോർട്ട്‌ സമർപ്പിക്കുകയും ചെയ്തു.കേരളത്തിൽ യുഡിഎഫും ബിജെപിയും ഒറ്റക്കെട്ടായി സംസ്ഥാന സർക്കാരിനെയും പുരോഗമന പ്രസ്ഥാനങ്ങളെയും തകർക്കാനും വികസന ക്ഷേമ പ്രവർത്തനങ്ങളെ ഇല്ലാതാക്കാനും നടത്തുന്ന പരിശ്രമങ്ങളെ കേരള ജനത തിരിച്ചറിയുകതന്നെ ചെയ്യും. എൽഡിഎഫ്‌ നേതൃത്വത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന കേരള സർക്കാരിന്റെ ബദൽ നയങ്ങൾ ഇന്ത്യൻ ജനതയ്ക്ക് വഴികാട്ടുമെന്ന് ഉറപ്പിച്ചു പറയാം. പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം പാസാക്കിയ നിയമങ്ങൾ ഈ ദിശയിലുള്ള പ്രവർത്തനങ്ങൾക്ക് ഊർജം പകരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top