23 April Tuesday

രാഷ്‌ട്രീയം പ്രധാനമാണ്‌ ; നയങ്ങളും ; ശ്രീലങ്ക നൽകുന്ന പാഠങ്ങൾ


എ ശ്യാംUpdated: Wednesday Jul 13, 2022

ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ തൊട്ടടുത്ത വർഷമാണ്‌ ശ്രീലങ്ക ബ്രിട്ടീഷ്‌ ആധിപത്യത്തിൽനിന്ന്‌ സ്വതന്ത്രമായത്‌. അന്ന്‌ മേഖലയിൽ ഭേദപ്പെട്ട സാമ്പത്തിക സ്ഥിതിയുണ്ടായിരുന്നു ആ ചെറിയ ദ്വീപുരാഷ്‌ട്രത്തിന്‌. കേരളത്തിലുള്ളതിന്റെ 63 ശതമാനത്തോളം മാത്രമാണ്‌ ജനസംഖ്യ. മലയാളികളടക്കം പതിനായിരക്കണക്കിന്‌ ഇന്ത്യക്കാർ തൊഴിൽതേടി അന്നത്തെ സിലോണിലെത്തിയിട്ടുണ്ട്‌. അരനൂറ്റാണ്ടുമുമ്പുവരെ ശ്രീലങ്കയ്‌ക്കുണ്ടായിരുന്ന പകിട്ടും പ്രൗഢിയും നഷ്‌ടപ്പെട്ടത്‌ പെട്ടെന്നാണ്‌. എഴുപതുകളുടെ രണ്ടാംപകുതിയിലെ രാഷ്‌ട്രീയമാറ്റവും അക്കാലത്തെ വലതുപക്ഷ സർക്കാർ ആരംഭിച്ച നവഉദാര നയങ്ങളും ശ്രീലങ്കയെ അഗാധമായ സാമ്പത്തിക കുഴപ്പത്തിലേക്ക്‌ തള്ളിയിടുകയായിരുന്നു. അതിനൊപ്പം വലതുപക്ഷ ഭരണക്കാരുടെ വംശീയ വിഭജന നയങ്ങൾ സൃഷ്‌ടിച്ച ആഭ്യന്തരയുദ്ധം കൂടിയായതോടെ പ്രതിസന്ധി മൂർച്ഛിച്ചു. 2009ൽ എൽടിടിഇയെ തകർത്ത്‌ ആഭ്യന്തരയുദ്ധം അവസാനിപ്പിച്ചപ്പോൾ ശ്രീലങ്ക ഇനി കുതിച്ചുയരുമെന്ന്‌ ലോകം പ്രതീക്ഷിച്ചു. എന്നാൽ, ചുരുങ്ങിയ കാലംകൊണ്ട്‌ വീരനായകർ വില്ലന്മാരായി. അവർ ജനങ്ങളാൽ വെറുക്കപ്പെട്ട്‌ കൊട്ടാരങ്ങൾവിട്ട്‌ ഒളിച്ചോടുന്നതിനാണ്‌ കാലം സാക്ഷിയാകുന്നത്‌.

സ്വാതന്ത്ര്യാനന്തരം ഡോൺ സ്‌റ്റീഫൻ സേനാനായകെയാണ്‌ ശ്രീലങ്കയുടെ ആദ്യ പ്രധാനമന്ത്രിയായത്‌. ഏഴ്‌ പതിറ്റാണ്ടിലധികം രാജ്യത്തെ രണ്ട്‌ പ്രധാനകക്ഷിയിൽ ഒന്നായിരിക്കുകയും ദീർഘകാലം രാജ്യം ഭരിക്കുകയും ചെയ്‌ത വലതുപക്ഷ യുണൈറ്റഡ്‌ നാഷണൽ പാർടിയുടെ(യുഎൻപി) സ്ഥാപക നേതാവാണ്‌ അദ്ദേഹം. സേനാനായകെയുടെ ഭരണകാലത്താണ്‌ രാജ്യത്തെ മൂന്ന്‌ പ്രധാന ഭാഷയിൽ ഒന്നായ തമിഴിനോടും പ്രധാന വംശീയ ന്യൂനപക്ഷമായ തമിഴരോടും വിവേചനപരമായ നയങ്ങൾ നടപ്പാക്കാനാരംഭിച്ചത്‌. ഇതിൽ അൽപ്പം അയവുണ്ടായത്‌ യുഎൻപിയുടെ പ്രധാന പ്രതിയോഗിയായിരുന്ന ശ്രീലങ്കൻ ഫ്രീഡം പാർടിയും(എസ്‌എൽഎഫ്‌പി) ലങ്ക സമസമാജ പാർടിയും ചേർന്ന സഖ്യം 1956ൽ അധികാരത്തിലെത്തിയപ്പോഴാണ്‌. മധ്യ–-ഇടത്‌ നിലപാടുള്ള എസ്‌എൽഎഫ്‌പിയുടെ നേതാവ്‌ സോളമൻ ബണ്ഡാരനായകെയുടെ ഭരണം ഭൂരിപക്ഷ സിംഹള വംശീയവാദികളിലുണ്ടാക്കിയ വിദ്വേഷത്തിന്റെ ഫലമായാണ്‌ ബുദ്ധസന്യാസിയാൽ അദ്ദേഹം വധിക്കപ്പെട്ടത്‌.

തുടർന്ന്‌, ലോകത്താദ്യമായി ഒരു സ്‌ത്രീയെ പ്രധാനമന്ത്രിയാക്കി ശ്രീലങ്കയും എസ്‌എൽഎഫ്‌പിയും ചരിത്രംകുറിച്ചു. വധിക്കപ്പെട്ട സോളമന്റെ ഭാര്യ സിരിമാവോ ബണ്ഡാരനായകെയുടെ ആദ്യ സർക്കാർ അഞ്ച്‌ വർഷം കഴിഞ്ഞ്‌ പുറത്തായി. എന്നാൽ, ഇക്കാലത്തിനിടെ എസ്‌എൽഎഫ്‌പിയുടെ സോഷ്യലിസ്‌റ്റ്‌ നയങ്ങളുടെ അടിസ്ഥാനത്തിൽ അവർ പെട്രോളിയം കമ്പനികളടക്കം ദേശസാൽക്കരിച്ചത്‌ അമേരിക്കയുടെയും ബ്രിട്ടന്റെയും മറ്റും ശത്രുതയ്‌ക്കിടയാക്കി. പാശ്ചാത്യ രാജ്യങ്ങൾ നൽകിവന്ന സഹായങ്ങൾ നിർത്തലാക്കിയത്‌ ശ്രീലങ്കയെ അന്ന്‌ റഷ്യയോടും ചൈനയോടും അടുപ്പിക്കുകയാണ്‌ ചെയ്‌തത്‌. കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള സ്‌കൂളുകൾ സർക്കാർ ഏറ്റെടുത്തത്‌ സിരിമാവോയെ ക്രൈസ്‌തവ യാഥാസ്ഥിതികരുടെയും എതിർപ്പിനിരയാക്കി. 1962ൽ സേനയിലെ ചില ക്രൈസ്‌തവ ഓഫീസർമാർ അവരെ അട്ടിമറിക്കാനും ശ്രമംനടത്തി. 65ൽ നടന്ന തെരഞ്ഞെടുപ്പിൽ യുഎൻപി അധികാരത്തിൽ തിരിച്ചെത്തി. എന്നാൽ, പുറത്താകുന്നതിനുമുമ്പ്‌ ലങ്കൻ തമിഴരിൽ 60 ശതമാനം പേരെ ഇന്ത്യയിൽ പുനരധിവസിപ്പിക്കുന്നതിന്‌ സിരിമാവോയുടെ സർക്കാർ ഇന്ത്യയുമായി കരാർ ഒപ്പിട്ടു.

1970ൽ അധികാരത്തിൽ തിരിച്ചെത്തിയപ്പോഴും ചരിത്രം കുറിച്ച തീരുമാനങ്ങൾക്ക്‌ സിരിമാവോ നേതൃത്വം നൽകി. രാജ്യത്തെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചതും ബ്രിട്ടീഷുകാർ നൽകിയ സിലോൺ എന്ന പേര്‌ ശ്രീലങ്ക എന്നാക്കിയതും 72ലാണ്‌. എന്നാൽ, രാജ്യത്തെ ഏറ്റവും വലിയ പത്രമായ ലേക്‌ഹൗസ്‌ ദേശസാൽക്കരിച്ചതടക്കം ഇവരുടെ ചില നടപടികൾ എതിരാളികളെ ഒന്നിപ്പിച്ചു. അതേകാലത്താണ്‌ ഇന്ത്യയിൽ ഇന്ദിര ഗാന്ധി പത്രങ്ങളെ വരിഞ്ഞുമുറുക്കിയതും അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതും. ഏറ്റവും വലിയ പത്രം സർക്കാരിന്റെ നിയന്ത്രണത്തിലായിട്ടും 77ലെ തെരഞ്ഞെടുപ്പിൽ എസ്‌എൽഎഫ്‌പിക്ക്‌ ജയിക്കാനായില്ല. ജെ ആർ ജയവർധനെയുടെ നേതൃത്വത്തിൽ അധികാരമേറ്റ യുഎൻപി സർക്കാരാണ്‌ പിന്നീട്‌ ശ്രീലങ്കയെ ഇന്നത്തെ പതനത്തിലേക്ക്‌ നയിച്ച നവഉദാരനയങ്ങൾക്ക്‌ തുടക്കമിട്ടത്‌. അതോടെ സാമ്പത്തിക പ്രവർത്തനങ്ങളെല്ലാം കമ്പോളത്തിന്റെ താൽപ്പര്യത്തിനനുസരിച്ചായി. തമിഴ്‌ വിരുദ്ധ നയങ്ങൾ തീവ്രമാക്കാൻ തുടങ്ങിയതും യുഎൻപി ഭരണത്തിലാണ്‌. ഇതിന്റെ ഫലമായി ഒരു വശത്ത്‌ ജനങ്ങളുടെ ദുരിതം വർധിച്ചപ്പോൾ മറുവശത്ത്‌ വംശീയ സംഘർഷങ്ങൾ രൂക്ഷമായി രാജ്യം ആഭ്യന്തരയുദ്ധത്തിലേക്ക്‌ പതിച്ചു. 78ൽ രാജ്യത്തെ പ്രസിഡൻഷ്യൽ ഭരണവ്യവസ്ഥയിലേക്ക്‌ മാറ്റുന്ന ഭരണഘടനാ ഭേദഗതിയോടെ എതിർപ്പുകൾ അടിച്ചമർത്താൻ സർക്കാരിന്‌ കൂടുതൽ അധികാരവുമായി.തമിഴരെ അടിച്ചമർത്തുന്നത്‌ വഴി സിംഹളഭൂരിപക്ഷത്തിന്റെ പിന്തുണ ഉറപ്പാക്കിയതോടെ തുടർച്ചയായി 16 വർഷം ഭരിക്കാൻ യുഎൻപിക്കായി.

പക്ഷേ, ശ്രീലങ്ക പൊട്ടിത്തെറിയിലേക്ക്‌ നീങ്ങുകയായിരുന്നു. എൽടിടിഇക്കെതിരെ യുഎൻപി സർക്കാർ ഇന്ത്യയെ ഇടപെടുവിച്ചത്‌ തമിഴ്‌ പുലികളെ ഇന്ത്യക്കെതിരെയും തിരിച്ചു. ഇന്ത്യൻ പ്രധാനമന്ത്രിയായിരിക്കെ ശ്രീലങ്കയുമായി കരാർ ഒപ്പിട്ട രാജീവ്‌ ഗാന്ധി ചാവേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്‌ ലോകത്തെ നടുക്കി. രണ്ടുവർഷം തികയുംമുമ്പ്‌ ലങ്കൻ പ്രസിഡന്റ്‌ രണസിംഗെ പ്രേമദാസയും ചാവേർ സ്‌ഫോടനത്തിനിരയായി. അടുത്തവർഷം എസ്‌എൽഎഫ്‌പി നേതാവ്‌ ചന്ദ്രിക കുമാരതുംഗെ പ്രസിഡന്റായത്‌ മറ്റൊരു ചരിത്രസംഭവത്തിന്‌ വഴിതുറന്നു. ചന്ദ്രികയ്‌ക്ക്‌ കീഴിൽ അമ്മ സിരിമാവോ പ്രധാനമന്ത്രിയായി. 78ലെ ഭരണഘടനാ ഭേദഗതിക്കുമുമ്പ്‌ രണ്ട്‌ തവണ സിരിമാവോ പ്രധാനമന്ത്രിയായത്‌ ലങ്കയുടെ പരമോന്നത ഭരണാധികാരിയായിട്ടായിരുന്നു. ചന്ദ്രികയുടെ ഭരണത്തിൽ തമിഴ്‌പ്രശ്‌നം പരിഹരിക്കുന്നതിനും വെടിനിർത്തലിനും ചില ശ്രമങ്ങളുണ്ടായി. എന്നാൽ, എൽടിടിഇയുടെ നിലപാടുകളിൽ മാറ്റമുണ്ടായില്ല. 1999ൽ രണ്ടാം വട്ടവും പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ നേരിടുമ്പോൾ ചന്ദ്രികയ്‌ക്കെതിരെതന്നെ വധശ്രമമുണ്ടായി. അവർ അൽഭുതകരമായി രക്ഷപ്പെട്ടെങ്കിലും വലതുകണ്ണിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടു. സാമ്പത്തികനയത്തിൽ അമ്മയുടെ സോഷ്യലിസ്‌റ്റ്‌ നയങ്ങൾക്ക്‌ വിരുദ്ധമായി എതിരാളികളായ യുഎൻപി തുടങ്ങിവച്ച നവഉദാരനയങ്ങൾ തുടരുകയാണ്‌ ചന്ദ്രിക ചെയ്‌തത്‌.


 

ചന്ദ്രികയുടെ കീഴിൽ മന്ത്രിയും പ്രധാനമന്ത്രിയുമായാണ്‌ മഹിന്ദ രജപക്‌സെ ദേശീയ രാഷ്‌ട്രീയത്തിൽ പടികൾ കയറിയത്‌. 2005ൽ എസ്‌എൽഎഫ്‌പിയുടെ സ്ഥാനാർഥിയായാണ്‌ മഹിന്ദ പ്രസിഡന്റായതെങ്കിലും വലതുപക്ഷ യുഎൻപിയെയും അമ്പരപ്പിക്കുന്ന വംശീയനിലപാടാണ്‌ തമിഴ്‌പ്രശ്‌നത്തിൽ സ്വീകരിച്ചത്‌. നാല്‌ വർഷത്തിനകം എൽടിടിഇയെ തകർത്തെങ്കിലും ഇതിനിടെയുണ്ടായ നിഷ്‌ഠുരമായ അതിക്രമങ്ങൾ ലോകമെങ്ങും വിമർശിക്കപ്പെട്ടു. നവഉദാര സാമ്പത്തികനയങ്ങൾ തീവ്രമാക്കിയതോടെ അടിതെറ്റി. പ്രസിഡന്റ്‌ സ്ഥാനത്ത്‌ രണ്ടുതവണ എന്ന പരിധി മഹിന്ദ ഭരണഘടനാഭേദഗതിയിലൂടെ നീക്കിയെങ്കിലും 2015ൽ മൂന്നാം വട്ടത്തിനുള്ള മത്സരത്തിൽ പരാജയപ്പെട്ടു. രണ്ടുവർഷംകൂടി ഭരണകാലാവധി ഉണ്ടായിട്ടും ജ്യോതിഷിയുടെ ഉപദേശം കേട്ട്‌ നേരത്തേ തെരഞ്ഞെടുപ്പ്‌ നടത്തിയതായിരുന്നു.

എസ്‌എൽഎഫ്‌പിയെ കുടുംബസ്വത്താക്കി മാറ്റാൻ ശ്രമിച്ച രജപക്‌സെമാർ പിന്നീട്‌ അത്‌ പിളർത്തി ശ്രീലങ്ക പൊതുജന പെരമുന(എസ്‌എൽപിപി) ഉണ്ടാക്കിയാണ്‌ അധികാരത്തിൽ തിരിച്ചുവന്നത്‌. 2019ൽ ഗോതബായ രജപക്‌സെ പ്രസിഡന്റും അടുത്തവർഷം മഹിന്ദ പ്രധാനമന്ത്രിയുമായി. ബുദ്ധക്ഷേത്രത്തിലായിരുന്നു മഹിന്ദയുടെ സത്യപ്രതിജ്ഞ. മതപരവും വംശീയവുമായ പ്രതീകങ്ങൾ തുടർന്നും ഉപയോഗിച്ചു. ഏറ്റവുമൊടുവിൽ, ദുരിതം സഹിക്കാനാകാതെ ഏപ്രിലിൽ ജനങ്ങൾ തെരുവിലിറങ്ങിയപ്പോൾ മഹിന്ദ ട്വിറ്ററിൽ സന്ദേശം നൽകിയത്‌ സിംഹള ഭാഷയിൽ മാത്രമായിരുന്നു. എന്നാൽ, ജനങ്ങൾ ആ വംശീയക്കെണിയിൽ വീണില്ല. ഭൂരിപക്ഷ സിംഹളർക്കൊപ്പം ന്യൂനപക്ഷ വിഭാഗക്കാരായ തമിഴരും മുസ്ലിങ്ങളും കൈകോർത്താണ്‌ രജപക്‌സെമാരെ പുറത്താക്കിയത്‌. സമരകേന്ദ്രങ്ങളിൽ മുസ്ലിങ്ങൾക്ക്‌ നിസ്‌കരിക്കാൻ മറ്റുള്ളവർ ആദരപൂർവം സൗകര്യങ്ങളൊരുക്കി. ജീവിതം ഒരുമിപ്പിച്ച ലങ്കൻജനത ഇത്തരംപാഠങ്ങളും ലോകത്തിന്‌ നൽകുന്നുണ്ട്‌. നവഉദാര നയങ്ങൾ സൃഷ്‌ടിച്ച ദുരിതങ്ങളാണ്‌ ജനങ്ങളെ ഈ യോജിപ്പിലേക്ക്‌ നയിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top