25 April Thursday

കായികലോകത്തിന്റെ ഭാവി - ഡോ. അജീഷ്‌ പി ടി എഴുതുന്നു

ഡോ. അജീഷ്‌ പി ടിUpdated: Tuesday Jul 14, 2020


കൊറോണ വൈറസിന്റെ അതിഭീകര താണ്ഡവത്തിനാണ് ലോകം ഇന്ന് സാക്ഷിയാകുന്നത്. വൈദ്യശാസ്ത്രരംഗത്ത് പ്രവർത്തിക്കുന്നവർ ഈ വൈറസിനെ ഭൂമിയിൽനിന്ന്‌ തുടച്ചുനീക്കാൻ സഹായിക്കുന്ന മരുന്ന് കണ്ടുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ്. ലോകത്തിന്റെ ജീവിതക്രമവും രീതികളുമെല്ലാം താളംതെറ്റിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാകുന്നു.  ലോകരാജ്യങ്ങൾ കോവിഡിനോടൊപ്പം ജീവിക്കാൻ തുടങ്ങിയിരിക്കുന്നു. കോവിഡ് വ്യാപനം എല്ലാ രാജ്യങ്ങളിലും വ്യാപിച്ചത് കായികമേഖലയുടെ വളർച്ചയെ ചെറുതായൊന്നുമല്ല ബാധിച്ചത്. കായികരംഗത്ത് ഏറ്റവും പ്രാധാന്യം കൽപ്പിക്കേണ്ടത് കായികതാരങ്ങളുടെ സുരക്ഷയ്ക്കാണ്. ഒളിമ്പിക്സ് ഉൾപ്പെടെ പ്രധാനപ്പെട്ട ദേശീയ അന്തർദേശീയ കായികമേളകളും ടൂർണമെന്റുകളും ഉപേക്ഷിക്കേണ്ടിവന്നു.

ആധുനിക ഒളിമ്പിക്സും പാരാലിമ്പിക്സും ഒരുമിച്ച് ആദ്യമായി ഈ നൂറ്റാണ്ടിൽ ഒഴിവാക്കേണ്ടി വന്നതും ചരിത്രമായി. കായികമേഖലയിലെ വ്യവസായ, വാണിജ്യ സാധ്യതകൾക്ക് ഏറെ മങ്ങലേറ്റിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ കീഴിലെ സാമ്പത്തിക, സാമൂഹ്യവകുപ്പിന്റെ പഠനറിപ്പോർട്ട് പ്രകാരം ഓരോ വർഷവും 756 ദശലക്ഷം യുഎസ് ഡോളറാണ് കായികവിപണിയിലൂടെ ലോകസമ്പദ് വ്യവസ്ഥയ്‌ക്ക് ലഭ്യമായിരുന്നത്. സാങ്കേതികജോലികൾ ചെയ്തുവരുന്ന നിരവധി ആളുകളുടെ തൊഴിലുകൾ നഷ്ടമാകുമെന്നുറപ്പായിരിക്കുന്നു. നിൽക്കുന്ന കായിക ടൂറിസം, ട്രാവൽ മേഖലകൾ, അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രവർത്തിക്കുന്നവർ, മീഡിയ,  കാറ്ററിങ്‌ തൊഴിലാളികൾ എന്നിവരെയും ഈ സാമ്പത്തികമാന്ദ്യം പ്രതികൂലമായി ബാധിക്കും.

ഏറ്റവും സംരക്ഷണം നൽകി പരിപാലിക്കേണ്ട അത്‌ലറ്റുകളാകട്ടെ പരിശീലനത്തിന്റെ ഷെഡ്യൂൾ മാറിയതും മത്സരങ്ങളുടെ താളംതെറ്റലും കാരണം കടുത്ത സമ്മർദത്തിലാണ്. വീട്ടിൽവച്ച് കായികപരിശീലനം ചെയ്യുന്ന ലോകോത്തര താരങ്ങളുടെ വീഡിയോ അവർതന്നെ ഷെയർചെയ്തത് നാം നിരവധിതവണ സോഷ്യൽ മീഡിയയിൽ കണ്ടതാണ്. എന്നാൽ, വീട്ടിലെ പരിമിതമായ സാഹചര്യത്തിൽ അത്യന്തം ഗൗരവത്തോടെ പരിശീലിക്കേണ്ട ട്രെയ്‌നിങ്‌ രീതികൾ വ്യക്തിഗതമായി പരീക്ഷിക്കുമ്പോൾ നേരിടുന്ന പ്രതിബന്ധം ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. സാമ്പത്തികപ്രതിസന്ധി ഇവരിൽ മിക്കവരെയും സ്പോൺസർ ചെയ്യുന്നവർക്ക് ഉണ്ടായതുകാരണം സ്പോൺസർഷി പ്പിൽനിന്ന്‌ പലരും പിന്മാറിയതും കുതിപ്പിന് മങ്ങലേൽപ്പിക്കുകയാണ്. 2020 ഒളിമ്പിക്‌സുപോലുള്ള മെഗാ ഈവന്റിനുമാത്രമായി പങ്കെടുക്കാൻ കഠിനാധ്വാനംചെയ്ത് കാത്തിരുന്നവർക്ക് അവരുടെ ശാരീരികക്ഷമത നിലനിർത്തി മുന്നോട്ട് പോകാൻ കഴിയുക എന്നത് ഈ നാളുകളിൽ ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നു.

സന്നദ്ധപ്രവർത്തന ക്യാമ്പയിൻ
നിരവധി താരങ്ങളും സംഘടനകളും സാമൂഹ്യസേവന സന്നദ്ധ പ്രവർത്തനങ്ങളിൽ ഇടപെട്ടതിനും ലോകം സാക്ഷിയായി. ഫുട്ബോൾ സംഘടനയായ ഫിഫ ‘കിക്‌ ഔട്ട് കൊറോണ വൈറസ്' എന്ന ക്യാമ്പയിൻ നടത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ, ചില രാജ്യങ്ങളിലെ താരങ്ങൾക്കിടയിൽ അപ്രതീക്ഷിത കോവിഡ് ബാധ ഉണ്ടായത് ഖേദകരമായ സംഗതിയായി. വിവിധ സംഘടനകൾ തങ്ങളുടെ മത്സരങ്ങൾ എങ്ങനെ സംഘടിപ്പിക്കാം എന്ന ആലോചനയിലാണുള്ളത്. സാമ്പത്തികമായ അധഃപതനം സംഘടനകളുടെ വളർച്ച മുരടിപ്പായി പ്രതിഫലിക്കുകയാണ്. കോവിഡിന്റെ ഭീകരാവസ്ഥ ശരീര പരിപാലനത്തിന് ആളുകൾ സമീപിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കും വളരെയധികം മങ്ങലേൽപ്പിച്ചിട്ടുണ്ട്. ജിംനേഷ്യം, സ്റ്റേഡിയങ്ങൾ, നീന്തൽക്കുളങ്ങൾ, ഫിറ്റ്നസ് സെന്ററുകൾ, ഫിറ്റ്നസ് സ്റ്റുഡിയോകൾ, ഫിസിയോ തെറാപ്പി സെന്ററുകൾ, മൈതാനങ്ങൾ, പാർക്കുകൾ എന്നിവ തുറക്കാത്തതിലൂടെ കോടികളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.


 

ലോകാരോഗ്യ സംഘടന നിലവിലുള്ള കോവിഡ് സാഹചര്യത്തിൽ 150 മിനിറ്റ്‌ മോഡറേറ്റ് ഇന്റൻസിറ്റി എക്സർസൈസുകൾ അല്ലെങ്കിൽ 75 മിനിറ്റ്‌ വിഗറസ് ഇന്റൻസിറ്റി എക്സർസൈസുകൾ ആഴ്ചയിൽ ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സാമ്പത്തിക പരാധീനതമൂലം പല ഫിറ്റ്നസ് സെന്ററുകളും നിലനിൽപ്പിനായി ഫീസ് ഇനത്തിൽ ഇളവ് നൽകിയും മാതൃകയായിട്ടുണ്ട്. ഗൃഹകേന്ദ്രീകൃത പരിശീലനത്തിലേക്ക് ആളുകൾ മാറിയത് കുടുംബാംഗങ്ങൾക്കുകൂടി മാതൃകയാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഫിറ്റ്നസ് ടെയ്‌നർമാരാകട്ടെ നിരവധി ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ഫിറ്റ്നസ് സെഷനുകൾ കൈകാര്യം ചെയ്യുന്നതും ആളുകൾക്ക് പ്രയോജനപ്പെടുന്നുണ്ട്. ഇന്ന് ലോകത്ത് നിരവധി സ്പോർട്സ് സംഘടനകളുടെയും അസോസിയേഷനുകളുടെയും നേതൃത്വത്തിൽ കോവിഡ് സുരക്ഷാ മുൻകരുതലുകൾ പാലിച്ചുകൊണ്ട് വിവിധ ലീഗ് മത്സരങ്ങൾ നടന്നുവരികയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർ പൂളിന്റെ അവിസ്മരണീയ കിരീടനേട്ടം ഇതിനൊക്കെ മാതൃകയാകുന്നു. കാണികളുടെയും ആരാധകരുടെയും നേരിട്ടുള്ള കാഴ്ച ഒഴിവാക്കിക്കൊണ്ട് ഏതാനും മത്സരങ്ങൾ നടത്തുന്നത് ടിക്കറ്റ് വിൽപ്പനയിലൂടെ ലഭ്യമാകേണ്ട തുകയിൽ ഭീമമായ നഷ്ടം ഉണ്ടാക്കുന്നു. സുരക്ഷിതമായി വീക്ഷിക്കാൻ കാണികൾക്ക് അനുകൂല സാഹചര്യം ഒരുക്കുന്നതിന് പ്രത്യേക ഊന്നൽ നൽകണം. സുരക്ഷാ മുൻകരുതലുകളിലൂടെ ആണെങ്കിലും ദിവസേന കായിക പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ അലസത, വിരസത, സമ്മർദം എന്നിവ കുറയ്ക്കുന്നതിന് അനായാസം സാധിക്കുന്നു.

കോവിഡിനോടൊപ്പവും കോവിഡാനന്തരവുമുള്ള കായികലോകത്തിന്റെ പ്രയാണത്തെയും അതിന്റെ സാധ്യതകളെയും സംബന്ധിച്ച് ശാസ്ത്രീയമായ ഗവേഷണം നടത്തി പൊതുസ്വീകാര്യമായ ഒരു പോളിസി തയ്യാറാക്കി നടപ്പാക്കണം. രാജ്യത്തിന് ഏറ്റവും കൂടുതൽ റവന്യൂവരുമാനം ലഭ്യമാക്കേണ്ടിയിരുന്ന മത്സരങ്ങൾ ഒഴിവാക്കേണ്ടിവന്നത് നഷ്ടക്കച്ചവടമായി. ഇനിയിപ്പോൾ വിദേശത്തുവച്ച് കാണികളില്ലാതെ നടത്തിയാലും സാമ്പത്തികനേട്ടമുണ്ടാകുമെന്നും പ്രതീക്ഷയില്ല.


 

ഇതിനിടയിൽ യോഗ ഫെഡറേഷൻ ഓഫ് ഇന്ത്യ അവരുടെ ദേശീയതല മത്സരമായ സ്പോർട്സ് യോഗ ചാമ്പ്യൻഷിപ്‌ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിച്ച് വിജയകരമാക്കിയത് വേറിട്ട മാതൃകയായി. കേരളത്തിലാകട്ടെ കായികരംഗത്തെ പ്രകടനങ്ങളുടെ ഏറിയപങ്കും സംഭാവന ചെയ്യുന്നത് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ട്രെയ്‌നിങ്‌ സെന്ററുകളും കേരള സ്‌പോർട്സ് കൗൺസിലിന്റെ പരിശീലനകേന്ദ്രങ്ങളുമാണ്. നിലവിലെ സാഹചര്യത്തിൽ നാളിതുവരെയായിട്ടും ഇവയൊന്നും തുറന്നുപ്രവർത്തിച്ചിട്ടില്ല. വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും നവമാധ്യമങ്ങളുടെ സഹായത്തോടെയും പരിശീലനം നൽകുകയാണ് ഈ സ്ഥാപനങ്ങളിലെ പരിശീലകർ. ഒരുവിധ സംവിധാനങ്ങളും സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ സ്വന്തം വീടുകളിൽ പരിശീലനം നടത്തുന്ന കുട്ടികൾ പരിമിതികളെ മറികടന്ന് ശാരീരികക്ഷമത നിലനിർത്താൻ പരിശ്രമിക്കുകയാണ്. ഈ വർഷം സ്കൂൾതലംമുതലുള്ള മത്സരങ്ങൾ നടക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ചില സ്വകാര്യ അക്കാദമികൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച്‌ അത്‌ലറ്റിക്‌സുപോലുള്ള ഇനങ്ങളിൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്. മാസ്ക്‌ ധരിച്ചുള്ള പരിശീലനത്തെപ്പറ്റി നമുക്ക് ചിന്തിക്കാൻപോലും കഴിയില്ല. ഇന്ത്യൻ കായികഭൂപടത്തിൽ കേരളം സംഭാവനചെയ്ത താരങ്ങൾ നിരവധിയാണ്. അതിനാൽ, താരങ്ങൾക്ക് ഏറ്റവും പരിഗണന നൽകുന്നതും സാഹചര്യങ്ങളെ കീഴടക്കുന്നതുമായ രീതിയിലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. വൈകാതെ ഈ പ്രതിസന്ധികളെയെല്ലാം പരിഹരിച്ച് കായിക ലോകത്തിന്റെ കുതിപ്പിന് വേഗം വർധിക്കട്ടെ

(എസ്‌സിഇആർടിയിൽ റിസർച്ച് ഓഫീസറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top