26 April Friday
വയോജന പീഡനത്തിനെതിരെ ബോധവൽക്കരണം

അവരെ ചേർത്തുനിർത്താം
 സാന്ത്വനം പകരാം

അമരവിള രാമകൃഷ്ണൻUpdated: Wednesday Jun 15, 2022

ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനമനുസരിച്ച് ജൂൺ 15 വയോജന പീഡന വിരുദ്ധ ബോധവൽക്കരണ ദിനമായി ലോകരാഷ്ട്രങ്ങൾ ആചരിക്കുന്നു. കേരള സർക്കാരും വയോജന പീഡനത്തിനെതിരെ ബോധവൽക്കരണത്തിനായി ഈ ദിവസം വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.

ശാരീരിക, മാനസിക സമ്മർദങ്ങൾക്ക് വയോജനങ്ങൾ വിധേയരാക്കപ്പെടുന്നത് പീഡനമാണ്. പ്രായമേറുന്തോറും മനുഷ്യരിൽ ശാരീരികവും മാനസികവും വൈകാരികവുമായ ധാരാളം ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ഈ അവസ്ഥയെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന ഒരു വലിയ വിഭാഗം  സമൂഹത്തിലുണ്ട്. അക്കൂട്ടത്തിൽ മക്കളും ബന്ധുക്കളും അയൽക്കാരും സ്നേഹിതരുമെല്ലാം ഉൾപ്പെടുന്നു. വയോജനങ്ങളുടെ വസ്തുവകകളും സമ്പത്തും അവരെ സംരക്ഷിച്ചുകൊള്ളാമെന്ന വാഗ്ദാനം നൽകി കൈക്കലാക്കുകയും പിന്നീട് തീർഥാടനകേന്ദ്രങ്ങളിലോ വൃദ്ധസദനങ്ങളിലോ ഉപേക്ഷിക്കുന്നതും ഇക്കാലത്ത് സാധാരണമായിത്തീർന്നിരിക്കുന്നു. മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിന് പ്രത്യേക അവകാശങ്ങൾ നിയമം മുഖേന അനുവദിച്ച് നൽകിയിട്ടുണ്ടെങ്കിലും അതൊന്നും ഫലം കാണാറില്ല. വയോജനങ്ങളെ ശാരീരികമായി ആക്രമിക്കുകയും സാമ്പത്തികമായി ചൂഷണം ചെയ്യുകയും മോഷണം, ഭവനഭേദനം തുടങ്ങിയ ദ്രോഹ നടപടികൾക്ക് വിധേയരാക്കുകയും ചെയ്യുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങൾക്ക് എതിരെയുള്ള അക്രമവും പീഡനവും അധികരിച്ചുവരുന്നു. പ്രായംചെന്ന സ്ത്രീകളെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കുന്ന നിരവധി സംഭവങ്ങൾ മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ആവശ്യമായ ഭക്ഷണം, മരുന്ന്, വസ്ത്രം, വിശ്രമം, മാനസികോല്ലാസം എന്നിവ നിഷേധിക്കപ്പെടുന്നത് പീഡനംതന്നെയാണ്.

എഴുപതും എൺപതും വയസ്സായ വയോജനങ്ങൾ സെക്യൂരിറ്റി ജീവനക്കാരായി ജോലി ചെയ്യാനും ദേശീയ പാതയോരങ്ങളിലെ ഹോട്ടലിനു മുമ്പിൽ യാത്രക്കാരെ ക്ഷണിക്കുന്ന ബോർഡുകളുമായി നട്ടുച്ച വെയിലിൽനിന്ന് തുച്ഛമായ കൂലിക്ക് പണിയെടുക്കാനും നിർബന്ധിതരാകുന്നു.
മുതിർന്ന പൗരന്മാരുടെ ആയുർദൈർഘ്യം വർധിച്ചതോടെ അവരുടെ എണ്ണത്തിലെ വൻ വർധന  പുതിയ വെല്ലുവിളികളാണ് ഉയർത്തിക്കൊണ്ടിരിക്കുന്നത്. ഈ വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിന് വിവിധ പരിപാടികളും പദ്ധതികളുമാണ് സംസ്ഥാന സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

ഈ സാഹചര്യത്തിൽ  മുതിർന്ന പൗരന്മാരോടുള്ള  പീഡന നിരോധന ബോധവൽക്കരണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഈ ദിനത്തിന്റെ സന്ദേശം പൊതുജനങ്ങളിലേക്ക്‌ എത്തിക്കുന്നതിന് വിവിധ പ്രചാരണ പരിപാടികൾ കേരള സർക്കാർ സാമൂഹ്യനീതിവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നുണ്ട്.

2007ൽ പാർലമെന്റ് അംഗീകരിച്ച അച്ഛനമ്മമാരുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനും കൂടുതൽ ഫലപ്രദമായ വ്യവസ്ഥകൾക്കും പ്രവർത്തനങ്ങൾക്കും വേണ്ടി വിധേയമായ ആക്ടിന്റെ അടിസ്ഥാനത്തിലാണ് നിയമങ്ങളും നയങ്ങളും കേരള സർക്കാർ അംഗീകരിച്ചിട്ടുള്ളത്. മഹാമാരികളും പ്രകൃതിദുരന്തങ്ങളും കേരളത്തെ പിടിച്ചുലയ്ക്കുമ്പോഴാണ്, ‘വളരുന്ന കേരളം വളർത്തിയവർക്ക് ആദരം’ എന്ന പദ്ധതിയിലൂടെ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്.  

(സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top